ADVERTISEMENT

മുല്ലപ്പള്ളി രാമചന്ദ്രൻ മൂന്നുവർഷം മുൻപും കെ.സുധാകരൻ ഇന്നലെയും കെപിസിസി പ്രസിഡന്റുമാരായി സ്ഥാനമേറ്റ ചടങ്ങുകളിലെ നേതാക്കളുടെ സമീപനവും പ്രസംഗങ്ങളും കോൺഗ്രസിലെ പൊളിച്ചെഴുത്തിലേക്കാണു വിരൽചൂണ്ടുന്നത്. മുല്ലപ്പള്ളിയെ വാഴിച്ചപ്പോൾ അതിനു കാർമികരായിരുന്നു ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. ഇന്നലെ സുധാകരനു പിന്തുണ വാഗ്ദാനം ചെയ്തു ചുരുങ്ങിയ വാക്കുകളിൽ ഉമ്മൻചാണ്ടിയുടെ പ്രസംഗം ഒതുങ്ങി. വഞ്ചിക്കപ്പെട്ടതിന്റെ നൊമ്പരം തമാശരൂപേണ പങ്കിടുകയാണു ചെന്നിത്തല ചെയ്തത്. 

ശക്തമായ നേതൃസാന്നിധ്യങ്ങളായി ഉമ്മൻചാണ്ടിയും ചെന്നിത്തലയും തുടരും. പക്ഷേ പാർട്ടി എന്ന വണ്ടി ഓടിക്കുന്ന ചുമതല ഇപ്പോൾ കെ.സുധാകരനും വി.ഡി.സതീശനുമാണ്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകൾ ഇല്ലാതാകില്ല. പക്ഷേ ഗ്രൂപ്പ് സമ്മർദവും വിലപേശലും പൊതുവിൽ മടുപ്പു സൃഷ്ടിച്ചിരിക്കുന്നു. 

കൗതുകകരമായ മാറ്റങ്ങളാണു കോൺഗ്രസിൽ‍ അരങ്ങേറുന്നത്. കീരിയും പാമ്പും കളിച്ചു നടന്ന എ–ഐ ഗ്രൂപ്പുകൾ, മാധ്യമങ്ങളോടു പങ്കുവയ്ക്കേണ്ട നിലപാടുകൾ വരെ  പരസ്പരം ആലോചിച്ചാണു നീങ്ങുന്നത്. അതേസമയം, അവയുടെ ശക്തരായ വക്താക്കൾ പലരും ഗ്രൂപ്പ് രഹിതരായി മാറുകയും ചെയ്യുന്നു. ഗ്രൂപ്പിന് അതീതമായി നേതൃപദവികളിലേക്കു വന്നതോടെ സതീശനും സുധാകരനും ആ പ്രവർത്തനം ഉപേക്ഷിച്ചു. ഐയുടെ ഭാഗമായ കെ.മുരളീധരനും ഇവരുടെ പാതയിലാണ്. മറ്റുള്ളവരെ ഉറപ്പിച്ചുനിർത്താനായി നേതാക്കളുമായി ചെന്നിത്തല നിരന്തര സമ്പർക്കത്തിലാണ്. സുധാകരനോടും സതീശനോടും അദ്ദേഹത്തിനു വ്യക്തിപരമായി അകൽ‍ച്ച ഇല്ല. കരിയറിലെ ആ വലിയ അവസരത്തിനായി തനിക്കെതിരെ മത്സരിക്കേണ്ടി വന്നെങ്കിലും സതീശൻ അങ്ങനെ  ചെയ്തതിൽ അസ്വാഭാവികമായി ഒന്നും അദ്ദേഹം കാണുന്നില്ല.

‘നേരേ വാ, നേരേ പോ’ പ്രകൃതക്കാരൻ എന്ന നിലയിൽ സുധാകരനോട് അദ്ദേഹത്തിന് ഇഷ്ടവുമാണ്. എന്നാൽ പ്രതിപക്ഷ നേതൃപദത്തിനുള്ള പോരാട്ടത്തിൽ പിന്തുണ വാഗ്ദാനം ചെയ്തശേഷം രഹസ്യമായി സതീശന്റെ തോളിൽ കയ്യിട്ട സ്വന്തം ഗ്രൂപ്പുകാരോട് അദ്ദേഹം ഇതുവരെ പൊറുത്തിട്ടില്ല. അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഐ.സി.ബാലകൃഷ്ണൻ, ടി.ജെ.വിനോദ്, സി.ആർ.മഹേഷ് എന്നിവരാണ് ഐയിൽ തന്നെ കാലുവാരാതിരുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇവരൊഴിച്ച് ഐയിലെ മറ്റ് എംഎൽഎമാർക്കു നിയമസഭാ സമ്മേളനത്തിൽ ചെന്നിത്തല മുഖം കൊടുത്തു പോലുമില്ല. നേരത്തെ തന്നെ ഉപവിഭാഗങ്ങൾ ഉണ്ടായിരുന്ന ഐയിൽ വിള്ളലുകൾ വലുതായെന്നു വ്യക്തം.

കേഡർ സ്വഭാവം തന്നെയുള്ള ‘എ വിഭാഗത്തിലും കാര്യങ്ങൾ ഭദ്രമല്ല. പ്രതിപക്ഷ നേതാവായി തന്റെ പേര് ഗ്രൂപ്പ് പരിഗണിക്കുകപോലും ചെയ്യാതിരുന്നതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേതൃത്വവുമായി പൂർണമായി അകന്നു. സുധാകരനും സതീശനുമായി നല്ല ബന്ധത്തിലാണ് അദ്ദേഹം. ഗ്രൂപ്പ് പ്രവർ‍ത്തനങ്ങളുടെ ഭാഗമാകാനില്ലെന്നു വർക്കിങ് പ്രസിഡന്റ്  പി.ടി.തോമസ് ഉമ്മൻ ചാണ്ടിയോടു വ്യക്തമാക്കി. കൊടിക്കുന്നിലും ഗ്രൂപ്പ് കൂടിയാലോചനകളിൽ കണ്ണിയല്ല. ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പ് തീരുമാനത്തോടു യോജിക്കാതിരുന്നതോടെ എയുടെ ഏറ്റവും വിശ്വസ്തവലയത്തിൽ ടി.സിദ്ദിഖ് ഇല്ലെന്നു കരുതുന്നവരാണേറെ. 

പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ എന്നീ പദവികളിലേക്കു ഹൈക്കമാ‍ൻഡ് നിയോഗിച്ച അഞ്ചുപേരിൽ ആരും തങ്ങളുടെ നോമിനികളോ വിശ്വസ്തരോ അല്ലെന്ന യാഥാർഥ്യത്തോടാണ് എ–ഐ ഗ്രൂപ്പുകൾക്കു പൊരുത്തപ്പെടേണ്ടി വരുന്നത്. വി.എം.സുധീരനും പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനും ഗ്രൂപ്പില്ലാ പരിവേഷത്തോടെ കെപിസിസി അധ്യക്ഷർ ആയെങ്കിലും താക്കോൽ സ്ഥാനങ്ങളിൽ ഒന്നിലും ഗ്രൂപ്പുകൾക്കു പിടിയോ പ്രാതിനിധ്യമോ ഇല്ലാത്ത സ്ഥിതി അടുത്തകാലത്ത് ഉണ്ടായിട്ടില്ല. അതേസമയം, ഉമ്മൻ ചാണ്ടിയെയോ ചെന്നിത്തലയെയോ പൂർണമായും അവഗണിച്ചു മുന്നോട്ടു പോകാനും കഴിയില്ല. ഗ്രൂപ്പ് വിരുദ്ധ വികാരത്തെ ഇരുഗ്രൂപ്പുകളും എങ്ങനെ സമീപിക്കുന്നു എന്നതും അവരോടുള്ള ഹൈക്കമാൻഡിന്റെ തുടർമനോഭാവവും കോ‍ൺഗ്രസിന്റെ കേരളത്തിലെ തിരിച്ചുവരവിനു നിർണായകമാണ്.

English Summary: Groups diminishing in Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com