ഒന്നിൽ പഠിച്ചില്ല; രണ്ടിൽ പാളി, ഇനി മൂന്നിലോ?: ആരോഗ്യത്തിൽ കേരളം ദേശീയ മാതൃക

Bodies near Ganga River (Photo by SANJAY KANOJIA / AFP)
ഗംഗാ തീരത്ത് സംസ്കരിച്ച മൃതദേഹങ്ങൾ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഉയർന്നുവന്നിരുന്നു. ഇവ ശ്മശാനത്തിലേക്കു മാറ്റുന്നതിനു മുന്നോടിയായി കിടത്തിയിരിക്കുന്നു. അലഹാബാദിൽനിന്നുള്ള ചിത്രം. (Photo by SANJAY KANOJIA / AFP)
SHARE

രാജ്യത്തെ കോവിഡ് എങ്ങനെ ബാധിച്ചു എന്നതിൽ ഇപ്പോഴും അവ്യക്തത. ജനങ്ങൾക്കുണ്ടായ ദുരിതം കണക്കാക്കാവുന്നതിലും അധികം. പ്രാണവായുവും വൈദ്യസഹായവും കിട്ടാതെ ഉറ്റവർ നഷ്ടപ്പെട്ട കുടുംബങ്ങൾ അനുഭവിച്ച യാതനകൾ വിവരണാതീതവും. 

രണ്ടാം വ്യാപനത്തിനുശേഷവും രാജ്യത്തെ ജനങ്ങളെ കോവിഡ് എത്രത്തോളം, എങ്ങനെയെല്ലാം ബാധിച്ചു എന്നതു സംബന്ധിച്ച അവ്യക്തത തുടരുന്നു. രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3 കോടിയാകുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ. മരണം 3.9 ലക്ഷത്തോളം. എന്നാൽ ആരോഗ്യരംഗത്തെ പല പ്രമുഖരും ഈ കണക്കുകളുടെ യാഥാർഥ്യം ചോദ്യം ചെയ്യുന്നുണ്ട്.

കോവിഡ് രാജ്യത്തെ പൗരന്മാരുടെ ജീവിതത്തിലുണ്ടാക്കിയ ദുരിതങ്ങളുടെ യഥാർഥവ്യാപ്തിയും ‌പ്രത്യാഘാതങ്ങളും ഈ കണക്കുകൾക്കെല്ലാമപ്പുറമാണ്. പ്രാണവായുവും വൈദ്യസഹായവും കിട്ടാതെ ഉറ്റവർ നഷ്ടപ്പെട്ട കുടുംബങ്ങൾ അനുഭവിച്ച യാതനകൾ വിവരണാതീതമാണ്. തൊഴിൽ നഷ്ടമായവർ നേരിട്ട പ്രതിസന്ധികൾ വേറെയും. മഹാമാരിയുടെ ആഘാതത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറവരെ ഇളകി. ദീർഘകാലമായി മെഡിക്കൽ ഓക്സിജൻ കയറ്റുമതി ചെയ്യുന്ന നമ്മുടെ രാജ്യത്താണ് ഓക്സിജൻ കിട്ടാതെ ഒട്ടേറെ വിലപ്പെട്ട ജീവനുകൾ നഷ്ടമായത്. വൈരുധ്യമെന്നു പറയട്ടെ, കോവിഡ് മഹാമാരി ജനജീവിതം സ്തംഭിപ്പിച്ച കാലത്തു രാജ്യത്തെ ഓക്സിജൻ കയറ്റുമതി തലേവർഷത്തെക്കാൾ ഇരട്ടിയിലേറെയാണു വർധിച്ചത്.( 10,000 മെട്രിക് ടൺ ആയി ഉയർന്നു). ഈ കണക്കു തരുന്ന തിരിച്ചറിവു വ്യക്തം; പൊതുജനാരോഗ്യ രംഗത്തു നാം അകപ്പെട്ട ഭയാനകമായ പ്രതിസന്ധി മുൻകൂട്ടി കാണുന്നതിൽ രാജ്യത്തെ നയവിദഗ്ധർ പരാജയപ്പെട്ടു.

കേടുപാടുകൾ മാറാതെ ആരോഗ്യരംഗം

കേരളം ആരോഗ്യമേഖലയിൽ മികച്ച പുരോഗതി നേടിയെങ്കിലും രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം മൊത്തത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്കു നടുവിലാണ്. ആശുപത്രിക്കിടക്കകളുടെ കടുത്ത ക്ഷാമവും വെന്റിലേറ്റർ സൗകര്യങ്ങളില്ലായ്മയും രാജ്യത്തു പുതിയ പ്രശ്നമല്ല. ഓരോ മഴക്കാലത്തും ഡെങ്കി, ചിക്കുൻഗുനിയ പോലെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ ചികിത്സ കിട്ടാതെ സാധാരണക്കാർ രാജ്യമെങ്ങും നരകിക്കുന്നു. ഓരോ വർഷവും ഈ ദുരവസ്ഥ ജനങ്ങളെ വേട്ടയാടുന്നു.

ആശുപത്രിക്കിടക്കകളുടെ ഇല്ലായ്മകൾ അടക്കമുള്ള ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന മുറവിളി കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ചെവിക്കൊള്ളാറില്ല. ഇത്തരം ഇല്ലായ്മകളുടെ നടുവിലേക്കാണു കോവിഡ് മഹാമാരി വന്നത്. ആദ്യ വ്യാപനഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിലെ അസൗകര്യങ്ങളും ചികിത്സാപ്രശ്നങ്ങളും ബോധ്യമായതാണ്. കഴിഞ്ഞവർഷം കോവിഡ്ബാധിതരുടെ എണ്ണം പെരുകിയപ്പോൾ കേന്ദ്രവും സംസ്ഥാനങ്ങളും പലയിടത്തും താൽക്കാലിക ആശുപത്രികൾ കെട്ടിപ്പൊക്കി. കോവിഡ് ബാധിതരുടെ കിടത്തിച്ചികിത്സയ്ക്കു ഹോട്ടൽമുറികൾ ഉപയോഗിച്ചു. കോവിഡ് കേസുകൾ കുറഞ്ഞതോടെ ഇതെല്ലാം നിർത്തി. ആരോഗ്യമേഖലയിൽ വികസിതമായ രാജ്യങ്ങൾ പോലും വിഷമിച്ചുപോയ പ്രതിസന്ധിയാണു കോവിഡ് ഉണ്ടാക്കിയത്. എന്നിട്ടും രണ്ടാം വ്യാപനം വന്നാലെന്തു ചെയ്യുമെന്നതിനെപ്പറ്റി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുൻകരുതലെടുത്തില്ല.

biswajith
ഡോ. ബിശ്വജിത് ധർ

ആരോഗ്യത്തിന് നാമമാത്ര വിഹിതം

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 2003ൽ 10,000 പേർക്ക് 9 ആശുപത്രിക്കിടക്കകൾ ഉണ്ടായിരുന്നെങ്കിൽ 2017ൽ അത് 5 ആയി കുറഞ്ഞു. ഇതേ കാലയളവിൽ, ഇന്ത്യയുടെ അതേ സാമ്പത്തികവിഭാഗത്തിൽ വരുന്ന ബ്രസീലിൽ 10,000 പേർക്ക് 26 കിടക്കകളും ദക്ഷിണാഫ്രിക്കയിൽ 35 കിടക്കകളുമാണുള്ളത്. ഈ കണക്കു വച്ചാണെങ്കിൽ, വളർച്ചയിൽ മുന്നിലുള്ള വികസ്വര രാജ്യങ്ങളിൽ ഇന്ത്യയെക്കാൾ ശരാശരി ഏഴിരട്ടിയാണ് ആശുപത്രിക്കിടക്കകളുടെ ലഭ്യത.

പൊതുജനാരോഗ്യത്തിനു ചെലവഴിക്കുന്ന ബജറ്റ് വിഹിതത്തിന്റെ കുറവാണ് ഇന്ത്യയിലെ ആരോഗ്യമേഖലയുടെ തകർച്ചയ്ക്കുള്ള പ്രധാനകാരണം. ലോകാരോഗ്യ സംഘടന പറയുന്നത് 2018ൽ ഇന്ത്യ ആരോഗ്യമേഖലയ്ക്കു നീക്കിവച്ചത് ജിഡിപിയുടെ 0.96 % മാത്രമാണെന്നാണ്.  ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയുടെ നാലിരട്ടി വിഹിതമാണു സർക്കാരുകൾ നീക്കിവച്ചത്. ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളെല്ലാം കോവിഡ് പടർന്നതോടെ അവരുടെ ആരോഗ്യരംഗം പരമാവധി ബലപ്പെടുത്തിയപ്പോൾ ഇന്ത്യയാകട്ടെ 2020–21 ബജറ്റിൽ ആരോഗ്യമേഖലയുടെ വിഹിതം വെട്ടിക്കുറയ്ക്കുകയാണു ചെയ്തത്.

Covid Delhi
ഡൽഹിയിൽ വാക്സീൻ സ്വീകരിക്കുന്ന യുവതി. (Photo by Prakash SINGH / AFP)

അവഗണിക്കപ്പെട്ട ഗവ. ആശുപത്രികൾ

പാവങ്ങൾ ഒട്ടേറെയുള്ള രാജ്യത്ത് ആരോഗ്യപരിരക്ഷ സർക്കാർ ചെലവിൽ ലഭ്യമാക്കുകയാണു വേണ്ടതെന്ന കാര്യത്തിൽ സംശയമില്ല. ദുർബലവിഭാഗങ്ങളടക്കം എല്ലാ പൗരന്മാർക്കും  ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിയണം. പകരം, കഴിഞ്ഞ മൂന്നു ദശകത്തിനിടെ ആരോഗ്യമേഖലയിൽ സ്വകാര്യമേഖലയുടെ കുതിച്ചുകയറ്റമാണുണ്ടായത്. നാഷനൽ സാംപിൾ സർവേ ഓഫിസ് കണക്കു പ്രകാരം, 1986–87 കാലത്തു നഗരമേഖലകളിലെ 60 ശതമാനം കിടത്തിച്ചികിത്സകളും സർക്കാർ ആശുപത്രികളിലായിരുന്നു. ഗ്രാമീണമേഖലയിലാകട്ടെ ഇത് 55 ശതമാനത്തോളം വരും. 2017–18 ആകുമ്പോഴേക്കും സർക്കാർ ആശുപത്രികളുടെ ലഭ്യത നഗരങ്ങളിൽ 35 ശതമാനവും ഗ്രാമങ്ങളിൽ 46 ശതമാനവും ആയി ഇടിഞ്ഞു. ഏറ്റവും ഖേദകരമായ കാര്യം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ തകർച്ചയാണ്. ഗ്രാമീണമേഖലയിൽ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നിർണായകമാണ്. നാഷനൽ ഹെൽത്ത് പ്രൊഫൈൽ കണക്കുപ്രകാരം 2009നും 2019നുമിടയിൽ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഉപകേന്ദ്രങ്ങൾ എന്നിവയിൽ കേവലം 0.2 ശതമാനം വളർച്ച മാത്രമാണുണ്ടായത്. വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും  പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. ബംഗാളിൽ എണ്ണം കൂടിയില്ല.

ആരോഗ്യമേഖലയിലെ സ്വകാര്യവൽക്കരണം രാജ്യത്തെ ഭൂരിപക്ഷം ജനവിഭാഗങ്ങൾക്കും അടിസ്ഥാന ചികിത്സാസൗകര്യങ്ങൾ  ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണു കൊണ്ടുപോയത്. പൊതുജന ക്ഷേമത്തിനു പകരം പരമാവധി ലാഭം നേടുക എന്ന നിലയിലേക്കു സ്വകാര്യമേഖലയിലെ ചികിത്സ മാറി.

സർക്കാർ ആശുപത്രിസേവനങ്ങൾ കുറഞ്ഞതോടെ സ്വകാര്യമേഖലയിൽ ചികിത്സച്ചെലവുകൾ കുത്തനെ ഉയരുകയും ചെയ്തു. പകർച്ചവ്യാധികൾ പോലെയുള്ള ദുരിതങ്ങൾ പടരുമ്പോൾ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാൻ കഴിയാത്ത ഒരു സാഹചര്യം ഇങ്ങനെ രൂപം കൊണ്ടു.

covid
കോവിഡ‍് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ കടപ്രയിൽ‌ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ ആന്റിജൻ പരിശോധന നടത്തുന്നു.

കേരളം എന്ന ദേശീയ മാതൃക

ആരോഗ്യമേഖലയിലെ കേരളമാതൃകയെ ദേശീയതലത്തിൽ പിന്തുടരുകയാണ് ഇപ്പോഴത്തെ സ്ഥിതിയിൽ രാജ്യം ചെയ്യേണ്ടത്. കേരളത്തിൽ സർക്കാർ–സ്വകാര്യ ആശുപത്രികളുടെ ആരോഗ്യകരമായ സങ്കലനമാണുള്ളത്. കോവിഡ് വ്യാപനകാലത്തു കേരളം പിന്തുടർന്ന പ്രതിരോധരീതികളും അനുഭവപാഠങ്ങളും മറ്റു സംസ്ഥാനങ്ങളും പിന്തുടരണം. തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ വികേന്ദ്രീകൃതമായ സംവിധാനത്തിലൂടെ നടപ്പാക്കിയ കോവിഡ് പ്രതിരോധരീതിയാണ് ഇതിലൊന്ന്.  പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നട്ടെല്ലായി ആശാവർക്കർമാരെ മാറ്റിയ കേരളരീതി ദേശീയ മാതൃകയാക്കി വികസിപ്പിക്കണം. മഹാമാരിക്ക് ഉടൻ പൂർണവിരാമമുണ്ടാവാൻ സാധ്യതയില്ല. മൂന്നാം വ്യാപന സാധ്യതകൾ സംബന്ധിച്ച മുന്നറിയിപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മുകളിലേക്കുള്ള ആരോഗ്യരംഗത്തെ നവീകരിക്കാൻ സർക്കാർ ഊന്നൽ നൽകണം.

(ജവാഹർലാൽ നെഹ്റു സർവകലാശാല  സ്കൂൾ ഓഫ് സയൻസസിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ് വിഭാഗം പ്രഫസറാണു ലേഖകൻ).

English Summary: Impact of the Covid pandemic in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS