ADVERTISEMENT

ജനജീവിതത്തെ കഠിനമായി വലച്ച്, കൈവിട്ടു കുതിക്കുന്ന വിലക്കയറ്റം രാജ്യത്തിനു മുന്നിലുള്ള ഏറ്റവും സങ്കീർണമായ ചോദ്യചിഹ്നമാണിപ്പോൾ. തുടർച്ചയായ ഇന്ധനവിലവർധന മുതൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം വരെ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്നു. ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിൽക്കൂടി കടന്നുപോകുകയും ഈ കോവിഡ്കാലം ജീവിതത്തെ വല്ലാതെ ഞെരുക്കുകയും ചെയ്യുമ്പോൾ കനത്ത ആഘാതമാവുകയാണ് ഇപ്പോഴത്തെ വിലവർധന. മിക്ക മേഖലകളിലുമുള്ള വിലവർധനയിൽ കേരളവും ശ്വാസം മുട്ടുന്നു. 

രാജ്യം ഇപ്പോൾ കേൾക്കുന്ന കണക്ക് ആശങ്കാജനകമാണ്. കഴിഞ്ഞമാസം രാജ്യത്തു മൊത്തവിലയിലെ വർധന 12.94 ശതമാനമാണ്; ചില്ലറവിൽപനവില കൂടിയത് 6.3 ശതമാനവും. സമ്പൂർണ ലോക്ഡൗൺ നിലവിലുണ്ടായിരുന്ന 2020 മേയിലെ വിലകളുമായി താരതമ്യപ്പെടുത്തുമ്പോഴാണു മൊത്തവില സൂചിക സർവകാല ഉയരത്തിൽ എത്തിയതെങ്കിലും ഇന്ധന വിലവർധനയും ഉൽപന്ന വിലവർധനയും പിടിമുറുക്കുന്നതിന്റെ സൂചന വ്യക്തമാണ്. ചില്ലറവിലക്കയറ്റം 6 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. കോവിഡ് രണ്ടാം തരംഗത്തിൽ ചികിത്സച്ചെലവു കുതിച്ചുകയറിയെന്നും കണക്കുകൾ പറയുന്നു.

പെട്രോളിന്റെയും ഡീസലിന്റെയും തുടർവിലക്കയറ്റം വ്യാപകപ്രതിഷേധത്തിനു കാരണമായിട്ടും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനങ്ങാതിരിക്കുന്നത് എരിതീയിൽ നിശ്ശബ്ദം എണ്ണയൊഴിക്കുക തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. ഇന്ധനവില നിയന്ത്രിക്കാനും സാധാരണക്കാർക്കൊപ്പം നിൽക്കാനുമുള്ള ഉത്തരവാദിത്തം ഈ കഠിനകാലത്തു സർക്കാരുകൾ വിസ്മരിക്കുന്നു. തുടർച്ചയായ ഇന്ധന വിലവർധനയുടെ ദുരിതത്തിനിടെ, വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചതും ജനത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. 

ഇന്ധനവിലയിലെ കയറ്റം അതിൽ മാത്രം ഒതുങ്ങുന്നതല്ല. ചരക്കുനീക്കത്തിന്റെ ചെലവു കൂടുമെന്നതിനാൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ സർവവസ്തുക്കളുടെയും വിലക്കയറ്റമാണു ഫലം. കോവിഡ് മൂലം പ്രതിസന്ധിയിലായ ബസ്, ഓട്ടോ, ടാക്സി മേഖലകളിൽ ഇന്ധനവിലക്കയറ്റമുണ്ടാക്കിയ ആഘാതവും കനത്തതാണ്. 

കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വിലവർധനയിൽ നട്ടം തിരിയുകയാണു കേരളം. സിമന്റ്, കമ്പി, കല്ല്, മെറ്റൽ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ, റൂഫിങ് ഷീറ്റുകൾ, പൈപ്പുകൾ, വയറിങ് സാമഗ്രികൾ എന്നിവയ്ക്കു മൂന്നു മാസത്തിനിടെ താങ്ങാനാവാത്ത വിധമാണു വില വർധിച്ചത്. സാമഗ്രികളുടെ ലഭ്യതക്കുറവും ഇന്ധനവില ദിനംപ്രതി ഉയരുന്നതുമാണു വിലവർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു. 

ബാങ്കിൽനിന്നു വായ്പയെടുത്തു വീടു നിർമിക്കുന്നവരുടെ കണക്കുകൂട്ടലുകൾ ഇതോടെ തെറ്റിയിരിക്കുകയാണ്. നിർമാണക്കരാർ ഏറ്റെടുക്കുന്നവരും വെട്ടിലായി. ഭവനരഹിതർക്കുള്ള വീടു നിർമാണം മുഖ്യ അജൻഡകളിലൊന്നായി പ്രഖ്യാപിച്ചിട്ടുള്ള സർക്കാരിനും വിലക്കയറ്റം വെല്ലുവിളിയാവും. നിലവിലെ നിരക്കുകളിൽ ഭവനപദ്ധതികൾ പൂർത്തിയാക്കുക ഗുണഭോക്താക്കൾക്കും പ്രയാസമാകും ടാർ വില കുതിച്ചുയർന്നതിനു പിന്നാലെ ക്വാറി ഉൽപന്നങ്ങളുടെ വില കൂടി വർധിച്ചതോടെ റോഡുപണി ഉൾപ്പെടെയുള്ള മിക്ക മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. 

ചില മരുന്നുകളുടെ വിലയും കൂടിക്കൊണ്ടിരിക്കുന്നു. ചില്ലറ വ്യാപാരമേഖലയിലെ വിലക്കയറ്റം ജനങ്ങളെ മുഴുവൻ ബാധിക്കുന്നതാണ്. അനുബന്ധമായുള്ള പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കുമെതിരെ ശക്തമായ ജാഗ്രത സർക്കാർസംവിധാനങ്ങൾ പുലർത്തേണ്ടതുണ്ട്. കോവിഡ്കാല തൊഴിൽനഷ്ടവും ദാരിദ്ര്യവും മൂലം ജീവിതം ചോദ്യചിഹ്നമായവർ വിലക്കയറ്റത്തിനു മുൻപിൽ അന്തിച്ചുനിൽക്കുകയാണെന്നോർക്കണം. ഒരു രൂപയുടെ അധികഭാരം പോലും താങ്ങാനാവാത്ത അതിസാധാരണക്കാരുടെ കൂടി രാജ്യമാണിതെന്നു ഭരണകൂടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com