ADVERTISEMENT

വിയോജിപ്പിന്റെ സ്വരങ്ങൾ നിശ്ശബ്ദമാക്കാനും മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുമുള്ള നീക്കങ്ങൾ ജനാധിപത്യസംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിനു തുല്യമാണെന്നു കാലം തെളിയിച്ചിട്ടുള്ളതാണ്. ഹോങ്കോങ്ങിൽ കഴിഞ്ഞ 26 വർഷം ജനാധിപത്യത്തിന്റെ നാവായിരുന്ന പ്രമുഖ ദിനപത്രം ‘ആപ്പിൾ ഡെയ്‌ലി’ക്ക് അടച്ചുപൂട്ടേണ്ടിവന്നത് ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. മാധ്യമസ്വാതന്ത്ര്യം ബഹുമുഖ ഭീഷണികൾ നേരിടുന്ന ഇക്കാലത്ത് ഇതിനെതിരെ അതിയായ ജാഗ്രത അത്യാവശ്യമാണെന്ന് ഈ സംഭവം ലോകത്തെ ഓർമിപ്പിക്കുന്നു. 

അർധ സ്വയംഭരണപ്രദേശമായ ഹോങ്കോങ്ങിൽ ചൈനയുടെ നിയന്ത്രണം ശക്തമാക്കുന്ന, വിവാദ ദേശീയ സുരക്ഷാനിയമത്തിന് ഇരയാവേണ്ടിവന്നിരിക്കുകയാണ്  ‘ആപ്പിൾ ഡെയ്‌ലി’. ചൈനീസ് അധീശത്വത്തിന്റെ ചങ്ങലകൾ ഭേദിച്ച്, ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭത്തെ ശക്തമായി പിന്തുണച്ചുവരികയായിരുന്ന ആ പത്രത്തെ അനിവാര്യമായ അടച്ചിടലിലേക്ക് എത്തിക്കുകയാണുണ്ടായത്. ആപ്പിൾ ഡെയ്‌ലിയുടെ ചീഫ് എഡിറ്റർ ഉൾപ്പെടെ 5 പ്രമുഖരെ പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ചൈനയുടെ കളിപ്പാവകളായ ഹോങ്കോങ് അധികൃതർ നിയോഗിച്ച അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥർ പത്ര ഓഫിസിൽ നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റുണ്ടായത്. പുതിയ ദേശീയ സുരക്ഷാനിയമം മാധ്യമങ്ങൾക്കെതിരെ പ്രയോഗിക്കുന്ന ആദ്യത്തെ സംഭവമായിരുന്നു അത്.

ചൈനയ്ക്കും ഹോങ്കോങ്ങിനും എതിരെ പാശ്ചാത്യ ഉപരോധം വരണമെന്ന ദുരുദ്ദേശ്യത്തോടെ, നഗരത്തിൽ നടന്ന പ്രക്ഷോഭത്തിന് അനുകൂലമായി പത്രം മുപ്പതിലേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവെന്നാണു റെയ്ഡിനും അറസ്റ്റിനുമുള്ള ന്യായമായി പൊലീസ് പറയുന്നത്. പത്രത്തിന്റെ സ്ഥാപകൻ ജിമ്മി ലായ് ജനാധിപത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിനു കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായി ജയിൽശിക്ഷ അനുഭവിക്കുകയാണ്. പത്രവുമായി ബന്ധപ്പെട്ട 23 ലക്ഷം യുഎസ് ഡോളർ മൂല്യമുള്ള ആസ്തികളും മരവിപ്പിച്ചതോടെ ‘ആപ്പിൾ ഡെയ്‌ലി’യെ  മുന്നോട്ടു കൊണ്ടുപോകാൻ പണമില്ലാതായി.

അത്യധികം വികാരനിർഭരമായിരുന്നു ആ പത്രത്തിന്റെ അന്ത്യദിനം. വ്യാഴാഴ്ച പുറത്തിറങ്ങിയ അവസാനത്തെ അച്ചടി എഡിഷന്റെ 10 ലക്ഷം കോപ്പികൾ (സാധാരണ 80,000 കോപ്പികളാണ് അച്ചടിക്കാറുള്ളത്) രാവിലെ 8.30 ആയപ്പോൾ വിറ്റുതീർന്നു. പലയിടത്തും പത്രക്കെട്ട് എത്തുന്നതിനു മുൻപു തന്നെ വാങ്ങാനായി ജനങ്ങൾ വരിനിന്നു. ഹോങ്കോങ്ങിൽ  ജനാധിപത്യത്തിനുവേണ്ടി അവിരാമം ശബ്ദമുയർത്തിയ നാവായിരുന്നു ഏകാധിപത്യശക്തികൾ അരിഞ്ഞിട്ടത്. ചൈനയ്ക്കു പിന്നാലെ ഹോങ്കോങ്ങും ബിബിസി ടിവി ചാനലിനു വിലക്കേർപ്പെടുത്തിയതും ഇതോടു ചേർത്തുവയ്ക്കാം.  

ഏതു രാജ്യത്തിന്റെയും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്യ്രം എന്ന മൗലികാവകാശമാണു മാധ്യമങ്ങളുടെ സ്വതന്ത്രവും സത്യസന്ധവുമായ സാമൂഹികദൗത്യത്തിനു രക്ഷാകവചമാകുന്നത്. ജനാധിപത്യത്തിന്റെ അടിസ്‌ഥാന ഘടകമാണു പത്രസ്വാതന്ത്യ്രമെങ്കിലും മാധ്യമസ്‌ഥാപനങ്ങളും മാധ്യമപ്രവർത്തകരും സർക്കാരിന്റെയോ രാഷ്‌ട്രീയപാർട്ടികളുടെയോ ഭീഷണിയുടെ നിഴലിൽ കഴിഞ്ഞുകൂടേണ്ട സ്‌ഥിതി പല രാജ്യങ്ങളിലുമുണ്ട്. ജോലിയുമായി ബന്ധപ്പെട്ട്, വിവിധ രാജ്യങ്ങളിലായി നൂറോളം മാധ്യമപ്രവർത്തകർ കഴിഞ്ഞ രണ്ടുവർഷത്തിനിടെമാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. 

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ മാധ്യമസ്വാതന്ത്ര്യം പലതരത്തിലുള്ള ഭീഷണികൾ നേരിടുകയുമാണ്. ലോക മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയ്ക്ക് 180ൽ 142–ാം സ്ഥാനമാണ് ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരമുള്ളത്.  2019ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര സർക്കാരിനോടൊത്തു നിൽക്കാൻ മാധ്യമങ്ങളുടെമേൽ സമ്മർദം കൂടുതലായി ഉയർന്നിട്ടുണ്ടെന്നും 2020ൽ ജോലിയുമായി ബന്ധപ്പെട്ട് 4 ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നും ആ റിപ്പോ‍ർട്ടിൽ പറയുന്നു.

മാധ്യമപ്രവർത്തനത്തിനു പൂർണസംരക്ഷണവും സ്വാതന്ത്യ്രവും ഉറപ്പാക്കിയേതീരൂവെന്ന് ‘ആപ്പിൾ ഡെയ്‌ലി’ ഇന്ത്യയെയും ഓർമിപ്പിക്കുന്നുണ്ട് . മാധ്യമങ്ങളാണു ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നെന്ന യാഥാർഥ്യം മറന്ന്, മാധ്യമസ്വാതന്ത്ര്യത്തെയും വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെയും ചോദ്യം ചെയ്യുന്ന ഏകാധിപത്യ നടപടികൾ ഇവിടെയും  ഉണ്ടാവാതിരിക്കാൻ ജനാധിപത്യവിശ്വാസികളും പൊതുസമൂഹവും സദാ ജാഗരൂകരായേ തീരൂ.

English Summary: Apple daily and press freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com