തലയ്ക്കുമീതെ, മൂന്നാം പേടി; 55% കുട്ടികളിലും കോവിഡ് വന്നിരിക്കാം: എയിംസ് സർവേ

covid-family
പ്രതീകാത്മക ചിത്രം
SHARE

മൂന്നു കോടിയോട് അടുക്കുന്ന കോവിഡ് കേസുകൾ, നാലു ലക്ഷത്തിലേക്ക് എത്തുന്ന കോവിഡ് മരണങ്ങൾ. രണ്ടു വലിയ വ്യാപനതരംഗങ്ങൾ കഴിയുമ്പോൾ കോവിഡ് തീർത്ത കെടുതികളുടെ കാര്യത്തിൽ യുഎസിനൊപ്പം മുന്നിലാണ് ഇന്ത്യ. ആദ്യ തരംഗത്തിൽനിന്നു വ്യത്യസ്തമായി കോവിഡ് കേസുകളുടെ വിസ്ഫോടനമായിരുന്നു രണ്ടാം തരംഗത്തിൽ. ജനിതകമാറ്റം സംഭവിച്ചുണ്ടായ ഡെൽ‍റ്റ വൈറസ് വകഭേദമാണ് ഇതിനുള്ള പ്രധാനകാരണമായി മാറിയത്. കണക്കുകളിൽ രണ്ടാം തരംഗം താഴുന്നതിന്റെ സൂചന രാജ്യത്തെങ്ങും കാണാം. അപ്പോഴും ആസന്നമായൊരു മൂന്നാം കോവിഡ് തരംഗം ഇന്ത്യയിലുണ്ട്. കരുതലെടുത്തില്ലെങ്കിൽ അടുത്ത 6–8 ആഴ്ചയ്ക്കുള്ളിൽ ഈ മൂന്നാം തരംഗം രാജ്യത്തുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.

പല കാരണങ്ങൾ ചേർന്നു രൂപപ്പെടുന്നൊരു മൂന്നാം തരംഗത്തെയാകും ഇന്ത്യയ്ക്കു നേരിടേണ്ടി വരിക. ആദ്യ രണ്ടു തരംഗങ്ങളിലേതു പോലെ പ്രധാനകാരണം കോവിഡ് മുൻകരുതൽ നടപടികളിലെ (മാസ്ക്, സാമൂഹിക അകലം, ശുചിത്വം) വീഴ്ചയാകും. രണ്ടാമത്തേത് അനിയന്ത്രിതമായി ആൾക്കൂട്ടങ്ങൾ രൂപപ്പെടുന്നതിലെ പ്രശ്നം. ഇതിനെല്ലാം പുറമേയാണു ‘ഡെൽറ്റ പ്ലസ്’ എന്ന പുതിയ വൈറസ് വകഭേദവും ഇനിയും സംഭവിക്കാവുന്ന ജനിതക മാറ്റങ്ങളും നൽകുന്ന ആശങ്കകൾ. രണ്ടാം തരംഗത്തിനു പ്രധാന കാരണമായ ഡെൽറ്റ വകഭേദം തീർത്തും ആശങ്ക നൽകുന്നതാണ്. അതിലുമേറെ വെല്ലുവിളികൾ സൃഷ്ടിക്കാം പുതിയ വകഭേദങ്ങൾ.

വില്ലൻ ഡെൽറ്റ പ്ലസ് 

കൊറോണ പോലുള്ള ആർഎൻഎ വൈറസുകളിൽ ജനിതക മാറ്റം സാധാരണമാണ്. കൂടുതൽ വ്യാപിക്കാനും രോഗാവസ്ഥ ഗുരുതരമാക്കാനും വാക്സീൻ പ്രതിരോധത്തെ മറികടക്കാനും ശേഷിയുള്ള ജനിതക മാറ്റങ്ങൾ ഇവയിൽ സംഭവിക്കാം. അതിവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം രണ്ടാം തരംഗത്തിനിടെ മാരക കെടുതികൾ സൃഷ്ടിച്ചു. ഈ ഡെൽറ്റ വകഭേദത്തിൽ വീണ്ടും ജനിതകമാറ്റം സംഭവിച്ചതാണ് അടുത്തിടെ യുകെയിൽ കണ്ടെത്തിയ ഡെൽറ്റ പ്ലസ്. കൂടുതൽ രോഗകാരിയാകാം, വാക്സീനുകൾ നൽകുന്ന പ്രതിരോധത്തെ മറികടന്നേക്കാം തുടങ്ങിയവയാണു ഡെൽറ്റ പ്ലസ് ഉയർത്തുന്ന വെല്ലുവിളി. ഏതു വൈറസ് വകഭേദത്തിനെതിരെയും ഇപ്പോൾ നിലവിലുള്ള പ്രതിരോധം ജാഗ്രതയാണ്. കോവിഡിനെതിരായ മുൻകരുതലും സാമൂഹിക അകലവും മാസ്ക്കും സാനിറ്റൈസർ ഉപയോഗവും എത്ര ശക്തമാകുന്നുവോ അത്രത്തോളം മൂന്നാം തരംഗത്തെ ചെറുക്കാനാകും.

സമൂഹപ്രതിരോധം

കോവിഡ് വന്നുപോയതു മൂലമോ വാക്സീനെടുത്തതു മൂലമോ സമൂഹത്തിൽ കൂടുതൽപ്പേരിൽ കൊറോണയ്ക്കെതിരായ ആന്റിബോഡി സാന്നിധ്യം ഉണ്ടാവണം. അപ്പോഴാണു സമൂഹത്തിന് പൊതുവിൽ കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കാൻ (ഹേഡ് ഇമ്യൂണിറ്റി) കഴിയുന്നതും ഇനിയൊരു തരംഗത്തെ ചെറുക്കാനാകുന്നതും. 

sundeep
ഡോ. സുൻദീപ് മിശ്ര

പ്രതീക്ഷയായി സർവേ 

മാർച്ച് മുതൽ കഴിഞ്ഞ ജൂൺ 10 വരെയുള്ള കാലയളവിൽ ഡൽഹി എയിംസും ലോകാരോഗ്യ സംഘടനയും നടത്തിയ സെറോ സർവേ പ്രതീക്ഷ നൽകുന്നതാണ്. ഡൽഹി, യുപി, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 4509 ആളുകളിലെ രക്തസാംപിളുകളിലായിരുന്നു കോവിഡ് വന്നുപോയോ എന്നറിയാനായി ആന്റിബോഡി സാന്നിധ്യം പരിശോധിച്ചത്. 63% പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയെന്നതായിരുന്നു ഈ പഠനം നൽകിയ ശുഭസൂചന.

കുട്ടികൾ എന്ന ആശങ്ക

മേൽപറഞ്ഞ പഠനത്തിലെ ഗൗരവകരമായ മറ്റൊരു കണ്ടെത്തൽ കുട്ടികളിലെ കോവിഡ് ബാധയെക്കുറിച്ചാണ്. സ്കൂളും കളിസ്ഥലങ്ങളും മറ്റും അടച്ചിട്ടിരുന്നതു മൂലം കുട്ടികളിൽ കാര്യമായി കോവിഡ് ബാധയുണ്ടാകുന്നില്ലെന്നാണു പൊതുധാരണ. എന്നാൽ, സർവേ ചൂണ്ടിക്കാട്ടുന്നത് 2–17 വയസ്സുവരെ പ്രായമുള്ളവരിലെ 55% പേരിലും കോവിഡ് വന്നുപോയിരിക്കാമെന്നാണ്. മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കു ബലം നൽകുന്നതും കുട്ടികളിലെ വൈറസ് ബാധയെക്കുറിച്ചുള്ള ഈ കണക്കുകളാണ്. ഇവരിലെ പ്രതിരോധശേഷിയുടെ മെച്ചം കൊണ്ട് വൈറസ് ബാധയുടെ കാഠിന്യം അറിയുന്നില്ലെങ്കിലും ഇവർ വൈറസ് വാഹകരാകാം. വാക്സീനെടുക്കാത്ത അമ്മമാരെയും വീട്ടിലെ മുതിർന്നവരെയും കോവിഡ് ബാധിക്കുന്നതിലേക്കും ഇതു നയിക്കാം.

palakkad-covid-first

പ്രതിരോധം എങ്ങനെ ?

വൈറസിന്റെ ജനിതകമാറ്റം പോലുള്ള കാര്യങ്ങളിൽ നിരീക്ഷണ സംവിധാനം സുസജ്ജമാക്കണം. വകഭേദങ്ങളെ യഥാസമയം തിരിച്ചറിയാൻ ജനിതക ശ്രേണീകരണം ഫലപ്രദമാക്കണം. എന്നാൽ, പ്രതിരോധത്തിൽ മനുഷ്യസാധ്യമായ ചില ഇടപെടലുകളുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക, ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനുള്ള അൺലോക്കിങ് ഘട്ടംഘട്ടമായി മാത്രമേ നടത്താവൂ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ആവശ്യാനുസരണം മിനി ലോക്ഡൗണുകൾ തുടരണം. കോവിഡ് സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ കൂടുന്ന സ്ഥലങ്ങളിൽ കർശന പരിശോധന, സമ്പർക്കരോഗികളെ കണ്ടെത്തൽ, ഐസലേഷൻ നടപടികൾ തുടങ്ങിയവ തുടരണം. മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കെ, സ്കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിലും പടിപടിയായുള്ള സമീപനമാണു വേണ്ടത്.

കുത്തിവയ്പ് പ്രധാനം

ദ്രുതഗതിയിലുള്ള പ്രതിരോധ കുത്തിവയ്പും പരമപ്രധാനമാണ്. ആകെ 29 കോടിയോളം പേർക്കു വാക്സീൻ നൽകിയെങ്കിലും പൂർണ ഡോസ് വാക്സീൻ നൽകിയത് 5 കോടിയിൽപ്പരം ആളുകൾക്കു മാത്രമാണ്. വാക്സീനെടുത്തവരിലും കോവിഡ് വന്നുപോയവരിലും പുതിയ വകഭേദങ്ങൾ വീണ്ടും കോവിഡിനു കാരണമാകുന്ന കേസുകളുമുണ്ട്. 

എന്നാൽ, വാക്സീനെടുത്ത ശേഷം വൈറസ് ബാധയ്ക്കുള്ള സാധ്യത നേരിയതു മാത്രമാണെന്നു വ്യക്തമാണ്. മരണം ഒഴിവാക്കാമെന്നതും നേട്ടമാണ്. അതുകൊണ്ടു തന്നെ മൂന്നാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുന്നതിൽ വാക്സീൻ കുത്തിവയ്പിന് അതിനിർണായക പങ്കുണ്ടാകും. പൊതുപരീക്ഷകൾക്കും മറ്റും ഹാജരാകേണ്ട കുട്ടികൾക്ക് ഉൾപ്പെടെ മുൻഗണന നിശ്ചയിച്ചു വാക്സീൻ നൽകേണ്ടതുണ്ട്. സ്കൂളുകളിലേക്കു കുട്ടികളെ മടക്കിക്കൊണ്ടു വരുന്നതിനും വാക്സീൻ സുരക്ഷിതത്വം ഉറപ്പാക്കി 12–18 പ്രായക്കാരിൽ കുത്തിവയ്പു നടത്തണം.

(ആരോഗ്യ വിദഗ്ധനും ഡൽഹി എയിംസ് അധ്യാപകനുമാണു ലേഖകൻ)

English Summary: Covid third wave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA