ADVERTISEMENT

വേനലിലും വീട്ടിൽ വെള്ളം കയറിയതോടെ ആലപ്പുഴയിലെ ബന്ധുവീട്ടിലായിരുന്നു കുട്ടമംഗലം മീനപ്പള്ളി ഓണംപള്ളിൽ മഠത്തിൽ എം.എൻ.ചന്ദ്രപ്രകാശ്. വീടിന്റെ പൂമുഖത്തിനു താഴെവരെ വെള്ളക്കെട്ടായതിനാൽ താൽക്കാലിക തടിപ്പാലം കെട്ടി അതിലൂടെയാണ് അദ്ദേഹം കഴിഞ്ഞദിവസം കായലിറമ്പിലെ വീട്ടിലേക്കു കയറിയത്. 

‘കുട്ടനാടിനെ രക്ഷിക്കേണ്ട തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും ഓരോകാലത്തും തൽപരകക്ഷികൾക്കു പണമുണ്ടാക്കാനുള്ള വകുപ്പാണ്. വെള്ളമൊഴുകാനാകാത്തവിധം മറ്റു നിർമിതികൾ തണ്ണീർമുക്കം ബണ്ടിലുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു കരിമണൽ എടുക്കുന്നതല്ലാതെ അവിടെ ലീഡിങ് ചാനലിന്റെ ആഴവും വീതിയും വർധിപ്പിക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ?’ ചന്ദ്രപ്രകാശിന്റെ ചോദ്യത്തിൽ തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും അർഥവും അനർഥവും കെട്ടിനിൽക്കുന്നു.

ആത്മവിശ്വാസത്തിന്റെ വള്ളം മുങ്ങി  

വെള്ളപ്പൊക്കത്തെ ഭയമില്ലാതിരുന്ന കുട്ടനാട്ടുകാർ‍ക്ക് ഇപ്പോൾ വെള്ളത്തെ ഭയമാണ്. ‘പുരയ്ക്കു മേലെ വെള്ളം; അതുക്കുമേലെ വള്ളം’ എന്ന ആത്മവിശ്വാസം നഷ്ടമായി. മുൻപ്, വർഷത്തിൽ ഒന്നോ  രണ്ടോ വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന കുട്ടനാട്ടിൽ ഇപ്പോൾ വേനൽക്കാലത്തു പോലും ജീവിതം സുരക്ഷിതമല്ല. കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കം ഏറ്റവും വലിയ ഉദാഹരണം. കുട്ടനാട്ടിലെ ഇടതടവില്ലാത്ത ദുരിതങ്ങളുടെ പ്രധാനകാരണങ്ങൾ അശാസ്ത്രീയമായി പ്രവർത്തിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയുമാണ്. 

ബണ്ട് തുറക്കുന്നത് തോന്നിയപോലെ

Kuttanad-house
വെള്ളപ്പൊക്കത്തെത്തുടര്‍ന്നു താമസക്കാർ ഉപേക്ഷിച്ചുപോയ കുട്ടനാട്ടിലെ വീടുകളിലൊന്ന്.

വേമ്പനാട്ടുകായലിൽ കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന തണ്ണീർമുക്കം ബണ്ടിന്റെ ആദ്യ രണ്ടുഘട്ടങ്ങളെ കായലിനു നടുവിൽ യോജിപ്പിച്ചിരുന്നതു കായലിന്റെ സ്വാഭാവിക ഒഴുക്കു തടസ്സപ്പെടുത്തുന്ന ഒരു മൺചിറയാണ്. അവിടെ ഷട്ടറുകളോടു കൂടിയ ബണ്ട് 2018ൽ പൂർത്തിയായി. എന്നിട്ടും മൺചിറ അവിടെയുണ്ട്. വെള്ളം എങ്ങനെ കടലിലേക്കൊഴുകും?

കുട്ടനാട്ടിലെ രണ്ടാംകൃഷിയെ ഓരുവെള്ളത്തിൽ നിന്നു രക്ഷിക്കേണ്ട തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് ആലപ്പുഴ, കോട്ടയം കലക്ടർമാരാണ്. ഡിസംബർ പകുതി മുതൽ മാർച്ച് പകുതി വരെ പരമാവധി 90 ദിവസം ബണ്ട് ഷട്ടറുകൾ അടച്ചിടാനാണു വ്യവസ്ഥ. കുട്ടനാടിനു കാർഷിക കലണ്ടർ ഇല്ലാത്തതിനാൽ ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നതും അടയ്ക്കുന്നതും കാലംതെറ്റി. ഇത്തവണ ഷട്ടർ 150 ദിവസം അടച്ചിട്ടു. മേയിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടാകാൻ ഒരു കാരണം ഇതാണെന്ന ആരോപണം തള്ളാനാകില്ല.

വേമ്പനാട്ടു കായൽ സംരക്ഷണത്തിന് 2017ൽ മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടത്തിൽ, തണ്ണീർമുക്കം ബണ്ട് വർഷം മുഴുവൻ തുറന്നിടുന്നുമെന്ന് അന്നത്തെ ധനമന്ത്രി ടി.എം.തോമസ് ഐസക് പ്രഖ്യാപിച്ചു. കായൽ സംരക്ഷിക്കാൻ ‘വേമ്പനാട് സഭ’ എന്ന ആശയവും പങ്കുവച്ചു. അടുത്ത ബജറ്റുകളിൽ ഈ നിർദേശങ്ങളുണ്ടായെങ്കിലും തുടർനടപടികളായില്ല.

ലക്ഷ്യങ്ങൾ പാളിയ തോട്ടപ്പള്ളി സ്പിൽവേ

തോട്ടപ്പള്ളി സ്പിൽവേക്കു രണ്ടു പ്രധാന ലക്ഷ്യങ്ങളാണ് – 1. അച്ചൻകോവിൽ, പമ്പ നദികളിലൂടെ കുട്ടനാട്ടിലേക്കെത്തുന്ന പ്രളയജലം വേഗം കടലിലേക്കൊഴുക്കുക. 2. വേലിയേറ്റമുണ്ടാകുമ്പോൾ ഓരുജലത്തെ തടയുക. 

പക്ഷേ, പ്രളയകാലത്തു നദികളുടെ പല കൈവഴികളിലൂടെ ജലം കുട്ടനാട്ടിലേക്കെത്തുന്നതു തടയാൻ സ്പിൽവേയ്ക്കു കഴിയുന്നില്ല. സ്പിൽവേ ഷട്ടറുകൾ നിർമിക്കുന്നതിൽ വ്യാപകമായ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് എപ്പോഴും തകരാറിലാകുന്ന 40 ഷട്ടറുകൾ. പുതുക്കി നിർമിച്ച ഷട്ടറുകൾക്ക് ആവശ്യത്തിന് ഉയരമില്ല. ഷട്ടർ ഉയർത്തിയ‍ാലും അടച്ചാലും വെള്ളം ഇരുവശത്തേക്കും കയറിയിറങ്ങുന്ന അവസ്ഥയ്ക്കു കാരണം നിർമാണത്തിലെ അപാകതയാണ്.

പഠിച്ച‍ിട്ടും പഠിച്ചിട്ടും...

കുട്ടനാടിനെയും തണ്ണീർമുക്കം, തോട്ടപ്പള്ളി പദ്ധതികളെയും പറ്റിയുള്ള പഠനങ്ങൾ ഒട്ടേറെ നടന്നു. ഈ പഠനങ്ങളുടെ പ്രധാന നിർദേശങ്ങൾ കണ്ടെത്തി സമർപ്പിച്ച റിപ്പോർട്ടുകളും അനേകം. 1987ൽ ഇന്ത്യ– നെതർലൻഡ്സ‍് സാങ്കേതിക സഹകരണത്തോടെ കുട്ടനാട് ജലസന്തുലന പഠനം നടത്തി. അതിൽ തോട്ടപ്പള്ളി സ്പിൽവെയെപ്പറ്റി നൽകുന്ന പ്രധാന ശുപാർശകൾ–

1. ലീഡിങ് ചാനലിന്റെയും സ്പിൽവേയുടെയും വീതി വർധിപ്പിക്കുക. 

2. കരുമാടിയിൽ നിന്നു തോട്ടപ്പള്ളിയിലേക്കുള്ള കൈവഴിയിലും വീയപുരത്തിനു സമീപം കുട്ടനാട്ടിലേക്കു തിരിയുന്ന കൈവഴിയിലും പമ്പയിൽ ജലം നിയന്ത്രിക്കാൻ റഗുലേറ്ററുകൾ സ്ഥാപിക്കുക. 

ഈ പഠനറിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല.  2011ൽ തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിന്റെയും നവീകരണത്തിനു കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റും (സിഡബ്ല്യുആർഡിഎം) ചെന്നൈ ഐഐടിയും ചേർന്നു നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് സർക്കാരിനു നൽകി. ഇതിലും ഒന്നും നടന്നില്ല. 

തോട്ടപ്പള്ളി സ്പിൽവേ നവീകരണം സംബന്ധിച്ച് ഇപ്പോൾ സംസ്ഥാന സർക്കാർ വീണ്ടും പഠനത്തിനൊരുങ്ങുകയാണ്. ചെന്നൈ ഐഐടിയുമായി 1.30 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ഇതിൽ 70 ലക്ഷം രൂപ കൈമാറുകയും ചെയ്തു. 

∙ ‘അറബിക്കടലിന്റെ ഒഴുക്കിന്റെ പ്രത്യേകത മൂലം തോട്ടപ്പള്ളി പൊഴിമുഖത്തു നിരന്തരം മണൽ അടിഞ്ഞുകൊണ്ടിരിക്കും. 2001ലെ വലിയ െവള്ളപ്പൊക്കകാലത്ത് തോട്ടപ്പള്ളി സ്പിൽവേയിൽ ധാരാളം മണൽ അടിഞ്ഞുകൂടിയിരുന്നു. കടൽനിരപ്പ് ഓരോവർഷവും ഉയർന്നുകൊണ്ടിരിക്കുന്നു. കടലിന്റെ ഒഴുക്കിനനുസരിച്ചു കുട്ടനാട്ടിലെ വെള്ളം കടലിലേക്കു കൃത്യമായി ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ കണ്ടെത്തണം. ഓരോ വർഷവും പെയ്യുന്ന മഴയുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ജലനിർഗമന മാർഗങ്ങളെക്കുറിച്ചു വിശദമായി പഠിച്ചു നീരൊഴുക്കു വർധിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതികൾ വേണം.’ – കമാൻഡർ ഇ.ജയ് ചാക്കോ (റിട്ട.)

(കുട്ടനാട് മുൻ എംഎൽഎ ഇ.ജോൺ ജേക്കബിന്റെ മകനും നാവികസേന മുൻ ഉദ്യോഗസ്ഥനും കർഷകനുമാണ്)

കുട്ടനാടിനെ രക്ഷിക്കാൻ പല വിദഗ്ധ നിർദേശങ്ങളുമുണ്ടായിട്ടുണ്ട്. അവയെപ്പറ്റി നാളെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com