ഇന്ധനവിലയിലെ കള്ളക്കളി

fuel-price-hike
പ്രതീകാത്മക ചിത്രം
SHARE

കേരള ജനതയുടെ ജീവിതം ദുരിതത്തിൽ നിന്നു ദുരന്തത്തിലേക്കു തള്ളിവിടുന്ന കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നയമാണ് ഇന്ധനവില ഇങ്ങനെ കുതിച്ചുയരാൻ പ്രധാന കാരണം. അല്ലാതെ, ആഗോളവിപണിയിൽ അസംസ്കൃത എണ്ണയ്ക്കു വില വർധിക്കുന്നതല്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതുമൂലം അവശ്യസാധനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കു വൻതോതിൽ വിലയുയരുന്നു. ഒരു നിയന്ത്രണവുമില്ലാതെ ഇന്ധനവില വർധിപ്പിക്കുക എന്നതാണു കേന്ദ്രനയം. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതു മുതൽ ഇതാണു രാജ്യം കാണുന്നത്. ആനുപാതിക നികുതി കിട്ടുമെന്നതിനാൽ കേരള സർക്കാരും വിലവർധനയുടെ ഗുണഭോക്താക്കളാകുന്നു.

ഇന്ധനത്തിന്റെ അടിസ്ഥാനവിലയെക്കാൾ കൂടിയ തുകയാണു കേന്ദ്ര– സംസ്ഥാന സർക്കാരുകൾ നികുതിയായി ഈടാക്കുന്നത്. നികുതി കുറച്ചു വിലവർധന തടയാൻ ബാധ്യതയുള്ള കേന്ദ്ര സർക്കാർ പെട്രോളിയം റഗുലേറ്ററി ബോർഡിന്റെമേൽ ഉത്തരവാദിത്തം കെട്ടിവച്ചു തലയൂരുകയാണ്. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ അന്യായമായ നികുതി ഉപേക്ഷിക്കാൻ തയാറായാൽ ഒരു സബ്സിഡിയും കൂടാതെ ഇന്നത്തേതിന്റെ പകുതിവിലയ്ക്കു പെട്രോളും ഡീസലും വിപണിയിൽ ലഭ്യമാകും. വികസനത്തിനു പണം വേണം. പണത്തിനു നികുതി പിരിക്കണം. എന്നാൽ ഇന്ധനങ്ങളുടെമേൽ പരമാവധി നികുത്തി ചുമത്തുക എന്ന നയം തിരുത്തണം.

ജിഎസ്ടി നിലവിൽ വന്നതോടെ ആർഭാടത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾക്കു പരമാവധി നികുതി 28 % ആയി നിജപ്പെടുത്തി. കേരളത്തിൽ പെട്രോളും ഡീസലും ഇപ്പോൾ ഏറ്റവും വലിയ ആർഭാടവസ്തുക്കളായി മാറി. പാവപ്പെട്ട കർഷകന്റെ ഉൽപന്നങ്ങൾ വിപണിയിലേക്കു കൊണ്ടുപോകാനും കുടിൽ വ്യവസായങ്ങളുടെയും പരമ്പരാഗത വ്യവസായങ്ങളുടെയും അസംസ്കൃത വസ്തുക്കൾ എത്തിക്കാനും നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താവിന്റെ പക്കലെത്തിക്കാനും ആവശ്യമായ ഇന്ധനത്തിന് ആർഭാടനികുതിയെക്കാൾ ഇരട്ടിയോളം വസൂലാക്കുന്നത്  എന്തടിസ്ഥാനത്തിലാണെന്നു കേന്ദ്ര– സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കണം. 

∙ കഴമ്പില്ലാത്ത വാദം

പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് ആക്ട് വന്നതോടെ പെട്രോളിയം ഉൽപന്നങ്ങളുടെ വിലനിയന്ത്രണ അധികാരം പൂർണമായും കേന്ദ്ര സർക്കാരിനു നഷ്ടമായി എന്ന വാദത്തിൽ കഴമ്പില്ല. വിലനിയന്ത്രണത്തിനു ചുക്കാൻ പിടിക്കുന്നത് ഇപ്പോഴും സർക്കാരാണ്. നിയമത്തിന്റെ എട്ടാം അധ്യായം 42– ാം വകുപ്പുപ്രകാരം കേന്ദ്ര സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ബോർഡിനു ബാധ്യതയുണ്ട്. നയപരമായകാര്യങ്ങൾ ഉൾപ്പെടെ ഏതു വിഷയത്തിലും കേന്ദ്ര സർക്കാർ തീരുമാനം അന്തിമമായിരിക്കുമെന്നു വ്യവസ്ഥയുണ്ട്. 

ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെ വിലവർധിപ്പിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതു മുതൽ വോട്ടെടുപ്പു കഴിയും വരെയും വിലവർധനയുണ്ടായില്ല. ഇതെങ്ങനെ സംഭവിക്കുന്നു? സ്വതന്ത്രാധികാരമുള്ള സ്ഥാപനമാണെങ്കിൽ അവരുടെ അധികാരങ്ങളും ചുമതലകളും നിർവഹിക്കുന്നതിൽ റഗുലേറ്ററി ബോർഡിനു തിരഞ്ഞെടുപ്പു തടസ്സമല്ലല്ലോ ? ഇന്ത്യയിൽ തിരഞ്ഞെടുപ്പു നടക്കുന്നുണ്ടെന്ന കാരണത്താൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടാതിരിക്കില്ലല്ലോ? ഇക്കാലയളവിൽ എന്തുകൊണ്ട് ഇന്ധനവില വർധിപ്പിച്ചില്ല.  റഗുലേറ്ററി ബോർഡിനെ കേന്ദ്ര സർക്കാരിന്റെ ആജ്ഞാനുവർത്തികളായി നിർത്തിയിരിക്കുകയാണെന്നു വ്യക്തം. ഇന്ധനവില വർധിപ്പിക്കുക മാത്രമല്ല ബോർഡിന്റെ ചുമതല. ആഗോള വിപണിയിൽ വില കുറയുമ്പോൾ കുറയ്ക്കാനും അധികാരമുണ്ട്. ആഗോളവിപണിയിൽ വില വർധിക്കുമ്പോൾ ഇവിടെ ഉടൻ വർധിപ്പിക്കും. എന്നാൽ വില കുറഞ്ഞാലോ ഇന്ത്യയിൽ വില കുറയുന്നുമില്ല.  

∙ നികുതിയിന്മേൽ നികുതി

ലോക്ഡൗൺകാലത്ത് ആഗോളവിപണിയിൽ ഇന്ധനവില കുത്തനെ കൂപ്പുകുത്തി, ആനുകൂല്യം രാജ്യത്തെ ജനതയ്ക്കു കിട്ടിയില്ല. പകരം കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി കൂട്ടി നിലവിലെ വില നിലനിർത്തി. തുടർന്നു വില വർധിച്ചപ്പോൾ നികുതി കുറച്ചില്ല. പകരം, ക്രൂഡ് ഓയിൽ വിലവർധനയ്ക്ക് ആനുപാതികമായി പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചുകൊണ്ടേയിരുന്നു. നിയമവിരുദ്ധമായി കേന്ദ്രം വർധിപ്പിച്ച നികുതിയിൽ വീണ്ടും നികുതി ചുമത്തി ജനങ്ങളെ ചൂഷണം ചെയ്യേണ്ട എന്ന തീരുമാനം സംസ്ഥാന സർക്കാരും എടുത്തില്ല. കേന്ദ്ര വിലവർധനയ്ക്ക് ആനുപാതികമായി ഇവിടെയും നികുതി പിരിച്ചു.  കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് ഡ്യൂട്ടിയും ചരക്കുനീക്കത്തിനുള്ള ചെലവും കൂട്ടിച്ചേർത്ത വിലയ്ക്കാണു സംസ്ഥാന സർക്കാർ ഇന്ധനത്തിനു വിൽപനനികുതി ഈടാക്കുന്നത്. കേരള ജനതയുടെ ക്ഷമയെ പരീക്ഷിക്കുകയാണ് സർക്കാരുകൾ. പരസ്പരം പഴിചാരി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവച്ചു ഗുണഫലം അനുഭവിക്കുന്നു.

ഇന്ധനവില വർധനയിൽ പ്രതിഷേധിക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ, ജനങ്ങളെ സഹായിക്കാൻ നികുതിയിന്മേലുള്ള നികുതിയെങ്കിലും ഒഴിവാക്കാൻ തയാറുണ്ടോ? ധിക്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഭാഷയിൽ ഭരണം നടത്താനാണു തിരഞ്ഞെടുപ്പു വിജയം എന്ന ധാരണയിൽനിന്നു കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിന്മാറണം. ജനങ്ങളുടെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവുംകൊണ്ടു മാത്രമേ അതു സാധ്യമാകൂവെങ്കിൽ കേരളജനത അതിനുള്ള കരുത്താർജിക്കണം.

English Summary: NK Premachandran on Petrol-Diesel price hike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA