ADVERTISEMENT

അടുത്തസൗഹൃദം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അധികാരത്തിൽ തുടരുന്ന നേതാക്കൾക്കു മറ്റു രാജ്യങ്ങളിലെ ഭരണമാറ്റവുമായി വേഗത്തിൽ പൊരുത്തപ്പെടേണ്ടിവരും. ആഗോളബന്ധങ്ങളിലെ ഈ മാറിമറിയലുകൾ പ്രധാനമന്ത്രിസ്ഥാനത്ത് എട്ടാം വർഷത്തിലേക്കു പ്രവേശിക്കുന്ന നരേന്ദ്രമോദിക്കു പരിചയമായിട്ടുണ്ട്. ഏറ്റവുമൊടുവിൽ അധികാരം നഷ്ടമായ ആൾ മോദിയുടെ അടുത്തസുഹൃത്തും ഇസ്രയേൽ പ്രധാനമന്ത്രിയുമായിരുന്ന ബെന്യമിൻ നെതന്യാഹുവാണ്. നെതന്യാഹുവിന്റെ പിൻഗാമിയായി നഫ്താലി ബെനറ്റ് അധികാരമേറ്റയുടൻ മോദി ഇരുനേതാക്കളെയും അഭിവാദ്യം ചെയ്തു. ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ കൂടുതൽ ശക്തമാക്കുമെന്നു ബെനറ്റിനു വാഗ്ദാനം നൽകിയ മോദി, നെതന്യാഹു പ്രകടിപ്പിച്ച വ്യക്തിപരമായ അടുപ്പത്തിനു കൃതജ്ഞതയും അറിയിച്ചു.

പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളിലും വികസനരംഗങ്ങളിലും ഇസ്രയേലിനെ ഇന്ത്യയുടെ പ്രത്യേക പങ്കാളിയാക്കിയതുതന്നെ ആ മേഖലകളിലെ വെല്ലുവിളികളെ ഇസ്രയേൽ വിജയകരമായി മറികടന്നതിൽ മോദിക്കുള്ള മതിപ്പുകൊണ്ടാണ്. കടുത്ത നിലപാടുകാരനായ നെതന്യാഹുവിനു രാജ്യാന്തരതലത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കാൻ ഇന്ത്യയുടെ സൗഹൃദം സഹായിക്കുകയും ചെയ്തു. ഇടതും വലതുമുള്ള കക്ഷികൾ അടങ്ങിയ പുതിയ സ‍‍ർക്കാരിനെ നയിക്കുന്ന നഫ്താലി ബെനറ്റുമായി ഒത്തുപോകാനുള്ള നടപടികൾ ഇനി ഡൽഹി സ്വീകരിക്കേണ്ടിവരും. ഇസ്രയേലുമായി നിലവിലുള്ള തന്ത്രപരമായ പ്രത്യേകബന്ധത്തിന് ഉടവു തട്ടാതിരിക്കാനാവും പ്രതിരോധ മന്ത്രാലയം താൽപര്യപ്പെടുന്നത്.

മോദിയുമായി മികച്ച സൗഹൃദത്തിലായിരുന്ന രണ്ടു രാഷ്ട്രനേതാക്കൾകൂടി ഈ വർഷം അധികാരം വിട്ടു. ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ആബെ ഷിൻസോയും യുഎസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപും. ദീർഘകാലമായി ഇന്ത്യയുടെ നല്ല സുഹൃത്തായ ആബെ ഷിൻസോയാണ് ഇന്ത്യ ക്വാഡ് സുരക്ഷാസഖ്യത്തിൽ ചേരണമെന്നു മോദിക്കുമേൽ സമ്മർദം ചെലുത്തിയത്. യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്നാണു ക്വാഡ് സഖ്യം ഉണ്ടാക്കിയത്. ആദ്യകാലത്ത് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി അടുപ്പമുണ്ടാക്കാൻ മോദി ശ്രമിച്ചപ്പോൾ, ചൈനയുടെ കാര്യത്തിൽ ഇന്ത്യ യാഥാർഥ്യബോധത്തോടെ നയരൂപീകരണം നടത്തണമെന്നാണ് ആബെ ചൂണ്ടിക്കാട്ടിയത്. എന്നാൽ മേയിൽ ക്വാഡിന്റെ ആദ്യ ഉച്ചകോടിയിൽ മോദി പങ്കെടുത്തപ്പോൾ അവിടെ ട്രംപും ആബെയും ഇല്ലായിരുന്നു. ആരോഗ്യകാരണങ്ങളാൽ ആബെ അധികാരമൊഴിഞ്ഞതോടെ, യോഷിഹിതെ സുഗ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി. ട്രംപിനെ തോൽപിച്ചു ജോ ബൈഡൻ യുഎസ് പ്രസിഡന്റുമായി.

പ്രവർത്തനശൈലിയിലും സ്വഭാവത്തിലും തികച്ചും ഭിന്നരാണു ബൈഡനും ട്രംപും. എന്നാൽ ബൈഡനുമായി ബന്ധം നിലനിർത്താനുള്ള ശ്രമങ്ങൾക്കു മോദി മുന്നിട്ടിറങ്ങി. ഈ വർഷം ആബെയ്ക്കു പത്മവിഭൂഷൺ നൽകി മോദി സർക്കാർ ആദരിച്ചെങ്കിലും ട്രംപിനും നെതന്യാഹുവിനും അത്തരം ബഹുമതികൾ ലഭിക്കാൻ സാധ്യതയില്ല. കാരണം യുഎസിലും ഇസ്രയേലിലും ഇവരുടെ കടുത്ത എതിരാളികളാണ് ഇപ്പോൾ അധികാരത്തിലേറിയത്.

ബറാക് ഒബാമ, ഡോണൾഡ് ട്രംപ് എന്നിവർക്കുശേഷം തന്റെ ഭരണകാലത്തു മോദി അഭിമുഖീകരിക്കുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണു ജോ ബൈഡൻ. ഇന്ത്യയുമായി മികച്ച ബന്ധം നിലനിർത്തിയ മറ്റൊരു ഭരണാധികാരിയായ ജർമൻ ചാൻസലർ അംഗല മെർക്കലും ഈ വർഷം സ്ഥാനമൊഴിയുകയാണ്. 16 വർഷം ചാൻസലറായിരുന്ന മെർക്കൽ, മൻമോഹൻ സിങ്ങിന്റെ കാലത്തും ഇന്ത്യയോടു പ്രത്യേക താൽപര്യം നിലനിർത്തി.

ഇന്ത്യയുമായി അത്ര സൗഹൃദത്തിലല്ലാത്ത രാജ്യങ്ങളിലും സമീപകാലത്ത് അധികാരമാറ്റങ്ങൾ സംഭവിച്ചു. ശ്രീലങ്കയിൽ രണ്ടു ഭരണമാറ്റങ്ങളാണു മോദി കണ്ടത്. ആദ്യം, ചൈന പക്ഷപാതിയായ മഹിന്ദ രാജപക്സെയെ തോൽപിച്ച് ഇന്ത്യ അനുകൂലികളായ മൈത്രിപാല സിരിസേന പ്രസിഡന്റും റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയുമായി. പിന്നീടു മഹിന്ദ പ്രധാനമന്ത്രിയും  അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ഗോതാബയ പ്രസിഡന്റും ആയി ഭരണമാറ്റമുണ്ടായി. പാക്കിസ്ഥാനിൽ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെ മോദി അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം സ്ഥാപിച്ചിരുന്നു. എന്നാൽ, ഷെരീഫിനെ പുറത്താക്കി അധികാരമേറ്റ ഇമ്രാൻ ഖാനുമായി അതേസൗഹൃദം തുടരാനായില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായി ഒരു വർഷം കഴിഞ്ഞാണു ഷി ചിൻപിങ് ചൈനയുടെ പ്രസിഡന്റായത്. ഇരുവരും ഇന്ത്യയിലും ചൈനയിലും ഉച്ചകോടികൾ നടത്തി സൗഹൃദം സ്ഥാപിച്ചെങ്കിലും ദോക്‌ലാ, ഗൽവാൻ അതിർത്തിപ്രശ്നത്തോടെ ബന്ധം ഉലഞ്ഞു. നേപ്പാളിൽ പ്രധാനമന്ത്രി കെ.പി.ശർമ ഓലിയുമായും മോദിക്കു സ്ഥിരസൗഹൃദമല്ല ഉള്ളത്.

രാഷ്ട്രനേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ ചേർച്ചകൾ വിദേശനയങ്ങളെ കൂടുതൽ ഉത്തേജിപ്പിക്കാറുണ്ട്. എന്നാൽ, നേതാക്കൾ മാറിയാലും രാഷ്ട്രങ്ങൾ തമ്മിൽ ശക്തമായ ബന്ധങ്ങൾ ഉണ്ടെങ്കിൽ ഒത്തുപോകൽ പ്രശ്നമാകില്ല. യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം അത്തരത്തിലാണ്. 

English Summary: Foreign policy of the Narendra Modi government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com