പൂക്കുന്നതിവിടെ സ്വാതന്ത്ര്യം, ‌വായനയുടെ ഉദ്യാനത്തിൽ

World-reading-day
SHARE

വായനയെ ജീവിതമായിക്കണ്ട ഒരു കവിയുണ്ടായിരുന്നു നമുക്ക്. ഇടപ്പള്ളി രാഘവൻപിള്ള. പുസ്തകമടയ്ക്കുമ്പോലെ ജീവിതമടച്ചുവച്ച് അദ്ദേഹമെഴുതി: 

‘ഓമനേ, വരുന്നു ഞാൻ 

വായന നിറുത്തട്ടെ,

ഈ മണി ദീപാങ്കുരം 

ഞാൻ തന്നെ കെടുത്തട്ടെ’.   

ഇറങ്ങുംതോറും ആഴമേറുന്ന ഈ വരികൾ എന്നോടു പറയുന്നു; നിരുപാധികമായ സൗഖ്യം ഞാനറിഞ്ഞിട്ടുണ്ടെങ്കിൽ അതു പുസ്തകം മുന്നിലുള്ള ഈ ഏകാന്തമായ ഇരിപ്പിലാണ്. ഇരുട്ടിൽ എനിക്കു തുണയായ ഈ വിളക്ക് എന്റെ പ്രാണന്റെ പ്രതിരൂപമായി. വായനക്കാരനും വായനയ്ക്കായി എന്നെ വിവർത്തനം ചെയ്യുന്നവനുമായ എനിക്ക്, മമതാധിക്യത്തോടെ എന്റെ വിയോഗത്തെ കുറിക്കാൻ വിളക്കത്തിരുന്നു വായിക്കുന്ന, ഞാനിപ്പോൾ ഉപേക്ഷിക്കുന്ന ഈ എന്റെ പ്രതിഛായ കൂടിയേ പറ്റൂ.  

വണ്ടിയിലോ ബസിലോ ഇരുന്നു വായിക്കുമ്പോൾ അതിലേക്ക് ഏന്തിനോക്കുന്ന സഹയാത്രികനെ എനിക്കു സഹിക്കാനാകാറില്ല. അയാൾക്കു കാണാനാകാത്ത വിധത്തിൽ ഞാനെന്റെ പുസ്തകം മാറ്റിമാറ്റിപ്പിടിച്ചു. 

ഞാൻ സൃഷ്ടിച്ച തിരസ്കരണി പൊക്കി ഞാൻ അനുഭവിക്കുന്നതു പങ്കിടാൻ അയാൾക്കൊരവകാശവുമില്ല. ലോകത്തിൽ എന്റെ മാത്രം ലോകമുണ്ടായതു ഞാൻ വായന ആരംഭിച്ചപ്പോഴാണ്. വ്യക്തിത്വം ഉണ്ടാകുന്നതു പുസ്തകത്തിന്റെ വരവോടെയാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുസ്തകം നിങ്ങളെ തനിച്ചാവശ്യപ്പെടുന്നു. മുഴുവനായി ആവശ്യപ്പെടുന്നു. കവിതപോലെ ഗാഢമായ വായന നിങ്ങളെ അതിന്റെ അവകാശിയാക്കുന്നു, സഹരചയിതാവാക്കുന്നു. ഈ വിഭവം നിങ്ങളുടെ രുചിയോളം, ഭാവനയോളം. ‘ഭാവനാപരികരമെങ്ങനെ ഭോഗമങ്ങനെ’ എന്നാണ് ആശാൻ എഴുതിയത്. നിങ്ങൾ ജയിലിലാണെങ്കിലും പുസ്തകം കയ്യിലുണ്ടെങ്കിൽ ജയിലിലല്ല. ഗാന്ധിജിയെഴുതി; ‘തടങ്കലിലാണെന്ന ദുഃഖം ഒരു നിമിഷം പോലും എന്നെ അലട്ടിയില്ല. എനിക്കുചുറ്റും മതിലുകൾ തീർത്തു വൃഥാ കല്ലും കുമ്മായവും പാഴാക്കിക്കളഞ്ഞല്ലോ എന്നു തോന്നി’. 

എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരുലോകം എന്ന വരി പുസ്തകാനന്തര കാലത്തിന്റെ ആത്മഗതവുമാണ്. പുസ്തകം പോലെ ഏകാന്തവിസ്തൃതമായ ഒരുദ്യാനവുമില്ല. ഉദ്യാനത്തിലൊരു മരച്ചുവട്ടിലെ കൽത്തറയിലിരുന്നു വായിക്കുന്നൊരാളുടെ ഛായാചിത്രമോ ഫോട്ടോയോ വായനയുടെ മാത്രമല്ല, ജീവിതത്തിന്റെയും പരിധിയില്ലായ്മ മനോഹരമായി ആവിഷ്കരിക്കുന്നു.

മലയാളി പുസ്തകം മാത്രമല്ല, വയലിനും ഹാർമോണിയവും മൃദംഗവുമൊക്കെ വായിക്കും. പദദാരിദ്ര്യംകൊണ്ടു സംഭവിച്ചതാകില്ല ഇത്. സാക്ഷരതയുള്ളൊരാൾക്കു മാത്രം വഴങ്ങുക എന്ന പുസ്തകത്തിന്റെ സ്വഭാവം, വയലിൻ അറിയുന്നൊരാൾക്കു മാത്രം വഴങ്ങുക എന്ന വയലിന്റെ സ്വഭാവവുമായി ഐക്യപ്പെട്ടതാവാം. വായിക്കാനറിയുന്നവർക്കേ വഴങ്ങൂ എന്നത് അവ പൊതുവായി പങ്കിടുന്നു. ആനന്ദദായകത്വവും ആവിഷ്കാരസുഖവും എല്ലാ വായനകളിലും പൊതുവായുണ്ട്. തബലയുടെ സാധ്യത പരമാവധി വായിക്കുന്നു, ഒരു സാക്കിർ ഹുസൈൻ. പുഴയിലെ ജലഗതിയിൽ നിത്യപരിണാമിയായ പ്രപഞ്ചഗതിയെ വായിച്ചു ഹെറാക്ലിറ്റസ്. ‘ഒരേപുഴയിൽ രണ്ടു തവണ കാലു കുത്താനാവില്ല’–എന്തൊരസാധ്യമായ വായന! വായനയുടെ സാക്ഷാത്കാരമാണ് എല്ലാ വായനയും.

വായനയുടെ ഒരുപാധി മാത്രമാണു പുസ്തകം എന്നു തിരിച്ചറിയാത്തവരാണു വായന കുറയുന്നു എന്നു പരിഭവിക്കുന്നത്. മൊബൈലിൽ, കംപ്യൂട്ടറിൽ, ഇ റീഡറിൽ, ടാബിൽ ഒക്കെ നാം വായിച്ചു കൊണ്ടിരിക്കുന്നു. പലവിധത്തിലുള്ള വായനയുടെ ഒരു വസന്തം തന്നെയായിരുന്നു കോവിഡ്കാലം. യൂ ട്യൂബ് മൈ ട്യൂബ് ആയി. ശ്രാവ്യഭാഷയിലും ലിഖിതഭാഷയിലും നാം ഇപ്പോൾ വായിക്കുന്നു.  

വായന വിളിച്ചപ്പോൾ ബധിരൻ കേട്ടു, അന്ധന് ആന്ധ്യം  മാറി, കിടപ്പിലായവൻ എണീറ്റു, ജഡം ജഡത്വം വിട്ടുണർന്നു. ബയോഗ്രഫി ഓഫ് ആദം ആൻഡ് ഹവ്വ എന്ന അജ്ഞാതകർത്തൃകമായ പുസ്തകത്തിൽ ഹവ്വ മകൻ സേഥിനോട് തന്റെ കഥ കളിമൺ ടാബ്‌ലറ്റിലും കല്ലു കൊണ്ടുള്ള ടാബ്‌ലറ്റിലും എഴുതാൻ പറയുന്നുണ്ട്. ജലത്തെയും അഗ്നിയെയും വായന അതിജീവിക്കാൻ വേണ്ടിയാണത്. പഴയ മെസപ്പൊട്ടോമിയൻ ടാബിന്റെ ഭയങ്ങളൊന്നും പുതിയ ടാബിനു വേണ്ട.

വായിച്ചുവായിച്ചാണ് അലക്സാണ്ടർ ചക്രവർത്തി മുപ്പത്തിമൂന്നു വയസ്സിനകം മുക്കാൽപങ്ക് ലോകത്തെയും കീഴടക്കിയത്. സദാ കൂടെക്കരുതിയ ഇലിയഡിൽ നിന്ന് ‘അക്കില്ലസ്സിന്റെ വീരാപദാനങ്ങൾ’ വായിച്ച് അദ്ദേഹം നിത്യവും പ്രചോദിതനായി. മോഹൻദാസ് ഒരു രാത്രിവണ്ടിയുടെ സമയത്തോളം വായിച്ചതേയുള്ളു, ‘അൺ ടു ദ് ലാസ്റ്റ് സർവോദയം’ എന്ന ദർശനമായി. മോഹൻദാസിൽ നിന്നു മഹാത്മാഗാന്ധിയിലേക്കു പുറപ്പെട്ട ആദ്യവണ്ടിയായിരുന്നു അത്. ക്രിസ്തുവോ ബുദ്ധനോ അവരവരായിത്തീർന്നത് അവരെക്കുറിച്ചെഴുതപ്പെട്ടതിന്റെ വായനയിലൂടെ. അവനവൻ ആവാനോ അവനവൻ അല്ലാതാവാനോ വായന വേണം. വളർച്ചയുടെ, ഉയർച്ചയുടെ വണ്ടിയാണത്. ഏതെങ്കിലും വിധത്തിലുള്ള വായനയിലൂടെയല്ലാതെ ഒരുവിധ വിദ്യാഭ്യാസവും സാധ്യമല്ല. ശ്രദ്ധയും വായന തന്നെ.

പൊതുവായി എല്ലാ വായനകളും ഒരായിത്തീരലിന്റെ മാധ്യമമാണ്. മനുഷ്യൻ ആധുനികമനുഷ്യനായിത്തീർന്നതു വായനയിലൂടെ അല്ലെന്നു പറയാനാവില്ല. പരിണമിച്ചുണ്ടായ മനുഷ്യൻ പിന്നീടു പരിണമിച്ചതു ശരീരത്തിലൂടെയല്ല, ഭാഷയിലൂടെയാണെന്നു പറയാറുണ്ട്. കേൾവിയെക്കാൾ, സംസാരത്തെക്കാൾ വായനയായിരുന്നു അതിന്റെ വാഹനം. 

അക്ഷരവിദ്യയെ നിന്ദിച്ച സോക്രട്ടീസും അനശ്വരനായത് അക്ഷരത്തിലൂടെ, പിൽക്കാലജനതയുടെ വായനയിലൂടെ. ഭൂതകാലത്തെ സൃഷ്ടിച്ചു നിലനിർത്തുന്നതു വായന. ചരിത്രം സാധ്യമായതു വായന സാധ്യമായതിനാൽ. പിന്നിടുന്തോറും പിന്നിട്ടത് ഇല്ലാതായിത്തീരുമായിരുന്നു, വായനയുടെ അഭാവത്തിൽ. തുടർച്ച അസാധ്യമാവുമായിരുന്നു, വായനയുടെ അഭാവത്തിൽ. മനുഷ്യരിലുള്ള വായനയുടെ സ്വാധീനങ്ങൾ നീക്കി നോക്കൂ, നമ്മൾ പ്രാകൃതർ മാത്രമല്ല, നിസ്സഹായരുമായിത്തീരും. നമ്മൾ വായിക്കുന്ന മൃഗങ്ങൾ.

‘വായിച്ചറിയുവാൻ’ എന്നായിരുന്നു നാം മുൻപു കത്തുകൾ ആരംഭിച്ചിരുന്നത്. ഇന്ത്യയിലേറ്റവും കൂടുതൽ ഗ്രന്ഥാലയങ്ങളുള്ള സംസ്ഥാനത്തിന്, വായനയിലൂടെ നവോത്ഥാനം സാധിച്ച ഒരിടത്തിന് ഉചിതമായ പ്രയോഗമായിരുന്നു വായിച്ചറിയുവാൻ എന്നത്. അല്ലാതെ അറിയുന്നതിനെക്കാൾ സൂക്ഷ്മമായി, വ്യാപ്തിയോടെ, സ്വതന്ത്രമായി നാം വായിച്ചറിഞ്ഞു. അറിഞ്ഞതിലേറെയും അറിഞ്ഞത്, അനുഭവിച്ചതിലേറെയും അനുഭവിച്ചത് വായനയിലൂടെ. അതിനാൽ ഈ ദിനം മറ്റൊരു സ്വാതന്ത്ര്യദിനം. പി.എൻ. പണിക്കർ മറ്റൊരു സ്വാതന്ത്ര്യസമരപ്പോരാളിയും.

Content Highlight: World reading day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA