ഒളിക്കാനില്ല ഒന്നും; നാടിന്റെ സാമ്പത്തികസ്ഥിതി ജനം അറിയണം

palanivel
പളനിവേൽ ത്യാഗരാജൻ
SHARE

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചു ധവളപത്രം പുറത്തിറക്കാനൊരുങ്ങുകയാണ് തമിഴ്നാട്. ഓരോ പൗരനും നാടിന്റെ സാമ്പത്തികസ്ഥിതി അറിഞ്ഞിരിക്കണമെന്ന പളനിവേൽ ത്യാഗരാജൻ എന്ന ധനമന്ത്രിയുടെ നിർബന്ധമാണു തീരുമാനത്തിനു പിന്നിൽ. തിരുച്ചിറപ്പള്ളി എൻഐടിയിൽനിന്ന് എൻജിനീയറിങ്, അമേരിക്കയിലെ എംഐടിയിൽനിന്ന് എംബിഎ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ്. ലീമാൻ ബ്രദേഴ്സിൽ ക്യാപ്പിറ്റൽ മാർക്കറ്റ്സ് മേധാവി, സിംഗപ്പൂരിലെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഫിനാൻഷ്യൽ മാർക്കറ്റ്സ് മാനേജിങ് ഡയറക്ടർ പദവികളിൽ വർഷങ്ങളുടെ പരിചയം. ലോകത്തിലെ പ്രമുഖ സാമ്പത്തികവിദഗ്ധരുടെ സുഹൃത്ത്. ഇതൊക്കെയാണു പിടിആർ. 5 ലക്ഷം കോടി കടത്തിൽ മുങ്ങിനിൽക്കുന്ന തമിഴ്നാടിനെ കരകയറ്റാനുള്ള പദ്ധതികളൊരുക്കുന്നതിനിടെ ‘മലയാള മനോരമ’യുമായി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്നു

പുതിയ സാമ്പത്തിക ഉപദേശകസമിതി അംഗങ്ങളിലേക്കെത്തിയത് ? 

2019 പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ സർക്കാർ വരുമെന്ന് ഉറപ്പായിരുന്നതിനാൽ സമസ്തമേഖലകളിലും തയാറെടുപ്പുകൾ ആവശ്യമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുഫലം വന്ന ഉടൻ മുഖ്യമന്ത്രി എന്നെ വിളിച്ചു സമിതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആവശ്യപ്പെട്ടു. നിരന്തരമായ ചർച്ചകൾക്കൊടുവിൽ പേരുകൾ തീരുമാനിച്ചു. 

നൊബേൽ ജേതാവും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസറുമായ എസ്തേർ ദഫ്ലോ, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ, കേന്ദ്ര സർക്കാരിന്റെ മുൻ പ്രധാന സാമ്പത്തിക ഉപദേശകൻ അരവിന്ദ് സുബ്രഹ്മണ്യൻ, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് പ്രഫസർ ജീൻ ഡ്രസെ, മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി ഡോ.എസ്.നാരായൺ എന്നിവരാണു സമിതി അംഗങ്ങൾ. പ്രഫ.എസ്തേർ ദഫ്ലോയും ഭർത്താവ് അഭിജിത് ബാനർജിയും മുൻപും തമിഴ്നാടുമായി സഹകരിച്ചിരുന്നവരാണ്. അംഗങ്ങളെ ഞാൻ നേരിട്ടു ബന്ധപ്പെട്ട് ആവശ്യം അവതരിപ്പിച്ചു. 

സമിതിയംഗങ്ങൾ വിശ്വാസ്യതയുള്ളവരും അംഗീകരിക്കപ്പെട്ടവരും ആകണമെന്നു നിർബന്ധമുണ്ടായിരുന്നു.  സർക്കാർ ഏതുതരത്തിലാണു പ്രവർത്തിക്കാൻ പോകുന്നതെന്ന സന്ദേശമാണ് ഇതുവഴി ജനങ്ങൾക്കു നൽകുന്നത്.

കടക്കെണിയിലാണോ തമിഴ്നാട് ? 

4.85 ലക്ഷം കോടി രൂപയാണു നിലവിലെ ബാധ്യതയെന്നാണു മുൻസർക്കാരിന്റെ കണക്ക്. ഞാനതു വിശ്വസിക്കുന്നില്ല. ഇതിലും 30 ശതമാനം അധികം കടമുണ്ടാകാം. ഡിഎംകെ സർക്കാർ 2011ൽ ഭരണം വിട്ടപ്പോൾ ഏതാണ്ട് 1.1 ലക്ഷം കോടിയായിരുന്നു പൊതുകടം. 20 ലക്ഷം കോടിയാണു ജിഎസ്ഡിപി (ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ട്). കോവിഡ്കാലത്ത് ഇതിൽ 80,000 കോടി രൂപയുടെ കുറവുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബാധ്യതകളടക്കം കണക്കാക്കേണ്ടതുണ്ട്. ഒളിഞ്ഞിരിക്കുന്ന പല ബാധ്യതകളും പുറത്തുവരാനുണ്ട്. 

 സർക്കാർ അക്കൗണ്ടുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ പല വർഷങ്ങളായി പുറത്തേക്കു വരുന്നില്ല. അതു‌കൊണ്ടാണു സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തികസ്ഥിതി വെളിപ്പെടുത്തി ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചത്. അതു സർക്കാരിനു പൗരന്മാരോടുള്ള കടമയാണ്. ധനമന്ത്രി എന്ന നിലയിൽ എന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ജനാധിപത്യ രാജ്യത്തിന്റെ ഉടമകളാണു ജനങ്ങൾ. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി അവർ അറിഞ്ഞിരിക്കണം. അവരിൽനിന്ന് ഒന്നും ഒളിച്ചുവയ്ക്കേണ്ടതില്ല. പിന്നാലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികളുമുണ്ടാകും.

പളനിവേൽ ത്യാഗരാജൻ

ജനങ്ങൾക്കു സൗജന്യസമ്മാനങ്ങൾ (ഫ്രീബീ) നൽകുന്ന ശൈലി ഗുണകരമാണോ ?  

കൈക്കൂലിയായോ വോട്ടു വാങ്ങാനോ മറ്റോ ജനത്തിനു നൽകുന്നവയെ സൗജന്യസമ്മാനം എന്നു വിളിക്കുന്നതിൽ തെറ്റില്ല. എന്നാൽ, സർക്കാർ ജനങ്ങൾക്കായി നടപ്പാക്കുന്ന ക്ഷേമപദ്ധതികളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തരുത്. ഉച്ചഭക്ഷണ പദ്ധതി, സൗജന്യ ഗ്യാസ് കണക്‌ഷൻ തുടങ്ങിയവയെ ‘ഫ്രീബി’ എന്ന രീതിയിലല്ല കാണുന്നത്. അതൊരുതരം നിക്ഷേപമാണ്. മനുഷ്യവിഭവശേഷി വികാസത്തിനായുള്ള നിക്ഷേപം. 

കുട്ടികൾക്കു സൗജന്യമായി സൈക്കിളുകളും ലാപ്ടോപ്പും മറ്റും നൽകുമ്പോൾ അവരുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണു സർക്കാർ നടത്തുന്നത്. സാമൂഹിക നിക്ഷേപം എന്നാണ് ഇതിനെ വിളിക്കേണ്ടത്. ഇതാരെയും പണക്കാരാക്കാനുള്ള പദ്ധതിയല്ല. മറിച്ചു തുല്യനീതി ഉറപ്പാക്കാനും മികച്ചഭാവിക്കും വേണ്ടിയുള്ളതാണ്. ടിവി കാണാൻ മറ്റു വീടുകളിൽ പോയിരുന്ന കാലമുണ്ടായിരുന്നു. ആ വീട്ടുകാരുടെ കാരുണ്യംകൊണ്ടു വേണം ടിവി കാണാൻ. സർക്കാർ ടിവി നൽകിയതോടെ ആ അസമത്വം പരിഹരിക്കപ്പെട്ടു. അതു സമൂഹത്തിലുണ്ടാക്കിയ മാറ്റം കാണാതെ പോകരുത്. ശമ്പളത്തിനും പെൻഷനും പലിശയ്ക്കും മറ്റുമായി സർക്കാർ ചെലവാക്കുന്നതിലും കുറഞ്ഞ പണമാണ് ഇത്തരം പദ്ധതികൾക്കു വേണ്ടി ചെലവാക്കുന്നത്.

സർക്കാർ മദ്യവിതരണ ശൃംഖലയായ ടാസ്മാക് ആണോ പ്രധാന വരുമാന മാർഗം. മദ്യനിരോധനത്തിനു സാധ്യതയുണ്ടോ ? 

പ്രധാന വരുമാനമാർഗമാണെന്നു പറയാമെങ്കിലും പൂർണമായും ശരിയല്ല. 30,000 – 35,000 കോടി വരെയാണു ടാസ്മാക്, എക്സൈസ് ലൈസൻസ് അടക്കമുള്ളവ വഴി ലഭിക്കുന്നത്. അതിലുമേറെ വരുമാനമുള്ള മറ്റു മേഖലകളുണ്ട്. സമീപ സംസ്ഥാനങ്ങളിൽ മദ്യം സുലഭമായി ലഭിക്കുമ്പോൾ തമിഴ്നാട്ടിൽ മാത്രമായി മദ്യം നിരോധിക്കുന്നതു പ്രായോഗികമല്ല. കള്ളക്കടത്തും വ്യാജമദ്യനിർമാണവും വർധിക്കും. മിക്ക സംസ്ഥാനങ്ങളും മദ്യവിതരണം നിയന്ത്രിച്ചിട്ടുണ്ട്. ഉപഭോഗം കുറയ്ക്കാനായി നികുതി വർധിപ്പിച്ചിട്ടുമുണ്ട്. 

ടാസ്മാക് വഴി വരുമാനം ലഭിക്കുമ്പോൾത്തന്നെ മറ്റൊരു ഭാഗത്തുകൂടി സംസ്ഥാനത്തിനു ബാധ്യതയും വരുന്നുണ്ട്. കുറ്റകൃത്യങ്ങൾ വർധിക്കുന്നു, രോഗികളുണ്ടാകുന്നു, ഉൽപാദനനഷ്ടം സംഭവിക്കുന്നു. ഇതും കണക്കിലെടുത്തു മികച്ചൊരു പരിഹാരം കണ്ടെത്തുകയാണു വേണ്ടത്. മദ്യനിയന്ത്രണത്തിനുള്ള പലവഴികളും പരിഗണിക്കുന്നുണ്ട്. 

സിനിമയ്ക്ക് പഴയ റോളില്ല

തമിഴ്നാട്ടിലെ സിനിമാരാഷ്ട്രീയത്തിന് അവസാനമായോ ? 

സിനിമയ്ക്കു രാഷ്ട്രീയത്തെയും രാഷ്ട്രീയത്തിനു സിനിമയെയും ആവശ്യമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. സിനിമയ്ക്ക് ഏറെ ആളുകളുടെ പിന്തുണയും ജനസമ്മതിയും വേണ്ട സമയത്താണു പലരും രാഷ്ട്രീയത്തിലെത്തിയതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ അതിന്റെ ആവശ്യമില്ല. സാമൂഹികമാധ്യമങ്ങൾ അത്രമേൽ ശക്തമായ സ്വാധീനമായിക്കഴിഞ്ഞു.

ബോണ്ടിന് അപകടസാധ്യതയുണ്ട്

കേരളത്തിന്റെ കിഫ്ബി മോഡൽ വികസനത്തെപ്പറ്റി ? 

ഓരോ സംസ്ഥാനത്തിനും അവരുടേതായ സാമ്പത്തിക ആസൂത്രണ പദ്ധതികളുണ്ട്. അതിനെപ്പറ്റി വിലയിരുത്താനില്ല. എങ്കിലും, ബോണ്ട് വഴിയുള്ള വരുമാനശേഖരണത്തിന് അതിന്റേതായ അപകട സാധ്യതയുണ്ട്. കാലാവധിയെത്തും വരെ ആ ബോണ്ട് എല്ലാവരും കയ്യിൽ സൂക്ഷിക്കണമെന്നില്ല. അവർ അതു സെക്കൻഡറി മാർക്കറ്റിൽ വിൽക്കാൻ ശ്രമിച്ചാൽ അതിനു വിചാരിക്കുന്ന വില കിട്ടണമെന്നില്ല. കയറ്റിറക്കങ്ങളുണ്ടായേക്കാം. ശരിക്കും ഇത്തരം തീരുമാനങ്ങൾക്കു മുൻപു കൃത്യമായ ഒരുക്കവും ആലോചനയും വേണം. ബോണ്ടുകൾക്കു കൃത്യമായ കാലാവധി നിശ്ചയിക്കണം. സെക്കൻഡറി മാർക്കറ്റിന് അനുയോജ്യമായ ഡീലർമാരെ കണ്ടെത്തി കൂടുതൽ വിശ്വാസ്യത ഉറപ്പാക്കണം. അങ്ങനെ ലഭിക്കുന്ന വരുമാനത്തിനു റിസ്ക് കുറവായിരിക്കും. വൻകിട കമ്പനികൾപോലും മാർക്കറ്റിനെക്കുറിച്ചു പഠിച്ച് അതിന്റെ പ്രതികരണം അറിഞ്ഞ ശേഷമേ ഇത്തരത്തിലൊരു തീരുമാനത്തിനിറങ്ങൂ.

‘മദ്യവിൽപന വഴിയുള്ള വരുമാനം കൊണ്ടു പ്രവർത്തിക്കുന്ന സർക്കാരാണെന്നും ജനങ്ങൾക്ക് സൗജന്യങ്ങൾ  വാരിക്കോരി നൽകാറുണ്ടെന്നും തമിഴ്നാടിനെക്കുറിച്ചു പുറത്തു തെറ്റിദ്ധാരണയുണ്ട്. രണ്ടും ശരിയല്ല’

പളനിവേൽ ത്യാഗരാജൻ

English Summary: White Paper on Tamil Nadu's finances soon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA