ADVERTISEMENT

കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ മുൻനിരപ്പോരാളികളായി പ്രവർത്തിച്ചവർക്കു സ്നേഹാഭിവാദ്യം അർപ്പിക്കാനുള്ള അവസരമാണു ഭാഗികമായെങ്കിലും പൂട്ടുതുറന്ന ഈ വേള. ആരോഗ്യപ്രവർത്തകർ, പൊലീസ്, റവന്യു– തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിങ്ങനെ കോവിഡിനെതിരെ പൊരുതുന്ന വിവിധ വിഭാഗങ്ങളുടെ സേവനത്തിന്റെ ബലത്തിലാണു നാം ഇവിടെയെത്തിയതെന്നു മറക്കാതിരിക്കാം. 

കൃത്യനിർവഹണത്തിനിടയിൽ ശാരീരികാക്രമണംപോലും നേരിടേണ്ടിവന്നവരെ സവിശേഷമായി ഓർക്കേണ്ടതുണ്ട്. ഇടുക്കി മറയൂരിൽ മാസ്ക് ധരിക്കാത്തതു ചോദ്യം ചെയ്തതിനെത്തുടർന്നു കല്ലുകൊണ്ടുള്ള ഇടിയേറ്റു തലയോട്ടി തകർന്നു ചികിത്സയിൽ കഴിയുന്ന സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ കോവിഡ്കാല ക്രൂരതയുടെ ഇരയായി നമ്മുടെ മുന്നിലുണ്ട്. ശസ്ത്രക്രിയയ്ക്കു വിധേയനായ അജീഷിന്റെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് ഭീഷണിയിൽ നാടിന്റെ ആയുരാരോഗ്യം കാത്തുസൂക്ഷിക്കാനിറങ്ങിയ അജീഷിന്റെ നേർക്കുണ്ടായ ഈ കൊടുംക്രൂരത, പൊലീസിന്റെ സുരക്ഷയെക്കുറിച്ചു ചോദ്യചിഹ്നങ്ങളുയർത്തുന്നുമുണ്ട്. മറയൂർ പെ‍ാലീസ് സ്റ്റേഷൻ ഹൗസ് ഒാഫിസർ ജി.എസ്. രതീഷിനും ഈ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രദ്ധ സർക്കാരിന്റെ ഭാഗത്തുനിന്നും പൊതുസമൂഹത്തിൽനിന്നും ഉണ്ടായേതീരൂ. പൊലീസ് നാടിനു നൽകുന്ന കരുതലിനു തീർച്ചയായും ഇതല്ല പകരം നൽകേണ്ടത്.  

സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ജീവൻരക്ഷാ മരുന്നുകൾ കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചു കേരള പൊലീസ് യാഥാർഥ്യമാക്കിയ കാരുണ്യദൗത്യവും അഭിനന്ദനം അർഹിക്കുന്നു. കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കുള്ള ജീവൻരക്ഷാമരുന്നുകളാണു പൊലീസ് 24 മണിക്കൂർ പോലുമെടുക്കാതെ വീടുകളിൽ എത്തിച്ചത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ എഴുനൂറ്റൻപതോളം പേർ ഉൾപ്പെട്ട സംഘടനയാണു ‘ലിവർ ഫൗണ്ടേഷൻ ഓഫ് കേരള’. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇവരിൽ പലരും. സംഘടനയുടെ അഭ്യർഥനപ്രകാരം സുമനസ്സുകൾ 3 ലക്ഷം രൂപയുടെ മരുന്നു ലഭ്യമാക്കിയെങ്കിലും വിവിധ ജില്ലകളിലുള്ള 50 പേർക്കു ലോക്ഡൗൺ കാലത്ത് ഈ മരുന്ന് എങ്ങനെ എത്തിക്കുമെന്നറിയാതെ ആശങ്കയിലായിരുന്നു സംഘടന‌ാ ഭാരവാഹികൾ. അപ്പോഴാണു കേരള പൊലീസ് സഹായഹസ്തവുമായി എത്തിയത്. 

വിശ്രമമില്ലാത്ത കഠിനാധ്വാനം പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങൾ അർഹിക്കുന്നുണ്ടെന്നു വ്യക്തമാക്കി, ലോക്കൽ പൊലീസിൽ ജോലി ചെയ്യുന്നവർക്കു പ്രത്യേക ഇൻസന്റീവ് നൽകണമെന്ന് ആഭ്യന്തര അഡീഷനൽ‍ ചീഫ് സെക്രട്ടറിയോടു ഡിജിപി ശുപാർശ ചെയ്തിരിക്കുകയാണ്. സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്ക് അടിസ്ഥാനശമ്പളത്തിന്റെ 5 – 10% ഇൻസന്റീവായി നൽകണമെന്നാണു നിർദേശം. പൊലീസ് സ്റ്റേഷനുകളിലുള്ളവർ യഥാർഥത്തിൽ 24 മണിക്കൂറും ജോലി ചെയ്യുന്നവരാണെന്നു ഡിജിപി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിനും ക്രൈംബ്രാഞ്ചിനും 11–ാം ശമ്പള പരിഷ്കരണ ഉത്തരവുപ്രകാരം  ഇങ്ങനെ ആനുകൂല്യം നൽകിയതും ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ശുപാർശയിൽ എത്രയുംവേഗം സർക്കാർതലത്തിൽ അനുകൂല തീരുമാനം ഉണ്ടാവേണ്ടതുണ്ട്.

കോവിഡിന്റെ ഒന്നാംവരവു മുതൽ വിശ്രമമില്ലാത്ത ഡ്യൂട്ടിയാണു പൊലീസുകാർക്ക്. രണ്ടാം തരംഗത്തിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ, സ്വന്തം ആരോഗ്യസുരക്ഷ പോലും മറന്ന്, രാപകൽ സേവനത്തിലായിരുന്നു പലരും. മഴയായാലും വെയിലായാലും നിരത്തുകളിൽ കാവൽനിന്ന പൊലീസ് സേന അവിരാമസേവനത്തിന്റെ പ്രതീകമായി മാറി. ലോക്ഡൗൺ ഡ്യൂട്ടി‍ ചെയ്ത പൊലീസ് സേനയിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയും ചെയ്തു. ഡോക്ടർമാരുൾപ്പെടെ ഒട്ടേറെ ആരോഗ്യപ്രവർത്തകർക്കും കോവിഡ് പോരാട്ടത്തിലേർപ്പെട്ട മറ്റു സേവനവിഭാഗങ്ങളിലുള്ളവർക്കും കോവിഡ് പിടിപെട്ടിരുന്നു. നാം സുരക്ഷിതമായി ജീവിക്കുമ്പോൾ, ജനതയുടെ സൗഖ്യത്തിനുവേണ്ടി പ്രതികൂല സാഹചര്യങ്ങളിലും അവിരാമം പ്രയത്നിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു സർക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണ്. 

കോവിഡിനെതിരെ പൊരുതുന്ന വിവിധ സർക്കാർ വിഭാഗങ്ങളുടെ സേവനത്തിനൊപ്പം കേരളം മുഴുവനുമുള്ള നന്മക്കൂട്ടങ്ങളുടെ സന്മനസ്സും നാം കാണാതെപോകരുത്. കോവിഡ് പോരാളികളുടെ സമർപ്പിത സേവനവും നമ്മുടെ വ്യക്തിപരമായ ജാഗ്രതയും കൈകോർത്താൽ കോവിഡ് തോറ്റുമടങ്ങുമെന്നു തീർച്ച.

English Summary: Covid warriors: Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com