ADVERTISEMENT

കുടിക്കുന്നെങ്കിൽ രാജാവിനെപ്പോലെ കുടിക്കണം എന്നൊരു സൂചന നൽകുന്നതാണു ചെറുകടകളിൽപോലും കാണാറുള്ള ബോർഡ്: രാജകീയ പാനീയം ഇവിടെ കിട്ടും. ചോദിക്കാൻ രാജാവിനെ കിട്ടാത്തതുകൊണ്ട് ഒരിക്കൽ അപ്പുക്കുട്ടൻ കടയുടമയോടു ചോദിച്ചു: എന്താണ് ഈ രാജകീയ പാനീയം? മുന്തിരിജ്യൂസ്. എന്നിട്ട്, അദ്ദേഹം അൽപംകൂടി വിശദീകരിച്ചു: വെന്ത മുന്തിരിജ്യൂസാണ്. സൊയമ്പൻ.

അതിപുരാതന കാലത്തോ പുരാതന കാലത്തോ ചക്രവർത്തിമാരും മഹാരാജാക്കന്മാരുമൊക്കെ മുന്തിരിജ്യൂസ് കുടിച്ചിരുന്നോ എന്ന് അപ്പുക്കുട്ടനു തീർച്ചയില്ല. എന്നാൽ, നമ്മുടെ പുരാണങ്ങൾ രൂപപ്പെട്ട കാലത്തു പഴങ്ങളും പൂക്കളുമൊക്കെച്ചേർത്തു വാറ്റിയെടുക്കുന്ന ഒരുതരം വിശിഷ്ട പാനീയം രാജകീയകുടിയിലുണ്ടായിരുന്നുവത്രെ. പേര് മൈരേയ. വിവാഹവേളയിൽ മൈരേയ വിളമ്പിയിരുന്നു. 

സിന്ധുനദീതടത്തിൽ നാം നാഗരികത വച്ചുപിടിപ്പിച്ച കാലത്ത് ലഹരിയുള്ള ഒരു പാനീയം നാട്ടുനടപ്പായിരുന്നു:സുര.‌‌ സുരപാനം എന്നാൽ പൂസാകുന്ന പരിപാടി തന്നെയായിരുന്നു. ധാന്യങ്ങൾ, കരിമ്പ്, പഴങ്ങൾ തുടങ്ങിയവ വിധിപ്രകാരം വാറ്റിയെടുക്കുന്നതായിരുന്നു സുര. പഴങ്ങൾ എന്നു പറയുന്നതിൽ ഒരുപക്ഷേ, മുന്തിരിയുമുണ്ടായിരുന്നിരിക്കാം. 

ക്രിസ്തുവിനു മൂന്നു നൂറ്റാണ്ടു മുൻപ്, മൗര്യ സാമ്രാജ്യം സ്ഥാപിച്ച ചന്ദ്രഗുപ്തമൗര്യന്റെ കാലമായപ്പോഴേക്കും മുന്തിരിയിൽ നിന്നുണ്ടാക്കിയ ഒരു പാനീയം രാജസദസ്സുകളിൽ പ്രിയപ്പെട്ടതായിരുന്നു. പേര് മധു. മധുവിന്റെ ലഹരിയെപ്പറ്റി ചന്ദ്രഗുപ്തന്റെ മന്ത്രിമുഖ്യനായിരുന്ന ചാണക്യൻ എഴുതിയിട്ടുമുണ്ട്. 

രാജകീയ പാരമ്പര്യമൊക്കെയുണ്ടെങ്കിലും താളിയോല ഗ്രന്ഥങ്ങളോ മറ്റോ നോക്കി മൈരേയയോ മധുവോ വീട്ടിലുണ്ടാക്കാമെന്നു വച്ചാൽ എക്സൈസ് പിടിക്കും. പുരാതനകാലത്ത് എക്സൈസ് ഉണ്ടായിരുന്നില്ല എന്നോർക്കണം.

സമീപകാല മരംമുറിയോടെ രാജകീയ മരങ്ങൾ എന്നൊരു വിഭാഗത്തിന് അന്തസ്സുയർന്നു. രാജകീയമാവുമ്പോൾ മരങ്ങൾ എന്നു പറഞ്ഞാൽപ്പോരെന്നും വൃക്ഷങ്ങൾ എന്നുതന്നെ പറയണമെന്നുമാണ് പ്രിയ സുഹൃത്ത് കഷ്ടകാൽജി ഓർമിപ്പിക്കുന്നത്. ചന്ദനം, തേക്ക്, ഈട്ടി, എബണി എന്നിവയാണു രാജകീയ വൃക്ഷങ്ങളായി പുതിയ വിവാദത്തിൽ തലയുയർത്തി നിൽക്കുന്നത്. 

മഹാരാജാക്കന്മാർ ചന്ദനപ്പല്ലക്കിൽ നാട്ടിലിറങ്ങുന്ന ഒരു കാലമുണ്ടായിരുന്നതിനാൽ ചന്ദനത്തിനു രാജകീയപദവി കിട്ടാതെ നിവൃത്തിയില്ല. തേക്കും രാജകീയമാണെങ്കിലും ഏതെങ്കിലുമൊരു ചെറു രാജാവെങ്കിലും തേക്കുപല്ലക്കിൽ സഞ്ചരിച്ചതായി ഒരു സാഹിത്യത്തിലുമില്ല. 1844ൽ ആണ് ബ്രിട്ടിഷുകാർ നമ്മുടെ ഈട്ടിക്കു രാജകീയപദവി കൽപിച്ചു നൽകിയത്. ഒപ്പം ആഞ്ഞിലിക്കും കിട്ടി അതേ പദവി. നിർഭാഗ്യവശാൽ ആഞ്ഞിലിയുടെ പദവി ചരിത്രത്തിന്റെ കാട്ടിലെവിടെയോ വീണുപോയെന്നു തോന്നുന്നു. ഇപ്പോഴത്തെ മരംമുറി വിവാദത്തിൽ രാജകീയ ആഞ്ഞിലി കാണുന്നില്ല. 

ഈ ജനാധിപത്യകാലത്ത് രാജകീയ പദവിയെന്നതു കാബിനറ്റ് റാങ്ക് പോലെയാണ്; ഏതു സമയവും വരാം, പോകാം. 

രാജകീയ പട്ടികയിലുള്ള എബണിയെ മാത്രമാണു നാം ഇംഗ്ലിഷ് പേരു ചൊല്ലി വിളിക്കുന്നത്. സംഗതി നമ്മുടെ കരിന്താളി അഥവാ കരിമരമാണ് (കാട്ടുപനച്ചി എന്നൊരു പേരുകൂടിയുണ്ടെങ്കിലും അതിൽ പനച്ചി ഇടപെട്ടിട്ടില്ലെന്നു സത്യവാങ്മൂലം). ഒരുപാട് ഔഷധമൂല്യമുള്ള ഈ വൃക്ഷത്തിനു പല ആയുർവേദ മരുന്നുകളുടെയും നിർമാണത്തിൽ കാര്യമായ പങ്കുണ്ട്. 

രാജകീയമരങ്ങൾ വെട്ടിമാറ്റുന്നവരെ മരംകൊള്ളക്കാർ, കാട്ടുകള്ളന്മാർ എന്നൊക്കെ വിളിക്കുന്നതു ന്യായമാണോ എന്നൊരു രാജകീയ ചോദ്യം ഉയരുന്നുണ്ട്. 

നാട്ടുവഴക്കങ്ങളുടെ കവിയായ മുൻമന്ത്രി ജി.സുധാകരൻ സഖാവിന്റെ വിടവ് ഇപ്പോഴാണ് കേരളം അറിയുന്നത്. കൊജ്ഞാണൻ പോലൊരു മനോഹരപ്രയോഗം അദ്ദേഹം കണ്ടെത്തിയേനെ.  മരങ്ങോടൻ എന്നു പറഞ്ഞാൽ മതിയോ സഖാവേ? അതോ രാജമരങ്ങോടൻ എന്നു വേണോ?

English Summary: History of alcoholic drinks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com