ADVERTISEMENT

കർഷകരുടെ പേരു പറഞ്ഞു നടത്തിയ കോടികളുടെ മരംകൊള്ളയുടെ പൂർണചിത്രം ഇപ്പോഴും ലഭ്യമായിട്ടില്ല. കർഷകരെ സഹായിക്കാൻ എന്ന പേരിൽ റവന്യു വകുപ്പിൽനിന്ന് ഇറക്കിയ സർക്കുലറും ഉത്തരവും ദുർവ്യാഖ്യാനം ചെയ്താണു മരംകൊള്ള നടത്തിയത്. മൂന്നു മാസത്തിനുശേഷം ഉത്തരവു റദ്ദാക്കിയതോടെ കൊള്ള താൽക്കാലികമായി അവസാനിച്ചെങ്കിലും കർഷകരുടെ പ്രശ്നങ്ങൾമാത്രം പരിഹാരമില്ലാതെ ബാക്കിയായി.

ചില പ്രത്യേക താൽപര്യത്തോടെയെന്ന് ആർക്കും തോന്നുന്ന തരത്തിൽ ഉത്തരവിറക്കുകയും വൻകിടക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന വിവാദമുയർന്നപ്പോൾ പിൻവലിക്കുകയും ചെയ്ത സർക്കാർ നടപടിയിൽ ബലിയാടുകളാകേണ്ടി വന്നതു പാവപ്പെട്ട കർഷകരാണ്. സ്വന്തം വളപ്പിലെ മരങ്ങൾ സ്വന്തം ആവശ്യങ്ങൾക്കുപോലും, നിയമമനുസരിച്ചുതന്നെ മുറിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ പലയിടത്തും കർഷകർ.

സർക്കാർ നിശ്ചയിച്ച ചെറിയവില കണക്കാക്കുമ്പോൾപോലും 15 കോടിയോളം രൂപയുടെ നഷ്ടം ഇതിനകം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഇതിന്റെ 10 മടങ്ങാണു മുറിച്ചിട്ട മരങ്ങളുടെ യഥാർഥ വിപണിവിലയെന്നു കണക്കാക്കുമ്പോൾ 150 കോടിയോളം രൂപയുടെ മരംകൊള്ളയാണ് 2020 ഒക്ടോബറിനുശേഷം കേരളത്തിലുണ്ടായത്. അതിനു പിന്നിലുള്ളവരെ വെളിച്ചത്തു കൊണ്ടുവരികതന്നെ വേണം. തുച്ഛമായ തുക നൽകിയാണു മരങ്ങൾ മുറിച്ചെടുത്തത്.

പട്ടയഭൂമിയിലെ മരം മുറിക്കാമെന്ന ഉത്തരവിന്റെ മറവിൽ വനത്തിലെ മരങ്ങൾ വെട്ടിയെന്ന ആരോപണവും അന്വേഷിക്കേണ്ടതുണ്ട്. വയനാട് മുട്ടിൽ മരംമുറിക്കേസിൽ പിടിച്ചെടുത്ത തടിയുടെ അളവു നോക്കിയാൽ സ്വാഭാവിക വനംമേഖലയിൽ നിന്നുള്ളതാണെന്നു സംശയിക്കാമെന്നു സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി.

മരംവെട്ടിന്റെ പേരിൽ വനം വകുപ്പ് ‘ജന്മം പട്ടയ’ഭൂമികളിൽ മരങ്ങളുടെ നിജസ്ഥിതി കൂടി പരിശോധിക്കാൻ തുടങ്ങിയതോടെ പലയിടത്തും കർഷകർ ആശങ്കാകുലരാണ്. പട്ടയം കിട്ടിയ ഭൂമിയിലെ മരമാണോ, മുറിക്കാൻ സാധിക്കുന്നതാണോ തുടങ്ങിയ സാക്ഷ്യപ്പെടുത്തലുകളൊന്നും ഇപ്പോൾ നടക്കുന്നില്ല. ഭൂമിക്കു സർക്കാർ പട്ടയം നൽകുന്നത് 1964ലെ ഭൂമിപതിവു ചട്ടങ്ങൾ പ്രകാരമാണ്. ഇതിന്റെ ചുവടുപിടിച്ചു വിവിധതരം പട്ടയങ്ങൾ നൽകിയിട്ടുമുണ്ട്. പട്ടയഭൂമിയിലെ വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം അതതു പട്ടയങ്ങളിലെ വ്യവസ്ഥകൾക്കു വിധേയമാണുതാനും. മരസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധചട്ടങ്ങൾ വേറെയും നിലവിലുണ്ട്.

പട്ടയം കിട്ടിയ ഭൂമിപോലെ അതിലെ മരങ്ങളും കർഷകർക്ക് അവകാശപ്പെട്ടതു തന്നെയാണെന്ന വാദം ഈ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാകുന്നു. പട്ടയം ലഭിച്ചതിനു ശേഷം ഭൂമിയിൽ വളർന്നുവന്നതും കർഷകർ പരിപാലിച്ചതുമായ മരങ്ങൾ മുറിക്കാനുള്ള അവകാശം കർഷകർക്കുതന്നെ നൽകണമെന്നാണ് ആവശ്യം. ഇതിനായി സർക്കുലറും ഉത്തരവുമല്ല, 1964ലെ ഭൂപതിവുചട്ടം ഭേദഗതിചെയ്തു കർഷകർക്ക് അനുകൂലമാക്കുകയാണു വേണ്ടത്. മരസംരക്ഷണ നിയമത്തിലും ആവശ്യമായ ഭേദഗതി വരുത്തണം.

സ്വകാര്യഭൂമിയിൽ നിൽക്കുന്ന ചന്ദനമരങ്ങൾ മുറിക്കാൻ കർഷകർക്കു സാധിക്കില്ലെങ്കിലും അതിന്റെവില അവർക്കു ലഭിക്കുന്ന രീതിയിൽ കേരള സാൻഡൽ റൂൾസ് ഭേദഗതി ചെയ്തിട്ടുണ്ട്. സർക്കാരിനു ചെലവാകുന്ന തുക കഴിച്ചു മരത്തിന്റെ വില പൂർണമായും കർഷകനാണു ലഭിക്കേണ്ടത്. ഇതേരീതിയിൽ, പട്ടയം കിട്ടുന്ന സമയത്തു ഭൂമിയിൽ നിലനിന്നിരുന്ന മരങ്ങളുടെ അവകാശവും കർഷകർക്കു നൽകണമെന്നാണ് അവരുടെ ആവശ്യം. മരത്തിന്റെ വിലയുടെ ഒരു ഭാഗം കർഷകർക്കു നൽകി, വനംവകുപ്പിന്റെ മേൽനോട്ടത്തിൽ നിയന്ത്രിതമായി മുറിക്കാനുള്ള സംവിധാനവും ഒരുക്കണം.

ഏറ്റവും പ്രായംചെന്ന മരം ആദ്യം വെട്ടാവുന്നവിധം പട്ടിക തയാറാക്കി, ഓരോ വർഷവും നിയന്ത്രിതമായി വെട്ടുന്നതിന് അനുമതി നൽകുകയും ആ മരത്തിന്റെ വിലയുടെ നല്ലൊരു ശതമാനം കർഷകർക്കു നൽകുകയും വേണം. വെട്ടുന്ന മരത്തിനുപകരം പുതിയതായി അഞ്ചിരട്ടി വരെ മരം വച്ചുപിടിപ്പിക്കാനും വളർത്താനും അപ്പോൾ കർഷകർ തയാറാകുമെന്നു തീർച്ച. ഇതൊക്കെ നടപ്പാക്കാൻ കഴിഞ്ഞാൽത്തന്നെ കർഷകരുടെ പേരു പറഞ്ഞു പ്രബലർ നടത്തുന്ന മരംകൊള്ളയ്ക്ക് അവസാനമായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com