ADVERTISEMENT

രാജാവിനു തലയെടുപ്പുള്ള ഒരു ആനയുണ്ടായിരുന്നു. എല്ലാ യുദ്ധങ്ങളിലും അവനാണു മുന്നിൽ നിൽക്കുന്നത്. നയിച്ച എല്ലാ യുദ്ധങ്ങളും ജയിച്ചു മാത്രമേ അവൻ തിരിച്ചുകയറിയിട്ടുള്ളൂ. പക്ഷേ പ്രായമായപ്പോൾ സൈന്യത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഒരിക്കൽ ആന ഒരു ചതുപ്പിലകപ്പെട്ടു. എത്ര ശ്രമിച്ചിട്ടും തിരിച്ചു കയറാനാകുന്നില്ല. തന്റെ പ്രിയപ്പെട്ട ആനയ്‌ക്കുവേണ്ടി രാജാവ് എല്ലാ രക്ഷാമാർഗങ്ങളും പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. അതുവഴി വന്ന രാജഗുരു അവരോടു പറഞ്ഞു. ആനയുടെ ചുറ്റും നിന്നു യുദ്ധകാഹളം മുഴക്കുക. അപ്രകാരം ചെയ്‌തപ്പോൾ ആന അനങ്ങിത്തുടങ്ങി. പെരുമ്പറ നിർത്താതെ മുഴക്കിക്കൊണ്ടിരുന്നപ്പോൾ സാവധാനം ആന സ്വയം പുറത്തെത്തി. 

ആവേശം നിലനിർത്തുക എന്നതാണ് അത്യാഹിതങ്ങൾ മറികടക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. മനസ്സു മടുത്താൽ മേനി തളരും. പിടിച്ചു നിൽക്കാനുള്ള ആഗ്രഹമോ കാരണമോ ഇല്ലെങ്കിൽ പിന്നെ പിടിവിട്ടു വീഴുകയേയുള്ളൂ. ഉള്ളിൽ അവശേഷിക്കുന്ന പോരാട്ടവീര്യത്തിന്റെ അവസാനത്തെ കനലെങ്കിലും ഊതിക്കത്തിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഉയിർത്തെഴുന്നേൽപു സാധ്യമാകൂ. ഒരാൾക്ക് എന്തിനോടാണോ അഭിനിവേശം അതാണയാളുടെ പുനർജന്മകാരണം. ഉൾപ്രേരകങ്ങളെ കണ്ടെത്താൻ കഴിയുക എന്നതാണ് എല്ലാ പ്രചോദനങ്ങളുടെയും അടിസ്ഥാനം. പുറമേനിന്നുള്ള പിന്തുണയ്‌ക്കും പ്രേരണയ്‌ക്കും പരിമിതികളുണ്ട്. സ്വയം പ്രചോദനശേഷി നേടാത്തവർ ഒരിക്കലും തനിയെ ഉയർന്നുപൊങ്ങില്ല. പ്രോത്സാഹനങ്ങൾക്കനുസരിച്ചുള്ള ചെറിയ ചലനത്തിൽ ഒതുങ്ങും അത്തരം പരിശ്രമങ്ങൾ. കയ്യടിച്ചും കൈകൊടുത്തും സഹായിക്കുന്നതു മാനുഷികം; ഉൾക്കരുത്തു പകർന്നു സ്വയം പുനർനിർമാണശേഷി നൽകുന്നതു ദൈവികം. 

വിശ്രമജീവിതം എന്നതു ജീവിതത്തിനു നൽകുന്ന അലസനിർവചനമാണ്. വിരമിക്കൽ പ്രായവും വിടവാങ്ങൽ തീയതിയും തൊഴിലിന്റെ സാങ്കേതികതയിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതാണ്. ഉപജീവന മാർഗത്തെ ജീവിതലക്ഷ്യമാക്കി തെറ്റിദ്ധരിക്കുന്നവരാണു നിർദിഷ്‌ട ദിവസം മുതൽ വിശ്രമത്തിനു തയാറെടുക്കുന്നത്. ജോലിയിൽ നിന്നു വിരമിക്കുന്നവർ അതിവേഗം ജീവിതത്തിൽ നിന്നും വിടവാങ്ങുന്നുണ്ടെങ്കിൽ അതിനു കാരണം സ്വയം അടിച്ചേൽപിക്കുന്ന നിഷ്‌ക്രിയതാ മനോഭാവമാണ്. ഒരേ സ്ഥലത്ത് ഒരേ തൊഴിലുമാത്രം ചെയ്‌തു ശീലിച്ചവർ തൊഴിലവസാനിക്കുമ്പോൾ  വീണുടയും. വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവർ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തും. മരിക്കുന്നതുവരെ വിരമിക്കരുത്, ഒന്നിൽ നിന്നും.

Content Highlight: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com