ADVERTISEMENT

സനാതനധർമത്തിലും ആർഷഭാരതസംസ്കാരത്തിലും അടിയുറച്ചു വിശ്വസിക്കുന്ന പാർട്ടിയാണു ബിജെപി. അതിന്റെ കേരളഘടകം ഇക്കാര്യങ്ങളിൽ ബഹുകാതം മുന്നിൽ നിൽക്കും. അപ്പോൾ പിന്നെ അബ്ദുല്ലക്കുട്ടിയും ജോർജ് കുര്യനുമോ എന്നു ചോദിച്ചാൽ നൽകാനുള്ള റെഡിമെയ്ഡ് ഉത്തരം പാർട്ടിക്കാർക്കു കാപ്സ്യൂളായി വിതരണം ചെയ്തിട്ടുണ്ട്. 

കണ്ണൂരിലെ കമ്യൂണിസ്റ്റ് പാർട്ടി പോലെയാണു കേരളത്തിലെ ബിജെപി. രണ്ടിനും ഐഎസ്ഐ മാർക്, അഗ്‌മാർക്, ഹാൾമാർക് 916 അംഗീകാരങ്ങൾ ഉണ്ട്. ബിജെപി കേരളത്തിലെ തിരഞ്ഞെടുപ്പിൽ 400 കോടി രൂപ ഒഴുക്കിയെന്നാണു നാക്കിന് എല്ലില്ലാത്ത ചിലർ പ്രചരിപ്പിക്കുന്നത്. സംഗതി സത്യമാണെങ്കിൽ ഒന്നാം പ്രളയത്തിനും രണ്ടാം പ്രളയത്തിനും ശേഷം ഒരു മൂന്നാം പ്രളയം കൂടി ഉണ്ടാകുമായിരുന്നു. അതു ജലപ്രളയമാവില്ലെന്നും ആരും മുങ്ങിച്ചാവില്ലെന്നും വസ്തുവകകൾക്കു നാശനഷ്ടം ഉണ്ടാവില്ലെന്നും തീർച്ച. കാരണം അതു പണപ്രളയമായിരിക്കും. 

ജലമായാലും പണമായാലും പ്രളയം പ്രളയം തന്നെ. ആളുകളുടെ കൈവശം ആവശ്യത്തിലേറെ പണം വന്നാൽ അത് അവരെ അഹങ്കാരികളാക്കും. അഹങ്കാരികൾ സ്വാഭാവികമായും ദുർജനങ്ങളായിരിക്കും. മരവും മലയും മൃഗങ്ങളുമെല്ലാം എത്രയായാലും ഭൂമീദേവി പുല്ലുപോലെ താങ്ങും. എന്നാൽ ദുർജനങ്ങളെ ഒരു പരിധി വിട്ടു വഹിക്കാനുള്ള ശേഷി ദേവിക്കില്ല. 

കേരളത്തിൽ ഒറ്റയടിക്കു 400 കോടി ഒഴുക്കിയാൽ സംഭവിക്കാവുന്ന ആപത്തുകൾ മുൻകൂട്ടി കണ്ട പാർട്ടി നേതൃത്വമാണു പണപ്രളയം വേണ്ടെന്നു വച്ചത്. വിദഗ്ധരുമായി കൂടിയാലോചിച്ചപ്പോൾ വലിയൊരു അണക്കെട്ടു നിർമിച്ച് അതിന്റെ സംഭരണിയിൽ പണം സൂക്ഷിക്കാമെന്ന ആശയം ഉയർന്നു. ആ പണയണയുടെ നിർമാണച്ചുമതല ഏൽപിച്ചതു ധർമരാജനെയാണ്. മണ്ണു കൊണ്ടു നിർമിച്ച അണയെ മണ്ണണയെന്നു വിളിക്കാമെങ്കിൽ പണം കൊണ്ടു നിർമിക്കുന്ന അണയെ പണയണയെന്നു ന്യായമായും വിളിക്കാം. അണ നിർമാണം തുടങ്ങും മുൻപു തന്നെ ധർമരാജൻ വെട്ടിൽ വീണതോടെ എല്ലാം പാളിപ്പോയി.

പാർട്ടി നേതൃത്വം ആസൂത്രണം ചെയ്തതു പോലെ കാര്യങ്ങൾ നടന്നിരുന്നെങ്കിൽ ഇതിനകം ഡാം പൂർത്തിയാകുകയും ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചു കനാലുകളിലൂടെ പണം ഒഴുക്കിവിടുകയും ചെയ്യാമായിരുന്നു.  അല്ലാതെ പാർട്ടിയിലെ തന്നെ ചിലർ ആരോപിക്കുന്നതു പോലെ നേതാക്കൾക്കു തനിപ്പിടി നടത്താനായിരുന്നില്ല. 

കെ.സുരേന്ദ്രൻ ആൾ തീർത്തും ധർമിഷ്ഠനാണ്. അദ്ദേഹത്തെയും ധർമപുത്രരെയും ത്രാസിന്റെ 2 തട്ടിൽ വച്ചാൽ സുരേന്ദ്രനെ വച്ച തട്ടു 10 കോലെങ്കിലും താഴ്ന്നുനിൽക്കും. കേന്ദ്രമന്ത്രി വി.മുരളീധരനും ബഹുത് ധർമിഷ്ഠ് ഹേ. അത്തരത്തിലുള്ള 2 മാനനീയ മാന്യവർജികളെക്കുറിച്ച് എന്തെല്ലാമാണു സാമദ്രോഹികൾ പ്രചരിപ്പിക്കുന്നത്? ഇവരുടെ നാക്കും ഇവർക്കു കാതുകൊടുക്കുന്നവരുടെ കാതും പുഴുത്തു പോകും. 

കേരളത്തിലേക്കു പണം വന്നതിന്റെയും പോയതിന്റെയും വഴികളെല്ലാം ഡൽഹിയിലെ നേതാക്കൾ‍ക്കു കൃത്യമായി അറിയാം. അയച്ച പണത്തിൽ ബിറ്റ്കോയിൻ അടക്കമുള്ളവയുടെ കണക്കു ഡൽഹിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യം വരുന്ന സമയത്ത്, ആവശ്യം വരുന്ന സ്ഥലത്ത് അതു പ്രയോഗിക്കും. അത്രയും കാലം പാർട്ടി ശത്രുക്കളും ക്ഷമയോടെ കാത്തിരിക്കണം.

സ്നേഹം കൂടുമ്പോൾ സഹായിച്ചാലും കുറ്റം

ആപത്തു വരുമ്പോൾ കൂട്ടത്തോടെയെന്നു പറയുന്നതു നേരാണ്. അല്ലെങ്കിൽ പിന്നെ കെ.സുരേന്ദ്രനെ ആപത്തുകൾ ചെന്നായ്ക്കളെപ്പോലെ കൂട്ടമായി വേട്ടയാടേണ്ടതുണ്ടോ? കുറച്ചു ദിവസമായി അദ്ദേഹം ചെയ്യാത്ത അപരാധങ്ങളില്ല. ഹിരോഷിമയിൽ ആറ്റംബോബ് വർഷിച്ചതും ജർമനിയിൽ ജൂതരെ കൊന്നൊടുക്കിയതും ബംഗാൾക്ഷാമം ഉണ്ടാക്കിയതുമെല്ലാം ആരാണെന്നു ചോദിച്ചാൽ എല്ലാവർക്കും ഒരേ ഉത്തരം തന്നെ–കെ.സുരേന്ദ്രൻ.

മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥി കെ.സുന്ദരയ്ക്കു പത്രിക പിൻവലിച്ച വകയിൽ 2.5 ലക്ഷം രൂപ നൽകിയെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആരോപണം. പിന്നെ ഒരു മൊബൈൽ ഫോണും. ഇക്കാലത്ത് ഇതിനെയെല്ലാം ആരെങ്കിലും കോഴയെന്നോ കൈക്കൂലിയെന്നോ വിളിക്കുമോ? 10 കോടിയിൽ കൂടുതൽ  കൊടുത്താൽ നീതിമാന്മാർക്കു വേണമെങ്കിൽ കോഴയെന്നു കുറ്റപ്പെടുത്താം. അതിൽ കുറഞ്ഞതിനെയെല്ലാം ടിപ്, ബക്‌ഷീഷ്, സ്നേഹോപഹാരം തുടങ്ങിയ വകുപ്പിലാണു പെടുത്തേണ്ടത്. 

സുന്ദരയ്ക്കു കർണാടകയിൽ വൈൻ പാർലർ വാഗ്ദാനം ചെയ്തതിനെയും ചിലർ അഴിമതിപ്പട്ടികയിലാണു പെടുത്തുന്നത്. സുന്ദര തിരഞ്ഞെടുപ്പിൽ‍ മത്സരിച്ചു ജയിച്ചാൽ അയാളുടെ കാര്യം കട്ടപ്പൊകയാകുമെന്നു തീർച്ച. എംഎൽഎക്കു കിട്ടുന്ന നക്കാപ്പിച്ചകൊണ്ട്  ഇക്കാലത്തു മാനംമര്യാദയായി ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അദ്ദേഹത്തിനു കർണാടകയിൽ വൈൻ പാർലർ നൽകാമെന്നു പറഞ്ഞത്. സാമൂഹികനീതി അതിന്റെ പരകോടിയിൽ എത്തിനിൽക്കുന്ന കേരളത്തിൽ എത്ര ദലിതർ ബാറോ ബീർ/വൈൻ പാർലറോ നടത്തുന്നുണ്ട്? ദലിത്‌സ്നേഹം കാട്ടിയതിനെ ഇങ്ങനെ ചിത്രീകരിക്കുന്നതു  ശരിയല്ല. 

സി.കെ.ജാനുവിനു പണം നൽകിയിട്ടുണ്ടെങ്കിൽ അതു ഗോത്രവർഗസ്നേഹം കൊണ്ടു മാത്രമാണ്. വയനാട്ടിലെ ഫ്യൂ‍ഡൽ മാടമ്പിമാർ ആദിവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ആ മുന്നേറ്റത്തിനു നേതൃത്വം നൽകാൻ പാർട്ടിയിൽ ആദിവാസി നേതാക്കൾ തുലോം കുറവ്. ആ വിടവു നികത്താനാണു ജാനുവിനു പണം നൽകിയതെന്നു കരുതിക്കൂടേ? എന്നാൽ കുബുദ്ധികളുടെ മനസ്സു കുമാർഗത്തിലൂടെയേ സഞ്ചരിക്കൂ. അവർക്ക് അതും കോഴ തന്നെ. 

ഇതെല്ലാം അന്വേഷിക്കാൻ കേന്ദ്രം വെവ്വേറെ നിയോഗിച്ച പ്രഫഷനലുകൾ കൊള്ളാം. ആനന്ദബോസ് ഐഎഎസ്, ജേക്കബ് തോമസ് ഐപിഎസ്, ഇ.ശ്രീധരൻ ഐആർഇഎസ് എന്നിവർ. എല്ലാവരും ഒന്നിനൊന്നു മികച്ചവർ. ബുദ്ധി വല്ലാതെ കൂടിപ്പോയതു കൊണ്ടു ബിജെപിയിൽ ചേർന്നവർ. പക്ഷേ ഇവർക്കൊന്നും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനത്തെക്കുറിച്ചു പിടിപാടില്ല. പാമ്പൻ പാലം പുനർനിർ‍മിക്കാൻ ശ്രീധരൻ വിചാരിച്ചാൽ കഴിയും. എന്നാൽ ശൂന്യതയിൽ നിന്നു 400 കോടി നിർമിക്കാൻ പറഞ്ഞാൽ ശ്രീധരൻ സുല്ലിടുകയേയുള്ളൂ. എന്നാൽ‍ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ത്രാണിയുള്ള പലരും പാർട്ടിയിലുണ്ട്. അന്വേഷിക്കാൻ ചുമതലപ്പെടുത്തിയവർ അന്വേഷിച്ചോട്ടെ. എന്നാൽ പച്ചനോട്ടില്ലാതെ പാർട്ടി കൊണ്ടുപോകുന്നതിന്റെ വിദ്യ കൂടി കണ്ടുപിടിക്കണം. പുത്തനച്ചിമാർക്കു പുരപ്പുറം തൂക്കാൻ എളുപ്പമാണ്. 

ഇതിലും യോഗ്യനായി ഇനിയാരെങ്കിലുമുണ്ടോ ?

കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി നിയോഗിക്കുമ്പോൾ ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും ഹൈക്കമാൻഡ് നടത്തിയിരുന്നു. കുമ്പക്കുടി സുധാകരൻ മിക്കവാറും എല്ലാ ടെസ്റ്റിലും ക്വാളിഫൈ ചെയ്തതു കൊണ്ടു ഹൈക്കമാൻഡിന്റെ ജോലി എളുപ്പമായി. പേശീബലം പരിശോധിച്ചപ്പോൾ സുധാകരന്റെ പിന്നിൽ വന്ന രണ്ടാം സ്ഥാനക്കാരനു മൈതാനത്തു പോലും കടക്കാനായിട്ടില്ല. കണ്ഠശക്തിയിൽ അദ്ദേഹത്തിന്റെ അടുത്തെത്താൻ ആരും ഉണ്ടായിരുന്നില്ല. നാവുപരിശോധനയിൽ സുധാകർജിയുടെ നാവിൽ അസ്ഥി പോയിട്ടു തരുണാസ്ഥി പോലും ഇല്ലെന്നു കണ്ടു. 

പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിൽപരം യോഗ്യനായി ആരുണ്ടു കേരളത്തിലെ കോൺഗ്രസിൽ? ഹൈക്കമാൻഡ് ഏകപക്ഷീയമായി തീരുമാനമെടുത്തതല്ല. സുധാകരനെക്കാൾ കരുത്തന്മാർ ആരെങ്കിലുമുണ്ടോ എന്നു വൈക്കത്തമ്പലത്തിൽ അത്താഴപ്പഷ്ണിക്കാരെ അന്വേഷിക്കുന്നതു പോലെ മൂന്നുവട്ടം വിളിച്ചു ചോദിച്ച ശേഷമാണു ഹൈക്കമാൻഡ് മിസ്റ്റർ കുമ്പക്കൊടിയുടെ പേരു പ്രഖ്യാപിച്ചത്. 

മുല്ലപ്പള്ളിയോടും ചെന്നിത്തലയോടും കുഞ്ഞൂഞ്ഞിനോടും പലവട്ടം ചോദിച്ചു. അവർ മുഖം വീർപ്പിച്ചിരുന്നതല്ലാതെ ഒരു പേരും പറഞ്ഞില്ല. അവരുടെ കൈവശം കരുത്തന്മാരും ചുണക്കുട്ടികളും ഇല്ലെന്നാണ് അതിനർഥം എന്ന നിഗമനത്തിൽ ഹൈക്കമാൻഡ് എത്തിയതിൽ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. 

സ്റ്റോപ് പ്രസ്

കെ.സുധാകരൻ കോളജ് ഫുട്ബോൾ ടീമിൽ സ്റ്റോപ്പർ ബാക്ക്.  

കെപിസിസിയി‌ൽ ഫോർവേഡ് പൊസിഷനിൽ കളിക്കാൻ വേറെ ആളെ നോക്കേണ്ടി വരുമോ?

Content Highlights: BJP, Congress, KPCC President, K. Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com