ADVERTISEMENT

ലോക്‌ഡൗണിനുശേഷം കായികവേദികൾ സജീവമാകുമ്പോൾ താരങ്ങളും സംഘാടകരും കരുതലോടെ നീങ്ങണമെന്നു മലയാള മനോരമ കായികം വെബിനാറിൽ നിർദേശം. രാജ്യാന്തര ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിംപിക് അസോസിയേഷനുമായി ചേർന്നു ‘കായിക കേരളം ലോക്ഡൗണിനു ശേഷം’ എന്ന വിഷയത്തിൽ നടത്തിയ വെബിനാറിലാണ് ഈ നിർദേശമുയർന്നത്. കോവിഡ്മുക്തരായ താരങ്ങൾ വിശദമായ ഹൃദയ, ശ്വാസകോശ പരിശോധനയ്ക്കു ശേഷമേ കളത്തിലിറങ്ങാവൂ. നിലവിലെ മത്സര സംഘാടനരീതിയിലും പരിശീലനപരിപാടികളിലും മാറ്റംവരുത്തണമെന്നും മത്സരവേദികളിൽ കാണികളെ നിയന്ത്രിക്കണമെന്നും വെബിനാറിൽ നി‍ർദേശമുണ്ടായി.

വെബിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.അബ്ദുറഹിമാൻ പ്രസംഗിച്ചു. കെഎൽഎം ആക്സി‌വ ഫിൻവെസ്റ്റ് ലിമിറ്റഡുമായി സഹകരിച്ചു നടത്തിയ വെബിനാറിൽ സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) റീജനൽ ‍ഡയറക്ടർ ഡോ. ജി.കിഷോർ ആയിരുന്നു മോഡറേറ്റർ.

ചർച്ചയിൽ പങ്കെടുത്തവർ:
കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സി കുട്ടൻ, നീന്തൽ പരിശീലകൻ എസ്.പ്രദീപ്കുമാർ, ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്പോർട്സ് മെഡിസിൻ പ്രസിഡന്റ് ഡോ. പി.എസ്.എം.ചന്ദ്രൻ, ഇന്ത്യൻ അത്‍ലറ്റിക്സ് ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർ, മുൻ ദേശീയ ബാഡ്മിന്റൻ പരിശീലകൻ ജോ‍ർജ് തോമസ്, കാലിക്കറ്റ് സർവകലാശാല കായികവിഭാഗം മേധാവി ഡോ. വി.പി.സക്കീർ ഹുസൈൻ, കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, സെക്രട്ടറി എസ്.രാജീവ്.

വെബിനാറിലെ പ്രധാന നിർദേശങ്ങൾ

∙ നിരീക്ഷണ സമിതി വേണം
ലോക്‌ഡൗണിൽ ശരീരഭാരം കൂടിയ താരങ്ങളുണ്ടാകും. പോഷകാഹാരക്കുറവു നേരിടുന്നവരുമുണ്ടാകാം. പരിശീലനം പുനരാരംഭിക്കുമ്പോൾ ഇവരെ നിരീക്ഷിക്കാൻ ഫിസിയോതെറപ്പിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്, മനഃശാസ്ത്ര വിദഗ്ധൻ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കണം. അസോസിയേഷനുകളോ സർക്കാരുതന്നെയോ ഇത്തരം സമിതികളുടെ നിയന്ത്രണമേറ്റെടുക്കണം.

∙ കായിക സാക്ഷരതാ മിഷൻ
സാക്ഷരതയുടെ കാര്യത്തിൽ കേരളത്തിന് അഭിമാനിക്കാമെങ്കിലും കായികസാക്ഷരതയുടെ കാര്യത്തിൽ കേരളം പിന്നിലാണ്. അതിനു മാറ്റമുണ്ടാക്കാൻ കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കായിക സാക്ഷരതാമിഷൻ രൂപീകരിക്കണം. ആരോഗ്യസംരക്ഷണത്തിൽ കായികയിനങ്ങളുടെ പ്രാധാന്യം പുതുതലമുറയ്ക്കു ബോധ്യപ്പെടുത്തിക്കൊടുക്കണം.

∙ മാനസിക സംഘർഷം പരിഹരിക്കണം
കോവിഡ് കാലത്തു കായികതാരങ്ങൾ കടുത്ത മാനസിക സംഘർഷത്തിലാണ്. കാരണം, പലർക്കും പരിശീലനം നടത്താൻ കഴിയുന്നില്ല. പരിശീലനം നടത്തുന്നവർക്കാകട്ടെ, പങ്കെടുക്കാൻ മത്സരങ്ങളുമില്ല. മറ്റു ചിലർക്കാകട്ടെ, തങ്ങളുടെ പ്രായവിഭാഗത്തിലുള്ള മത്സരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. താരങ്ങളുടെ മാനസിക സമ്മർദമകറ്റാൻ സ്പോർട്സ് സൈക്കോളജിസ്റ്റുകളുടെയും കൗൺസലർമാരുടെയും സേവനം ലഭ്യമാക്കണം. ഈ പ്രശ്നത്തിനു പരിഹാരമാർഗങ്ങൾ കണ്ടെത്താൻ സംസ്‌ഥാനത്തു വിദഗ്‌ധസമിതിയെ നിയോഗിക്കണം.

∙ പരുക്കിനു സാധ്യത കൂടുതൽ
ലോക്‌ഡൗണിനുശേഷം പെട്ടെന്നു പരിശീലനം പുനരാരംഭിക്കുമ്പോൾ പരുക്കുപറ്റാനുള്ള സാധ്യത കൂടുതലാണ്. ഓൺലൈൻ പരിശീലനരീതികൾ പിന്തുടരുമ്പോഴും പരുക്കു പ്രശ്നമാകാനിടയുണ്ട്. അത്തരം പരുക്കുകൾ ഒരുപക്ഷേ, കരിയറിനെത്തന്നെ പ്രതിസന്ധിയിലാക്കിയേക്കാം. തുടക്കത്തിൽ ലഘുവായ പരിശീലനമുറകളേ പിന്തുടരാവൂ. സാവധാനത്തിൽ മാത്രമേ കഠിന വ്യായാമത്തിലേക്കും പരിശീലനരീതികളിലേക്കും ട്രാക്ക് മാറ്റാവൂ. മികവു തെളിയിക്കാൻ കുറുക്കുവഴികൾക്കു പിന്നാലെ പോവുകയുമരുത്.

athletics
representative image

∙ കോവിഡ് വന്നവർക്ക് ഇരട്ടി കരുതൽ
കോവിഡ്ബാധിതരായ താരങ്ങൾ കളിക്കളത്തിലേക്കു തിരികെയെത്തും മുൻപു വളരെയേറെ ശ്രദ്ധിക്കണം. വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരായില്ലെങ്കിൽ ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടാതെ വരാം. അതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. കോവിഡ്മുക്തരായ താരങ്ങളെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കുന്നതിനായി സ്പോർട്സ് കാർഡിയോളജിസ്റ്റ്, സ്പോർട്സ് മെഡിസിൻ വിദഗ്ധർ എന്നിവരുടെ സേവനം ഏർപ്പെടുത്തണം.

മറ്റു നിർദേശങ്ങൾ
∙ 5 മുതൽ 10 കുട്ടികൾ വരെയുള്ള ചെറുസംഘങ്ങളായി തിരിച്ചു പരിശീലനം പുനരാരംഭിക്കുന്നതാണ് ഉചിതം.
∙ എല്ലാ കായിക ഇനങ്ങളിലും താരങ്ങൾക്കും പരിശീലകർക്കും ശാസ്‌ത്രീയ പരിശീലനത്തിനു വഴിയൊരുക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി കേരളത്തിലും ആരംഭിക്കണം. ഓൺലൈൻ പരിശീലനത്തിനായി പഴയ പരിശീലകരെ ഉൾപ്പെടുത്തി പാനൽ തയാറാക്കണം.
∙ കായികതാരങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന ഓൺലൈൻ പോർട്ടൽ തുടങ്ങണം.
∙ കായികമേഖലയിലുണ്ടായ സാമ്പത്തികമാന്ദ്യം വിലയിരുത്തണം. കൂടുതൽ നിക്ഷേപ സമാഹരണം നടത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം.
∙ കുട്ടികളിലെ കായികവാസന കണ്ടെത്താനും വളർത്തിയെടുക്കാനും ടാലന്റ് പോർട്ടൽ സംവിധാനം വേണം.

സർക്കാർ – സ്വകാര്യ പരിശീലന സൗകര്യങ്ങൾ ഒന്നിപ്പിക്കും: മുഖ്യമന്ത്രി

സർക്കാർ, സ്വകാര്യമേഖലകളിലെ കായിക പരിശീലന സൗകര്യങ്ങൾ സംയോജിപ്പിച്ചു കൂടുതൽപേർക്കു പരിശീലനസൗകര്യം ഉറപ്പാക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ കായിക സംസ്കാരമാണു സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ ജനവിഭാഗങ്ങൾക്കും കായികവിനോദങ്ങൾക്കു സൗകര്യമൊരുക്കുക എന്നതാണു സർക്കാർ നയം. കായികരംഗത്തു കേരളത്തിനുണ്ടായിരുന്ന മേധാവിത്വം വീണ്ടെടുക്കാനാവണം. ഇതിനായി ഒട്ടേറെ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. പൊതു കളിക്കള വികസനമാണു പ്രധാനം. 14 ജില്ലകളിലും സ്പോർട്സ് കോംപ്ലക്സ് യാഥാർഥ്യമാക്കും. 4050 കോടി രൂപയുടെ പദ്ധതിയാണിത്. ബജറ്റിൽ 120 കോടി രൂപയാണ് കായിക–യുവജനകാര്യ വകുപ്പിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിനു പുറമേ കിഫ്ബി ഫണ്ടിൽ നിന്നുള്ള 762 കോടി രൂപ ചെലവഴിച്ച് 44 സ്റ്റേഡിയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഗ്രാമീണ കളിക്കളങ്ങൾ പുനരുദ്ധരിക്കാനായി 50 കോടി രൂപയുടെ പദ്ധതികളുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഘുവ്യായാമ പാർക്കുകൾ സജ്ജമാക്കാനും പദ്ധതിയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കായികനയം ഉടൻ: മന്ത്രി

Athletics
representative image

കായികരംഗത്തു കേരളത്തിന് ഇനി എങ്ങനെ മുന്നേറാനാകുമെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ 5 വർഷത്തേക്കുള്ള കർമപരിപാടികൾക്കാണു സർക്കാർ രൂപം നൽകുന്നതെന്നു കായികമന്ത്രി വി.അബ്ദുറഹിമാൻ വെബിനാറിൽ പറഞ്ഞു. പുതിയ കായികനയം രൂപീകരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനമാണു പ്രധാനം. ഓരോ പദ്ധതിയും പ്രത്യേകമായി എടുത്തു വിലയിരുത്തി മുന്നോട്ടുപോവുകയാണു സർക്കാർരീതി. കായികഭവന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പങ്കെടുത്ത വിദഗ്ധർ പറയുന്നു

ഡോ. ജി.കിഷോർ: ഓരോ ജില്ലയിലും അവിടെ ഏറ്റവും പ്രചാരമുള്ള രണ്ടോ മൂന്നോ കായിക ഇനങ്ങൾക്കു പ്രാധാന്യം നൽകിയുള്ള പരിശീലനപദ്ധതിക്കു രൂപം കൊടുക്കണം. സായ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക സംഘടനകൾ, സ്പോർട്സ് കൗൺസിൽ എന്നിവയുടെ പരിശീലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം വേണം.

മേഴ്സി കുട്ടൻ: ലോക്ഡൗണിൽ വീട്ടിലൊതുങ്ങിയ കായികതാരങ്ങൾക്കു പരിശീലനം മുടങ്ങിയെന്നു മാത്രമല്ല, പോഷകാഹാരത്തിന്റെ കുറവടക്കമുള്ള പ്രശ്നങ്ങളുമുണ്ടാകാം. ഇതിനു പരിഹാരമുണ്ടാക്കണം.

ഡോ. പി.എസ്.എം.ചന്ദ്രൻ: കോവിഡിനുശേഷം മികച്ച ഫോമിലേക്കു പെട്ടെന്നെത്താൻ താരങ്ങൾ ഉത്തേജകത്തിന്റെ കുറുക്കുവഴി തേടാനിടയുണ്ട്. അതിനെതിരെ ജാഗ്രത പുലർത്തണം.

പി.രാധാകൃഷ്ണൻ നായർ: കോവിഡ് എന്ന് അവസാനിക്കുമെന്ന് ഒരു ധാരണയുമില്ലാത്തതിനാൽ വൈറസ് പിടിപെടാതെ കരുതലോടെ മുന്നേറുകയല്ലാതെ മറ്റു വഴിയില്ല.

എസ്.പ്രദീപ്കുമാർ: കോവിഡിൽ പരിശീലനം ലഭിക്കാത്തതിനാൽ താരങ്ങളുടെ ടെക്നിക്കുകളിൽ പിഴവുവരാൻ സാധ്യതയുണ്ട്. പരിശീലകർ അക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

ജോർജ് തോമസ്: ടൂർണമെന്റുകൾ നടക്കാത്തതിനാൽ പല കുട്ടികൾക്കും അവരുടെ പ്രായപരിധിയിലുള്ള അവസരം നഷ്ടപ്പെടുന്നുണ്ട്. സമയം നഷ്ടപ്പെട്ടിട്ടില്ലെന്നു കുട്ടികളെ ബോധ്യപ്പെടുത്തണം.

ഡോ.വി.പി.സക്കീർ ഹുസൈൻ: കുട്ടികളുടെ കായികശേഷി വളരെ താഴ്ന്നു പോകുന്നു. പ്രതിരോധശേഷിയുള്ള യുവതലമുറയെ വാർത്തെടുക്കാൻ പദ്ധതികൾ അനിവാര്യം.

വി.സുനിൽകുമാർ: കോവിഡ് മൂലം പരിശീലനസാഹചര്യങ്ങൾ പരിമിതമായതു താരങ്ങളുടെ പ്രകടനത്തെ സാരമായി ബാധിക്കും. ഇതു മറികടക്കാൻ സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കണം.

എസ്.രാജീവ്: അടുത്ത ജനുവരിയിൽ കായികവേദികൾ മത്സരങ്ങൾക്കായി തുറക്കുമെന്നാണു പ്രതീക്ഷ. അപ്പോഴേക്കും കായികതാരങ്ങളെ സജ്ജരാക്കുകയാണു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com