ഉപദേശിച്ചു മടങ്ങി, എന്റെ അനുജൻ

poet-lyricist-s-rameshan-nair
എസ്. രമേശൻ നായർ
SHARE

അന്തരിച്ച കവി എസ്. രമേശൻ നായരെ ശ്രീകുമാരൻ തമ്പി അനുസ്മരിക്കുന്നു

ചങ്ങമ്പുഴയുടെ പേരിലുള്ള അവാർഡിനു രമേശനെ തിരഞ്ഞെടുത്തപ്പോൾ സംഘാടകർ അദ്ദേഹത്തോടു ചോദിച്ചു– അവാർഡ് ആരു തരണം? മറുപടി ഉടനെ വന്നു–. തമ്പിച്ചേട്ടൻ തന്നാൽ മതി. ഞങ്ങൾ വിളിച്ചാൽ ശ്രീകുമാരൻ തമ്പി വന്നില്ലെങ്കിലോ എന്നായി സംഘാടകരുടെ സംശയം. താൻ തന്നെ വിളിച്ചോളാമെന്നായി രമേശൻ. അങ്ങനെ പുരസ്കാരദാതാവിനെ പുരസ്കാര സ്വീകർത്താവു തന്നെ ചടങ്ങിലേക്കു ക്ഷണിച്ച അപൂ‍ർവതയ്ക്കു ചങ്ങമ്പുഴ പുരസ്കാര സമർപ്പണവേദി സാക്ഷിയായി. അതായിരുന്നു ഞാനും രമേശനും തമ്മിലുള്ള ബന്ധം. പരസ്പരം കത്തുകളും കവിതകളും എഴുതിയും വായിച്ചും ദൃഢമാക്കിയ ആ ബന്ധം പെട്ടെന്നു മുറിഞ്ഞെന്നു വിശ്വസിക്കാൻ എനിക്കു കഴിയുന്നില്ല.  

സിനിമയ്ക്കു വേണ്ടിയാണെങ്കിലും പാട്ടുകളിൽ നിന്നു കവിത അടർത്തിമാറ്റാത്ത എഴുത്തുരീതിയായിരുന്നു രമേശന്റേത്. പ്രായം ഏറെയായിട്ടും അദ്ദേഹം എഴുത്തു നിർത്തിയില്ല. 12– ാം വയസ്സിൽ തുടങ്ങി നിരന്തരം എഴുതിയിരുന്ന കവി. കഴിഞ്ഞ മാസവും രമേശന്റെ ഒരു പുസ്തകം പ്രകാശനം ചെയ്തിരുന്നു. ഒരുപക്ഷേ, രമേശൻ എഴുതിയതിൽ കൂടുതലും‌ കൃഷ്ണഗീതികളായിരിക്കാം. വനമാല എന്ന പുസ്തകത്തിൽ 500 പാട്ടുകളാണു കൃഷ്ണനെക്കുറിച്ച് അദ്ദേഹമെഴുതിയത്. ഗുരുവായൂരപ്പനായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദൈവം. മലയാളത്തിലും തമിഴിലും സംസ്കൃതത്തിലും പാണ്ഡിത്യം ഉണ്ടായിരുന്നതിനാൽ ഭക്തികാവ്യരസം തുളുമ്പുന്ന കവിതകൾ മലയാളത്തിനു സമ്മാനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തിരുക്കുറൽ പരിഭാഷപ്പെടുത്തിയതിനു തമിഴ്നാട് സർക്കാരിന്റെ ആദരം ഏറ്റുവാങ്ങിയ മലയാളകവിയെന്ന ബഹുമതിക്കും അദ്ദേഹം അർഹനായിട്ടുണ്ട്. 

‘ശ്രീകുമാരൻ തമ്പിയുടെ തിരഞ്ഞെടുത്ത കവിതകൾ’ എന്ന പേരിൽ പുറത്തിറക്കിയ എന്റെ പുസ്തകത്തിന് അവതാരിക എഴുതിയതു രമേശനാണ്. ‘ഹരിപ്പാട്ടു മൂളുന്ന തുമ്പി’ എന്നാണ് എന്നെ അവതാരികയിൽ വിശേഷിപ്പിച്ചത്. അത്രയ്ക്കു സ്നേഹമില്ലായിരുന്നെങ്കിൽ ഹാസ്യരൂപേണ എന്നെ അവതരിപ്പിക്കുമായിരുന്നോ.

രണ്ടാഴ്ച മുൻപാണ് അവസാനമായി എന്നെ വിളിച്ചത്. ‘‘സൂക്ഷിക്കണം. പരിപാടികൾക്കായി പുറത്തൊന്നും പോകരുത്’’– എന്നായിരുന്നു ഉപദേശം. പ്രായംകൊണ്ട് അനുജനാണെങ്കിലും രമേശന്റെ ഉപദേശം ഞാൻ സ്വീകരിച്ചു. പക്ഷേ, എന്റെ രക്ഷയെക്കുറിച്ച് ഉപദേശിച്ച ആ അനുജന്റെ വേർപാട്... അതു താങ്ങാവുന്നതിലും അപ്പുറമാണ്. 

എറണാകുളത്തു പുതിയൊരു വീട്ടിലേക്കു താമസം മാറുന്നതിനെക്കുറിച്ച് ആലോചിക്കവേ ജാതകം എനിക്ക് അയച്ചു തന്നിരുന്നു. ഞാൻ നോക്കിയപ്പോൾ സമയം അത്ര ശരിയല്ല. പിന്നീടു കണ്ടപ്പോൾ ജാതകം നോക്കിയില്ലേയെന്നു ചോദിച്ചെങ്കിലും മറുപടി നൽകാതെ ഞാൻ ഒഴിഞ്ഞു മാറി. എന്റെ ആശങ്ക രമേശൻ മനസ്സിലാക്കിയോ...

English Summary: Sreekumaran Thampi remembering poet Rameshan Nair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA