ADVERTISEMENT

കേരളീയ ജീവിതത്തിന്റെ അവിഭാജ്യഘടകമായ സ്വകാര്യ ബസ് മേഖല അനുദിനം തളർച്ചയിലേക്കു കൂപ്പുകുത്തുമ്പോൾ അതു കണ്ടുനിൽക്കേണ്ട കാഴ്ചയല്ല. രണ്ടാം കോവിഡ് തരംഗവും ലോക്ഡൗണും വന്നതോടെ ഈ മേഖല വൻതകർച്ചയിലേക്കാണു നീങ്ങിയത്. ഇപ്പോൾ കുറെ ബസുകൾ ഓടിത്തുടങ്ങിയിട്ടുണ്ടെങ്കിലും മുന്നിലുള്ളതു നഷ്ടത്തിന്റെ പാതതന്നെ. തുടർച്ചയായ ഡീസൽ വിലവർധന മുതൽ നികുതിഭാരംവരെ ഈ മേഖലയെ പിടിച്ചുകുലുക്കുകയാണ്. സർവീസുകൾക്കുള്ള ഒറ്റ–ഇരട്ട ക്രമീകരണം സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു. 

സംസ്ഥാനത്ത് ഓടിയിരുന്ന സ്വകാര്യ ബസുകളുടെ എണ്ണത്തിലുണ്ടായ ‌വൻകുറവ് ഈ മേഖല കഴിഞ്ഞ കുറെ വർഷങ്ങളായി നേരിടുന്ന സങ്കീർണപ്രശ്നങ്ങളുടെ ആഴം വിളിച്ചുപറയുന്നു. മുപ്പതിനായിരത്തോളം ബസുകൾ ഉണ്ടായിരുന്ന മേഖലയിൽ ഇന്ന് അവശേഷിക്കുന്നതു മൂന്നിലൊന്നോളം ബസുകൾ മാത്രം. നഷ്ടം പെരുകിയതിനെത്തുടർന്ന് ഇതിൽ കുറെ ബസുകൾകൂടി ഇപ്പോൾ ഓട്ടം നിർത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ കഷ്ടസ്ഥിതി തുടരുകയാണെങ്കിൽ ഓട്ടം നിർത്തുന്ന ബസുകളുടെ എണ്ണം ഇനിയും പെരുകുമെന്നു തീർച്ച. ബസ് ഉടമകളിലെ ചെറുകിടക്കാർക്കു പിടിച്ചുനിൽക്കാനോ സർവീസ് തുടരാനോ കഴിയാത്ത സാഹചര്യമാണു നിലനിൽക്കുന്നത്. പതിനായിരക്കണക്കിനു ബസ് ജീവനക്കാർ മുതൽ ബസ് സ്റ്റാൻഡിലെ വ്യാപാരികൾവരെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഇരകളാണ്. 

കോവിഡ് തുടങ്ങിയതിൽപിന്നെ ഇടയ്ക്കിടെ ഇളവുകൾ ലഭിക്കുമ്പോഴാണു സ്വകാര്യ ബസുകൾ നിരത്തിലിറക്കിയിരുന്നത്. അതുതന്നെ മിക്കപ്പോഴും നഷ്ടത്തിലുമായിരുന്നു. വലിയതുകയ്ക്ക് അറ്റകുറ്റപ്പണികൾ നടത്തി ബസുകൾ നിരത്തിലിറക്കി, ചെറിയൊരു പ്രതീക്ഷ വന്നുതുടങ്ങുമ്പോഴാണു രണ്ടാം വ്യാപനവും ലോക്ഡൗണും വന്നത്. യാത്രക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവന്നതും യാത്രക്കാർ കുറഞ്ഞതുമൊക്കെ തകർച്ചയിലേക്കു വഴിവെട്ടി. വായ്പഭാരവും ഡീസൽ വിലവർധനയും മറ്റു ചെലവുകളിലെ വർധനയും നടുവൊടിക്കുന്നതിനിടെ, പല ബസുകളും ഓടിയത് ഉടമകളും തൊഴിലാളികളും ചെയ്ത ത്യാഗം ഇന്ധനമാക്കിയാണെന്നതുകൂടി ഓർമിക്കാം. പല ബസുകളിലെയും തൊഴിലാളികൾ ശമ്പളം പകുതിവരെ കുറച്ചു വാങ്ങാൻ തയാറായി. എന്നിട്ടുപോലും ഈ മേഖലയ്ക്കു പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. 

ഒറ്റ–ഇരട്ട ക്രമീകരണം ഗ്രാമീണമേഖലയിൽ യാത്രാക്ലേശത്തിനിടയാക്കുന്നുമുണ്ട്. പല റൂട്ടുകളിലും ഒന്നോ രണ്ടോ ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നമ്പർ ഒറ്റ അക്കമാണെങ്കിൽ പകുതി ദിവസം ബസ് ഉണ്ടാകില്ല. ശനിയും ഞായറും ലോക്ഡൗണായതിനാൽ ബസ് ഓടിക്കാനുമാകില്ല. ഇങ്ങനെ ഒരു മാസം 10–11 ദിവസം മാത്രമാണ് ഓടാനാകുന്നതെങ്കിലും നികുതി, ഇൻഷുറൻസ് ചെലവുകളിൽ ഒരു കുറവുമില്ല. ഒരു ബസ് മാത്രമോടുന്ന റൂട്ടുകളിൽ ഒറ്റ–ഇരട്ട നമ്പർ നിയന്ത്രണം ഒഴിവാക്കാൻ ഇന്നലെ തീരുമാനിച്ചതു ചെറിയ തോതിലെങ്കിലും ആശ്വാസകരമാണെങ്കിലും രണ്ടോ മൂന്നോ ബസുകൾ മാത്രമുള്ള ഇടങ്ങളിലെ യാത്രാക്ലേശം തുടരുകതന്നെ ചെയ്യും. 

വായ്പയുടെ ലോക്ഡൗൺ കാലയളവിലെ പലിശ ഒഴിവാക്കുക, ടാക്സ്– ഇൻഷുറൻസ് ഇളവ് അനുവദിക്കുക, ഇന്ധന സബ്സിഡി നൽകുക, ക്ഷേമനിധി ബോർഡിൽ നിന്നു പലിശരഹിത വായ്പ നൽകുക തുടങ്ങിയവയൊക്കെയാണു ബസ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നു ബസുടമ സംയുക്തസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റ–ഇരട്ട ക്രമീകരണം അപ്രായോഗികമാണെന്നു നേരത്തേതന്നെ അറിയിച്ചിരുന്നതാണ്. റോഡിൽ ഇറക്കാതിരിക്കുമ്പോഴുള്ള ഇളവുകൾ തേടി സംസ്ഥാനത്തെ വലിയൊരുപങ്ക് ബസുകളും മോട്ടർവാഹന വകുപ്പിനു ജി ഫോം നൽകിയിരിക്കുകയാണെന്നു പറയുന്നു.

മുൻപൊരിക്കലും ഉണ്ടാവാത്തവിധം നമ്മുടെ സ്വകാര്യ ബസ് മേഖല തകർച്ചയിലേക്കു കൂപ്പുകുത്തുമ്പോൾ ജീവവായു പകരേണ്ട ബാധ്യത സർക്കാരിനുണ്ട്. ഈ മേഖലയെ ആശ്രയിച്ചുജീവിക്കുന്ന പതിനായിരക്കണക്കിനു പേർക്കുവേണ്ടിയും ബസ്‌യാത്ര മാത്രം പ്രാപ്യമായ സാധാരണക്കാർക്കുവേണ്ടിയും അങ്ങനെയൊരു പുനരുജ്ജീവനം യാഥാർഥ്യമാക്കിയേതീരൂ.

English Summary: Private bus sectors seeks government assistance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com