മധുരം കുറഞ്ഞ് രാഷ്ട്ര മഞ്ച്

sharad
SHARE

മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹയുടെ രാഷ്ട്ര മഞ്ച് കഴിഞ്ഞദിവസം ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ കോൺഗ്രസ് ഇതര പ്രതിപക്ഷകക്ഷികളുടെ യോഗം വിളിച്ചുകൂട്ടി. കോൺഗ്രസിനെ ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്ന ആരോപണം നേതാക്കൾ തള്ളിക്കളഞ്ഞെങ്കിലും രാഷ്ട്ര മഞ്ചിന്റെ മൂന്നു വർഷത്തെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവായി ഈ യോഗം.

ബിജെപിയുടെയും നരേന്ദ്രമോദിയുടെയും നയങ്ങളെ എതിർക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണു 2018ൽ സിൻഹ രാഷ്ട്ര മഞ്ച് രൂപീകരിച്ചത്. അന്ന് അതിൽ പങ്കെടുത്ത രണ്ടു പ്രധാന വ്യക്തികൾ മുൻ കേന്ദ്രമന്ത്രിമാരായിരുന്നു– ബിജെപി വിമതൻ ശത്രുഘ്നൻ സിൻഹയും തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേശ് ത്രിവേദിയും. ശത്രുഘ്നൻ പിന്നീടു കോൺഗ്രസിലേക്കു പോയി. ത്രിവേദിയാകട്ടെ ബിജെപിയിലേക്കും കൂറുമാറി. രാഷ്ട്ര മഞ്ച് സ്ഥാപകനായ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി ഈ വർഷം സ്ഥാനമേറ്റു. കൗതുകകരമെന്നു പറയാം, തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയുടെ ഹിറ്റ് ലിസ്റ്റിലുള്ള മൂന്നു കക്ഷികൾ ക്രമത്തിൽ പറഞ്ഞാൽ ഇവരാണ്–ബിജെപി,കോൺഗ്രസ്, സിപിഎം.

കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎയുടെ ഭാഗമായ ശരദ് പവാറിനെത്തന്നെ കഴിഞ്ഞദിവസത്തെ രാഷ്ട്ര മഞ്ച് യോഗത്തിന്റെ ആതിഥേയനായി കൊണ്ടുവന്നതു യശ്വന്ത് സിൻഹയുടെ അട്ടിമറിയായിരുന്നു. യോഗത്തിലേക്കു ക്ഷണിക്കപ്പെട്ട കക്ഷികളിൽ സിപിഐയും സിപിഎമ്മുമുണ്ടായിരുന്നു. ഇരുപാർട്ടികളും കോൺഗ്രസുമായി ചേർന്നു മുന്നണിയുണ്ടാക്കിയാണു ബംഗാളിൽ മമതയ്ക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പക്ഷേ ഒരു സീറ്റു പോലും കിട്ടിയില്ല. ചില കോൺഗ്രസ് നേതാക്കളെയും ക്ഷണിച്ചിരുന്നെന്നാണു സംഘാടകർ അവകാശപ്പെട്ടത്. പക്ഷേ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തു ലഭിച്ചില്ല. രാഷ്ട്ര മഞ്ച് യോഗത്തിൽ വലിയ പ്രതീക്ഷയില്ലാത്തതുകൊണ്ടാവാം മമത ബാനർജി ഇതെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. നാൽപതിലേറെ രാഷ്ട്രീയ കക്ഷികൾക്കായിരുന്നു ക്ഷണം. പങ്കെടുത്തുവെന്നു വരുത്താൻ വേണ്ടിയാണു പല രാഷ്ട്രീയകക്ഷികളും പ്രതിനിധികളെ അയച്ചത്.

പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്കു വേദിയൊരുക്കാനുള്ള ഇത്തരം കൂട്ടായ്മകൾ ഇന്ത്യൻ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി പണ്ടേയുള്ളതാണ്. രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയകക്ഷിയായ കോൺഗ്രസിലാണ് ഇത്തരം ഗ്രൂപ്പുകൾ ഏറ്റവും കൂടുതലുണ്ടായിട്ടുള്ളത്. രാഷ്ട്രീയലക്ഷ്യത്തോടെ അരാഷ്ട്രീയസംഘടനകൾ രൂപീകരിക്കുന്ന രീതികൾ സംസ്ഥാനതലത്തിലും കുറവല്ല.

മുൻപ്രധാനമന്ത്രി വി.പി.സിങ്ങിന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ ‘ജനമോർച്ച’ എന്ന ബോർഡ് ദീർഘകാലമുണ്ടായിരുന്നു. 1987ൽ സ്വന്തം ജന്മദിനത്തിലാണു വി.പി.സിങ് ജനമോർച്ച രൂപീകരിച്ചത്. അഴിമതിക്കെതിരായ കോൺഗ്രസിലെ കൂട്ടായ്മയായാണു സിങ് ജനമോർച്ചയെ വിശേഷിപ്പിച്ചതെങ്കിലും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെയുള്ള കോൺഗ്രസിലെ വിമതരുടെ വേദിയായി അതു മാറി.  തുടർന്നു വി.പി. സിങ്ങിനെ കോൺഗ്രസ് പുറത്താക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കളായ വി.സി.ശുക്ല, ആരിഫ് മുഹമ്മദ് ഖാൻ, അരുൺ നെഹ്റു എന്നിവർക്കൊപ്പം ചേർന്നു വി.പി.സിങ് ജനമോർച്ചയെ രാഷ്ട്രീയകക്ഷിയാക്കി മാറ്റി. താമസിയാതെ നാലു പ്രതിപക്ഷ കക്ഷികൾ ചേർന്നു രൂപീകരിച്ച ജനതാദളിൽ ജനമോർച്ച ലയിക്കുകയും ചെയ്തു. 1989ൽ ബിജെപിയുടെയും ഇടതുപാർട്ടികളുടെയും പുറമേനിന്നുള്ള പിന്തുണയോടെ വി.പി.സിങ് പ്രധാനമന്ത്രിയായി.

ഐഎഎസിൽനിന്നു രാജിവച്ചെത്തിയ യശ്വന്ത് സിൻഹയും അന്നു സിങ്ങിനെ പിന്തുണച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിനു ജൂനിയർ മന്ത്രി പദവി മാത്രമാണു കിട്ടിയത്. പിന്നീടു കോൺഗ്രസിന്റെ പുറമേ നിന്നുള്ള പിന്തുണയോടെ രൂപീകരിച്ച ചന്ദ്രശേഖറിന്റെ ന്യൂനപക്ഷ സർക്കാരിൽ സിൻഹ ധനമന്ത്രിയായി. 1990കളിൽ ജനതാദൾ ഭിന്നിച്ചപ്പോൾ വി.പി.സിങ് വീണ്ടും ജനമോർച്ചയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ സിങ്ങിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ അജേയ കോൺഗ്രസിലാണു ചേർന്നത്.

കോൺഗ്രസിലെ തിരുത്തൽശക്തിയായി മാറിയ  പ്രധാന ഗ്രൂപ്പുകളിലൊന്നു ജയപ്രകാശ് നാരായണും  റാം മനോഹർ ലോഹ്യയും ചേർന്നു രൂപീകരിച്ചതാണ്. 1960കളിലാണ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ യുവതുർക്കികൾ രൂപം കൊണ്ടത്. ചന്ദ്രജിത് യാദവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് ഫോറം എന്നൊരു സംഘടനയും ഉണ്ടായിരുന്നു. മഹാത്മാഗാന്ധി,ജവാഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി എന്നിവരുടെ കാലത്തു കോൺഗ്രസിൽ വലതുപക്ഷ ശക്തികൾ ആധിപത്യം നേടുന്നതു തടയാനായി ശക്തമായ സോഷ്യലിസ്റ്റ് ആശയ പ്രതിരോധത്തിനു ശ്രമിച്ച ഗ്രൂപ്പുകളായിരുന്നു ഇവയെല്ലാം. നെഹ്റുവിനോടും ഇന്ദിരയോടും പിണങ്ങി ലോഹ്യയും ചന്ദ്രശേഖറും പിന്നീടു സ്വന്തം രാഷ്ട്രീയകക്ഷികൾ ഉണ്ടാക്കി.

Sharad Pawar
ശരദ് പവാർ

ബിജെപിയിൽ ഇത്തരത്തിൽ പരിഷ്കരണവാദി സംഘത്തിനു രൂപം കൊടുത്തതു സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി ഗോവിന്ദാചാര്യയാണ്. അടൽ ബിഹാരി വാജ്‌പേയിക്കെതിരെ അദ്ദേഹം സ്വാശ്രയത്വ പ്രചാരണം എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ സ്വാഭിമാൻ ആന്തോളൻ രൂപീകരിച്ചു. മികച്ച സംഘാടകനായ ഗോവിന്ദാചാര്യയ്ക്കു പക്ഷേ, ആർഎസ്എസ് വിഭാഗമായ സ്വദേശി ജാഗരൺ മഞ്ച് ഉണ്ടാക്കിയ സ്വാധീനത്തെ മറികടക്കാനായില്ല.

കർണാടകയിൽ പട്ടികവിഭാഗ, പിന്നാക്ക ജാതി, ന്യൂനപക്ഷ കൂട്ടായ്മയായി സിദ്ധരാമയ്യ രൂപം കൊടുത്ത അഹിന്ദ വലിയ മുന്നേറ്റമായിരുന്നു. ദേവെഗൗഡയുടെ ജനതാദൾ സെക്കുലറിന് എതിരെയായിരുന്നു ഇത്. പിന്നീടു സിദ്ധരാമയ്യ കോൺഗ്രസിൽ ചേർന്നു മുഖ്യമന്ത്രിയായെങ്കിലും അഹിന്ദ പിരിച്ചുവിട്ടില്ല. സംസ്ഥാന കോൺഗ്രസിൽ നേതൃത്വത്തിനായി വീണ്ടും പിടിവലി ശക്തമായതോടെ അഹിന്ദയുടെ നേതൃത്വത്തിൽ സിദ്ധരാമയ്യ ഈ വർഷാവസാനം നാലു സമ്മേളനങ്ങൾക്കു പദ്ധതിയിടുന്നുണ്ട്. ദലിത് നേതാക്കളുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളിൽ അംബേദ്കർ സ്റ്റഡി സെന്ററുകളും രൂപമെടുത്തിട്ടുണ്ട്. കേരളത്തിലും മുൻപു കോൺഗ്രസ് ഗ്രൂപ്പുവഴക്കിന്റെ മൂർധന്യത്തിൽ തിരുത്തൽവാദികൾ എന്ന പേരിൽ ഗ്രൂപ്പു രൂപമെടുക്കുകയുണ്ടായി.

പവാറിന്റെ വസതിയിൽ ചേർന്ന രാഷ്ട്ര മഞ്ച് സമ്മേളനം വിജയമായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു മൂന്നുവർഷം കൂടിയുണ്ടെന്നതിനാൽ, ദേശീയ രാഷ്ട്രീയമണ്ഡലത്തിൽ ഇത്തരം കൂടുതൽ കൂട്ടായ്മകൾ വരുംദിവസങ്ങളിൽ രൂപംകൊണ്ടേക്കും.

English Summary: Yashwant Sinha and Rashtra Manch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA