ADVERTISEMENT

ഒന്നരമാസത്തോളം നീണ്ട അടച്ചിടലിനു ശേഷം നിയന്ത്രണങ്ങളോടെയാണെങ്കിലും കേരളത്തിൽ ജനജീവിതത്തിന്റെ വാതിലുകൾ തുറക്കുകയാണ്. ലോക്ഡൗൺ ഇനിയും കർശനമായി നീട്ടുന്നതു സാമ്പത്തികാവസ്ഥ മുതൽ സകല തലങ്ങളെയും സമ്പൂർണമായി തളർത്താനേ വഴിയൊരുക്കൂ എന്നു മനസ്സിലാക്കിയാണു സർക്കാർ ഈ വലിയ തീരുമാനമെടുത്തത്. നാടിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇത് അനിവാര്യവുമാണ്. എങ്കിലും കോവിഡ്ബാധിതരുടെ എണ്ണം ഇപ്പോഴും കാര്യമായി കുറഞ്ഞിട്ടില്ലെന്നതു ജാഗ്രതയിൽ ഇളവു പാടില്ലെന്നു കർശനമായി നമ്മെ ഓർമപ്പെടുത്തുന്നുണ്ട്; മരണസംഖ്യയും കുറയുന്നില്ല. മൂന്നാംഘട്ട വ്യാപനം എന്ന അത്യാപത്തിന്റെ മുന്നറിയിപ്പുകൂടി കേട്ടുതുടങ്ങുമ്പോൾ കോവിഡിനെ തോൽപിക്കാൻ മുൻകരുതൽ എന്ന ആയുധത്തിനു മൂർച്ച കൂട്ടിയേ തീരൂ. 

ഇനി പ്രാദേശികതലത്തിലായിരിക്കും നിയന്ത്രണങ്ങൾ. കോവിഡ് വ്യാപനത്തിന്റെ തീവ്രതയനുസരിച്ചു തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണു ലോക്ഡൗണിൽ ഇളവു നൽകുന്നത്. ട്രിപ്പിൾ ലോക്ഡൗൺ, ലോക്ഡൗൺ എന്നിവയുള്ള സ്ഥലങ്ങളിൽ കർശനനിയന്ത്രണങ്ങളുണ്ടാകുമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. 7 ദിവസത്തെ ശരാശരി രോഗസ്ഥിരീകരണ നിരക്കാണ് (ടിപിആർ) ഓരോ തദ്ദേശസ്ഥാപനത്തിലും തുടർന്നുള്ള നിയന്ത്രണങ്ങൾക്കു മാനദണ്ഡമാകുക എന്നതിനാൽ ജാഗ്രതയുടെ കടിഞ്ഞാൺ ഓരോ വ്യക്തിയിലേക്കുമായി കൈമാറിയിരിക്കുകയാണു സർക്കാർ. 

ജാഗ്രതയിൽ വരുന്ന ഒരു ചെറുവീഴ്ചയ്ക്കു പോലും ജീവിതംകൊണ്ടു വലിയ വിലകൊടുക്കേണ്ടിവരാം. ഇളവുകൾ വർധിപ്പിച്ചത് ആഘോഷിക്കാനല്ല, അത്യാവശ്യങ്ങൾ സുഗമമായി നിർവഹിക്കാൻ വേണ്ടിയാണെന്നു മറക്കാതിരിക്കാം. അതോടൊപ്പം, ലക്ഷ്യബോധവും ഏകോപിത പ്രവർത്തനങ്ങളുമുണ്ടെങ്കിൽ കോവിഡിനെ പടികടത്താമെന്നതിന്റെ മാതൃകാപാഠങ്ങൾ നമുക്കു മനസ്സിലെടുക്കുകയും ചെയ്യാം.  

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ഇപ്പോൾ രാജ്യത്തിനുതന്നെ മാതൃകയാകും വിധത്തിലാണു കോവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നത്. കോവിഡിന്റെ ഒന്നും രണ്ടും വ്യാപനങ്ങൾ കഠിനമായി അനുഭവിച്ച മഹാരാഷ്ട്രയിൽ, 10 ലക്ഷത്തോളംപേർ കഴിയുന്ന ധാരാവി ലോകത്തിന്റെതന്നെ ആശങ്കയായി മാറിയിരുന്നു. മുംബൈയിലെ ആ വലിയ ചേരിയിൽ ഇതുവരെ 6862 പേർക്കാണു കോവിഡ് ബാധിച്ചത്. നിലവിൽ 10 പേർ മാത്രമാണു ചികിത്സയിലുള്ളത്. രണ്ടാം വ്യാപനത്തിനിടെ മഹാരാഷ്ട്രയിൽ അറുപതിനായിരത്തിലേറെപ്പേർ മരിച്ചപ്പോൾ 47 മാത്രമാണു ധാരാവിയിലെ മരണസംഖ്യ. ആകെ മരണം 359. നിരീക്ഷണവും പരിശോധനയും കാര്യക്ഷമമാക്കിയും കോവിഡ് ബാധിതരെ ഉടൻ ഐസലേഷനിലേക്കു മാറ്റിയുമാണു ധാരാവിയിൽ വ്യാപനം നിയന്ത്രിച്ചതെന്നതു കേരളത്തിനുകൂടി പകർത്താവുന്ന പാഠമാണ്.

കോവിഡ് പ്രതിരോധത്തിൽ എറണാകുളം ജില്ലയിലെ ചെല്ലാനം മികച്ച മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതും നാം കേൾക്കുകയുണ്ടായി. ടിപിആർ 70 ശതമാനത്തിലേറെ ഉയർന്നിരുന്ന ചെല്ലാനത്തു ഫലപ്രദമായ പ്രതിരോധത്തിലൂടെ ശരാശരി ടിപിആർ 13.34% ആയി കുറയ്ക്കാനായി. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നടത്തിയതുൾപ്പെടെ ബഹുതല ഇടപെടലിലൂടെയാണ് ചെല്ലാനം ഈ നേട്ടം കൈവരിച്ചത്. കിടപ്പുരോഗികൾക്ക് വീടുകളിലെത്തിയാണു വാക്സീൻ നൽകിയത്. വാർഡുതലത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും ആശാ പ്രവർത്തകരുടെയും പ്രവർത്തനം ചെല്ലാനത്തിനു മുതൽക്കൂട്ടായിത്തീർന്നു.

തുറന്നുവച്ച വാതിലുകൾക്കു മുന്നിൽ പൗരബോധത്തോടെയും സാമൂഹികബോധത്തോടെയും വേണം ഇന്നുമുതൽ കേരള ജനത നിൽക്കാൻ. കൈവന്ന ഇളവുകളും ഒപ്പം പരിമിതികളും മനസ്സിലാക്കി, ജാഗ്രതയുടെ മറ്റൊരു ഘട്ടത്തിലേക്കു നമുക്കു കടക്കാം. നാം നമ്മെത്തന്നെ തോൽപിക്കരുത്.

Content Highlight: Covid Restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com