ADVERTISEMENT

ശത്രുക്കളുടെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിച്ചിരിക്കുകയാണ് അതിർത്തിയിലുള്ള രണ്ടു സൈനികരും. ഒന്നാമൻ റോന്തു ചുറ്റിയതിനുശേഷം രണ്ടാമനോടു പറഞ്ഞു. എനിക്കു നിന്നോട് ഒരു മോശം വാർത്തയും ഒരു നല്ല വാർത്തയും പറയാനുണ്ട്. മോശം വാർത്തയിതാണ്. നമ്മുടെ കയ്യിലുള്ള വെടിയുണ്ടകളെല്ലാം തീർന്നു. വാങ്ങാൻ അടുത്തൊന്നും സൈനിക ക്യാംപുകളോ സൈനികരോ ഇല്ല. രണ്ടാമനു ഭയമായി. ശത്രുക്കൾ ക്രൂരരാണ്. അവരെ വെടിയുണ്ടകൾ പോലുമില്ലാതെ നേരിടുന്നതോർത്ത് അയാൾ വിറയ്ക്കാൻ തുടങ്ങി. എങ്കിലും ആ നല്ല വാർത്ത എന്താണെന്നു ചോദിക്കാൻ അയാൾ മറന്നില്ല. ഒന്നാമൻ പറഞ്ഞു: അടുത്തെങ്ങും ശത്രുവിന്റെ ആക്രമണത്തിന്റെ ഒരു ലക്ഷണവും കാണുന്നില്ല.

ശത്രുവിനെ ഇല്ലാതാക്കുന്നതിനെക്കാൾ എളുപ്പം ശത്രുത ഇല്ലാതാക്കുകയാണ്. ശത്രുതയില്ലാതായാൽ പിന്നെ ശത്രുവും അപ്രത്യക്ഷനാകും. ശത്രുവിനെ വകവരുത്താൻ ആയുധങ്ങളുടെ മിനിമം ശേഖരമെങ്കിലും ഉണ്ടാകണം. ആയുധങ്ങളുടെ മികവും എണ്ണവും കൂടുന്നതനുസരിച്ച് ആത്മധൈര്യവും കൂടും. ശത്രുതയില്ലാതാകണമെങ്കിൽ ആദ്യം ആയുധങ്ങൾ ഉപേക്ഷിക്കണം. വൈരമില്ലാത്തവർക്കു പിന്നെന്തിനാണു പടക്കോപ്പുകൾ. അവസാനിപ്പിക്കാൻ കഴിയാത്ത ഒരു വിരോധവുമില്ല.

അടുക്കാനാകാത്തവിധം ആരും അകലുകയുമില്ല. പക്ഷേ, അതിനുള്ള തീവ്രമായ ആഗ്രഹവും ശ്രമവും വേണം. ശത്രുത ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ആയുധനിർമാതാക്കളും വിതരണക്കാരും ആളുകളുടെ വിദ്വേഷം മുതലെടുത്തു ജീവിക്കുന്നവരാണ്. ആയുധമാണ് അവരുടെ അന്നം. ശത്രുത നിലനിർത്താനും ശത്രുവിനെ ഉന്മൂലനം ചെയ്യാനും ചെലവഴിക്കുന്ന സമയവും തയാറാക്കുന്ന പദ്ധതികളും ക്രിയാത്മക പ്രവൃത്തികൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ എത്ര സൗഹാർദപരവും സൃഷ്ടിപരവുമായേനെ ഓരോ സമൂഹവും.

അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള വ്യത്യാസങ്ങൾ ആരോഗ്യകരമാണ്, അനുവദനീയവുമാണ്. എതിർക്കപ്പെടേണ്ടത് ആശയങ്ങളാണ്; ആളുകളല്ല. ആശയങ്ങളെ എതിർക്കണമെങ്കിൽ അറിവു വേണം. വ്യക്തികളെ എതിർക്കാൻ അഹംഭാവം മതി. ഒരാളുടെ ശത്രു മറ്റൊരാളുടെ പ്രിയപ്പെട്ടയാളാണ്. ആരും എല്ലാവരുടെയും ശത്രുവല്ല. അടിസ്ഥാനപരമായ വ്യത്യാസങ്ങളുടെ പേരിലോ സ്ഥാപിത താൽപര്യങ്ങൾകൊണ്ടോ രൂപപ്പെടുന്ന അനിഷ്ടങ്ങളെ ആജീവനാന്ത വിദ്വേഷമായി നിലനിർത്താതിരുന്നാൽ മതി. എതിർക്കുമ്പോഴും പരസ്പരം ബഹുമാനിക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ഏതെങ്കിലുമൊരു ബിന്ദു എല്ലാ ബന്ധങ്ങളിലുമുണ്ടാകും. ആ ബിന്ദുവിൽ സ്ഥിരം കണ്ടുമുട്ടാൻ ശ്രമിച്ചാൽ ശത്രുതയും അപ്രത്യക്ഷമാകും. ശത്രുത നിലനിർത്തുന്നതിന്റെ പാതി ചെലവേയുള്ളൂ സൗഹൃദം തുടങ്ങാനും തുടരാനും. വെടിയുണ്ടകൾക്കു കഴിയാത്തതു പൂച്ചെണ്ടുകൾക്കു കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com