ADVERTISEMENT

ആശ്രമത്തിൽ ദിവസവും സായാഹ്നപ്രാർഥനയുണ്ട്. എല്ലാവരും ഒരുമിച്ചു പാടി പ്രാർഥിക്കുമ്പോഴും ആശ്രമാധിപന് ഒരു ദുഃഖമുണ്ടായിരുന്നു. സംഗീതജ്ഞാനമോ സ്വരമാധുരിയോ ഉള്ള ആരും ഇല്ലല്ലോ... ഒരു ദിവസം ഒരു സഞ്ചാരി അവിടെയെത്തി. നല്ല പാട്ടുകാരനായിരുന്നു അദ്ദേഹം. അന്നത്തെ പ്രാർഥന അദ്ദേഹത്തിന്റെ സംഗീതസദസ്സായിരുന്നു. ആശ്രമാധിപൻ വളരെ സന്തോഷത്തോടെയാണ് അന്നുറങ്ങാൻ കിടന്നത്. സ്വപ്നത്തിൽ ദൈവം പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോടു ചോദിച്ചു: ഇന്നാരും പ്രാർഥിച്ചില്ലേ. സംഗീതസന്ധ്യയെക്കുറിച്ചു വിവരിച്ച തലവനോടു ദൈവം പറഞ്ഞു: ഇന്നലെ വരെ എല്ലാവരുടെയും പ്രാർഥന കേട്ടിരുന്നു. ഇന്ന് ഒരാളുടെ പ്രകടനം മാത്രമായിരുന്നു. 

അധരം സംസാരിക്കുന്നതും ഹൃദയം സംസാരിക്കുന്നതും തമ്മിൽ അർഥത്തിലും ആത്മാർഥതയിലും വ്യത്യാസമുണ്ട്. ഭാഷാശുദ്ധിയും വാക്യഭംഗിയും ശബ്ദസൗകുമാര്യവുമുള്ള ജപങ്ങൾക്ക് ആകർഷണീയതയും ആലങ്കാരികതയുമുണ്ടാകും, തീക്ഷ്ണതയും ഉദ്ദേശ്യശുദ്ധിയും ഉണ്ടാകണമെന്നില്ല. ഏതു കാര്യത്തിലും ഹൃദയപൂർവം ഇടപെടുന്നവരെയും വർത്തമാനവ്യായാമം നടത്തുന്നവരെയും പെട്ടെന്നു തിരിച്ചറിയാൻ കഴിയും. മനസ്സറിഞ്ഞു പ്രവർത്തിക്കുന്നവർ മറ്റെല്ലാം മാറ്റിവച്ചു കൂടെ നിൽക്കും. അവർ മുന്നിട്ടിറങ്ങി നേതൃത്വം ഏറ്റെടുക്കും.  മധുരമില്ലെങ്കിലും മാറ്റുണ്ടാകും ഓരോ ചലനത്തിനും. ശ്രവണസുഖമുള്ള വാക്കുകളാണു കാര്യലാഭം ലക്ഷ്യമിടുന്നവരുടെ ആദ്യ അടയാളം. അവതരണഭംഗിയിൽ മയങ്ങിവീഴുന്ന മനുഷ്യന്റെ വിലയേ അവർ ഈശ്വരനും കൽപിക്കുന്നുള്ളൂ.

വാടകയ്ക്കെടുക്കുന്ന വാദ്യസംഗീതത്തെക്കാൾ, വിചാരശുദ്ധിയുള്ളവരുടെ വികലമെന്നു കരുതപ്പെടുന്ന വാക്കുകളാകില്ലേ ദൈവസന്നിധിയിൽ ശ്രേഷ്ഠം. ഇമ്പമുള്ള വാക്കുകൾക്കു പ്രതിബദ്ധതയുണ്ടാകണമെന്നില്ല; ഹൃദയം നുറുങ്ങുന്ന വാക്കുകൾക്ക് അലങ്കാരഭംഗി ഇല്ലാത്തതുപോലെ.  അവനവന്റെ സാധ്യതകളെ അവയുടെ തികവിലും മികവിലും ഉപയോഗിക്കുന്നവരാണു നേരുള്ളവർ. സ്വന്തമായവയുടെ കൂടെ ഹൃദയവും വിലയ്ക്കു വാങ്ങിയവയുടെ കൂടെ തലച്ചോറുമാകും പ്രവർത്തിക്കുക. അഭംഗിയുണ്ടെങ്കിലും നിഷ്കളങ്കമാണെങ്കിൽ അതല്ലേ നല്ലത്; ആളുകളായാലും അർഥനയായാലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com