ADVERTISEMENT

ഒപ്പം പിറന്നതിന്റെ സാഹോദര്യവും അന്നുമുതലുള്ള പാരസ്പര്യവും ഹൃദയത്തിൽ സൂക്ഷിക്കുന്ന കേരളത്തെ അസ്വസ്ഥമാക്കുന്നതാണ് ഇപ്പോൾ ലക്ഷദ്വീപിൽ നടക്കുന്ന നിർഭാഗ്യസംഭവങ്ങൾ. ഏതു ഭരണപരിഷ്കാരവും നാടിനെ കൂടുതൽ ആത്മവിശ്വാസത്തിലേക്കും സുസ്ഥിരതയിലേക്കും സൗകര്യത്തിലേക്കും കൊണ്ടുപോകണമെന്ന അടിസ്ഥാനസത്യം മറന്നാണു ലക്ഷദ്വീപിലെ പല നടപടികളുമെന്നാണ് ആരോപണം. ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം പൂർണമായും മംഗളൂരുവിലേക്കു മാറ്റുന്നതിന്റെ സൂചന നിലനിൽക്കുന്നതിനിടയിലാണ്, നിയമാധികാരം കേരള ഹൈക്കോടതിയിൽനിന്നു കർണാടക ഹൈക്കോടതിയിലേക്കു മാറ്റാൻ ശുപാർശ ചെയ്തെന്ന ആശങ്കയും ഉണ്ടായിരിക്കുന്നത്. 

സൗന്ദര്യത്തിന്റെയും സമാധാനത്തിന്റെയും സാംസ്കാരികത്തനിമയുടെയും വിളനിലമായ ലക്ഷദ്വീപിൽ സമീപകാലത്തായി നടക്കുന്ന കാര്യങ്ങൾ വലിയ പ്രതിഷേധങ്ങൾക്കാണു വഴിവച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ഡിസംബർ അഞ്ചിന് അദ്ദേഹം ചുമതലയേറ്റതുമുതൽ നടപ്പാക്കിയ പല കാര്യങ്ങളും ഇതുവരെയുണ്ടാവാത്തവിധം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നാണു ദ്വീപുവാസികളുടെ പരാതി. ലക്ഷദ്വീപിൽ വികസനപ്രവർത്തനങ്ങൾക്കായി സ്വകാര്യ വ്യക്തികളുടെ ഭൂമി അനുമതിയില്ലാതെ ഏറ്റെടുക്കാനുള്ള ശ്രമവും വൻ പ്രതിഷേധത്തിനു കാരണമായി. 

ലക്ഷദ്വീപിന്റെ നിയമാധികാരം കേരള ഹൈക്കോടതിയിൽനിന്നു കർണാടക ഹൈക്കോടതിയിലേക്കു മാറ്റാനുള്ള ശുപാർശ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനു കൈമാറിയതായ വിവരമാണ് ഏറ്റവുമൊടുവിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിരിക്കുന്നത്. അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണപരിഷ്കാരങ്ങൾക്കെതിരെയുള്ള ഒട്ടേറെ കേസുകൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തിയതോടെയാണു നീക്കം വീണ്ടും സജീവമായതെന്നത് ഇതിനു ഗൗരവം നൽകുന്നുണ്ട്. നിലവിൽ 11 റിട്ട് ഹർജികളടക്കം 23 കേസുകളാണു കേരള ഹൈക്കോടതിയിലുള്ളത്. 

ദ്വീപിലെയും കേരളത്തിലെയും ഭാഷ മലയാളമായതിനാലാണു ദ്വീപിനെ കേരള ഹൈക്കോടതിയുടെ നിയമാധികാരപരിധിയിൽ നിലനിർത്തിയിട്ടുള്ളതെന്നും ഇതു മാറ്റുന്നതു ദോഷം ചെയ്യുമെന്നും നിയമവിദഗ്ധർ പറയുന്നുണ്ട്. കർണാടക ഹൈക്കോടതിയിലേക്കു കേസുകൾ മാറ്റിയാൽ, ദ്വീപുകാർക്കു ഭാഷാപ്രശ്നം മൂലം നീതി നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പറയുന്നു. കേസുകളുടെ നടത്തിപ്പിന്, 400 കിലോമീറ്റർ അകലെയുള്ള കൊച്ചിയിലെത്തുന്നതിനു പകരം 1000 കിലോമീറ്ററെങ്കിലും അകലെ ബെംഗളൂരുവിലെത്തേണ്ടിവരും. എന്നാൽ, ഇത്തരം ഒരു ശുപാർശയും ലക്ഷദ്വീപ് ഭരണകൂടം നൽകിയിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും കലക്ടർ എസ്.അസ്ഗർ അലി പറയുന്നു. 

ലക്ഷദ്വീപിലെ പബ്ലിക് പ്രോസിക്യൂട്ടർമാരെ കോടതിജോലിയിൽനിന്നു മാറ്റി കവരത്തിയിൽ സെക്രട്ടേറിയറ്റിന്റെ ലീഗൽ സെല്ലിൽ നിയമിച്ച ഉത്തരവ് ഈയിടെ ഹൈക്കോടതി സ്റ്റേ ചെയ്തത് ഇപ്പോഴത്തെ സൂചനകളുമായി ചേർത്തുവയ്ക്കുന്നവരുമുണ്ട്. നീതിന്യായ സംവിധാനത്തിൽ ഭരണകൂടം നടത്തുന്ന അനാവശ്യ ഇടപെടലുകളോടുള്ള കോടതി മുന്നറിയിപ്പുതന്നെയാണ് അന്നുണ്ടായ സ്റ്റേ എന്നുവേണം വിചാരിക്കാൻ. 

ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം പൂർണമായും മംഗളൂരുവിലേക്കു മാറ്റുന്നതിന്റെ സൂചന നൽകി, ബേപ്പൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ചില തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരെ ന്യൂ മംഗളൂരു തുറമുഖത്തു നോഡൽ ഓഫിസർമാരായി ലക്ഷദ്വീപ് ഭരണകൂടം ഈയിടെ നിയോഗിക്കുകയുണ്ടായി. ദ്വീപുമായി ദീർഘകാല വ്യാപാരബന്ധമുള്ള കോഴിക്കോട്ടെ ബേപ്പൂരിനെ ഒഴിവാക്കി ചരക്കുനീക്കത്തിനു മംഗളൂരുവിനെ ആശ്രയിക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധം അവഗണിച്ചാണ് ഈ നടപടി. അതേസമയം, ബേപ്പൂർ തുറമുഖത്തെ അസൗകര്യങ്ങളാണു മംഗളൂരുവിനെ ആശ്രയിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് ഒൗദ്യോഗിക ഭാഷ്യം. 

ജനാധിപത്യപരമായി ഒപ്പം പിറന്നതുമുതൽ കേരളത്തോടു ചേർന്നുനിൽക്കുകയും സ്നേഹവും സഹകരണവും പങ്കിടുകയും ചെയ്യുന്ന പ്രദേശമാണു ലക്ഷദ്വീപ്. ഒരു കാരണവശാലും ആ പാരസ്പര്യത്തിനു വിള്ളലേറ്റുകൂടാ. ബേപ്പൂർ തുറമുഖവും കേരള ഹൈക്കോടതിയുമൊക്കെ ലക്ഷദ്വീപിന്റെ സുസ്ഥിര അസ്തിത്വത്തിന്റെ ഭാഗംകൂടിയാണ്. അതുകൊണ്ടുതന്നെ, ആ നാടിന്റെ താൽപര്യത്തിനു വിരുദ്ധമായ നീക്കങ്ങളിൽനിന്നു കേന്ദ്ര സർക്കാരും അഡ്മിനിസ്ട്രേറ്ററും പിൻവാങ്ങുകതന്നെ വേണം. 

Content Highlights: Lakshadweep, Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com