ഈ മരണങ്ങൾ ഓർമിപ്പിക്കുന്നത്

HIGHLIGHTS
  • സ്‌ത്രീധനത്തിന്റെ പേരിലുള്ള ക്രൂരത മാപ്പർഹിക്കാത്ത പാതകം
Vismaya V Nair | Kollam Vismaya Death
വിസ്മയ
SHARE

സ്ത്രീശാക്‌തീകരണത്തിന്റെ യുഗമാണിതെന്നു നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്‌ത്രീ ഇന്നു കൈവരിക്കാത്ത നേട്ടങ്ങളോ എത്തിച്ചേരാത്ത ഉയരങ്ങളോ ഇല്ലെന്നതും വാസ്തവം. പക്ഷേ, വിവാഹവേളയിലെ സ്ത്രീയുടെ മൂല്യം അവൾ കൊണ്ടുചെല്ലുന്ന പണത്തെയും ആഭരണത്തെയുമൊക്കെ അടിസ്‌ഥാനമാക്കി നിശ്‌ചയിക്കുന്ന ഏറെപ്പേർ ഇന്നും നമുക്കിടയിലുണ്ട് എന്നതിൽ ലജ്ജിക്കുക.  നിശ്ചയിക്കുന്ന ആ വില കിട്ടിയില്ലെങ്കിൽ അവളുടെ ജീവിതംതന്നെ അപകടത്തിലാകുന്ന ഇപ്പോഴത്തെ മലിനസാഹചര്യത്തിൽ, നമ്മുടെ പെൺമയുടെ ജീവസുരക്ഷയും അന്തസ്സും എങ്ങനെയാണ് ഉറപ്പാക്കാനാവുന്നത് ? 

നിസ്സഹായതയോടെ നമ്മുടെ പെൺകുട്ടികളുടെ ജീവനൊടുങ്ങുന്ന പല സംഭവങ്ങളിലും ജീവിതപങ്കാളികൾ തന്നെയാണു കാരണക്കാരെന്ന് ആരോപിക്കപ്പെടുമ്പോൾ സ്നേഹത്തിന്റെയും ദാമ്പത്യത്തിന്റെയും മൂല്യച്യുതിയാണു തെളിയുന്നത്. ജീവൻ നഷ്ടപ്പെട്ട രണ്ടു യുവതികളുടെ സങ്കടകഥകൾ കേരളം കേട്ടുകഴിഞ്ഞു. ഇങ്ങനെയെത്രയോ പെൺകുട്ടികൾ സമീപകാലത്തുമാത്രം ദുഃഖസ്മൃതിയായിത്തീർന്നുവെന്നതു നാടിന്റെ ഉറക്കം കളയേണ്ടതുതന്നെ. 

കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ, പീഡന സഹനങ്ങൾക്കൊടുവിൽ വിസ്മയ എന്ന യുവതിക്കുണ്ടായ ദാരുണാന്ത്യം പൊതുസമൂഹത്തെ ഞെട്ടിക്കുകയുണ്ടായി. സ്ത്രീധന പീഡനത്തെത്തുടർന്നുള്ള മരണമാണെന്നാണ് ആരോപണം. ഈ കേസിൽ ഭർത്താവ് എസ്.കിരൺകുമാർ അറസ്റ്റിലായിരിക്കുകയാണ്. തിരുവനന്തപുരം വിഴിഞ്ഞത്ത് അർച്ചന എന്ന യുവതിയെ വാടകവീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതും ഭർത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തതും ഇന്നലെയാണു നാം കേട്ടത്. ഇതിലും സ്ത്രീധന പീഡനം ആരോപിക്കപ്പെടുന്നു. 

വിവാഹത്തിനു തൊട്ടുപിന്നാലെയുള്ള മരണങ്ങളാണ് ഇവയെല്ലാമെന്നതു നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. സ്ത്രീധനം എന്ന സാമൂഹിക ദുരാചാരം ഇപ്പോഴും കേരളത്തിൽ പലയിടത്തും തെളിഞ്ഞും മറഞ്ഞും നിലനിൽക്കുന്നുവെന്നതു നാം ഇതിനകം ആർജിച്ച പരിഷ്കൃത ആശയങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നു. 

സ്‌ത്രീധനം നൽകാത്തതും കുറഞ്ഞുപോയെന്ന പരാതിയുമൊക്കെ പീഡനത്തിനുള്ള കാരണമായി മാറാറുണ്ട്. പൊള്ളലേറ്റും മറ്റുമുള്ള ക്രൂരമരണങ്ങൾക്കു ഭർതൃഗൃഹത്തിൽ പല സ്‌ത്രീകളും ഇരയാകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം, കൊല്ലം അ‍ഞ്ചൽ സ്വദേശി ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്നെന്ന കേസ് നമ്മുടെ ഓർമയിൽനിന്നു മായാറായിട്ടില്ല. 

കർശനനിയമം മാത്രം പോരാ, സമൂഹത്തിന്റെ ബോധവൽക്കരണം കൂടി ഒപ്പമുണ്ടായില്ലെങ്കിൽ വേണ്ടത്ര പ്രയോജനമുണ്ടാവില്ലെന്നതിന് ഉദാഹരണമാണ് 1961ൽ രൂപംനൽകിയ സ്‌ത്രീധന നിരോധന നിയമം. സ്‌ത്രീകൾക്കു കൂടുതൽ സംരക്ഷണം നൽകാൻ 1985ൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ 498(എ) എന്ന വകുപ്പുകൂടി നിലവിൽവന്നു. സ്വന്തം വീട്ടിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പീഡനങ്ങൾ തടയാനുള്ള ഗാർഹിക പീഡന നിരോധനനിയമവും ശക്തമാണ്. പക്ഷേ, ഇത്ര കർശനമായ നിയമങ്ങളുണ്ടായിട്ടും നമ്മുടെ രാജ്യത്തു സ്‌ത്രീധനപീഡനങ്ങൾ ദിവസേന പെരുകിക്കൊണ്ടേയിരിക്കുന്നു.

സ്ത്രീധനത്തെ ദാമ്പത്യത്തിന്റെ ആധാരശിലയാക്കുന്ന സ്ത്രീവിരുദ്ധത പലരിലും നിലനിൽക്കുമ്പോൾ ആത്മാഭിമാനവും മൗലികാവകാശബോധവുമുള്ള നവവനിതയുടെ നേരെയുള്ള അപമാനം തന്നെയാകുന്നു അത്. സ്‌ത്രീയുടെ യഥാർഥധനം അവളുടെ വ്യക്‌തിത്വംതന്നെയാണെന്നും അതിന്റെ മൂല്യം പുരുഷൻ തിരിച്ചറിയേണ്ടതാണെന്നുമുള്ള ബോധവൽക്കരണം ശക്തമാക്കിയേതീരൂ. മകളുടെ വിവാഹജീവിതം അസഹനീയമാകുമ്പോൾ, തങ്ങൾ ഒപ്പമുണ്ടെന്നു രക്ഷിതാക്കൾ അവളെ ബോധ്യപ്പെടുത്തുകയും വേണം. പൊള്ളലേറ്റും കെട്ടിത്തൂങ്ങിയും വിഷം ഉള്ളിൽച്ചെന്നും പാമ്പുകടിയേറ്റും ഇനിയും ഭർതൃഗൃഹങ്ങളിൽ നമ്മുടെ പെൺകുട്ടികൾ നിസ്സഹായതയോടെ ഒടുങ്ങിക്കൂടാ.

English Summary: Dowry: Young woman's suicide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA