ADVERTISEMENT

സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാണു തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്റർ (ആർസിസി). കഴിഞ്ഞ 40 വർഷംകൊണ്ടു കാൻസർ ചികിത്സയിലും മറ്റു സൗകര്യങ്ങളിലും മികവ് അടയാളപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണിത്. എന്നാൽ, ഇവിടെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിൽനിന്നു വീണു പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാജിറ എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണം കേരളത്തെ ഞെട്ടിക്കുക മാത്രമല്ല, മികവിന്റെ ആ കേന്ദ്രത്തിനു കളങ്കം ചാർത്തുകയും ചെയ്തിരിക്കുന്നു. 

നിരുത്തരവാദിത്തം തീർത്ത കുഴിയിൽ, അനാസ്ഥയുടെ ആഴത്തിലേക്കു പതിക്കുകയായിരുന്നു ഈ യുവതി. അർബുദ ബാധിതയായ മാതാവിനെ പരിചരിക്കാൻ ആർസിസിയിലെത്തിയെ നാജിറ, മേയ് 15ന് മൂന്നാം നിലയിൽ, അപായസൂചന നൽകാതെ തുറന്നുവച്ച ലിഫ്റ്റിൽനിന്നു രണ്ടുനില താഴേക്കു വീഴുകയായിരുന്നു. തലേന്നു വൈകിട്ടാണു ലിഫ്റ്റ് തകരാറിലായത്. ഇലക്ട്രിഷ്യനെ അറിയിച്ചതിനെത്തുടർന്നു മൂന്നാം നിലയിൽവച്ചു ഡോർ പകുതി തുറന്നു. മുകളിലത്തെ നിലയിലെത്തിച്ച ലിഫ്റ്റ് അവിടെ നിർത്തിയെങ്കിലും മൂന്നാം നിലയിലെ ഡോർ പകുതി തുറന്നിട്ടത് അടയ്ക്കാൻ മറന്നു. അതറിയാതെ, പിറ്റേന്ന് അതിരാവിലെ, തുറന്നുകിടന്ന വാതിലിലൂടെ കയറി, ലിഫ്റ്റ് അവിടെയുണ്ടെന്നു കരുതി കാലെടുത്തുവച്ച നാജിറ താഴേക്കു പതിക്കുകയായിരുന്നു. 

അധികൃതരുടെ ഭാഗത്തുനിന്നുള്ള ഏറെ അനാസ്ഥകൾ നാജിറയുടെ മരണത്തോടു ചേർന്ന് ആരോപിക്കപ്പെടുന്നുണ്ട്. അപായസൂചനകൾ നൽകാതെ ലിഫ്റ്റ് തുറന്നിട്ടതുമുതൽ തലച്ചോറിലെ ക്ഷതം കണ്ടെത്താൻ വൈകിയതുവരെ അതു നീളുന്നു. ഇതിനിടയിൽ കോവിഡ് ബാധിക്കുകയും ചെയ്തു. മരിക്കുന്നതിനു കുറച്ചുദിവസം മുൻപു മാത്രമാണു തലച്ചോറിലെ ക്ഷതം കണ്ടെത്തിയത്. തുടയെല്ലു തകർന്നും നട്ടെല്ലിനും തലയ്ക്കും ക്ഷതമേറ്റും ഗുരുതരാവസ്ഥയിലായ നാജിറയ്ക്കു മെഡിക്കൽ കോളജിൽ അസ്ഥിസംബന്ധമായ ശസ്ത്രക്രിയയാണു നടത്തിയത്. ഒരാഴ്ച കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാനിരിക്കെ, സ്ഥിതി വഷളായതിനെത്തുടർന്നു ന്യൂറോ ഐസിയുവിലേക്കും മാറ്റി. തലച്ചോറിലെ പരുക്കു യഥാസമയം കണ്ടെത്തി ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. 

കുടുംബത്തിനു നഷ്ടപരിഹാരം നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചതുകൊണ്ടും ആർസിസിയിലെ കുറച്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്തതുകൊണ്ടുമൊക്കെ തീർക്കാവുന്നതാണോ യൗവനാരംഭത്തിൽതന്നെ ജീവിതത്തോടു വിടപറയേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ആയുസ്സിന്റെ വില? മാതാവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണു നാജിറയ്ക്ക് അപകടം സംഭവിച്ചത്. 

ആരുടെയൊക്കെയോ അനാസ്ഥയുടെയും നിരുത്തരവാദിത്തത്തിന്റെയും ക്രൂരഫലം പലപ്പോഴായി അനുഭവിക്കുന്നവരാണു നമ്മിൽ പലരും. റോഡിൽ മൂടാതെ തുറന്നുകിടക്കുന്ന കുഴിയിൽ വീണ് എത്രയോപേർ ഇതിനകം മരിച്ചുകഴിഞ്ഞു. അതിലുമേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. എന്തെങ്കിലും ആവശ്യത്തിനു റോഡിലുണ്ടാക്കിയ കുഴി ഉടനെ മൂടാനോ അപകടസാധ്യതയുടെ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കാനോ മനസ്സുവച്ചിരുന്നുവെങ്കിൽ ഒഴിവാക്കാവുന്നതായിരുന്നു ഇത്തരം അപകടങ്ങൾ. 

നാജിറയുടെ ക്രൂരവിധി നമ്മെ ആത്മപരിശോധനയിലേക്കു കൊണ്ടുപോവുകതന്നെ വേണം. കൂട്ടിരിക്കാൻ എത്തുമെന്നു പറഞ്ഞ് ഏറെ കഴിഞ്ഞിട്ടും നാജിറയെ കാണാതെ നഴ്‌സ് അന്വേഷിച്ചിറങ്ങി. 2 മണിക്കൂറിനു ശേഷമാണ് ലിഫ്റ്റിനു താഴെ കണ്ടെത്തിയത്. ആ നേരമത്രയും ഇരുട്ടിൽ, ഗുരുതരമായി പരുക്കേറ്റ് അസഹ്യമായ വേദനയോടെ, നിസ്സഹായയായി നിലവിളിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയെ മനസ്സിൽ സങ്കൽപിക്കാനാവില്ലേ നമുക്ക്? മനസ്സാക്ഷിയില്ലാത്ത നമ്മുടെ വ്യവസ്ഥിതി ഇവിടെ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. ഇനിയൊരിക്കലും ഇങ്ങനെയൊരു അപകടത്തിനു വഴിതുറക്കില്ലെന്നു സ്വയംവാക്കു നൽകുകതന്നെയാണു നാജിറയോടുള്ള പ്രായശ്ചിത്തം.

English Summary: Irresponsibility that causes life - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com