വേഗറെയിലോ മാർഗം; വേറെ വഴിയില്ലേ?

Cristiano Ronaldo
SHARE

തിരുവനന്തപുരത്തു നിന്നു കാസർകോടു വരെ നാലു മണിക്കൂറിൽ യാത്ര ചെയ്യാം എന്നതാണു സിൽവർ ലൈൻ എന്ന വേഗറെയിൽപ്പാതയുടെ മുദ്രാവാക്യമെങ്കിലും തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് ഒന്നര മണിക്കൂറിൽ, അവിടെനിന്നു കോഴിക്കോട്ടേക്കു പിന്നെ ഒന്നര മണിക്കൂറിൽ എന്നിങ്ങനെ പോകുന്നു യാത്രക്കാരെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ. എല്ലാം നല്ലതു തന്നെ. പക്ഷേ ഇതെല്ലാമാണോ കേരളത്തിലെ റെയിൽ യാത്രക്കാരുടെ സങ്കടങ്ങൾ? 

തിരുവനന്തപുരം- എറണാകുളം ലൈൻ ഇരട്ടിപ്പിച്ചു തുടങ്ങിയിട്ടു പതിറ്റാണ്ടുകളായി. അതിഴഞ്ഞു നീങ്ങുന്നു. അതു വേഗത്തിലാക്കാൻ ഒരു സർക്കാരും മുൻകൈ എടുക്കുന്നില്ല. കോട്ടയം വഴിയും ആലപ്പുഴ വഴിയും ഉള്ള രണ്ടു ലൈനുകളും ഇരട്ടിപ്പിച്ചാൽ ജനശതാബ്ദി പോലെയുള്ള ഉശിരൻ വണ്ടികൾ കൂടുതലായി ഓടിക്കരുതോ? ദീർഘദൂര എക്സ്പ്രസുകൾക്കും വഴിയിൽ കിടന്നുപോകാതെ വേഗത്തിൽ ഓടാം. എന്നിട്ടും തിരക്കു കൂടുതലാണെങ്കിൽ സിഗ്നൽ സംവിധാനം ആധുനികമാക്കണം. അപ്പോൾ 5 മിനിറ്റ് ഇടവിട്ടു വേണമെങ്കിലും വണ്ടികൾ ഓടിക്കാം. 

പക്ഷേ ഇപ്പോൾ നിർദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിയിൽ ഇതൊന്നും നടക്കില്ല. അതിനു നിലവിലുള്ള ബ്രോഡ്ഗേജ് ലൈനുമായി ബന്ധമൊന്നുമില്ല. അതു സ്റ്റാൻഡേഡ് ഗേജിലാണ്. അതായതു പാതകൾക്കിടയിലെ അകലം നാലടി എട്ടര ഇഞ്ച്. കേരളത്തിലൂടെ ഇപ്പോഴോടുന്ന വണ്ടികൾക്കൊന്നും ആ പാതയിലൂടെ ഓടാൻ പറ്റില്ല. മുംബൈയിലേക്കും ബെംഗളൂരുവിലേക്കും ഡൽഹിയിലേക്കും ചെന്നൈയിലേക്കും മറ്റും ഓടുന്ന എക്സ്പ്രസുകൾ ഇപ്പോഴത്തെ വേഗത്തിൽ തന്നെ ഓടിക്കൊണ്ടിരിക്കണം. 

Cristiano Ronaldo
ഡോ.ആർ.വി.ജി.മേനോൻ

സിൽവർ ലൈൻ പാതയിലെ പല സ്റ്റേഷനുകളും ഇപ്പോഴുള്ളവയിൽ നിന്നു ദൂരെയാണ്. ഇതാണോ നമുക്കു വേണ്ട റെയിൽ വികസനം? തെക്കുവടക്കു പാതയുടെ ഇരട്ടിപ്പിക്കൽ, സിഗ്നൽ നവീകരണം എന്നിവ ആദ്യം നടക്കട്ടെ. എന്നിട്ടും തിരക്കു കൂടുതൽ ആണെങ്കിൽ തീർച്ചയായും അധികപാത ഇടാം. 

എറണാകുളത്തു നിന്നു ഷൊർണൂർ വരെ രണ്ടു ലൈൻ കൂടി ഇടാൻ റെയിൽവേ ആലോചിക്കുന്നുണ്ടെന്ന് ഇപ്പോൾ തന്നെ കേൾക്കുന്നു. വേണമെങ്കിൽ എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കും രണ്ടു ലൈൻ കൂടി ഇടട്ടെ. പക്ഷേ, അതും ബ്രോഡ് ഗേജിൽ ആയിരിക്കണം. അതിൽക്കൂടി മണിക്കൂറിൽ 200 കിലോമീറ്റർ വണ്ടി വിടാൻ പറ്റില്ല എന്നാണു കെ–റെയിൽ വിദഗ്ധർ പറയുന്നത്. അതിനാണത്രേ സ്റ്റാൻഡേഡ് ഗേജ്. ഇതു ശരിയാണോ? ഇന്ത്യൻ റെയിൽവേ തന്നെ ഡൽഹി– വാരാണസി റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസും ഡൽഹി–ഝാൻസി റൂട്ടിൽ ഗതിമാൻ എക്സ്പ്രസും ബ്രോഡ്ഗേജിലൂടെ ഓടിക്കുന്നുണ്ടല്ലോ. അവ 160 കിലോമീറ്റർ സ്പീഡിൽ വരെ ഓടുന്നുണ്ട്. പക്ഷേ, അതിനു പാതയിൽ വലിയ വളവുകളും കയറ്റങ്ങളും പാടില്ല. അപ്പോൾ നിലവിലുള്ള പാതയോടു ചേർന്ന് അത്യാവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പാതയിടണം. അല്ലാതെ അതിൽ നിന്നു വളരെ മാറി നെൽപാടങ്ങളും ചതുപ്പുകളും അന്വേഷിച്ചു പോകേണ്ടതുണ്ടോ? പുതിയ പാതയും ബ്രോഡ്ഗേജ് ആണെങ്കിൽ മാത്രമേ ഈ പദ്ധതി എല്ലാ റെയിൽ യാത്രക്കാർക്കും ഗുണം ചെയ്യൂ. 

Content Highlight: Silver Line Project

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA