ADVERTISEMENT

ഇതു ബ്രണ്ണൻകാല വീരേതിഹാസ കഥകളുടെ ദിനങ്ങളാണ്. മുഖ്യമന്ത്രിയും പുതിയ കെപിസിസി അധ്യക്ഷനും പഴയ കലാലയകാല വീരസ്യം വിളമ്പുമ്പോൾ ഒരു ബിജെപി സുഹൃത്ത് ചോദിച്ചതു പൊളിറ്റിക്കലി കറക്ട് ആണ്.: ഇതെന്താ ഏറ്റവും വലിയ ഗുണ്ട ആരാണെന്നു നാട്ടുകാരെ അറിയിക്കാനുള്ള മത്സരമാണോ?

കോവിഡ്കാലത്തു രൂപംകൊണ്ട ഒരു അനുഷ്ഠാനകലയാണ് 6 മണിക്കുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. മരിച്ചുപോയവരും പിറക്കാനിരിക്കുന്നവരും ഒഴിച്ചുള്ള എല്ലാ മലയാളികളും അതു കാണുന്നുണ്ടെന്നാണു ചാനൽ റേറ്റിങ് ഏജൻസികൾ പറഞ്ഞിരുന്നത്. എന്നാൽ, ഈയിടെയായി അതിന്റെ റേറ്റിങ് അൽപം ഇടിഞ്ഞോ എന്നൊരു സംശയം മുഖ്യമന്ത്രിക്കു തന്നെ തോന്നിയെന്നു വേണം കരുതാൻ. അതുകൊണ്ടായിരിക്കണം പഴയ ബ്രണ്ണൻകാല വീരസ്യങ്ങൾ അയവിറക്കാൻ മുഖ്യമന്ത്രി വാർത്താസമ്മേളനം തന്നെ വേദിയാക്കിയത്. 

ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പണ്ടു ബ്രണ്ണൻ കോളജിൽവച്ച് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ചവിട്ടിവീഴ്ത്തിയതാണ് എന്ന കഥ മുൻപേ കേൾക്കുന്നതാണ്. സുധാകരൻ അതു ശരിവയ്ക്കില്ലെങ്കിലും, അദ്ദേഹം അതു ചെയ്തിട്ടുണ്ടാവാമെന്ന സംശയം പലർക്കുമുണ്ട്. അതറിഞ്ഞു തന്നെയാണു പിണറായി കോവിഡ്ചിന്തകൾക്കിടയിലും കലാലയ കാലത്തേക്കു തിരിച്ചുപോയത്. തന്നെ ചവിട്ടി എന്നതൊക്കെ സുധാകരന്റെ സ്വപ്നദർശനം മാത്രമാണെന്നാണു സഖാവിന്റെ വെളിപ്പെടുത്തൽ. വാളുകൾക്കിടയിലൂടെ ചങ്കു വിരിച്ചു നടന്ന കഥകളും അയവിറക്കി.

കോവിഡ് വാർത്താസമ്മേളനത്തിൽ 25 മിനിറ്റ് എടുത്താണ് അദ്ദേഹം സുധാകരനെ നേരിട്ടത്. പോരാത്തതിനു താൻ സുധാകരനു നേരെ ഒരു ആക്‌ഷൻ കാണിച്ചെന്നും അതിനു പിന്നാലെ സ്വാഭാവികമായി ചില വാക്കുകൾ വന്നെന്നും സഖാവു പറഞ്ഞതോടെ നാടുമുഴുവൻ ഇപ്പോൾ അതേപ്പറ്റിയുള്ള ഗവേഷണത്തിലാണ്.

സാക്ഷാൽ കുമ്പക്കുടിയെ വിരട്ടാൻ പറ്റിയ ആ ആക്‌ഷൻ എന്തായിരുന്നുവെന്നാണു ചോദ്യം. കൈകൾ കൂട്ടിയടിച്ചപ്പോൾ തന്നെ സുധാകരൻ വിരണ്ടോയെന്നും ചോദ്യമുണ്ട്. പത്രക്കാരാണെങ്കിൽ അപ്പാടെ ഊഹിച്ചുകൊണ്ടിരിക്കുകയാണ്. സുധാകരനെ ആക്‌ഷൻ കാണിച്ചു പേടിപ്പിച്ചതിനു പിന്നാലെ തന്നിൽ നിന്നു ചില വാക്കുകൾ സ്വാഭാവികമായി പുറത്തുവന്നെന്നും അതെന്താണെന്നു നിങ്ങൾ ഊഹിച്ചാൽ മതിയെന്നുമാണു പിണറായി പത്രക്കാരോടു പറഞ്ഞത്. പത്രക്കാർ തന്നെയല്ല, നാട്ടുകാർ മുഴുവനും ഊഹം തുടങ്ങിയിരിക്കുകയാണ്. പിണറായി അന്നു പറഞ്ഞ വാക്കുകൾ ശരിയായി ഊഹിച്ചെടുക്കുന്നവർക്കു സംസ്ഥാന സർക്കാർ വക പുരസ്കാരം നൽകുമെന്നും കേൾക്കുന്നുണ്ട്. 

തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതിയിട്ടുവെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുൻകാലപ്രാബല്യത്തോടെ സുധാകരനെതിരെ കേസെടുക്കുന്ന കാര്യവും ആലോചിക്കണം. പഴശ്ശിയുടെ കളി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ എന്നു പറയും പോലെ കളി തുടങ്ങിയിട്ടേയുള്ളൂ. ക്ലൈമാക്സ് കലക്കും. ഉടുത്ത പ്രാന്തിനു മരുന്ന് ഉടുക്കാത്ത പ്രാന്ത് എന്നതാണു വീരസ്യകഥയ്ക്കു പറ്റിയ പേരെന്നു കാര്യവിവരമുള്ളവർ അടക്കം പറയുന്നതു വെറും വാക്കല്ല. 

മരങ്ങൾക്കു പരാതി ഇല്ലാത്ത സ്ഥിതിക്ക് ...

വയനാട്ടിലും മറ്റു പല ജില്ലകളിലും നടന്നതു വനംകൊള്ളയല്ലെന്ന കാര്യത്തിൽ കാനം രാജേന്ദ്രനു തെല്ലും സംശയമില്ല. അദ്ദേഹത്തിന്റെ ഭാഷാപാണ്ഡിത്യത്തെക്കുറിച്ച് ഇതുവരെ ആരും സംശയം ഉന്നയിച്ചിട്ടില്ല. നടന്നതു കൊള്ളയല്ലെന്നു കാനം സഖാവു പറഞ്ഞാൽ അക്കാര്യത്തിൽ അപ്പീലില്ല. തങ്ങളെ കൊള്ളയടിച്ചെന്നു വയനാട്ടിലോ ഇടുക്കിയിലോ ഉള്ള ഒരു മരം പോലും ആക്ഷേപിച്ചിട്ടില്ല. 

സർക്കാരിന്റെ ഒരു തടി പോലും നഷ്ടമാവില്ലെന്നു റവന്യു മന്ത്രി ഉറപ്പുപറഞ്ഞാൽ അത് അവിശ്വസിക്കേണ്ടതില്ല. സത്യത്തിൽ വനംകൊള്ളക്കാർ (അഥവാ കച്ചവടക്കാർ) സർക്കാരിനു നൽകിയതു വിലയേറിയ സംഭാവനയാണ്. അവർ വെട്ടിയ മരങ്ങളിൽ സ.ത(സർക്കാർ തടസ്സം) അടിക്കേണ്ട പണി മാത്രമേ റവന്യു വകുപ്പിനും വനം വകുപ്പിനും ഉണ്ടായുള്ളൂ. വെട്ടുകൂലി, അട്ടിക്കൂലി, കടത്തുകൂലി എന്നീ ഇനങ്ങളിൽ സർക്കാരിനുണ്ടായ ലാഭം ചില്ലറയല്ല. 

മനുഷ്യനായാലും മരങ്ങളായാലും ഒരു പ്രായം കഴിഞ്ഞാൽ പിന്നെ ജീവനോടെ ഇരുന്നിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല. കാലനില്ലാത്ത കാലത്തെക്കുറിച്ചു കുഞ്ചൻ നമ്പ്യാർ പാടിയതു കേട്ടാൽ ആയുസ്സിന് ഒരു പരിധി നിശ്ചയിക്കണമെന്ന് ആരും സമ്മതിക്കും. ഇക്കാര്യം മനുഷ്യർക്കും മ‍‍ൃഗങ്ങൾക്കും മരങ്ങൾക്കുമെല്ലാം ഒരുപോലെ ബാധകമാണ്. ആയുസ്സിന്റെ പുസ്തകത്തിലെ അവസാനപേജും തീരുമ്പോൾ എല്ലാവരും മരിക്കണം. അതാണു പ്രകൃതിനിയമം. മരം രാജകീയമായാലും അല്ലെങ്കിലും അതിനെല്ലാം പ്രായപരിധി നിശ്ചയിച്ച് അതു കഴിഞ്ഞാൽ മുറിച്ചു സർക്കാരിലേക്കു മുതൽക്കൂട്ടണം.

മരങ്ങൾക്കു മാത്രമല്ല, മൃഗങ്ങൾക്കും പ്രായപരിധി നിശ്ചയിക്കണം. നിശ്ചിതപ്രായം കഴിഞ്ഞാൽ കൊമ്പനാനകളെ കൊന്നു കൊമ്പു സർക്കാർ ഖജനാവിൽ സൂക്ഷിക്കുന്ന കാര്യവും ആലോചിക്കണം. ഇത്തരത്തിൽ സർക്കാരിന്റെ ഒരു പൈസ പോലും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സിപിഐ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണു മരംകൊള്ളയെ കൊള്ളയെന്നു വിളിക്കാൻ പാർട്ടി സെക്രട്ടറി കൂട്ടാക്കാത്തത്. പാവപ്പെട്ട കച്ചവടക്കാരെ മാഫിയ എന്നു വിളിക്കുന്നതിലും കാനം സഖാവിന് അമർഷമുണ്ട്. അത് ഇറ്റാലിയൻ മാഫിയയുടെ വില കുറച്ചുകാണിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. മാഫിയ എന്നു വിളിക്കണമെങ്കിലും അതിനൊരു മിനിമം യോഗ്യതയെല്ലാം വേണം. 

പിന്നെ പാവം കച്ചവടക്കാർ. ഏതു കച്ചവടത്തിലും ലാഭമുണ്ടാകും. തടിക്കച്ചവടത്തിലും ലാഭമില്ലാതെ വരില്ല. അങ്ങനെ ആരെങ്കിലും ലാഭം ആഗ്രഹിച്ചു പോയാൽ അവരെ കുറ്റപ്പെടുത്താനാവില്ല. അതു വ്യവസ്ഥിതിയുടെ കുറ്റമാണ്. വ്യവസ്ഥിതി ലാഭകേന്ദ്രീകൃതമാകുമ്പോൾ ഏതു തടിക്കച്ചവടക്കാരനും ലാഭം മോഹിക്കും. അതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താൻ ആരും തുനിയേണ്ടതില്ല. 

ഗുണ്ടായിസത്തിലും പിന്നോട്ടില്ല

ആരാണു വലിയ ഗുണ്ട എന്നതിനെച്ചൊല്ലി മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മിൽ തർക്കമുണ്ടാകുമെന്നു മുൻകൂട്ടിക്കണ്ടാണു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ താനും ചില്ലറക്കാരനല്ലെന്നു വരുത്താൻ ഒരുമുഴം നീട്ടിയെറിഞ്ഞത്. പിണറായി വിജയനു വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ലെന്നും മക്കളെ കാണാൻ ജയിലിൽ പോകേണ്ടി വരുമെന്നുമെല്ലാം അദ്ദേഹം പറഞ്ഞത് എല്ലാവരും തേങ്ങയുടയ്ക്കുമ്പോൾ തങ്ങൾ ചിരട്ടയെങ്കിലും ഉടയ്ക്കേണ്ടേ എന്നു കരുതിയാണ്. 

ബിജെപിക്കാർക്ക് ഈയിടെയായി ശൗര്യം അൽപം കൂടുതലാണ്. കുഴൽപണം കൊണ്ടുവരാനും അതു കൊള്ളയടിക്കാനുമുള്ള ധൈര്യമെല്ലാം പാർട്ടിക്കു കൈവന്ന കാലമാണ്. ഗുണ്ടായിസത്തിന്റെ കാര്യത്തിലും കേരളത്തിലെ ബിജെപി അത്ര മോശമല്ലെന്നു തെളിയിക്കാനുള്ള ഒരു അവസരവും വിട്ടുകളയരുത് എന്നാണു പാർട്ടിക്കു ഡൽഹിയിൽ നിന്നു കിട്ടിയിരിക്കുന്ന നിർദേശം. അതാണു രാധാകൃഷ്ണൻ തുനിഞ്ഞിറങ്ങാൻ കാരണം. 

കൊടകര കുഴൽപണവുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് അറിയാത്തവർ ഭൂമിമലയാളത്തിൽ ഇല്ല. ആ മൂന്നരക്കോടി വേണ്ടെന്നു വയ്ക്കാൻ പാർട്ടി തീരുമാനിച്ചതു തന്നെ അതിനു തെളിവ്. ആരെങ്കിലും ഇങ്ങനെ പണം വേണ്ടെന്നു വച്ച ചരിത്രമുണ്ടോ? അതാണു ബിജെപിയെ മറ്റു പാർട്ടികളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. 

സ്റ്റോപ് പ്രസ്: ചിരിക്കുന്നവരെല്ലാം സ്നേഹിതരാണെന്നു കരുതരുതെന്നു കെ.സുധാകരനോടു രമേശ് ചെന്നിത്തല.

ചിരിക്കാത്ത കോൺഗ്രസ് നേതാക്കളെ കണ്ടെത്താനിരിക്കുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com