ADVERTISEMENT

സമൂഹമാധ്യമങ്ങളിലെ സ്തുതിപാഠകർക്കു സിപിഎം നൽകുന്ന തണലിന്റെ മറവിൽ ഒരു സംഘം യുവാക്കൾ നടത്തുന്ന ഇടപാടുകൾ നേതാക്കൾക്കുപോലും ചോദ്യം ചെയ്യാനാകാത്ത നിലയിലേക്കു വളരുന്നു. സ്വർണക്കടത്ത്, കള്ളപ്പണ ഇടപാട്, ക്വട്ടേഷൻ തുടങ്ങി കൊലപാതകം വരെ ജയിലിൽ നിന്നു പോലും ആസൂത്രണം ചെയ്യുന്ന രാജ്യാന്തര ബന്ധങ്ങളുള്ള സംഘങ്ങളായി ഇവർ മാറുമ്പോൾ പാർട്ടി അംഗങ്ങളിലേക്കും ഈ സ്വാധീനം എത്തിത്തുടങ്ങി. പലപ്പോഴും പാർട്ടിക്കു കണ്ണടയ്ക്കേണ്ടിവരുന്നു. പാർട്ടി അനുഭാവത്തിന്റെ മറവിൽ ന്യൂജൻ ക്വട്ടേഷൻ സംഘങ്ങൾ നടത്തുന്ന ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ പരമ്പര ഇന്നു മുതൽ.

‘‘ദൗർബല്യങ്ങൾ തിരുത്താൻ തയാറാകാത്ത പ്രവർത്തകരെ കയ്യൊഴിയണം. ഏതു സാഹചര്യത്തിലായാലും ഇത്തരക്കാരുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. റിയൽ എസ്‌റ്റേറ്റുകാരും പലിശയ്‌ക്കു പണം കൊടുക്കുന്നവരും നിലം നികത്തൽ സംഘവുമായി ബന്ധമുള്ളവരുമൊന്നും നേതൃത്വത്തിൽ എത്തരുത്. സമൂഹത്തിനു പൊതുവേ സ്വീകാര്യമല്ലാത്ത ഇടപാടുകളിൽ മുഴുകിയവരെ അകറ്റിനിർത്തണം. എല്ലാറ്റിനും ഒരു നിരീക്ഷണം അത്യാവശ്യമാണ്. പാർട്ടിയുടെ ശക്‌തിയെക്കുറിച്ചു നമുക്കറിയാം, അതുകൊണ്ടുതന്നെ ദൗർബല്യങ്ങളിൽ നിന്ന് മോചിപ്പിക്കുകയാണ് ഇനി വേണ്ടത്. കറകളഞ്ഞ പാർട്ടി പ്രവർത്തകനായി മാറാൻ എല്ലാ സഹായങ്ങളും നൽകണം. അതിനുശേഷവും പഴയനിലപാട് തുടരുന്നവരുടെ സ്‌ഥാനം സംഘടനയ്‌ക്കു പുറത്താണ്.’’

(2013 നവംബറിൽ പാലക്കാട്ടു ചേർന്ന സിപിഎം സംസ്‌ഥാന പ്ലീനത്തിൽ അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ അവതരിപ്പിച്ച സംഘടനാരേഖയിൽ നിന്ന്)

പാലക്കാട് പ്ലീനത്തിൽ നിന്ന് എട്ടു വർഷങ്ങൾക്കിപ്പുറം സംഘടനാരേഖയിൽ പറഞ്ഞ അകറ്റിനിർത്തപ്പെടേണ്ടവരുടെ പട്ടികയിലേക്കു പുതിയ മേഖലകൾ എഴുതിച്ചേർക്കുകയാണു സിപിഎം. റിയൽ എസ്റ്റേറ്റും പലിശയ്ക്കു പണം കൊടുക്കലും പോലുള്ള ലോക്കൽ ഇടപാടുകൾ വിട്ടു രാജ്യാന്തര ആസൂത്രണമുള്ള സ്വർണക്കടത്തിലേക്കും തട്ടിക്കൊണ്ടുപോകലുകളിലേക്കും ഉള്ള ഉയർച്ചയാണിത്. പാർട്ടി അംഗത്വമില്ലെന്ന സ്ഥിരംവാദം ഉയരുമ്പോഴും പാർട്ടി ബന്ധവും നേതാക്കളുമായുള്ള അടുപ്പവുംകൊണ്ടു തന്നെയാണ് ഇത്തരക്കാർ വളർന്നതെന്നതിനു തെളിവുകൾ പുറത്തുവരുന്നു. രാമനാട്ടുകരയിൽ 5 പേർ മരിച്ച അപകടത്തെത്തുടർന്നു സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് പിടിയിലായ അർജുൻ ആയങ്കി അത്തരം ബന്ധങ്ങൾകൊണ്ടു തഴച്ചവരുടെ പ്രതിനിധിയായി സമൂഹത്തിനു മുന്നിൽ പെട്ടെന്നു പൊട്ടിവീണു.

സമൂഹമാധ്യമങ്ങളിൽ പ്രചാരകരായി വന്നു ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നവരെ തള്ളിപ്പറയാനായി വിളിച്ച പത്രസമ്മേളനത്തിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർക്കു പുറമേ ഇരുപതോളം പേരുകളും പറഞ്ഞു. ഡിവൈഎഫ്ഐ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുനെ മൂന്നുവർഷം മുൻപു സംഘടനയിൽ നിന്നു പുറത്താക്കിയെങ്കിലും സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും പാർട്ടി പ്രവർത്തനവുമായി സജീവമായിരുന്നു. അർജുനെപ്പോലുള്ള പാർട്ടി അംഗത്വമില്ലാത്ത സജീവ അനുഭാവികളുടെ നേതൃത്വത്തിൽ കണ്ണൂർ കേന്ദ്രീകരിച്ചു വേറെയും സംഘങ്ങളുണ്ട്. അവർക്കു ഫാൻസ് സംഘങ്ങളും വേറെ.

ഓപ്പറേഷൻ ന്യൂ ജനറേഷൻ

വിദേശത്തുനിന്നു കാരിയർമാരെ നിയോഗിച്ച് ഇന്ത്യയിലേക്കു സ്വർണം കടത്തുക, മറ്റു കള്ളക്കടത്തുകാരുടെ സ്വർണം കവർച്ച ചെയ്യുക, സ്വർണം നഷ്ടപ്പെട്ടവരുമായി വിലപേശുക തുടങ്ങിയവയാണ് അർജുന്റെ സംഘത്തിന്റെ പ്രധാന ഓപ്പറേഷനുകളെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു സംഘത്തിനു വേണ്ടിയെത്തുന്ന സ്വർണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ ഓപ്പറേഷനിലാണ് ഇവർ സ്പെഷലൈസ് ചെയ്തിരിക്കുന്നത്. 22 തവണയായി ഇങ്ങനെ 6 കോടിയുടെ സ്വർണം തട്ടിയെടുത്തതായി അന്വേഷണസംഘം പറയുമ്പോഴും അതിൽക്കൂടുതൽ പോയതായി നഷ്ടപ്പെട്ടവർ പറയുന്നു. പാർട്ടിക്കാരും ഇതിനു പിന്നിലുണ്ടെന്ന് അർജുൻ കാരിയർമാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതിയും സിപിഎമ്മിന്റെ സജീവ സൈബർ പോരാളിയുമായ ആകാശ് തില്ലങ്കേരിയുടെ ഇടപെടലുകളും ഇപ്പോൾ വിവാദമായിട്ടുണ്ട്.

പുറത്തുവരാത്ത നടപടി

ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയുമായും ഒരു ബന്ധവുമില്ലെന്നു സിപിഎം പറയുമ്പോഴും പാർട്ടിബന്ധത്തിനു തെളിവുകൾ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇപ്പോഴും ഉണ്ട്. പാർട്ടി നേതാക്കളുമൊത്തുള്ള ചിത്രങ്ങളും ചുവന്ന വേഷവും മുദ്രാവാക്യങ്ങളും എതിരാളികൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങളുമെല്ലാം ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു.ഷുഹൈബ് വധക്കേസിൽ പ്രതിയായതിനെത്തുടർന്ന് ആകാശ് തില്ലങ്കേരിയെ പുറത്താക്കിയെന്നാണു സിപിഎം പറയുന്നത്.

അർജുൻ ആയങ്കി ഡിവൈഎഫ്ഐ ഭാരവാഹി ആയിരുന്നെങ്കിലും ഇപ്പോൾ പാർട്ടി ബന്ധമില്ലെന്ന് പറയുന്നു. എന്നാൽ ഇതേ അർജുനെ മാലയിട്ടു പാർട്ടി പ്രവർത്തകർ സ്വീകരിക്കുന്ന ചിത്രം വരെ സമൂഹമാധ്യമങ്ങളിലുണ്ട്. പാർട്ടിയുമായി ഒരു ബന്ധവും ഇല്ലാത്ത ആൾ എങ്ങനെ കഴിഞ്ഞ തിഞ്ഞെടുപ്പുകളിൽ പാർട്ടിക്കുവേണ്ടി സജീവമായി പ്രവർത്തിച്ചു എന്ന ചോദ്യത്തിനും വ്യക്തമായ വിശദീകരണമില്ല. സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനെ ഉയർത്തിക്കാട്ടി ഉണ്ടാക്കിയ പിജെ ആർമിയെന്ന ഫെയ്സ്ബുക് കൂട്ടായ്മയിലും ഇരുവരും സജീവമായിരുന്നു. ഇവർക്കെതിരെ പാർട്ടി നടപടി എടുത്തിട്ടുണ്ടെങ്കിൽ തന്നെ ആ വിവരം രഹസ്യമായിരുന്നു എന്നതിന്റെ സൂചനകളാണ് ഇത്. പാർട്ടിയുടെയും നേതാക്കളുടെയും തണലിൽ നിൽക്കുന്നവർക്കു പാർട്ടിയുമായി ബന്ധമില്ലെന്നു പറയുന്നതിലെ പൊരുത്തക്കേടാണ് സിപിഎമ്മിനു നേരെ ചോദ്യങ്ങളുയരാൻ കാരണമാകുന്നത്.

സൈബർ താരങ്ങൾ

സ്വർണക്കടത്തും ക്വട്ടേഷനും നടത്തുന്നവരെ തള്ളിപ്പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജർ നാലു ദിവസം മുൻപിട്ട ഫെയ്സ്‌ബുക് പോസ്റ്റിന് ഇന്നലെ വരെ കിട്ടിയത് 3,700 ലൈക്ക്. ഈ പോസ്റ്റിലെ ഒരു പരാമർശത്തിനു മറുപടിയായി ആകാശ് തില്ലങ്കേരി ഇന്നലെ ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് ഒറ്റ ദിവസം കിട്ടിയത് 9,000 ലൈക്ക്. ലൈക്കും കമന്റും രേഖപ്പെടുത്തിയ പ്രൊഫൈലുകളുടെയും നിറം ചുവപ്പാണ്. ആകാശിനും അർജുനുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കളെക്കാൾ ഫോളോവേഴ്സുണ്ട്. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇവരുടെ പേരെടുത്തു പറഞ്ഞു തള്ളിപ്പറഞ്ഞിട്ടും ഇതിനു മാറ്റമില്ല.

നേതാക്കളെക്കാൾ സ്വാധീനവും സ്വീകാര്യതയും ഇത്തരക്കാർക്കു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നു എന്നതും പാർട്ടിക്കു വെല്ലുവിളിയാണ്. പാർട്ടി ബന്ധത്തിന്റെ തണലിലും സമൂഹമാധ്യമങ്ങളിലെ സ്വാധീനത്തിലുമാണ് അർജുൻ ഓപ്പറേഷനുകൾ ആസൂത്രണം ചെയ്തിരുന്നതെന്ന നിഗമനത്തിലാണ് അന്വേഷണസംഘങ്ങളും. സ്വർണക്കടത്തിലൂടെ നേടുന്ന കള്ളപ്പണം ആഡംബരജീവിതത്തിനു വിനിയോഗിച്ചു മറ്റു യുവാക്കളെയും ഈ വഴിയിലേക്ക് ആകർഷിക്കാൻ അർജുൻ ശ്രമിച്ചിരുന്നതായി കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഇതിനായി സമൂഹമാധ്യമങ്ങളെയും ദുരുപയോഗിച്ചിട്ടുണ്ട്. കുറഞ്ഞകാലം കൊണ്ടു സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയനിലപാടുകൾ വഴി കേരളം മുഴുവൻ ആരാധകരുണ്ടാക്കാൻ അർജുനു കഴിഞ്ഞിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

പാർട്ടി അംഗങ്ങളും അർജുനുമായി സജീവബന്ധം പുലർത്തിയിരുന്നു. സിപിഎം മോയാരം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായിരുന്ന സി.സജേഷിനെ പാർട്ടി സസ്പെൻഡ് ചെയ്തതും ഇതെത്തുടർന്നാണ്. സഹകരണ ബാങ്കിൽ ഗോൾഡ് അപ്രൈസറായിരുന്ന സജേഷിന്റെ പേരിലുള്ള കാറാണ് അർജുൻ ഉപയോഗിച്ചിരുന്നത്. സിപിഎം അംഗമായ മറ്റൊരു സഹകരണ ബാങ്ക് ജീവനക്കാരനും അർജുനുമായി ബന്ധമുണ്ടെന്നു സൂചനകളുണ്ട്. ഇയാളും ബാങ്കിൽ ഗോൾഡ് അപ്രൈസറാണ്. പല രൂപത്തിൽ കടത്തി ക്കൊണ്ടുവരുന്ന സ്വർണം വേർതിരിച്ചെടുക്കാനും രൂപമാറ്റം വരുത്താനും സ്വർണപ്പണി അറിയാവുന്നവരെ കടത്തുസംഘങ്ങൾക്ക് ആവശ്യമുണ്ട്. ഇവരെ രണ്ടു പേരെയും ഈ രീതിയിൽ ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘങ്ങൾ പരിശോധിക്കുന്നുണ്ട്.

cpm-quotation-cartoon

ക്വട്ടേഷൻ സംഘത്തിലുള്ള ചിലർ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ചേരുന്നുണ്ടെന്നു പാർട്ടി നേരത്തേ കണ്ടെത്തിയിരുന്നു. അതിലൂടെ സൗഹൃദവലയം സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്. അവർ നടത്തുന്ന ക്രൂരത മറച്ചുവച്ചു സമൂഹത്തിൽ മാന്യത കിട്ടാൻ വേണ്ടിയാണ് ഇതെന്ന് എം.വി.ജയരാജൻ ദിവസങ്ങൾക്കു മുൻപു വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ നിയന്ത്രണത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇവരുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണവും സിപിഎം നടത്തുന്നുണ്ട്.

നേതാവാണ് പക്ഷേ അംഗമല്ല

മൂന്നു വർഷം മുൻപാണ്. കണ്ണൂർ ജില്ലയിൽ സിപിഎം പ്രവർത്തകൻ നേതൃത്വം നൽകുന്ന ഗുണ്ടാസംഘത്തെക്കുറിച്ചു പാർട്ടി സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചു. ഭരണതലത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തിയുടെ സഹോദരനെക്കുറിച്ചായിരുന്നു പരാതി. സ്വർണക്കടത്ത്, കള്ളപ്പണ ഇടപാട്, ക്വട്ടേഷൻ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്ന സംഘത്തെക്കുറിച്ചുള്ള പരാതി ശരിയാണെന്നു പാർട്ടി നടത്തിയ അന്വേഷണത്തിൽ ബോധ്യമായി.

arjun-ayanki-cpm-volunteer-2
അർജുൻ ആയങ്കി റെഡ് വാെളന്റിയർ മാർച്ചിൽ. ( സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം)

അന്വേഷണവും നടപടിയുമെല്ലാം അൽപകാലം നീണ്ടെങ്കിലും ഒടുവിൽ അയാളെ പാർട്ടി അംഗത്വത്തിൽ നിന്നു നീക്കം ചെയ്യാൻ സംസ്ഥാന സമിതി തീരുമാനിച്ചു. വിവരം ജില്ലാ കമ്മിറ്റിയെ അറിയിച്ചു. ജില്ലാ കമ്മിറ്റി അന്വേഷിച്ചപ്പോഴാണു കാര്യമറിഞ്ഞത്. സംസ്ഥാന നേതൃത്വത്തിനു ലഭിച്ച പരാതിയിൽ പരാമർശിക്കപ്പെട്ട ആൾ ആ വർഷം അംഗത്വം പുതുക്കിയിട്ടില്ല. തനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞതോടെയായിരുന്നു തന്ത്രപരമായ ആ നീക്കം.

അംഗത്വമില്ലാത്തയാളെ എങ്ങനെ പുറത്താക്കും. ഒടുവിൽ, ക്വട്ടേഷൻ സംഘങ്ങൾക്ക് ഒരുതരത്തിലുമുള്ള പാർട്ടി സംരക്ഷണവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നു കീഴ്ഘടകങ്ങൾക്കു നിർദേശം നൽകി പാർട്ടി ആ പരാതി തീർപ്പാക്കി. അംഗത്വമില്ലെങ്കിലും നേരത്തേ പറഞ്ഞ വ്യക്തി ഇപ്പോഴും പാർട്ടിയുടെ ചില സംസ്ഥാന നേതാക്കളുടെ ഉൾപ്പെടെ വിശ്വസ്തനാണ്. തനിക്കെതിരെ സംസ്ഥാന സമിതി അന്വേഷണം നടത്തുന്നതും നടപടി തീരുമാനിച്ചതും മുൻകൂട്ടിയറിഞ്ഞതും ഈ അടുപ്പം മൂലം തന്നെ.

മൂന്നിലൊന്ന് പാർട്ടിക്കാർക്ക്

സ്വർണക്കടത്തു പൊട്ടിക്കലിനു പിറകിൽ ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും ഷാഫിയുടെയും കൈകളാണെന്ന തരത്തിലുള്ള ശബ്ദരേഖ ദൃശ്യമാധ്യമങ്ങളിലൂടെ ഇന്നലെ പുറത്തു വന്നിരുന്നു. എന്നാൽ ശബ്ദസന്ദേശം തില്ലങ്കേരി സ്വദേശി കുട്ടന്റേതാണെന്നും കുട്ടൻ നിലവിൽ ദുബായിലാണെന്നും ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി വാർത്താചാനലിനോടു വൈകുന്നേരം പറഞ്ഞു. തന്റെ പേരു ക്വട്ടേഷൻ സംഘങ്ങൾ ഉപയോഗിക്കുകയാണെന്നും ഷാഫി പറഞ്ഞു. ആധികാരികത ഇനിയും വെളിപ്പെടാനിരിക്കുന്ന ശബ്ദരേഖയിൽ കള്ളക്കടത്തു സ്വർണത്തിന്റെ യഥാർഥ ഉടമകളെ ഭീഷണിപ്പെടുത്താനും ഒത്തുകളിക്കുന്ന കാരിയറെ സുരക്ഷിതമാക്കാനും വേണ്ടി, പാർട്ടിക്കാരായ ഇവർക്കു മൂന്നിലൊന്നു വിഹിതം നൽകുന്നുണ്ടെന്നും പറയുന്നു.

കണ്ണൂരിലും കോഴിക്കോടുമായി കളിക്കുന്നത് പാർട്ടിയുടെ ആരൊക്കെയായിരിക്കുമെന്നു നിനക്കറിയില്ലേയെന്നു ശബ്ദരേഖയിൽ ചോദിക്കുന്നുണ്ട്. മൂന്നിലൊന്നു പാർട്ടിക്കാർക്കു കൊടുക്കാനാണ് എന്നും പറയുന്നു. കള്ളക്കടത്ത് സ്വർണം അടിച്ചു മാറ്റാൻ വേണ്ടി ഒത്തുകളിക്കാൻ തയാറായ കാരിയർക്ക്, ക്വട്ടേഷൻ സംഘം നിർദേശം നൽകുന്നതാണു ശബ്ദരേഖയിലുള്ളത്. സംരക്ഷണമില്ലെങ്കിൽ, സ്വർണക്കടത്തുകാർ പുറകെ വരുമെന്നും സുനിയോ ഷാഫിയോ ഇടപെട്ടാൽ സെയ്ഫ് ആയെന്നും പറയുന്നുണ്ട്. അവർ ഒരു തവണ വിളിച്ച ശേഷവും സ്വർണക്കടത്തുകാർ പുറകെ വന്നാൽ, അവർ നേരിട്ടു പോയി കണ്ടു തീർത്തോളുമെന്നും കടത്തുകാർക്കു പിന്നെ സ്വർണം കിട്ടില്ലെന്നും കിട്ടിയിട്ടു കാര്യമില്ലെന്നും ശബ്ദരേഖയിൽ പറയുന്നു.

പാർട്ടി എന്തിനു ഭയക്കുന്നു...

aakash-thillankeri-post
ആകാശ് തില്ലങ്കേരി

ആകാശ് തില്ലങ്കേരി കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ അൽപം വെല്ലുവിളിയോടെ തന്നെ ഒരു കാര്യം ഉന്നയിച്ചു. ഒറ്റുകാരന്റെ പരിവേഷം നൽകി ഒറ്റപ്പെടുത്താനാണു ശ്രമമെങ്കിൽ പലതും വിളിച്ചു പറയേണ്ടി വരുമെന്നായിരുന്നു അതിന്റെ ധ്വനി. ആ പ്രഖ്യാപനം പിന്നീടു തിരുത്തിയെങ്കിലും എന്തായിരിക്കും ‌വിളിച്ചു പറയാനുണ്ടാവുക എന്ന സംശയം ബാക്കിയായി.

പലകാര്യങ്ങൾക്കും ഇത്തരം സംഘങ്ങളുടെ സഹായം പാർട്ടി പറ്റിയിട്ടുണ്ടാവാം എന്നതു തന്നെയാണ് ഈ വെല്ലുവിളിക്കു പിന്നിലെന്നാണു സംശയം. ഷുഹൈബ് വധക്കേസിൽ പ്രതിയാണ് ആകാശ്. പാർട്ടി പ്രതിസ്ഥാനത്തു നിൽക്കുന്ന കേസാണത്. പലതും വിളിച്ചു പറയുമെന്ന ഭീഷണി മാത്രമല്ല ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ചെറുപ്രായത്തിൽത്തന്നെ പാർട്ടി കേസുകളിൽ പ്രതിയായെന്നും തങ്ങൾക്കും ജീവിക്കണ്ടേയെന്നുമുള്ള ഇവരുടെ ചോദ്യത്തിനു മുൻപിൽ പലപ്പോഴും പാർട്ടിക്കു പലതിനു നേരെയും കണ്ണടയ്ക്കേണ്ടി വരുന്നു. പാർട്ടി ബന്ധത്തിന്റെ പുറത്ത് ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കേണ്ടിയും വരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ കാര്യത്തിൽ തുടങ്ങിയതാണു സിപിഎമ്മിന്റെ ഈ കണ്ണടയ്ക്കൽ.

നാളെ: ജയിൽ ഞങ്ങളുടെ ഹെഡ് ഓഫിസ്

തയാറാക്കിയത്: ജിജോ ജോൺ പുത്തേഴത്ത്, അനിൽ കുരുടത്ത്, കെ.ജയപ്രകാശ് ബാബു, വി.ആർ.പ്രതാപ്, ജിതിൻ ജോസ്.
സങ്കലനം: നിധീഷ് ചന്ദ്രൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com