ADVERTISEMENT

ഭൂമി ഏറ്റെടുക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കു സംസ്ഥാന മന്ത്രിസഭയുടെ അനുമതിയായതോടെ വേഗറെയിൽപാത(സിൽവർ ലൈൻ)യെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് ഒരുപടികൂടി അടുത്തു. ഏറെ പരിമിതികളുള്ളതും സുരക്ഷിതത്വം കുറഞ്ഞതുമായ ഗതാഗത അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനത്ത്, തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ വലിയമാറ്റം ദൃശ്യമാകും. ഒരുപക്ഷേ, നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഫലവത്തായ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായും ഇതു മാറിയേക്കാം. അതെന്തായാലും, സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക നിർമിതിയെത്തന്നെ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്തവിധം പദ്ധതി മാറ്റിമറിക്കുമെന്നതിൽ സംശയം വേണ്ട. ഇതിന്റെ ഗുണഫലങ്ങൾ എല്ലാ അർഥത്തിലും ദൂരവ്യാപകമാണ്. വലിയ ജനവിഭാഗത്തെയും അവരുടെ ജീവനോപാധിയെയും സ്പർശിച്ചു കടന്നുപോകുന്ന വികസനപാതയായി സിൽവർ ലൈൻ മാറും.

വേഗമുള്ളതും സുരക്ഷിതത്വം ഉറപ്പുനൽകുന്നതുമായ റെയിൽവേ ശൃംഖലകളുടെ കാര്യത്തിൽ, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണ്. ജപ്പാനിലെ അതിവേഗ റെയിൽപാതാ സംവിധാനമായ ബുള്ളറ്റ് ട്രെയിൻ നിലവിൽവന്നിട്ട്് 60 കൊല്ലമാകുന്നു. ജപ്പാനിലെ വിദൂരമേഖലകളെ തലസ്ഥാനമായ ടോക്കിയോയുമായി ബന്ധിപ്പിക്കാൻ തുടങ്ങിയ ബുള്ളറ്റ് ട്രെയിനുകളുടെ സേവനം ഇതുവരെ പ്രയോജനപ്പെടുത്തിയത് 1000 കോടി യാത്രക്കാർ. അതും ഒരൊറ്റ അപകടമരണം പോലുമില്ലാതെ.

യൂറോപ്പിൽ അതിവേഗ റെയിൽ ശൃംഖല വന്നിട്ടു 40 വർഷമെങ്കിലുമായി. സമയം പലമടങ്ങു ലാഭിച്ച്, രാജ്യാന്തരവും നഗരങ്ങൾ തമ്മിലുള്ളതുമായ അനായാസ സഞ്ചാരസൗകര്യമാണ് ഇതുവഴി സാധ്യമായത്. 15 വർഷം മുൻപു മാത്രമാണു ചൈന അതിവേഗ റെയിൽ പരീക്ഷിച്ചുതുടങ്ങിയതെങ്കിലും ഇന്നിപ്പോൾ ആ രാജ്യത്താണു ലോകത്തെ ഏറ്റവും നീളമേറിയ റെയിൽ ശൃംഖലയുള്ളത് – 37,900 കിലോമീറ്റർ.

ഈ പറഞ്ഞ രാജ്യങ്ങളിലെല്ലാം ജനജീവിതത്തിന്റെ ജീവനാഡിയാണു റെയിൽ ശൃംഖലകൾ. ഇന്നിപ്പോൾ കാണുന്ന തരത്തിലുള്ള സാമ്പത്തികശക്തികളായി ആ രാജ്യങ്ങളെയെല്ലാം മാറ്റിയെടുത്തതിൽ നിർണായക സ്വാധീനം റെയിൽ ശൃംഖലകൾക്കുണ്ട്. ആളോഹരി വരുമാനം മെച്ചപ്പെടുത്തുന്നതിൽ ഈ പാതകൾക്കുള്ള പങ്കും വളരെ വലുതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ, വേഗവും ശേഷിയും സുരക്ഷിതത്വവുമുള്ള റെയിൽ ശൃംഖലകളുടെ ഗുണഫലം ഇന്ത്യയിലെ ജനങ്ങൾക്കു മാത്രം നിഷേധിക്കുന്നത് അനീതി തന്നെ.

ഈ ദിശയിലുള്ള ആദ്യ ചുവടുവയ്പാണ് 64,000 കോടിയുടെ സിൽവർ ലൈൻ പദ്ധതി. കേരള സർക്കാരും റെയിൽവേ മന്ത്രാലയവും സഹകരിച്ചുള്ള സംയുക്തസംരംഭമായ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ–റെയിൽ) ഏറ്റെടുത്തു നടപ്പാക്കുന്ന പദ്ധതിയായാണ് ഇതു വിഭാവന ചെയ്തിരിക്കുന്നത്. കെ–റെയിലിൽ സംസ്ഥാന സർക്കാരിന് 51%, റെയിൽവേ മന്ത്രാലയത്തിനു 49% വീതം ഓഹരി വിഹിതം. പദ്ധതിക്കു തത്വത്തിലുള്ള അംഗീകാരം കേന്ദ്ര റെയിൽവേ മന്ത്രാലയം നൽകിയിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ടിനു കേരള സർക്കാരിന്റെ അംഗീകാരവും ലഭിച്ചു. ഇനി കിട്ടാനുള്ളതു കേന്ദ്ര സർക്കാരിന്റെ അന്തിമ അംഗീകാരം.

തൊഴിലവസരം അരലക്ഷം

പദ്ധതി നിർമാണഘട്ടത്തിൽ നേരിട്ടും അല്ലാതെയുമായി 50,000 തൊഴിലവസരങ്ങളുണ്ടാകുമെന്നാണു കരുതുന്നത്. കമ്മിഷനിങ്ങിനു ശേഷം 10,000 തൊഴിലവസരങ്ങൾ. പദ്ധതിക്കു വേണ്ട സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള വ്യാപാര വിനിമയങ്ങൾ, വേഗ റെയിലിന്റെ സാന്നിധ്യവും ഗുണഫലവും സൃഷ്ടിക്കുന്ന റിയൽ എസ്റ്റേറ്റ്, ടൂറിസം ബിസിനസുകൾ എന്നിവയൊക്കെയായി ബഹുതല സാധ്യതകളുള്ള അവസരങ്ങളാണുണ്ടാകുക. 

കേരളപാതകൾ ഇപ്പോൾ

കേരളത്തിലെ ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 45 കിലോമീറ്ററാണ്. ഹൈവേ പ്രദേശങ്ങളിൽ ഇതു വീണ്ടും 30–35 കിലോമീറ്ററായി കുറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ റോഡുമാർഗം തിരുവനന്തപുരത്തുനിന്നു കാസർകോട് എത്താൻ 10 മണിക്കൂറെങ്കിലുമെടുക്കും. തിരുവനന്തപുരം – കൊച്ചി റോഡ് യാത്രയ്ക്ക് 5–6 മണിക്കൂർ.

സിൽവർ ലൈൻ യാഥാർഥ്യമായാൽ, ഈ പറഞ്ഞ രണ്ടു യാത്രകൾക്കും വേണ്ടിവരുന്ന സമയം യഥാക്രമം 4 മണിക്കൂറും 87 മിനിറ്റും മാത്രമാണ്.

നഗരക്കുടിയേറ്റം വേണ്ട

വീട്ടിൽനിന്നുള്ള വലിയ ദൂരം പരിഗണിച്ച്, ജോലി ചെയ്യുന്ന നഗരത്തിലേക്കു പലരും മാറി താമസിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. വേഗറെയിൽ വന്നാൽ ഈ നഗരക്കുടിയേറ്റം വേണ്ടി വരില്ല.  ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്ക് അധികം സമയമെടുക്കുന്നില്ലെങ്കിൽ ദൂരം പ്രശ്നമാകില്ലല്ലോ. ഉദാഹരണത്തിന്, കോട്ടയത്തോ തൃശൂരിലോ താമസിച്ചുകൊണ്ടു കൊച്ചിയിൽ ജോലിക്കെത്താം.

സംസ്ഥാനത്തെ വൻനഗരങ്ങളുടെ ഭാരം കുറയ്ക്കാൻ ഇതു പ്രയോജനപ്പെടും. സിൽവർ ലൈൻ ഇടനാഴി വഴി ബന്ധിപ്പിക്കപ്പെടുന്നതിനാൽ ചെറുനഗരങ്ങളും പട്ടണങ്ങളും എത്തിപ്പെടാൻ പ്രയാസമില്ലാത്തതാകും. അങ്ങനെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് ആ പ്രദേശങ്ങളും കടന്നുവരും.

ഇടുങ്ങിയ റോഡുകൾ

ഇന്ത്യയിലെതന്നെ ഏറ്റവും വീതി കുറഞ്ഞവയും അപകടസാധ്യതയുള്ളതുമായ റോഡുകളാണു കേരളത്തിലേത്. 2019ലെ കണക്കനുസരിച്ച് 41,111 വാഹനാപകടങ്ങളും 4,440 മരണങ്ങളുമാണു സംഭവിച്ചത്. വേഗറെയിൽ ശൃംഖല വരുന്നതോടെ പ്രധാനപാതകളിലെ വാഹനത്തിരക്കു വലിയതോതിൽ കുറയും. ട്രാഫിക് ഒഴിവായി, ഗതാഗതം സുഗമവും സുരക്ഷിതവുമാകും. ഇന്ധനലാഭമുണ്ടാകും; കാർബൺ ബഹിർഗമനനിരക്കും ശബ്ദമലിനീകരണവും കുറയ്ക്കാം. നീണ്ടയാത്രകളുടെ ക്ഷീണവും ഒഴിവാക്കാം.

മികച്ച നഷ്ടപരിഹാരം

സ്ഥലം കണ്ടെത്താനും ആളുകളുടെ പുനരധിവാസത്തിനുമാണു പദ്ധതിത്തുകയുടെ വലിയൊരു ഭാഗം നീക്കിവച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന ഇടങ്ങളിലെ ജനങ്ങൾക്ക്, കൊച്ചി മെട്രോ റെയിൽ പദ്ധതിപോലെ ഒട്ടും മോശമല്ലാത്ത നഷ്ടപരിഹാരം പ്രതീക്ഷിക്കാം.

ഭിന്നവാദങ്ങൾ

ഇത്രയും വലിയ ഒരു പദ്ധതിക്ക് ഒട്ടേറെ വെല്ലുവിളികൾ മുന്നിലുണ്ടാകുമെന്നറിയാം. വിലവർധന, സ്ഥലം കണ്ടെത്തുന്നതിലെ പ്രശ്നങ്ങൾ, പ്രദേശവാസികളുടെയും അല്ലാത്തവരുടെയും എതിർപ്പ് എന്നിങ്ങനെ പല കടമ്പകളുമുണ്ടാകാം. കേരളത്തിന് എന്താണ് ഏറ്റവും മികച്ചത് എന്നതിനെപ്പറ്റി ഭിന്നാഭിപ്രായങ്ങളും തീർച്ചയായും പ്രതീക്ഷിക്കണം. അതിവേഗ റെയി‍ലാണു നല്ലതെന്നു ചിലർ അഭിപ്രായപ്പെടും. മറ്റു ചിലർ സബേർബൻ റെയിലിനു വേണ്ടി വാദിക്കും. മറ്റു ചിലരാകട്ടെ, നിലവിലുള്ള സംവിധാനങ്ങൾ ഒന്നു മെച്ചപ്പെടുത്തിയാൽ പോരേ എന്നു ചോദിക്കും.

ഐആർഎസ് ഓഫിസർമാർ നടത്തിയ വിശദപഠനം കണ്ടെത്തിയതു സെമി ഹൈസ്പീഡ് റെയിൽവേ നെറ്റ്‍വർക് തന്നെയാകും കേരളത്തിന് ഏറ്റവും യോജിക്കുകയെന്നാണ്. സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും നിലവിലെ റെയി‍ൽ സംവിധാനങ്ങളും ചെലവും കണക്കിലെടുത്താണിത്.

ചുരുക്കിപ്പറഞ്ഞാൽ, ബിസിനസിനും വിനോദത്തിനും വ്യക്തിഗത യാത്രകൾക്കുമായി സംസ്ഥാനത്തെ അങ്ങോളമിങ്ങോളം തടസ്സരഹിതമായി ബന്ധിപ്പിക്കുന്ന സിൽവർ ലൈൻ പദ്ധതി ഭാവികേരളത്തെ നിർവചിക്കും. നമുക്കതു യാഥാർഥ്യമാക്കിയേ തീരൂ.

ഓരോ 20 മിനിറ്റിലും ട്രെയിൻ

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 530 കിലോമീറ്റർ നാലു മണിക്കൂറിനുള്ളിൽ ഓടിയെത്താൻ കഴിയുന്ന പദ്ധതിയിലുള്ളത് 11 റെയിൽവേ സ്റ്റേഷനുകൾ. തിരക്കേറിയ സമയങ്ങളിൽ ഓരോ സ്റ്റേഷനിലും ഓരോ 20 മിനിറ്റിനുള്ളിലും ട്രെയിനെത്തും. എറണാകുളം – തിരുവനന്തപുരം യാത്രാസമയം ഒരു മണിക്കൂർ 27 മിനിറ്റും എറണാകുളം – കോഴിക്കോട് യാത്രാസമയം ഒരു മണിക്കൂർ 17 മിനിറ്റും. 24 മിനിറ്റു കൊണ്ട് എറണാകുളത്തുനിന്ന് കോട്ടയത്തെത്താം. 

(ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാനാണ് ലേഖകൻ.

English Summary: Thiruvananthapuram - Kasargod high speed rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com