ADVERTISEMENT

മനോഹരമായ ഉദ്യാനത്തിന്റെയും കൃഷിയിടത്തിന്റെയും നടുവിലായിരുന്നു അയാളുടെ വീട്. നിറയെ പൂക്കളും മീനുകളും ഫലവൃക്ഷങ്ങളുമായി നിൽക്കുന്ന പുരയിടത്തിന് അസാധാരണ ഭംഗിയായിരുന്നു. എങ്കിലും, ഒരേ കാഴ്ച സ്ഥിരമായി കണ്ട് അയാൾക്ക് ആ സ്ഥലത്തോടു മടുപ്പു തോന്നി. അദ്ദേഹം സ്ഥലം കച്ചവടക്കാരനെ സമീപിച്ചു പറഞ്ഞു: എന്റെ സ്ഥലം വിറ്റ് എസ്റ്റേറ്റ് വാങ്ങണം. അടുത്ത ദിവസം പത്രത്തിൽ അതിസുന്ദരമായ വീടും പറമ്പും വിൽക്കാനുണ്ട് എന്ന പരസ്യം കണ്ട് അയാൾ അവിടെ നൽകിയിരുന്ന നമ്പരിൽ വിളിച്ചു. ഫോണെടുത്ത സ്ഥലകച്ചവടക്കാരൻ പറഞ്ഞു: അത് നിങ്ങൾ വിൽക്കാനുണ്ട് എന്നു പറഞ്ഞ വീടിന്റെ പരസ്യമാണ്.

സ്ഥിരവാസം അവജ്ഞ സൃഷ്ടിക്കാതിരിക്കണമെങ്കിൽ ഒന്നുകിൽ വാസസ്ഥലം മാറണം; അല്ലെങ്കിൽ വാസസ്ഥലത്തെ ഇടപെടലുകൾ മാറണം. എന്നും കണ്ടുമുട്ടുന്നവയെ എളുപ്പത്തിൽ മടുക്കുന്നതിന്റെ കാരണം അവയെ ഒരേ ദൃഷ്ടികോണിൽ നിന്നു മാത്രം കാണുന്നതുകൊണ്ടും ഒരേ ശൈലിയിൽ അവയോട് ഇടപഴകുന്നതുകൊണ്ടുമാണ്. അനസ്യൂതമായി തുടരുന്നവയുടെ ആവർത്തനവിരസത മാറ്റാൻ ആസ്വാദകന്റെ മനോഭാവത്തിനു മാത്രമേ കഴിയൂ. പുതുമയ്ക്കുവേണ്ടി എന്നും പുതുസ്ഥലങ്ങൾ തേടാനാകില്ല; വ്യത്യസ്തതയ്ക്കുവേണ്ടി വ്യക്തികളെയോ ബന്ധങ്ങളെയോ വേണ്ടെന്നു വയ്ക്കാനുമാകില്ല. സമീപനത്തിലും ശൈലിയിലും മാറ്റം വരുത്തുക എന്നതാണു പരിഹാരം. ഒരു വശത്തുനിന്നു മാത്രം കണ്ടിരുന്ന വസ്തുക്കൾ നാലുവശത്തുനിന്നും നോക്കുക; ഒരു കാര്യത്തിനുവേണ്ടി മാത്രം ഉപയോഗിച്ചിരുന്നവ പലകാര്യങ്ങൾക്കായി ഉപയോഗിക്കുക, പറിച്ചുനടാവുന്നവയ്ക്കു പുതിയ നിലമൊരുക്കുക, അഭിലഷണീയമായ പുതുനിറങ്ങളും രൂപമാറ്റങ്ങളും അനുവദിക്കുക. 

കയ്യിലുള്ളവയെ കണ്ടറിയാൻ സാധിക്കാത്തവരാണു കണ്ണെത്താദൂരത്തുള്ള സൗഹൃദസങ്കൽപങ്ങൾ തേടി പോകുന്നത്. എന്നും കൂടെയുള്ളവരിൽ നിന്ന് ഒന്നും പഠിക്കാതെ എവിടെയോയുള്ള റോൾ മോഡലുകളെ അന്വേഷിക്കും. സ്വന്തം നാടിന്റെ ഭംഗി ഒരിക്കൽപോലും കണ്ടെത്താത്തവർ വിദൂരദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ആകർഷിക്കപ്പെടും. അകലെയുള്ളവയെ ആരാധിക്കുന്ന അതേ കണ്ണുകളിലൂടെ അടുത്തുള്ളവയെ തിരിച്ചറിയാൻ കഴിഞ്ഞാൽ അനാവശ്യപ്രലോഭനങ്ങൾ പോലും ഒഴിവാകും. ദൂരക്കാഴ്ചകളുടെ സൗന്ദര്യവും അടുത്തുള്ളവയുടെ അഴകും രണ്ടാണ്. അടുത്തറിയാത്തവയോട് ആരാധന തോന്നാൻ എളുപ്പമാണ്. കാരണം അവയുടെ യഥാർഥരൂപം അദൃശ്യമാണ്. കൂടെയുള്ളവയെ ബഹുമാനിക്കണമെങ്കിൽ അവയുടെ കുറവുകളെയും അംഗീകരിക്കണം. എല്ലാം തികഞ്ഞവയെയും ഒരിക്കലും മടുക്കാത്തവയെയും ആർക്കും ഒരിടത്തും കണ്ടെത്താനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com