ADVERTISEMENT

കുറച്ചു ദിവസങ്ങൾക്കു മുൻപു സ്വയം ജീവനെടുത്ത വിസ്മയ എന്ന യുവതി കേരളത്തെ നീണ്ട ചർച്ചകളിലേക്കും ദുഃഖത്തിലേക്കും തള്ളിയിട്ടു. അതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഓർമിപ്പിച്ചു സമാനമായ ദാരുണസംഭവങ്ങളും ആ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. പതിവുപോലെ ഹെൽപ്‌ലൈൻ തുടങ്ങിയ പുതിയ സംവിധാനങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ആർഭാടവിവാഹങ്ങളും വധുവിനെ പൊന്നു മൂടിക്കുന്നതും സ്ത്രീധനവുമെല്ലാം ചർച്ചയായി. സ്ത്രീ സ്വന്തംകാലിൽ നിൽക്കുന്നതാണു പ്രശ്നത്തിനു പരിഹാരം എന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചു. പക്ഷേ, കൊല്ലത്തു മറ്റൊരു സംഭവത്തിൽ ജീവനൊടുക്കിയ സ്ത്രീ ദേശസാൽകൃതബാങ്കിൽ ഉയർന്ന ഉദ്യോഗസ്ഥയായിരുന്നു.

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകളനുസരിച്ച് 2018ൽ ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ ഏറ്റവും കൂടുതൽ കുറ്റങ്ങൾ റജിസ്റ്റർ ചെയ്തതു യുപിയിലാണ്– 59445. കേരളത്തിലത് 10461 ആണ്. കേരളത്തിന്റെ ആറിരട്ടിയോളം ആളുകൾ യുപിയിലുണ്ട്. അതായത്, ജനസംഖ്യാനുപാതികമായി സ്ത്രീകൾക്കെതിരായ കുറ്റങ്ങളിൽ കേരളം യുപിയുടെ അത്രതന്നെ മോശമാണ്. ആ വർഷത്തിൽ കേരളത്തിൽ 17 പേർ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. യുപി (2444), ബിഹാർ (1107) തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇതു കുറവാണെന്നത് ആശ്വാസപ്രദമല്ല. വിദ്യാഭ്യാസം, ജനനനിരക്ക്, ശിശുമരണനിരക്ക് തുടങ്ങിയ വികസനസൂചികകളിൽ പടിഞ്ഞാറൻ വികസിത രാജ്യങ്ങളുമായി തുലനം ചെയ്ത് ഊറ്റം കൊള്ളുന്ന കേരളീയർ, സ്ത്രീകൾക്കെതിരായ സ്ത്രീധനക്കുറ്റങ്ങൾ ഇല്ലാത്ത ആ രാജ്യക്കാരുമായല്ലേ താരതമ്യം ചെയ്യപ്പെടേണ്ടത്?

ശാരീരികമായി സ്ത്രീകൾക്കു നേരെയുള്ള ദ്രോഹം മിക്ക പടിഞ്ഞാറൻരാജ്യങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ വിവാഹസംബന്ധമായ കുറ്റങ്ങൾ, അതു സ്ത്രീധനമാകട്ടെ, ഒരുമിച്ചു പാർക്കാനുള്ള തടസ്സങ്ങളാകട്ടെ, അവിടങ്ങളിൽ ഇല്ല എന്നുതന്നെ പറയാം. വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിൽ 'കേരളമാതൃക’ കൈവരിച്ച നേട്ടങ്ങൾ, വിവാഹം, കുടുംബം എന്നിവയിൽ ആവർത്തിക്കാൻ കഴിയുന്നില്ല എന്നതിനു തെളിവാണ് ഒരേദിവസത്തെ ദിനപത്രത്തിൽ മൂന്നിടങ്ങളിലായി മൂന്നു സ്ത്രീകളുടെ ആത്മഹത്യകളെക്കുറിച്ചു നാം അടുത്തിടെ വായിക്കാൻ ഇടയായത്. 

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വിവിധ സമുദായങ്ങളിൽ നടന്ന, നവോത്ഥാന പ്രസ്ഥാനങ്ങൾ എന്നു വിളിച്ചുവരുന്ന നവീകരണപ്രവർത്തനങ്ങളായിരുന്നു കേരളമാതൃകയ്ക്ക് അടിത്തറയിട്ടത്. അവയിൽ പ്രധാനം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ ഉന്നമനമായിരുന്നു. വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ നവോത്ഥാനപ്രസ്ഥാനങ്ങളുടെ സന്ദേശങ്ങൾ സ്വീകരിച്ച മലയാളി, വിവാഹം, കുടുംബം എന്നീ കാര്യങ്ങളിൽ അറച്ചുനിന്നു. ഉദാഹരണത്തിനു സ്വന്തം സമുദായത്തിലെ വിവാഹങ്ങളിൽ ആർഭാടം കുറയ്ക്കണമെന്നു മന്നത്ത് പത്മനാഭൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണെങ്കിലും അതു പ്രാവർത്തികമായിട്ടില്ല. 

വിസ്മയ നേരിട്ട പോലുള്ള പ്രശ്നങ്ങളെക്കുറിച്ചു നാം പലപ്പോഴും ബോധവാന്മാരായിട്ടും അവയെ കണ്ടില്ലെന്നു നടിക്കുന്നു; പറയുന്നത് അന്യന്മാരെക്കുറിച്ചല്ല, രക്ഷിതാക്കളും ഈ കൂട്ടത്തിൽപ്പെടും. ഈ ദുരവസ്ഥ വല്ലപ്പോഴുമെങ്കിലും പൊതുമണ്ഡലത്തിലേക്കു കയറിവരുന്നത് -  വക്രീകരിച്ചിട്ടാണെങ്കിലും - ചില ടിവി സീരിയലുകളിൽ കൂടി മാത്രമാണ്. ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തുടങ്ങി അപൂർവം ചലച്ചിത്രങ്ങൾ കുടുംബത്തിനുള്ളിലെ ആണധികാരത്തെ പ്രമേയമാക്കുമ്പോൾ, അത്തരം സൃഷ്ടികൾക്കെതിരെ പതിവില്ലാത്ത വിധം എതിർപ്പുയരുകയും ചെയ്യുന്നു. വിസ്മയയുടെയും മറ്റു സ്ത്രീകളുടെയും ദുരന്തത്തിന് ഒരുകാരണം അവർക്കു ചുറ്റുമുള്ളവരുടെ മൗനം കൂടിയാണ്. സമൂഹം എത്രമേൽ സമത്വമുള്ളതായാലും, വികസനസൂചികകൾ എത്രമേൽ നന്നായിരുന്നാലും, കുടുംബത്തിന്നകത്തു സമത്വം ഇല്ലാത്തിടത്തോളം കാലം കേരളമാതൃക വികലവും അപൂർണവും ആയിരിക്കും.

സംഘട്ടനങ്ങളല്ല; സംവാദങ്ങൾ വരട്ടെ

കേരളം ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്വർഗമാണെന്നു തോന്നിപ്പോയ അവസരം അടുത്തിടെയുണ്ടായി. കോവിഡും മൺസൂൺ ദുരിതങ്ങളും തൊഴിലില്ലായ്മയും എല്ലാം പഴങ്കഥകൾ. അതുകൊണ്ടായിരിക്കും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും മുതിർന്ന നേതാക്കൾ തമ്മിൽ തർക്കിക്കാൻ കണ്ടെത്തിയ വിഷയം അവരുടെ ആത്മകഥാംശമുള്ള കോളജ് ജീവിത കഥകളായത്. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടത് അവരുടെ തലശ്ശേരി ബ്രണ്ണൻ കോളജ് ദിനങ്ങളെക്കുറിച്ചാണ്. 

ഈ ചർച്ചയിൽ പറഞ്ഞവയെക്കാൾ ഉത്കണ്ഠാജനകമാണു പറയാതെ പോയ ചിലത്. പഠിക്കുന്ന കാലത്തെങ്കിലും രാഷ്ട്രീയമായ എതിർപ്പുകൾ കായികമായിട്ടല്ല നേരിടേണ്ടതെന്ന് ഇരുവരും പറഞ്ഞില്ല. ആരോഗ്യകരമായ സംവാദത്തെ സമർഥിക്കുന്നതിനു പകരം അക്രമപ്രവൃത്തികൾക്കായിരുന്നു ചർച്ചയിൽ മുൻതൂക്കം. അഭിപ്രായവ്യത്യാസങ്ങൾ തീർക്കാനുള്ള മാർഗം അക്രമം തന്നെയാണെന്ന സന്ദേശം ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. മൂപ്പിളമത്തർക്കം തുടങ്ങി സിവിൽ വ്യവഹാരത്തിൽ വരുന്ന കാര്യങ്ങൾ ചേകവന്മാർ അങ്കം വെട്ടി തീരുമാനിക്കുന്ന പാരമ്പര്യം വടക്കൻ കേരളത്തിൽ നിലവിലുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി ഈ സംവാദത്തെ കാണാൻ കഴിയില്ല. കാരണം അക്രമരാഷ്ട്രീയം, വടക്കു മാത്രമല്ല, കേരളത്തിലെ ക്യാംപസുകളെ ആകമാനം ബാധിച്ചിട്ടു കാലം ഒരുപാടായി. 

പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിലെ പ്രമുഖനഗരങ്ങളിൽ ബ്രിട്ടിഷുകാരും നാട്ടുരാജാക്കന്മാരും കോളജുകൾ സ്ഥാപിക്കുമ്പോൾ അവയിൽ പഠിച്ചവർ മിക്കവാറും വരേണ്യരായിരുന്നു. ദേശീയപ്രസ്ഥാനം ഉയർത്തിയ കൊടുങ്കാറ്റ്, ഈ സ്ഥാപനങ്ങളെയും ബാധിച്ചെങ്കിലും അക്രമം കുറവായിരുന്നു. പടിഞ്ഞാറൻ സർവകലാശാലകളെപ്പോലെ പഠിപ്പിനും സംവാദത്തിനുമായിരുന്നു മുൻതൂക്കം. 

1960കളിൽ വിദ്യാർഥികൾ പ്രബല രാഷ്ട്രീയശക്തിയായി. 1969ൽ പാരിസിലെ വിദ്യാർഥികൾ, ശക്തനായ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡിഗോളിനെ താഴെയിറക്കി. വിയറ്റ്നാം യുദ്ധവിരുദ്ധവികാരം പടിഞ്ഞാറൻ നാടുകളിൽ വിദ്യാർഥിപ്രക്ഷോഭങ്ങളെ ആളിക്കത്തിച്ചു. ശക്തമായ രാഷ്ട്രീയപ്രവർത്തനം നടത്തുമ്പോൾതന്നെ വിദ്യാർഥികൾ പരസ്പരം ചൂടുപിടിച്ച ചർച്ചകളും നടത്തിയിരുന്നു; അവർ പരസ്പരം മല്ലടിച്ചിരുന്നില്ല. 

ഇന്നും പടിഞ്ഞാറുള്ള പ്രമുഖ സർവകലാശാലകളിലും ഇന്ത്യയിലെ അപൂർവം ഇടങ്ങളിലും ഈ പാരമ്പര്യം തുടരുന്നു. നിർഭാഗ്യവശാൽ കേരളത്തിൽ 1960കൾ മുതൽ അക്രമത്തിനാണു മുൻകൈ. പിണറായി- സുധാകരൻ തർക്കം എന്തുകൊണ്ടോ ഓർമിപ്പിക്കുന്നതു കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് അക്രമത്തിനു പകരം സജീവമായ സംവാദങ്ങൾ നിലവിൽ വരേണ്ടതിന്റെ ആവശ്യകതയാണ്.

∙ സ്കോർപ്പിയൺ കിക്ക്: കോൺഗ്രസ്, പൊളിറ്റിക്കൽ സ്കൂൾ തുടങ്ങുമെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.

കായികവിദ്യാഭ്യാസവും സിലബസിൽ കാണുമോ?

Content Highlight: Thalsamayam, Dowry death, Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com