ADVERTISEMENT

പരിപാടിയിലെ പിടിവാശിയാണു പരിവർത്തനവാദിയുടെ പടവാൾ’ എന്നൊരു മുദ്രാവാക്യം ഒരുകാലത്തു കേരളത്തിൽ പ്രചുരപ്രചാരം സിദ്ധിച്ചതായിരുന്നു. കേരളത്തിലെ മതിലായ മതിലുകളിലെല്ലാം അതു സ്ഥാനംപിടിച്ചതുമാണ്. ‘ചൊറി, ചിരങ്ങ് എന്നിവയ്ക്കു ജാലിം ലോഷൻ’ എന്നൊരു ആപ്തവാക്യം മാത്രമേ അതിനെ കടത്തിവെട്ടിയിരുന്നുള്ളൂ. ‘എം.എ ജോൺ നമ്മെ നയിക്കും,’‘മസാലദോശ കാണാനുള്ളതല്ല, തിന്നാനുള്ളതാണ്’, ‘അച്ചടക്കം അടിമത്തമല്ല’ തുടങ്ങിയവ തൊട്ടുപിന്നിൽ നിന്നു. 

വനിതാ കമ്മിഷൻ മുൻ അധ്യക്ഷ എം.സി.ജോസഫൈനും പരിവർ‍ത്തനവാദത്തിന്റെ ചില്ലറ അസ്ക്യത പകർന്നു കിട്ടിയിരുന്നു. എന്നാൽ പരിവർത്തനവാദത്തിനു പ്രത്യേക പരിപാടിയൊന്നും ഇല്ലെന്നു ബോധ്യപ്പെട്ടതോടെ പിന്നെ പിടിവാശി പിടിക്കാൻ പറ്റിയ പാർട്ടിയേതെന്നും അതിന്റെ പരിപാടി എന്തെന്നും ഏറെ പരിവർത്തനവാദികളും അന്വേഷണം തുടങ്ങി. 

‘അന്വേഷിപ്പിൻ, കണ്ടെത്തും’ എന്നു പറഞ്ഞത് അച്ചട്ടായി. അന്വേഷണം സ്വാഭാവികമായും അവരെ പലരെയും സിപിഎമ്മിൽ എത്തിച്ചു. ജോസഫൈൻ പിന്നീട് സഖാവു ജോസഫൈൻ ആയതും ഇങ്ങനെയാണെന്നു പറഞ്ഞാൽ അതിൽ ചരിത്രത്തിന്റെ വളച്ചൊടിക്കലൊന്നും ഇല്ല.

പരിവർത്തനവാദികൾക്കു പണ്ടേയുള്ളതാണു പിടിവാശി. അതിന്റെ പടവാൾ സ്ഥാനത്തും അസ്ഥാനത്തും ആഞ്ഞുവീശും. വനിതാ കമ്മിഷൻ അധ്യക്ഷയാക്കി എന്നതുകൊണ്ടൊന്നും അതു മാറില്ല. 

സഖാക്കൾക്ക് ഒരു ട്രേഡ് മാർക്കുണ്ട്. അവർ ഏതെങ്കിലും കമ്മിഷൻ അധ്യക്ഷരായാലും മനുഷ്യരല്ലാതാവില്ല. ഈ നാട്ടിൽ വനിതകൾക്കു മാത്രമല്ല, മനുഷ്യന്മാർക്കും ബാലന്മാർക്കുമെല്ലാം അവരുടേതായ അവകാശങ്ങളുണ്ട്. അതിനെല്ലാം വെവ്വേറെ കമ്മിഷനുകളുമുണ്ട്. മൃഗാവകാശ കമ്മിഷൻ രൂപീകരിക്കുന്ന കാര്യം വരെ രണ്ടാം പിണറായി സർക്കാരിന്റെ സജീവപരിഗണനയിലാണ്. ഒന്നാം പിണറായി സർക്കാർ സമസ്ത പക്ഷിമൃഗാദികൾക്കും പെൻഷനും കിറ്റും ലഭ്യമാക്കിയതിനാൽ ഈ കമ്മിഷനും യാഥാർഥ്യമാകുമെന്നതിൽ ആർക്കും ശങ്ക വേണ്ട.

വനിതാ കമ്മിഷൻ അധ്യക്ഷയായി എന്നൊരു അപരാധം മാത്രമേ ജോസഫൈൻ ചെയ്തിട്ടുള്ളൂ. അതിനർഥം പതിവുശൈലി വിട്ടു സംസാരിക്കണമെന്നല്ലല്ലോ. ഊരുംപേരുമില്ലാതെ വല്ലവരും വിളിച്ചാൽ ഉടൻ തന്നെ ‘ശാരികപ്പൈതലേ വരികാരോമലേ’ എന്ന മട്ടിൽ സംസാരിക്കാൻ ഭരണഘടനാപരമായി ആരും ബാധ്യസ്ഥരുമല്ല.  

വല്ല നാട്ടുകൂട്ടമോ അഞ്ചുറുപ്പ്യ പൊലീസോ ഇടപെട്ടു തീർക്കേണ്ട കേസുകൾ എല്ലാം വനിതാ കമ്മിഷനിലേക്കു വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. അതുകൊണ്ടാണു ‘പൊലീസിൽ   പരാതി നൽകിയില്ലെങ്കിൽ പിന്നെ അനുഭവിച്ചോ’ എന്നു കമ്മിഷൻ അധ്യക്ഷ പറഞ്ഞത്. പറഞ്ഞത് ആത്മാർഥമായും സത്യസന്ധമായുമാണെന്ന് അവ‌ർ തന്നെ പറഞ്ഞിട്ടുണ്ട്. ഡിപ്ലോമസി കമ്മിയാക്കി ആത്മാർഥത കൂടിയാലും പ്രശ്നമാണ്. ജോസഫൈനു പാർട്ടി ഫൈനടിച്ചതും അതിനാലാണ്.

പിണറായി സഖാവിന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കുമ്പക്കാടിജി സുധാകർജി പദ്ധതിയിട്ടപ്പോൾ സഖാവ് പൊലീസിൽ പരാതി നൽകാത്തത് എന്താണെന്നു ന്യായമായ ചോദ്യമുണ്ട്. എങ്കിൽ പിന്നെ അനുഭവിച്ചോ എന്നാണു കുമ്പക്കാടിജി പറഞ്ഞത്. അതിന്റെ പേരിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് ഒരു കോൺഗ്രസുകാരനും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ സിപിഎം കോൺഗ്രസല്ല. അതു വേറിട്ടൊരു പാർട്ടിയാണ്. അതിനെക്കുറിച്ചു നിങ്ങൾക്ക് ഒരു ചുക്കും ചുണ്ണാമ്പുമറിയില്ല.

∙ ദ് ഗ്രേറ്റ് കോൺഗ്രസ് സർക്കസ്

കേരളത്തിലെ കോൺഗ്രസ് അടിപടല മാറാൻ പോകുകയാണത്രേ. ‘ബ്രണ്ണൻ കോളജ് ധാരാസിങ്’ എന്നു പുകൾപെറ്റ മാന്യവർജി സുധാകർജിയാണു മാറ്റത്തിന്റെ മുഖമുദ്ര. സിപിഎമ്മിനെപ്പോലെ വേറിട്ടൊരു പാർട്ടിയാക്കാൻ കോൺഗ്രസിനെ ഉടച്ചുവാർക്കുകയാണു ധാരാസിങ്ങിന്റെ ലക്ഷ്യം. അതിന്റെ ആദ്യപടിയായി ജംബോ കമ്മിറ്റികൾ ഇല്ലാതാക്കും. ജംബോ എന്നാൽ ഒരു സർക്കസ് എന്നാണു ശരാശരി മലയാളിയുടെ മനസ്സിൽ തെളിയുന്ന ചിത്രം. എന്നാൽ അത് ഇംഗ്ലണ്ടിൽ പ്രശസ്തി നേടിയ ഒരു ആഫ്രിക്കൻ ആനയാണെന്നും ചരിത്രം പറയുന്നു. അതും സർക്കസിലെ അംഗമായിരുന്നു.

ഒരുതരത്തിൽ നോക്കിയാൽ കേരളത്തിലെ കോൺഗ്രസും ഒരു സർക്കസ് തന്നെ. കൊണ്ടുനടക്കാൻ വലിയ പ്രയാസം. വിജയിക്കണമെങ്കിൽ ജംബോ ഇല്ലാതെ പറ്റില്ല. പോരാത്തതിനു മറ്റു മൃഗങ്ങളും വേണം. ആനകളെപ്പോലെ പുല്ലുതീനുകളും ഇറച്ചിക്കൊതിയന്മാരായ കടുവാമാരും പുലിമാരും ശവംതീനികളായ കഴുതപ്പുലിമാരുമെല്ലാം നിർബന്ധം. എല്ലാം തികഞ്ഞാൽ അതിനെ ‘ദ് ഗ്രേറ്റ് കോൺഗ്രസ് സർക്കസ്’ എന്നു വിളിക്കാം.

ജംബോ കമ്മിറ്റികൾ ഇല്ലാതാക്കിയെന്നുവച്ചു മുൻ ഭാരവാഹികൾക്കു വജ്രപ്പശയിട്ടു തേച്ച ഖദർ യൂണിഫോം ധരിക്കാനുള്ള അവകാശം നിഷേധിക്കരുത്. പിന്നെ കാറിന്റെ മുന്നിൽ ത്രിവർണ ഖദർമാല തൂക്കാനും സീറ്റിൽ ത്രിവർണ ടർക്കി ടവൽ വിരിക്കാനുംകൂടി അനുമതി തുടർന്നാൽ മതി. കമ്മിറ്റിയിൽ അംഗങ്ങളല്ലെങ്കിലും പാവങ്ങൾ വല്ലവിധേനയും ജീവിച്ചുപൊക്കോളും.

അച്ചടക്കലംഘനം പോയിട്ട് അച്ചടക്കം എന്നു പറയുന്നതു പോലും ഇനിമുതൽ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നതാണു മറ്റൊരു സുപ്രധാന തീരുമാനം. സിപിഎമ്മിൽ രാജിവയ്ക്കുന്നതിന് ഒരു ദിവസം മുൻപു പുറത്താക്കുന്നതാണു നാട്ടുനടപ്പെങ്കിൽ കോൺഗ്രസിൽ ഇനിമുതൽ രാജിവയ്ക്കുന്നതിന്റെ ഒരുവർഷം മുൻപേ പുറത്താക്കും. പിന്നെ അച്ചടക്കത്തിനായി പലതരം അളവുകോലുകൾ കെപിസിസി ആസ്ഥാനത്തു സൂക്ഷിക്കും. ‘ആളുവില കല്ലുവില’ എന്നപോലെ ആളാംപ്രതി നോക്കിയായിരിക്കും മുഴക്കോൽ പുറത്തെടുക്കുക. പ്രതിപാത്രം ഭാഷണഭേദം എന്നു പറഞ്ഞതു പോലെയാണെന്നു കരുതിയാൽ മതി. മുരളീധർജി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അത് അസൗകര്യം. എന്നാൽ മണ്ഡലം പ്രസിഡന്റ് ചക്കച്ചാംപറമ്പിൽ ഗാന്ധി പങ്കെടുത്തില്ലെങ്കിൽ അത് അച്ചടക്കലംഘനം. 

പാർട്ടിക്കാരുടെ ആശയദാർഢ്യം ശക്തമാക്കാൻ പാർട്ടി സ്കൂൾ തുടങ്ങാൻ തീരുമാനിച്ചത് എന്തുകൊണ്ടും നന്നായി. സത്യത്തിൽ സ്കൂളിനു പകരം കൽപിത സർവകലാശാലയാണു തുടങ്ങാൻ ഉദ്ദേശിച്ചത്. എന്നാൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പോലെ പ്രസിദ്ധി നേടാൻ പോകുന്ന സ്ഥാപനമായതുകൊണ്ടാണു പാർട്ടി സ്കൂൾ ആക്കിയത്. പ്രസിഡന്റ് കണ്ണൂരുകാരൻ ആയതിനാൽ സ്കൂളിനു പകരം ഉസ്കൂൾ തുടങ്ങണമെന്നു മറ്റൊരു കണ്ണൂരുകാരനായ കെ.സി.വേണുഗോപാൽ ഭേദഗതി കൊണ്ടുവന്നെങ്കിലും ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും പോലുള്ള തിരുവിതാംകൂറുകാർ സംഘടിതമായി എതിർത്തു തോൽപിക്കുകയായിരുന്നു. 

സ്കൂളിലെ യുജി, പിജി കോഴ്സുകളുടെ കരിക്കുലവും സിലബസുമെല്ലാം തയാറായിട്ടുണ്ട്. അപേക്ഷകർക്കു കളരി, കരാട്ടെ, ജൂഡോ, കുങ്ഫു എന്നിവയിലെല്ലാം പ്രാവീണ്യം നിർബന്ധമാണ്. എല്ലില്ലാത്ത നാവ് അധികയോഗ്യതയായി പരിഗണിക്കും. വല്ലഭനു പുല്ലും ആയുധം എന്നതാണു സ്കൂളിന്റെ ആപ്തവാക്യം. സ്കൂളിനു സാക്ഷാൽ ബ്രണ്ണൻ സായ്‌വിന്റെ പേരിടുന്ന കാര്യവും പരിഗണനയിലുണ്ട്. 

സ്റ്റോപ് പ്രസ് 

ഹരിയാനയിൽ സീനിയർ മരങ്ങൾക്കു പെൻഷൻ.

വയനാട്ടിലും മറ്റും പെൻഷൻ കൊടുക്കാൻ ചില ഇടനിലക്കാരെ ഏൽപിച്ചെന്നൊരു വ്യത്യാസം മാത്രം.

Content Highlights: MC Josephine, CPM, Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com