വാക്സീൻ പാഴാക്കാതെ ശ്രദ്ധേയ നേട്ടം

HIGHLIGHTS
  • കേരളത്തിലെ ആരോഗ്യപ്രവർത്തകരെ അഭിവാദ്യം ചെയ്യാം
Covid-Vaccine-5
പ്രതീകാത്മക ചിത്രം
SHARE

കോവിഡിന്റെ മൂന്നാം വ്യാപനസാധ്യതയും കെ‍ാറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം അടക്കമുള്ള പുതിയഭീഷണികളും മുന്നിൽനിൽക്കെ, ജനം ആർജിക്കുന്ന പ്രതിരോധശേഷിയും വാക്സിനേഷൻ യജ്ഞത്തിന്റെ വിജയവുമാവും നമ്മുടെ ഭാവി നിർണയിക്കുക. ആശങ്കനിറഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തിൽ, വാക്സീൻ ഉപയോഗത്തിൽ കേരളം ദേശീയതലത്തിൽതന്നെ കൈവരിച്ച മാതൃകാപരമായ നേട്ടം ശ്രദ്ധേയമാണ്; പ്രതീക്ഷ പകരുന്നതും. 

കുത്തിവയ്പിൽ സ്വാഭാവികമായി നഷ്ടപ്പെടാവുന്ന ഡോസ് കൂടി ഉപയോഗപ്പെടുത്തി കൂടുതൽപേർക്കു വാക്സീൻ നൽകാൻ നമുക്കു കഴിഞ്ഞതു രാജ്യശ്രദ്ധയിൽ എത്തിക്കഴിഞ്ഞു. വാക്സീൻ വിതരണത്തിലെ ദേശീയ ശരാശരിയെക്കാൾ കൂടുതൽ കേരളത്തിനു നൽകാൻ കഴിഞ്ഞതു കൂടുതൽ ഡോസ് കേന്ദ്രം തന്നതുകെ‍ാണ്ടല്ലെന്നും കിട്ടിയ വാക്സീൻ പാഴാക്കാതെയും കൃത്യമായും ഉപയോഗിച്ചതുകെ‍ാണ്ടാണെന്നും ഓർമിക്കാം. വാക്സീൻ വിതരണത്തിന്റെ ആദ്യഘട്ടത്തിൽ ജാർഖണ്ഡ് 37.3 ശതമാനവും ഛത്തീസ്ഗഡ് 30.2 ശതമാനവും തമിഴ്നാട് 15.5 ശതമാനവും പാഴാക്കിയെന്നാണു കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്ക്. മറ്റു പല സംസ്ഥാനങ്ങളിലും കാര്യമായ പാഴാക്കലുണ്ടായി. വാക്സീൻ പാഴാക്കിയതിന്റെ ദേശീയ ശരാശരി 6.3 ശതമാനമാണ്. ഈ സാഹചര്യത്തിലാണു കേരളത്തിന്റെ മികവു മാതൃകാപരമാകുന്നത്. 

ഒരു തുള്ളി പോലും പാഴാക്കാതെയുള്ള മാതൃകാ വാക്സീൻ ഉപയോഗത്തിനാണു കേരളം ശ്രദ്ധിച്ചതെന്നും പാഴായിപ്പോകാനുള്ള സാധ്യത മുന്നിൽക്കണ്ട് അധികമായി ഉൾക്കൊള്ളിച്ച വാക്സീൻ കൂടി നാം കൃത്യതയോടെ വിതരണം ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. വാക്സീന്റെ ഓരോ വയലിലും 10 ഡോസ് കൂടാതെ, പാഴായിപ്പോകാനുള്ള സാധ്യത കണക്കാക്കി ഒരു ഡോസ് അധികമുണ്ടായിരിക്കും. ഈ അധിക ഡോസ് ഉൾപ്പെടെയാണു കേരളം വിതരണം ചെയ്തുവരുന്നത്. ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ചു നഴ്സുമാരുടെ മിടുക്കു കൊണ്ടാണിതു സാധിച്ചതെന്നു വ്യക്തമാക്കിയാണു മുഖ്യമന്ത്രി അവരെ അഭിനന്ദിച്ചത്. 

കേന്ദ്രവിഹിതവും നേരിട്ടു വാങ്ങിയതും ഉൾപ്പെടെ 1,24,01,800 ഡോസ് വാക്സീനാണു കേരളത്തിനു ലഭിച്ചത്. എന്നാൽ, ജൂൺ 23ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചതുപ്രകാരം, അതുവരെ ആകെ 1,27,59,404 ഡോസ് വാക്സീൻ നമുക്കു നൽകാൻ കഴിഞ്ഞു. അധികം നൽകിയ 3,57,604 ഡോസിലാണു സംസ്ഥാനം കൈവരിച്ച അഭിമാനകരമായ നേട്ടം തിളങ്ങുന്നത്. ഓരോ വയലിലും അധികമായി ഉൾപ്പെടുന്ന വാക്സീനും ഫലപ്രദമായി ഉപയോഗിച്ച കേരളത്തെ മാതൃകയാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ മറ്റു സംസ്ഥാനങ്ങളോടു നിർദേശിച്ചിരുന്നു. 

ആദ്യത്തേതിനെത്തെക്കാൾ തീവ്രമായ രണ്ടാം തരംഗത്തിൽ, ചെറിയ ആശ്വാസം പകർന്ന് ഇപ്പോൾ കുറവുണ്ടാകുന്നുണ്ടെങ്കിലും വ്യക്തിപരമായ ജാഗ്രതയിൽ ഒരു കുറവും വരാതിരിക്കാൻ ഓരോരുത്തരും നിരന്തരശ്രദ്ധ നൽകണം. കരുതലെടുത്തില്ലെങ്കിൽ അടുത്ത 6–8 ആഴ്ചയ്ക്കുള്ളിൽ രാജ്യത്തു മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അതുകെ‍ാണ്ടുതന്നെ സാർവത്രിക വാക്സീൻ മാത്രമാണ് ഏക പോംവഴി. 

വാക്സീൻ ഉൽപാദനത്തിലും ശേഖരണത്തിലും വിതരണത്തിലും ദേശീയതലത്തിൽ കുറ്റമറ്റ ശ്രദ്ധ ഉണ്ടാവുകതന്നെ വേണം. കേരളത്തിലെ വാക്സീൻ റജിസ്ട്രേഷൻ സുഗമമാകേണ്ടതുണ്ട്. സാങ്കേതിക നൂലാമാലകളിൽപ്പെട്ടു വാക്സീൻ വിതരണം ശ്വാസംമുട്ടിക്കൂടാ. 

മൂന്നാം വ്യാപനത്തിന്റെ ഭീഷണിക്കു മുന്നിൽ നിൽക്കുമ്പോഴും നമ്മുടെ ആരോഗ്യപ്രവർത്തകരുടെ സമർപ്പിതമായ മുൻനിരപ്പേ‍ാരാട്ടം, കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ജയിക്കുമെന്ന ആത്മവിശ്വാസം കേരളത്തിനു പകരുന്നുണ്ട്. അവർക്കുവേണ്ട കരുതലും സുരക്ഷിതത്വവും നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്നു പ്രത്യേകശ്രദ്ധ ഉണ്ടാവണം. വാക്സീൻ ഉപയോഗത്തിന്റെ കാര്യത്തിൽ, നമ്മുടെ സർക്കാർ– സ്വകാര്യ ആശുപത്രികളിലെ സമർഥരായ നഴ്സുമാരുടെ സൂക്ഷ്മശ്രദ്ധയും കാര്യക്ഷമതയും ചേർന്നു സംസ്ഥാനത്തിനു നൽകിയ അഭിമാനം സാർവത്രിക വാക്സീൻ എന്ന ലക്ഷ്യത്തിലേക്കു വേഗമെത്താൻ നമുക്ക് ഊർജം നൽകട്ടെ.

English Summary: Kerala records negative wastage of Covid-19 vaccines

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA