ADVERTISEMENT

ഒരു മാസം മുൻപു ചൈനയുടെ ‘ലോങ് മാർച്ച്’ റോക്കറ്റ് വാർത്തകളിൽ നിറഞ്ഞത് അതിന്റെ ഒരുഭാഗം മാലദ്വീപിനു സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചതുമൂലമാണ്. തലനാരിഴയ്ക്കാണ് അതു കരയിൽ പതിക്കാതിരുന്നത്. എന്നാൽ, കഴിഞ്ഞദിവസം ലോങ്മാർച്ച് വീണ്ടും വാർത്തകളിൽ നിറഞ്ഞു. ചൈനയിൽ നിന്ന് 3 ബഹിരാകാശ യാത്രികരുമായി ലോങ് മാർച്ച് 2 എഫ് അവരുടെ സ്വന്തം ബഹിരാകാശനിലയമായ ടിയാങ്ഗോങിൽ എത്തി. പിഴവുകളൊന്നും ആവർത്തിച്ചില്ല. 

എന്നാൽ, ശക്തമായ ബഹിരാകാശ നിയമങ്ങളും കാലോചിതമായി പരിഷ്‌കരിച്ച സമവായ ഉടമ്പടികളും ലോകത്തിന്റെ അടിയന്തര ആവശ്യമാണെന്ന് ഓർമിപ്പിക്കുന്നതാണു ലോങ്മാർച്ച് 5ബിക്കുണ്ടായ അപകടം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യാന്തരതലത്തിലുള്ള ജാഗ്രതയും ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കണം. ഐക്യരാഷ്ട്ര സംഘടനയാണ് ഇത്തരം ബഹിരാകാശ നിയമ, ഉടമ്പടികൾ നിർമിക്കാൻ മുൻകൈ എടുക്കേണ്ടത്. 

ഇന്ത്യയ്ക്കും പങ്ക്

ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള, ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള കമ്മിറ്റി ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കിയിട്ടുണ്ട്. ബഹിരാകാശ അവശിഷ്ടങ്ങൾ എങ്ങനെ നിർമാർജനം ചെയ്യാം എന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിനും ആഗോളതലത്തിൽ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനുമുള്ള ബഹിരാകാശ സംഘടനകളുടെ കൂട്ടായ്മയായ ഐഎഡിസി(ഇന്റർ ഏജൻസി സ്പേസ് ഡെബ്രി കോഓർഡിനേഷൻ കമ്മിറ്റി)യിൽ ഇന്ത്യയും അംഗമാണ്. 

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പല മുൻകരുതലുകളും രാജ്യങ്ങൾ എടുക്കുന്നുണ്ട്. ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ചുകഴിഞ്ഞാൽ റോക്കറ്റിന്റെ ഭാഗം കൃത്യമായി കടലിൽ സുരക്ഷിതമായി വീഴ്ത്തുക എന്നതാണു പ്രധാനം. അതുപോലെ, ഉപഗ്രഹങ്ങൾ കാലാവധി കഴിഞ്ഞാൽ ഒന്നുകിൽ നിയന്ത്രിതമായി ഭൂമിയിൽ തിരിച്ചെത്തിച്ചു നശിപ്പിച്ചു കളയണം. അല്ലെങ്കിൽ ഇതിനുവേണ്ടിയുള്ള പ്രത്യേക ഭ്രമണപഥമായ ‘ശ്മശാന ഭ്രമണപഥ’ത്തിൽ കൊണ്ടുപോയി വിടണം. അവശിഷ്ടങ്ങളുണ്ടാക്കുന്ന ഉപഗ്രഹങ്ങൾ നശിപ്പിക്കുന്ന പരീക്ഷണങ്ങൾ ബഹിരാകാശത്തു നടത്താതിരിക്കുക എന്നതും പ്രധാനമാണ്. 

ഇന്നത്തെ പല ബഹിരാകാശ ഉടമ്പടികളും 1960കളിലും 70കളിലും ഉണ്ടാക്കിയതാണ്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം മുറുകിനിന്ന കാലം. അന്നു ബഹിരാകാശ ദൗത്യങ്ങൾ നടത്തിയിരുന്നതു സർക്കാരുകൾ മാത്രമായിരുന്നു. അതും കുറച്ചുരാജ്യങ്ങൾ. ബഹിരാകാശരംഗത്തേക്കു കൂടുതൽ രാജ്യങ്ങളും സ്വകാര്യ കമ്പനികളും പുത്തൻപദ്ധതികളുമായി കടന്നുവരുമ്പോൾ ഭൂമിയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. 

നിലവിലുള്ള ഉടമ്പടികളനുസരിച്ചു ബഹിരാകാശവും അവിടെയുള്ള എല്ലാ വിഭവങ്ങളും മനുഷ്യരാശിക്കു മുഴുവൻ അവകാശപ്പെട്ടതാണ്. ചന്ദ്രൻ അടക്കമുള്ള ആകാശഗോളങ്ങളും ഒരുപോലെ അവകാശപ്പെട്ടത്. ബഹിരാകാശം എന്നതു മനുഷ്യരാശിയുടെ പ്രവിശ്യ എന്നാണ് അത്തരം ഉടമ്പടികൾ വിശേഷിപ്പിക്കുന്നത്. ബഹിരാകാശ യാത്രികരെ മനുഷ്യരാശിയുടെ ദൂതന്മാരായി കണക്കാക്കണം. 1968ലെ രക്ഷാപ്രവർത്തന കരാറനുസരിച്ച് ബഹിരാകാശ യാത്രികർ മറ്റു രാജ്യങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ ഇറങ്ങുകയാണെങ്കിൽ അവർക്ക് എല്ലാവിധ സൗകര്യങ്ങളും പിന്തുണയും നൽകാൻ രാജ്യങ്ങൾ കടപ്പെട്ടിരിക്കുന്നു. 

ബഹിരാകാശത്തെ അവശിഷ്ടക്കടൽ

സർക്കാരുകൾ മാത്രമല്ല, ഇന്നു സ്വകാര്യ കമ്പനികളും ബഹിരാകാശരംഗത്തു സജീവം. കൂടുതൽ രാജ്യങ്ങൾ ഈ മേഖലയിലേക്കു കടന്നുവരികയുമാണ്. അതുകൊണ്ടുതന്നെ ബഹിരാകാശ ദൗത്യങ്ങൾക്കു പുത്തനുണർവു വന്നിട്ടുണ്ട്. കമ്പനികൾ നൂതനപദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുന്നു. മനുഷ്യൻ ചൊവ്വയിൽ പോയി വാസസ്ഥലങ്ങൾ ഉണ്ടാക്കുന്ന കാലം വിദൂരത്തല്ല. ബഹിരാകാശത്തേക്കു മനുഷ്യർ ഉല്ലാസയാത്രകൾക്കു പോകുന്നതും സാധാരണമായേക്കാം. അപ്പോൾ ലോങ് മാർച്ച് അപകടം പോലെയുള്ള സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയേറെ. അവശിഷ്ടങ്ങൾ എപ്പോഴും കടലിൽത്തന്നെ വീഴും എന്നു പ്രത്യാശിക്കാൻ പറ്റില്ല. 

1957ൽ ബഹിരാകാശയുഗം തുടങ്ങിയതിനു ശേഷം ഏതാണ്ട് 6,050 റോക്കറ്റുകൾ വിക്ഷേപിച്ചിട്ടുണ്ട്. പല ഭ്രമണപഥങ്ങളിലായി ഇന്ന് 9,300 ടണ്ണിനടുത്തു ഭാരം വരുന്ന മനുഷ്യനിർമിത വസ്തുക്കൾ ബഹിരാകാശത്തുണ്ട്. 10 സെന്റിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള ഏകദേശം 34,000 അവശിഷ്ടങ്ങൾ ഭൂമിയെ ചുറ്റുന്നു. ഒന്നുമുതൽ 10 വരെ സെന്റിമീറ്റർ വലുപ്പമുള്ള ഒൻപതു ലക്ഷത്തോളവും ഒരു സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള 128 ലക്ഷത്തോളവും അവശിഷ്ടങ്ങൾ ബഹിരാകാശത്തുണ്ട്. പ്രവർത്തിക്കാത്ത ഉപഗ്രഹങ്ങൾ, പൊട്ടിത്തെറിച്ച ഉപഗ്രഹഭാഗങ്ങൾ, റോക്കറ്റ് അവശിഷ്ടങ്ങൾ ഇങ്ങനെ പലതും ഇക്കൂട്ടത്തിലുണ്ട്. ബഹിരാകാശ ദൗത്യങ്ങൾക്കു ഭീഷണിയായി ഏതാണ്ട് ഒരു സെക്കൻഡിൽ 8 കിലോമീറ്റർ എന്ന വേഗത്തിൽ ഇവ ഭൂമിയെ ചുറ്റുന്നു. ഇത്തരം അവശിഷ്ടങ്ങൾ മറ്റു സജീവമായ ഉപഗ്രഹങ്ങളുമായി കൂട്ടിമുട്ടി അപകടമുണ്ടാകാനും സാധ്യതയേറെ. കാലക്രമേണ ഈ അവശിഷ്ടങ്ങൾ ഭൂമിയിലേക്കു പതിക്കും. പലതും കത്തിത്തീരും. ചിലതു പൂർണമായി കത്താതെയും ഭൂമിയിൽ പതിക്കാം. 

വീഴ്ച പ്രവചിക്കാനാകുമോ?

റോക്കറ്റിന്റെ ഭാഗങ്ങൾ എവിടെ, എപ്പോൾ വീഴും എന്നു മുൻകൂട്ടി പറയാൻ പറ്റാത്തതിനു പിന്നിൽ പല കാരണങ്ങളുണ്ട്. ഇത്തരം ഭാഗങ്ങൾ റോക്കറ്റിൽ നിന്നു വേർപെട്ടാൽ പിന്നെ നിയന്ത്രിതമായല്ല ചലിക്കുക. എങ്ങോട്ടാണ് അവ പോകുന്നതെന്നു കൃത്യമായി പറയാനാകില്ല. രണ്ടാമതായി, ഇങ്ങനെ നിയന്ത്രണമില്ലാത്ത വസ്തുക്കൾക്കു ഭ്രമണപഥത്തിലെ നേർത്ത അന്തരീക്ഷ വായുവിന്റെ തന്മാത്രകൾ കൊണ്ടുണ്ടാകുന്ന പ്രവേഗനഷ്ടം കൃത്യമായി കണക്കുകൂട്ടാൻ പറ്റില്ല. റഡാറുകളുടെയും ഒപ്റ്റിക്കൽ സംവിധാനങ്ങളുടെയും സഹായത്തോടെ കിട്ടുന്ന വിവരങ്ങളാണു പ്രധാന ആധാരം. ഇവ ഉപയോഗിച്ചു നിരന്തരം നിരീക്ഷിച്ച് അപ്പോളപ്പോൾ റോക്കറ്റിന്റെ ഭാഗം എവിടെയാണെന്നു പറയാനേ പറ്റൂ. അതുകൊണ്ടാണ് ലോങ് മാർച്ചിന്റെ കാര്യത്തിൽ 9 ദിവസം ശാസ്ത്രലോകം ശ്വാസമടക്കി കാത്തിരുന്നത്. ഭൂമിയുടെ 71 ശതമാനം കടലാണല്ലോ. അതുകൊണ്ടു തന്നെ കടലിൽ വീഴാനുള്ള സാധ്യതയാണു കൂടുതൽ. ഭാഗ്യംകൊണ്ട് ഇവിടെയും അതു തന്നെ സംഭവിച്ചു. 

ഉത്തരവാദിത്തം ആർക്ക്?

ലോങ്മാർച്ച് സംഭവത്തിൽ രാജ്യാന്തര സമൂഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ തലവൻ ബിൽ നെൽസൺ പറഞ്ഞതു റോക്കറ്റിന്റെ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ചൈന അലംഭാവം കാണിച്ചെന്നാണ്. ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്ന രാജ്യങ്ങൾ ഭൂമിയിലുള്ള ജനങ്ങൾക്കും വസ്തുവകകൾക്കും അപകടം വരുത്തുന്നതിനുള്ള സാധ്യത കുറയ്ക്കണം എന്നും അദ്ദേഹം പറഞ്ഞു. അത്തരം അപകടങ്ങളുണ്ടാകുമ്പോൾ രാജ്യങ്ങൾ പാലിക്കേണ്ട വ്യവസ്ഥകൾ അടങ്ങിയ പല ഉടമ്പടികൾ നിലവിലുണ്ട്. ഇതിൽ പ്രധാനമാണ് ഇന്ത്യയടക്കം 111 രാജ്യങ്ങൾ ഒപ്പുവച്ച 1967ലെ ബഹിരാകാശ ഉടമ്പടി (ഔട്ടർ സ്പേസ് ട്രീറ്റി). ഇതനുസരിച്ച് ഏതു രാജ്യമാണോ റോക്കറ്റ് വിക്ഷേപിക്കുന്നത്, ആ രാജ്യത്തിനാണ് അതുകൊണ്ടുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങൾക്കുമുള്ള ഉത്തരവാദിത്തം. 

1978ൽ സോവിയറ്റ് യൂണിയന്റെ കോസ്മോസ് 954 എന്ന ഉപഗ്രഹം നിയന്ത്രണംവിട്ടു ഭൂമിയിലേക്കു തിരിച്ചെത്തി. അതിന്റെ അവശിഷ്ടങ്ങൾ കാനഡയിൽ പതിച്ചു. ഇതിൽ ആണവ പ്രസരണശേഷിയുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. നീണ്ട നിയമയുദ്ധത്തിനൊടുവിൽ സോവിയറ്റ് യൂണിയൻ മൂന്നു ലക്ഷം കനേഡിയൻ ഡോളർ കൊടുത്തു സംഭവം ഒത്തുതീർപ്പാക്കുകയായിരുന്നു.

(ലേഖകൻ ഐഎസ്ആർഒയുടെ ബെംഗളൂരു ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറാണ്. അഭിപ്രായങ്ങൾ വ്യക്തിപരം). 

Content Highlight: Space project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com