നമുക്ക് ഹൃദയത്തിൽ തൊടാം

women
SHARE

അതിമനോഹരമായ റോസാപ്പൂക്കളുമായി വയോധികൻ ബസിൽ യാത്രചെയ്യുകയാണ്. അടുത്ത സീറ്റിലിരിക്കുന്ന പെൺകുട്ടിയുടെ കണ്ണുകൾ റോസാപ്പൂക്കളിലുടക്കുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു. ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോൾ വയോധികൻ പൂക്കൾ പെൺകുട്ടിയുടെ മടിയിൽ വച്ചുകൊടുത്തിട്ടു പറഞ്ഞു. ഈ പൂക്കൾ ഞാൻ എന്റെ ഭാര്യയ്‌ക്കുവേണ്ടി കൊണ്ടുപോകുകയായിരുന്നു. നിനക്ക് ഇവയോടുള്ള ഇഷ്‌ടം നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട്. ഇവ നിനക്കു തരുന്നതായിരിക്കും അവൾക്കും കൂടുതലിഷ്‌ടം. യാത്ര പറഞ്ഞു പുറത്തിറങ്ങിയ വയോധികൻ നടന്നകലുന്നതു കൃതജ്‌ഞതയോടെ നോക്കിയ അവൾ ഒരു കാഴ്‌ച കണ്ടു. അയാൾ കയറിപ്പോയതു സെമിത്തേരിയുടെ ഉള്ളിലേക്കായിരുന്നു. 

ആഗ്രഹസാക്ഷാത്‌കാരങ്ങൾ രണ്ടുതരത്തിലാകാം. ഒന്ന്, മനസ്സറിഞ്ഞു ചെയ്യുക; രണ്ട്, മനസ്സുമടുത്തു ചെയ്യുക. കണ്ടറിഞ്ഞു ചെയ്യുമ്പോൾ നൽകുന്നവനു സംതൃപ്‌തിയും സ്വീകരിക്കുന്നവന് ആശ്ചര്യവുമുണ്ടാകും. നിവൃത്തികേടുകൊണ്ടു ചെയ്യുമ്പോൾ നൽകുന്നവനിൽ അസ്വസ്ഥതയും സ്വീകരിക്കുന്നവനിൽ ദയനീയതയും മുഴച്ചുനിൽക്കും.  ഹൃദയത്തെ തൊടുന്നവർക്കു മാത്രമാണു ഹൃദയാഭിലാഷങ്ങൾ മനസ്സിലാകുക. അവർക്കു കണ്ണുകളുടെ ഭാഷ മനസ്സിലാകും. ശരീരത്തിന്റെ ചലനങ്ങൾ പിടികിട്ടും. എന്തെങ്കിലും സംസാരിക്കുന്നതിനുമുൻപേ മുഴുവൻ അർഥവും അവർ ഗ്രഹിക്കും. തലച്ചോറിനെ തൊടുന്നവർക്കു യുക്തിയും ന്യായവുമാണു പ്രധാനം. ചോദിക്കുന്നതു കൊടുക്കണമെങ്കിൽപ്പോലും തങ്ങളുടേതായ വിശകലനങ്ങൾക്കും ബോധ്യപ്പെടലിനും ശേഷം മാത്രമേ അവർ അനുവദിക്കൂ. ഹൃദയവും തലച്ചോറും തമ്മിലുള്ള മത്സരത്തിനിടയിൽ തലച്ചോർ ജയിച്ചാൽ വ്യക്തികൾ വിജയിക്കും, ഹൃദയം ജയിച്ചാൽ ബന്ധങ്ങൾ വിജയിക്കും.

സ്വന്തം പ്രിയങ്ങളെ വേണ്ടന്നുവച്ചും അപരന്റെ ഇഷ്‌ടങ്ങളോടൊപ്പം നിൽക്കണമെങ്കിൽ ഒരാൾ എത്രമാത്രം കുലീനനും മനുഷ്യസ്‌നേഹിയുമാകണം. എന്നും കൂടെയുള്ളവരുടെ പോലും ഹൃദയവികാരങ്ങളെ തിരിച്ചറിയാൻ പലപ്പോഴും കഴിയാറില്ല. ഇത്ര അടുത്തിടപഴകിയിട്ടും അവനോ അവൾക്കോ എന്നെ മനസ്സിലാകുന്നില്ലല്ലോ എന്നതാണു പലരുടെയും സ്വകാര്യദുഃഖം. വീടിനും സ്വത്തിനും കാവൽനിൽക്കാൻ ദിവസക്കൂലിക്ക് ആളെ കിട്ടും. ഹൃദയം കാക്കുന്നവരെ ലഭിക്കാൻ എന്താണു മാർഗം. അപരിചിതരുടെ കണ്ണുകളിലെ അപായസൂചനകളോ ആകാംക്ഷയോ തിരിച്ചറിയണമെങ്കിൽ നോക്കുന്നവന്റെ കണ്ണുകളിൽ ആർദ്രതയും മനസ്സിൽ സഹാനുഭൂതിയുമുണ്ടാകണം. കഴിവുകളും വൈദഗ്‌ധ്യങ്ങളും കണ്ടുപിടിക്കുന്നവരല്ല, ഉള്ളിലൊതുക്കിയ ആഗ്രഹങ്ങളും താൽപര്യങ്ങളും കണ്ടെത്തുന്നവരാണു യഥാർഥ സംരക്ഷകർ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA