ADVERTISEMENT

കോവിഡിന്റെ ഒന്നാംതരംഗവും രണ്ടാംതരംഗവും കഴിഞ്ഞു. ഇനി എത്ര തരംഗങ്ങൾ എന്നാർക്കറിയാം. നമ്മുടെ സംസ്ഥാനത്താകട്ടെ ജനസംഖ്യാനുപാതികമായി നോക്കിയാൽ കോവിഡ് വ്യാപനം ദേശീയ നിരക്കിനെക്കാൾ രൂക്ഷമായി തുടരുന്നു. ഇതെന്ന് അവസാനിക്കും? ഇപ്പോഴുള്ള വ്യാപനത്തെയും അനുബന്ധപ്രശ്നങ്ങളെയും കൈകാര്യംചെയ്തു പോയാൽ മാത്രം മതിയോ? ദൂരവ്യാപകമായിക്കൂടി ചിന്തിക്കാൻ കാലമായില്ലേ? ലോകാരോഗ്യസംഘടനയുടെ പ്രത്യേക സ്ഥാനപതി ഡേവിഡ് നബാരോ കഴിഞ്ഞദിവസം പറഞ്ഞതു ‘‘കോവിഡിനെ തുടച്ചുനീക്കുക എന്നതാണു ലക്ഷ്യം’’ എന്നാണ്. ഇതൊരു ശാസ്ത്രപിന്തുണയുള്ള കാഴ്ചപ്പാടാണെങ്കിൽ ഭിന്നമായി ചിന്തിക്കേണ്ട നേരമായിരിക്കുന്നു. ഈ സ്ഥിതി കുറെയേറെ വർഷങ്ങൾ നീണ്ടുപോയാൽ അത്രയുംകാലം നമ്മുടെ കുഞ്ഞുങ്ങൾക്ക് അടച്ചിരിക്കാൻ പറ്റുമോ? സമപ്രായത്തിലുള്ള കുട്ടികളുടെ സാമീപ്യവും ഇടപഴകലും പരിമിതമായ തോതിലെങ്കിലും നൽകാതെ വർഷങ്ങളോളം കുട്ടികളെ അടച്ചിരുത്താൻ പറ്റുമോ? അതുണ്ടാക്കാൻ പോകുന്ന മാനസിക പ്രത്യാഘാതങ്ങൾ എന്തായിരിക്കാം?

ടെലിവിഷനിലൂടെ ക്ലാസുകൾ നൽകുന്നതിനു സമാന്തരമായി മറ്റു വഴിക്കും ചിന്തകൾ വേണ്ടേ? സ്കൂളുകളിൽ പ്രത്യേക ദിവസങ്ങളിൽ കുറച്ചു കുട്ടികളെ വീതം എത്തിക്കുന്ന പദ്ധതി സർക്കാർ തന്നെ പരിഗണിച്ചിട്ടുണ്ട്. സാധ്യമാകുമ്പോൾ അങ്ങനെ നടക്കട്ടെ. 100 കുട്ടികൾ സ്കൂളിലെത്തിയാൽ 100 രക്ഷാകർത്താക്കളും എത്തിയേക്കാം. 200 പേർ പുറത്തിറങ്ങുന്നതിനെക്കാൾ വിദ്യാർഥികളുടെ വീടുകളുടെ സമീപത്തു തന്നെ അധ്യാപകർ എത്തുന്ന പദ്ധതി പരീക്ഷിച്ചുകൂടേ? ഇതൊരു സമാന്തരപദ്ധതി ആയതിനാൽ പാഠഭാഗങ്ങൾക്കു പകരം തിരഞ്ഞെടുത്ത പാഠ്യേതര പ്രവർത്തനങ്ങളും മാനസികോല്ലാസം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും രൂപകൽപന ചെയ്യാം. റസിഡന്റ്സ് അസോസിയേഷനുകൾ പോലുള്ള കൂട്ടായ്മകൾക്കു കുട്ടിക്കൂട്ടങ്ങളെ വിളിച്ചുകൂട്ടുന്നതിൽ സഹായിക്കാനാകും. അല്ലെങ്കിൽ സമിതികൾ രൂപീകരിക്കാം. ഒരേ ക്ലാസിലെ കുട്ടികൾക്കു പകരം മാനസികവികാസത്തിന്റെ ഒരേഘട്ടത്തിലുള്ള കുട്ടികളെ ഒരു കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതാകും പ്രായോഗികം. പ്രൈമറി, മിഡിൽ, ഹൈ, ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെ.

dr-achuthsankar
ഡോ. അച്യുത്ശങ്കർ എസ്. നായർ

നടന്നുചെല്ലാവുന്ന ദൂരത്തായിരിക്കണം കുട്ടിക്കൂട്ടങ്ങൾ ചേരേണ്ടത്. ഓരോ പ്രദേശത്തെയും തുറന്നയിടത്ത് (കാർ ഷെഡ് വരെയാകാം) 4–5 കുട്ടികൾ കൂടുന്ന കുട്ടിക്കൂട്ടങ്ങൾ നടത്താം. സാനിറ്റൈസ് ചെയ്ത ഈ ഇടങ്ങളിൽ നല്ല അകലം പാലിച്ചു വിദ്യാർഥികളെ ഇരുത്താം. 1–2 മണിക്കൂറോളം വിവിധ പ്രവൃത്തികൾക്ക് അധ്യാപകനു നേതൃത്വം നൽകാം. സ്വന്തം സ്ഥാനത്തു തുടർന്നുകൊണ്ടു പരിമിതമായ കായികാഭ്യാസങ്ങൾ ചെയ്യാനും കവിത ചൊല്ലാനും സംഘഗാനം ആലപിക്കാനും ക്വിസ് മത്സരം നടത്താനും പ്രസംഗിക്കാനും നാടകം അവതരിപ്പിക്കാനും പേപ്പർ ക്രാഫ്റ്റ് ചെയ്യാനുമൊക്കെ കുട്ടിക്കൂട്ടങ്ങൾക്കാകും.

ചില പഠനസാമഗ്രികൾ വീട്ടിൽ നിന്നു കൊണ്ടുവരുന്നതിനൊപ്പം പ്രോട്ടോക്കോൾ പാലിച്ചു പഠനസാമഗ്രികൾ വിതരണം ചെയ്യാനുമാകും. കുട്ടികൾക്കു ലഘുഭക്ഷണം നൽകാനും അത്തരത്തിൽ സാധിക്കണം. കുട്ടികൾ കൊണ്ടുവരുന്ന കപ്പിലും പ്ലേറ്റിലും ഓരോ ദിവസവും ഓരോ രക്ഷാകർത്താവ് ഭക്ഷണം വിളമ്പണം. ഇതൊക്കെ കർക്കശ പ്രോട്ടോക്കോൾ പാലിച്ചു ചെയ്താൽ നമ്മുടെ കുഞ്ഞുങ്ങൾക്കു കോവിഡ് മര്യാദകൾ പാലിക്കുന്നതിനുള്ള പരിശീലനവുമാകും. പ്ലസ് ടു, കോളജ് വിദ്യാർഥിതലത്തിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാം. 

അധ്യാപകർക്കു പുറമേ വിദഗ്ധർ, വിരമിച്ച അധ്യാപകർ (പ്രത്യേകിച്ച് അതതു പ്രദേശങ്ങളിലുള്ളവർ) എന്നിവർക്കും കൂട്ടിക്കൂട്ടങ്ങളിൽ അധ്യാപകരാകാം. കോവിഡ്ഭീഷണി കുറയുന്നതിനനുസരിച്ചു കുട്ടിക്കൂട്ടങ്ങളുടെ എണ്ണം കൂട്ടാം. വളരെക്കുറച്ച് ആളുകൾ വളരെക്കുറച്ചു ദൂരം മാത്രം സഞ്ചിക്കുന്നതിനാലും സൂക്ഷ്മമായി കോവിഡ്മര്യാദ പാലിക്കുന്നതിനാലും സമ്പൂർണ ലോക്ഡൗണിലും കുട്ടിക്കൂട്ടങ്ങൾക്ക് അനുമതി നൽകാം. കുട്ടികൾ യൂണിഫോം ധരിച്ചു സ്കൂൾ ബാഗുകളുമായി ആഴ്ചയിലൊരിക്കൽ ഇത്തരം ക്ലാസുകൾക്കായി പുറത്തിറങ്ങുമെങ്കിൽ നമ്മുടെ വീടുകളിൽ കൂടുതൽ ഉണർവും സന്തോഷവും പ്രത്യാശയും ഉണ്ടാകുകയും മാനസിക പിരിമുറുക്കങ്ങൾ കുറയുകയും ചെയ്യും.

(കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പു മേധാവിയാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com