ADVERTISEMENT

സംസ്ഥാനത്തിന്റെ തീരദേശവും അവിടെ താമസിക്കുന്ന ജനങ്ങളെയും സംരക്ഷിക്കാൻ വിപുലമായ പദ്ധതികൾക്കു തുടക്കമിട്ടതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. കടൽഭിത്തിയുള്ള 310 കിലോമീറ്ററിലെ കൂടുതൽ പ്രാധാന്യമുള്ള 57 കിലോമീറ്റർ പുനർനിർമിക്കും. ഇതിനു പരിശോധന തുടങ്ങി. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ജലവിഭവമന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച ചെയ്തു. മലയാള മനോരമ സംഘടിപ്പിച്ച ഫോൺ–ഇൻ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി. തീരസംരക്ഷണത്തിനു ജൈവകവചം, ടെട്രാപോഡ് പാകൽ‍ തുടങ്ങി പലരീതികൾ വേണ്ടിവരും.

മാലിന്യമുക്ത കടൽ എന്ന ആശയം മത്സ്യത്തൊഴിലാളികൾ വഴി നടപ്പാക്കും. കടലിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വർധിക്കുന്നുണ്ട്. കടലിൽ പോകുന്നവർക്കു പ്രത്യേക കൂട് കൊടുത്തുവിട്ടു മാലിന്യം ശേഖരിക്കുന്നതാണു പദ്ധതി. ഈ മാലിന്യം ഫിഷറീസ് വകുപ്പ് ഏറ്റെടുത്തു സംസ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫോൺ ഇൻ പരിപാടിയിലെ തിരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും: 

∙ തീരദേശത്തു നിർമാണം വിലക്കുന്നതുമൂലം അവിടെയുള്ളവർ സ്വന്തം സ്ഥലം ഉപേക്ഷിക്കേണ്ടിവരില്ലേ?

കടൽത്തീരത്തുനിന്ന് 50 മീറ്റർ പരിധിക്കുള്ളിലെ സ്ഥലം ഉപേക്ഷിക്കേണ്ടി വരില്ല. എന്നാൽ, നിർമാണം പാടില്ലെന്നാണു നിയമം. അവിടെ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള പുനർഗേഹം പദ്ധതിയിൽ 20,000 വീടുകൾ ഒഴിപ്പിച്ചു പകരം വീടു നൽകും. 10 ലക്ഷം രൂപ ചെലവഴിച്ചുള്ളതാകും ഓരോ വീടും. ഇതിനുള്ള സ്ഥലം ഫിഷറീസ് വകുപ്പു വാങ്ങും. 50 മീറ്റർ പരിധിക്കുള്ളിൽ ഭൂമിയുള്ള മത്സ്യത്തൊഴിലാളികൾക്കു വള്ളവും വലയും അവിടെ സൂക്ഷിക്കാം, തെങ്ങു നടാം.

∙ അഞ്ചുതെങ്ങ് മേഖലയിലെ കടലാക്രമണം തടയാൻ എന്താണു നടപടി?

അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ കടലാക്രമണ പ്രതിരോധവും ഹാർബറിലെ മണ്ണുനീക്കലും മന്ത്രി ആന്റണി രാജുവുമായി ചർച്ച ചെയ്തു. സ്ഥലം പരിശോധിച്ചു. ഉടൻ ഡ്രജിങ് നടത്തും. അദാനി ഗ്രൂപ്പാണ് അതു ചെയ്യേണ്ടത്. ഇവിടത്തെ വള്ളങ്ങൾ കൊല്ലത്ത് അടുപ്പിക്കാനും നടപടിയെടുക്കും.

∙ കുട്ടനാട്ടിൽ ഉൾപ്പെടെ ഉൾനാടൻ ജലാശയങ്ങൾ മാലിന്യമുക്തമാക്കാൻ പദ്ധതിയുണ്ടോ?

വേമ്പനാട്ടു കായലിലെ എക്കലും പ്ലാസ്റ്റിക്കും നീക്കാൻ നേരത്തെ ആവിഷ്കരിച്ച പദ്ധതിയുണ്ട്. ജനങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇതു നടപ്പാക്കാക്കുന്നതിനുള്ള ചർച്ചകൾ കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഇതിനായി ഗ്രാമസഭകൾ വിളിക്കും. തുടർന്നു ഡ്രജിങ് നടത്തും. കുട്ടനാട്ടിലെയും മറ്റും അടഞ്ഞ തോടുകളെല്ലാം തുറക്കും. കോട്ടയത്തു മീനച്ചിലാറ്റിൽ നടപ്പാക്കിയ പദ്ധതി വിജയമായിരുന്നു. അതിന്റെ മാതൃകയിലാവും പ്രവർത്തനം.

∙ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാനും ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കാനും നടപടിയെടുക്കുമോ?

വെള്ളമുള്ളിടത്തെല്ലാം കൃഷി എന്നതാണു ലക്ഷ്യം. കർഷകർക്കു നൽകാൻ മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ വലിയപദ്ധതി ആവിഷ്കരിക്കുന്നുണ്ട്. കടലിലെ മത്സ്യസമ്പത്തിൽ കുറവില്ല. നദികളിൽ തീരെ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതുകൊണ്ടു വലിയ പ്രയോജനമില്ല. അവയെ കുറച്ചുകൂടി വളർത്തിയ ശേഷം നിക്ഷേപിക്കാനാണു തീരുമാനം. എങ്കിലേ നിക്ഷേപത്തിന്റെ 50% എങ്കിലും വിളവെടുക്കാൻ കഴിയൂ. കരിമീൻ, വരാൽ, കാരി തുടങ്ങിയ ഇനങ്ങളുടെ ഉൽപാദനം കൂട്ടും. ശുദ്ധജലത്തിൽ വളരുന്നതും അല്ലാത്തതുമായ ചെമ്മീൻ ഇനങ്ങളെ രണ്ടായി ഉൽപാദിപ്പിച്ചു കർഷകർക്കു നൽകും. ചെറുകിട മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാൻ 40% സബ്സിഡിയിൽ മീൻകുഞ്ഞുങ്ങളെയും തീറ്റയും നൽകും.

∙ സുഭിക്ഷകേരളം പദ്ധതിയിൽ മത്സ്യക്കൃഷി തുടങ്ങിയവർക്കു പല ആനുകൂല്യങ്ങളും കിട്ടുന്നില്ല.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യക്കൃഷി ചെയ്യുന്നവർക്കുള്ള സബ്സിഡി ഉടൻ നൽകും. ഇതിനു ഫണ്ട് അനുവദിച്ചിട്ടുണ്ട്. നെൽക്കൃഷി സാധ്യമല്ലാത്ത സ്ഥലങ്ങളിൽ മത്സ്യക്കൃഷി നടത്താൻ അനുവദിക്കുന്ന വിഷയം വൈകാതെ നിയമസഭയിൽ ചർച്ച ചെയ്യും.

∙ മീനിൽ വിഷം കലർത്തൽ തുടരുകയാണ്. എന്താണു പരിഹാരം?

മീൻ കേടാകാതിരിക്കാൻ മാരക രാസവസ്തുക്കൾ ചേർക്കുന്നതിനെതിരെ ഫിഷറീസ് വകുപ്പ് നിയമം കൊണ്ടുവരും. കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയായിരിക്കും ഇത്.

∙ യുവജനക്ഷേമ ബോർഡ് തൊഴിൽ നൽകുന്ന സംവിധാനമാക്കി മാറ്റാൻ കഴിയില്ലേ?

ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.

100 മത്സ്യഫെഡ് സ്റ്റാളുകൾ കൂടി

ഒരു വർഷത്തിനകം 100 മത്സ്യഫെഡ് സ്റ്റാളുകൾ കൂടി തുടങ്ങും. 100 ദിന പരിപാടിയിൽ 20 എണ്ണം തുറക്കുന്നുണ്ട്. സീസൺ അനുസരിച്ചാണു പല മത്സ്യ ഇനങ്ങളുടെയും വില. അതിനാൽ പൊതുവായ വിലനിർണയം പ്രയാസമാണ്. എങ്കിലും കർഷകരിൽനിന്നു മത്സ്യഫെഡ് എടുക്കുന്ന മീനിനു നിശ്ചിത വിലയുണ്ട്. അതിനാൽ വില കുറയുന്ന സീസണിലും കർഷകർക്കു നഷ്ടമുണ്ടാകില്ല. ഇടനിലക്കാരുടെ ചൂഷണം തടയാനും വകുപ്പ് ഇടപെടുന്നുണ്ട്. മാംസാവശിഷ്ടങ്ങളും മറ്റും തീറ്റയായി നൽകിയുള്ള മത്സ്യക്കൃഷിക്കും അതിന്റെ വിൽപനയ്ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും.

English Summary: Phone in program with Minister Saji Cheriyan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com