ADVERTISEMENT

അതിദുർഘടമായ ഈ കോവിഡ്കാലത്തു സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി ഇന്ധനവില തുടർച്ചയായി കുതിക്കുന്നത് അങ്ങേയറ്റത്തെ ആശങ്കയോടെയേ കാണാനാവൂ. പെട്രോൾ വില നൂറു രൂപ കടന്നതോടെ കേരളം ദിനംപ്രതിയെന്നോണം അനുഭവിച്ചുവരുന്ന ഇന്ധനാഘാതത്തിനു കൂടുതൽ പ്രഹരശേഷി ഉണ്ടായിരിക്കുകയാണ്. ഡീസൽവിലയും തൊട്ടുപിന്നിൽത്തന്നെ കുതിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ ജനതയ്ക്ക് ആവുന്നവിധം ആശ്വാസം നൽകേണ്ട കേന്ദ്ര –സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യാതെ, കൈ മലർത്തുകകൂടി ചെയ്യുമ്പോൾ അതു കണ്ടിരിക്കാനുള്ളതല്ല. 

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ‘നിയന്ത്രിക്കപ്പെട്ട’ വിലകൾ പിന്നീടു കുതിച്ചുയരുകയായിരുന്നു. തിരഞ്ഞെടുപ്പുഫലം വന്നശേഷം മേയ് നാലു മുതൽ പെട്രോൾ– ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്. കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണ വിലകൂടി. എണ്ണക്കമ്പനികളാണു വില നിശ്ചയിക്കുന്നതെന്നും കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള വാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പുകാലങ്ങളിലെ ഇരട്ടത്താപ്പ് ഇതിനുമുൻപും രാജ്യം കണ്ടിട്ടുണ്ട്. 

പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ മൂന്നിൽരണ്ടോളം കേന്ദ്ര, സംസ്ഥാന നികുതികളാണ്. ഇന്ധനത്തിൽനിന്ന് ഇപ്പോൾ നികുതിവരുമാനമായി ലഭിക്കുന്ന കോടികളിൽ കുറച്ചെങ്കിലും വേണ്ടെന്നുവയ്ക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും താൽപര്യക്കുറവു ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വില നിയന്ത്രിക്കാനുള്ള അടിസ്ഥാന ഉത്തരവാദിത്തം സൗകര്യപൂർവം വിസ്മരിച്ച്, നികുതി കുറയ്ക്കില്ലെന്ന കടുത്ത നിലപാടാണ് ഇരുകൂട്ടരും സ്വീകരിക്കുന്നതെന്നതു സാധാരണക്കാരന്റെ അവസ്ഥ ദയനീയമാക്കുന്നു. 

കോവിഡ് പ്രതിരോധത്തിനടക്കമുള്ള കാര്യങ്ങൾക്കായാണു നികുതിത്തുക ചെലവിടുന്നതെന്നും അതിനാൽ നികുതികൾ കുറയ്ക്കുന്നതു പ്രായോഗികമല്ലെന്നുമാണു കേന്ദ്രസർക്കാർ നിലപാട്. പെട്രോൾ, ഡീസൽ വിലയിൽനിന്നു സംസ്ഥാന സർക്കാരിനു കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവച്ചു ജനങ്ങളെ സഹായിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തള്ളിയതും കേരളം കണ്ടു. വിലവർധനയുടെ ഉത്തരവാദിത്തം സംസ്ഥാനത്തിനല്ല, കേന്ദ്രത്തിനാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്ധനവില ദിനംപ്രതി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കു കൈമാറിയതുമുതൽ വില പൊതുവേ വർധിക്കുകയായിരുന്നു. ദൈനംദിന വിലനിർണയരീതി കേന്ദ്രസർക്കാർ രാജ്യത്തു നടപ്പാക്കിയതു തന്നെ, വിലയിടിവിന്റെ ആനുകൂല്യം അപ്പപ്പോൾ ജനങ്ങൾക്കു കൈമാറാനാകുമെന്ന വാഗ്ദാനത്തോടെയായിരുന്നു. രാജ്യാന്തരവിപണിയിൽ വില കൂടുമ്പോൾ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലുണ്ടാകുന്ന മാറ്റം, വില കുറയുമ്പോൾ ഉണ്ടാകുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 

രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയിൽ വില ബുധനാഴ്ച ബാരലിന് 76 ഡോളറായിരുന്നു. ക്രൂഡ് വില 144 ഡോളറെന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന 2008ൽ ഇന്ത്യയിൽ പെട്രോളിനുണ്ടായിരുന്നത് ഇപ്പോഴത്തേതിന്റെ പകുതിയിൽതാഴെ വില മാത്രം. ലോക്ഡൗണിനെത്തുടർന്നു ചരിത്രപരമായ വിലയിടിവാണ് അസംസ്കൃത എണ്ണവിലയിലുണ്ടായത്. ഈ സമയത്തുപോലും കാര്യമായ നേട്ടം ജനങ്ങൾക്കു ലഭിച്ചില്ല. ക്രൂഡ്‌വില താഴ്ന്ന ഘട്ടങ്ങളിൽ നികുതി വർധിപ്പിച്ചു വിലതാഴാതെ നോക്കുകയാണു കേന്ദ്രസർക്കാർ ചെയ്തത്. 

ഇന്ധനവിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടും അതിന്മേലുള്ള നടപടികളൊന്നും മുന്നോട്ടുപോ‌യിട്ടില്ല. 2020 ജനുവരി മുതൽ പാചകവാതക സബ്സിഡി രാജ്യത്തെ ജനങ്ങൾക്കു കിട്ടുന്നില്ലെന്നതുകൂടി ഇപ്പോഴത്തെ കടുത്ത സാഹചര്യത്തോടു ചേർത്തോർമിക്കാം. 

കോവിഡ്കാലത്തിന്റെ കഷ്ടസാഹചര്യങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കൊണ്ടു പൊറുതിമുട്ടിയ ജനങ്ങൾക്കാണു തുടർ ഇന്ധനാഘാതംകൂടി അനുഭവിക്കേണ്ടിവരുന്നത്. അവശ്യവസ്തുക്കളിൽ പലതും പുറത്തുനിന്നുള്ളതായതിനാൽ ഇന്ധനവിലക്കയറ്റം കേരളത്തെയാകും ഏറ്റവും കൂടുതൽ ബാധിക്കുക. നൂറു രൂപ കടന്നു കുതിക്കുന്ന പെട്രോളിൽ ആസന്നമായ വലിയ വർധനകളുടെ മുന്നറിയിപ്പുകൂടി വായിച്ചെടുക്കാം. എണ്ണക്കമ്പനികളുടെ താൽപര്യങ്ങൾക്കപ്പുറത്തു വിലനിയന്ത്രിക്കാനും ജനക്ഷേമം കണക്കിലെടുത്തു നികുതിയിൽ ഇളവുനൽകാനുമുള്ള ചുമതല ഇനിയെങ്കിലും കേന്ദ്ര –സംസ്ഥാന സർക്കാരുകൾ നിറവേറ്റേണ്ടതുണ്ട്.

English Summary: Fuel price hike - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com