ഊഹങ്ങളും മോഹങ്ങളും; അഭ്യൂഹം ശക്തം

Cartoon
SHARE

ബിജെപിയിൽ ചേർന്ന മലയാളി മുൻ ഐഎഎസുകാരായ അൽഫോൻസ് കണ്ണന്താനം, ഇ.ശ്രീധരൻ, ജേക്കബ് തോമസ് എന്നിവ‍രിൽനിന്നു വ്യത്യസ്തമായി സി.വി.ആനന്ദബോസ് പാർട്ടിക്കുള്ളിൽ എന്തു ചെയ്യുന്നുവെന്നതിൽ വ്യക്തതയില്ല. കേരള കേഡറിലെ ഓഫിസറായിരുന്ന ആനന്ദബോസ് ബിജെപി ഭാരവാഹിയല്ല. പക്ഷേ, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതൃത്വവുമായുള്ള അടുപ്പം സംബന്ധിച്ച ശക്തമായ സൂചനകളാണ് അദ്ദേഹം നൽകാറുള്ളത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ വിശ്വസ്തനായ സെക്രട്ടറിയായിരുന്നു ആനന്ദബോസ്. ബിജെപിയിൽ ഒരു രാഷ്ട്രീയപദവിയിലോ ഗവർണറായോ പോലും അദ്ദേഹത്തെ പരിഗണിച്ചേക്കാം എന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ, സർക്കാരോ ബിജെപി ഉന്നതനേതൃത്വമോ ഒരിക്കലും ആനന്ദബോസിന്റെ രാഷ്ട്രീയപ്രാധാന്യം പ്രസ്താവിച്ചിട്ടില്ല. 

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതു പ്രകാരം താൻ റിപ്പോർട്ട് നൽകിയെന്നായിരുന്നു ആനന്ദബോസ് വെളിപ്പെടുത്തിയത്. ഇതു വിവാദമായതോടെ ആനന്ദബോസ് എന്നല്ല ഒരു മുൻ ഉദ്യോഗസ്ഥനിൽനിന്നും പാർട്ടി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയ ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്, മാധ്യമങ്ങളോട് അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു. സംസ്ഥാനഘടകമോ ദേശീയനേതൃത്വമോ റിപ്പോർട്ട് തയാറാക്കാൻ ആരെയും സമീപിച്ചിട്ടില്ലെന്നു കേരള നേതാക്കളും പറഞ്ഞു. 

എന്നാൽ, കേന്ദ്രത്തിലെ ‘കോംപിറ്റന്റ് അതോറിറ്റി’ ആവശ്യപ്പെട്ടതുപ്രകാരം താൻ റിപ്പോർട്ട് നൽകിയെന്ന വാദത്തിൽ ആനന്ദബോസ് ഉറച്ചുനിന്നു. ‘കോംപിറ്റന്റ് അതോറിറ്റി’ എന്നത് ഉദ്യോഗസ്ഥതല പ്രയോഗമാണ്. ഔദ്യോഗിക നിയമനങ്ങളിൽ പ്രധാനമന്ത്രി എടുക്കുന്ന തീരുമാനങ്ങളെ സൂചിപ്പിക്കുമ്പോഴാണു പഴ്സനേൽ മന്ത്രാലയം കോംപിറ്റന്റ് അതോറിറ്റി എന്നു പറയുക. 

സാധാരണനിലയിൽ മൂന്നുതരം നിയമനങ്ങളാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത്. ഒന്നാമത്തേത്, ഭരണഘടനാപരമോ പാർലമെന്റ് തീരുമാനിക്കുന്നതോ ആയ നിയമനങ്ങൾ; ഗവർണർമാർ, ഉയർന്ന കോടതികളിലെ ജഡ്ജിമാർ, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, തിരഞ്ഞെടുപ്പു കമ്മിഷൻ, ഇന്ത്യയുടെ അംബാസഡർമാർ എന്നിവരുടേത്. ഈ നിയമനങ്ങളിൽ പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചശേഷമാണു രാഷ്ട്രപതി ഒപ്പുവയ്ക്കുന്നത്. രണ്ടാമത്തേതു വിവിധ വകുപ്പുകളിൽ സെക്രട്ടറി–ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥരുടെ നിയമനങ്ങളാണ്. ഇതു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബന്ധപ്പെട്ട വകുപ്പുമന്ത്രിയും ഉൾപ്പെടുന്ന നിയമനകാര്യ കാബിനറ്റ് സമിതി എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ, ഈ സമിതി ഒരിക്കലും ചേരാറില്ല. പ്രധാനമന്ത്രിയുടെ തീരുമാനമടങ്ങിയ ഫയലിൽ അമിത് ഷായും ബന്ധപ്പെട്ട മന്ത്രിയും ഒപ്പുവയ്ക്കുകയാണു പതിവ്. മൂന്നാമത്തെ നിയമനം പ്രധാനമന്ത്രി തനിച്ചെടുക്കുന്നതാണ്. അത്തരം നിയമനങ്ങളിലാണ് ഉദ്യോഗസ്ഥർ ‘കോംപിറ്റന്റ് അതോറിറ്റി’ എന്നു പ്രധാനമന്ത്രിയെ പരാമർശിക്കുക. ഇതു മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്കോ മന്ത്രിക്കോ നൽകാറുള്ള വിശേഷണമല്ല. 

അതിനാൽ, ഔദ്യോഗിക നിർവചനപ്രകാരം പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയുടെ ഓഫിസോ ആവണം ബോസിനോടോ മറ്റേതെങ്കിലും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥരോടോ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു. ജേക്കബ് തോമസ് വ്യക്തതയില്ലാതെയാണു പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇത്തരമൊരു റിപ്പോർട്ട് ശരിവയ്ക്കുകയോ നിഷേധിക്കുകയോ ചെയ്യാത്തതിനാൽ, ആനന്ദബോസ് അവകാശപ്പെടുന്ന റിപ്പോർട്ട് സ്ഥിരീകരിക്കാത്ത ഊഹമായി അവശേഷിക്കുന്നു. 

പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസ് രാഷ്ട്രീയ സ്രോതസ്സുകളെ മാത്രമല്ല ഉദ്യോഗസ്ഥരെയും സ്വകാര്യമേഖലയെയും കൂടി ഏറെ ആശ്രയിക്കാറുണ്ടെന്നതു വസ്തുതയാണ്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ മേധാവിമാരുമായി പ്രധാനമന്ത്രി സ്ഥിരമായ ആശയവിനിമയം നടത്താറുണ്ട്. ജില്ലാ മജിസ്ട്രേട്ടുമാരുമായിപ്പോലും അദ്ദേഹം കൃത്യമായി ബന്ധപ്പെടുന്നു. നരേന്ദ്രമോദി ആദ്യവട്ടം പ്രധാനമന്ത്രിയായപ്പോൾ കേന്ദ്ര സർക്കാരിലെ ഉയർന്നപദവികളിലേക്കു പരിഗണിക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്നും യോഗ്യരായ മുതിർന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയത് അൽഫോൻസ് കണ്ണന്താനവും മറ്റു ചില റിട്ട.ഐഎഎസ് ഉദ്യോഗസ്ഥരും ചേർന്നായിരുന്നു. എന്നാൽ, ഈ പട്ടിക തയാറാക്കിയതായി കണ്ണന്താനം ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. നിഷേധിച്ചിട്ടുമില്ല. പിന്നീട് അൽഫോൻസ് കണ്ണന്താനവും റിട്ട നയതന്ത്ര ഉദ്യോഗസ്ഥനായ ഹർദീപ് പുരിയും രാജ്യസഭാംഗങ്ങളും കേന്ദ്രമന്ത്രിമാരുമായി. ഇരുവരും ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. 

പ്രധാനമന്ത്രിയോട് ഏറ്റവും അടുപ്പമുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനെ പാർട്ടിയിലെ പ്രധാനപദവിയിലേക്കു കെട്ടിയിറക്കിയത് ഉത്തർപ്രദേശിലാണ്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലും പ്രധാനമന്ത്രിയുടെ ഓഫിസിലും സേവനമനുഷ്ഠിച്ചിരുന്ന എ.കെ.ശർമയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായാണു ഈയിടെ നിയമിച്ചത്. 

യുപി സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപി അംഗമാകാനായി ശർമ കഴിഞ്ഞവർഷമാണു സർവീസിൽ നിന്നു രാജിവച്ചത്. യോഗി ആദിത്യനാഥ് സർക്കാരിൽ ശർമയ്ക്കു പ്രധാന പദവി ലഭിക്കുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. പ്രതിസന്ധികളിൽ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേശകരിൽ ഒരാളാണു ശർമയെങ്കിലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശർമയെ ജൂനിയറായ നിയമസഭാംഗം എന്ന നിലയിലാണു പരിഗണിച്ചത്. ശർമയെ ഉപമുഖ്യമന്ത്രിയോ പ്രധാനവകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയോ ആക്കണമെന്ന ഡൽഹിയിൽ നിന്നുള്ള നിർദേശത്തെ യോഗി ആദിത്യനാഥ് തള്ളിക്കളഞ്ഞതായും അഭ്യൂഹമുണ്ടായിരുന്നു. 

യുപി മുഖ്യമന്ത്രി രജപുത് ആയതിനാൽ, കിഴക്കൻ യുപിയിൽനിന്നുള്ള ബ്രാഹ്മണനായ എ.കെ.ശർമയുടെ വരവു സർക്കാരും ബ്രാഹ്മണസമുദായവുമായുള്ള ബന്ധം ശക്തമാക്കാനായിരുന്നു . ഉപമുഖ്യമന്ത്രി ദിനേശ് ശർമ, മുതിർന്ന മന്ത്രിമാരായ ശ്രീകാന്ത് ശർമ, ബ്രജേഷ് പതക് എന്നിവരാണു യോഗിക്കായി ബ്രാഹ്മണസമുദായ ബന്ധം ദൃഢമാക്കി നിലനിർത്താൻ രംഗത്തുള്ളത്. നാലു വർഷത്തിനിടെ വിശ്വസ്തരായ ഐഎഎസ് ഉദ്യോഗസ്ഥ‍രുടെ സംഘത്തെ യോഗി വളർത്തിയെടുത്തിട്ടുമുണ്ട്. 

രണ്ടു മാസം മുൻപു മോദിയുടെ മണ്ഡലമായ വാരാണസിയിലെ കോവിഡ് മാനേജ്മെന്റിന്റെ തലവനായി എ.കെ.ശർമ നിയോഗിക്കപ്പെട്ടു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിൽ തള്ളിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടക്കം രണ്ടാം വ്യാപന പ്രതിസന്ധി മറികടക്കാൻ അധികൃതരെ സഹായിച്ചതു ശർമയുടെ നേതൃത്വമാണെന്നു യോഗിയുടെ എതിർപക്ഷം പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ദയനീയപരാജയം സംഭവിച്ചപ്പോൾ കേന്ദ്ര പ്രതിനിധികളെ പാർട്ടി ലക്നൗവിലേക്ക് അയച്ച് മന്ത്രിമാരിൽനിന്നും ലെജിസ്ലേറ്റീവ് അംഗങ്ങളിൽനിന്നും പ്രതികരണം ശേഖരിച്ചു. ഇതിനു പിന്നാലെ മോദിയെയും അമിത് ഷായെയും കാണാനായി യോഗി ആദിത്യനാഥ് ഡൽഹിയിലേക്കു പറന്നു. 

തുടർന്നാണു ശർമയെ വൈസ് പ്രസിഡന്റായി നിയോഗിച്ചത്. ബിജെപിയുടെ സംഘടനാസംവിധാനത്തിൽ ജനറൽ സെക്രട്ടറിമാർക്കാണു വൈസ് പ്രസിഡന്റുമാരെക്കാൾ അധികാരം. ശർമ പല വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മാത്രം. പക്ഷേ യുപി നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള അദ്ദേഹത്തിന്റെ നിയമനം, പ്രധാനമന്ത്രിയുമായുള്ള അടുപ്പം എന്നീ കാരണങ്ങളാൽ ശർമയുടെ ഓഫിസിൽ പാർട്ടിനേതാക്കളും ഉദ്യോഗസ്ഥരും പ്രവർത്തകരും ഉടൻ കൂട്ടം കൂടാനാണു സാധ്യത. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ ശർമയെ ഇനി മന്ത്രിസഭയിലെടുക്കാൻ സാധ്യതയില്ല. എന്നാൽ, സ്ഥാനാർഥിനിർണയത്തിലും തിരഞ്ഞെടുപ്പു മാനേജ്മെന്റിലും ശർമയുടെ പങ്ക് എന്തായിരിക്കുമെന്ന ജിജ്ഞാസ ഉയർന്നുകഴിഞ്ഞു. കാരണം രാജ്യത്തിന്റെ ‘ കോംപിറ്റന്റ് അതോറിറ്റി’യുമായി അദ്ദേഹത്തിനുള്ളതു നേരിട്ടുള്ള ബന്ധമാണ്! 

Content Highlight: BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA