ADVERTISEMENT

കടി കണ്ടുപിടിച്ചതു നമ്മളാണെന്ന കാര്യത്തിൽ അപ്പുക്കുട്ടനു സംശയമില്ല. നന്മകളാലും ചായക്കടകളാലും നാട്ടിൻപുറം സമൃദ്ധമായിരുന്ന കാലത്ത് ചായയ്ക്കും കാപ്പിക്കുമൊപ്പം മലയാളിക്കു വേണ്ടതു കടിയായിരുന്നു. എന്താ കടി എന്നോ എന്താ ചെറുകടി എന്നോ കടിക്കാനെന്തുണ്ട് എന്നോ ചോദിക്കാത്തവരില്ല. കടിയൊന്നുമില്ലേ എന്ന ചോദ്യത്തിലുള്ളതു വല്ലാത്തൊരു സൗഹൃദവും ലാളിത്യവുമാണെന്ന കാര്യത്തിൽ സംശയമില്ല.

തിന്നാനും കടിക്കാനും ഉപയോഗിക്കുന്നത് ഒരേ പല്ലുകളാണെങ്കിലും തിന്നുന്നത്ര അധ്വാനം കടിക്കു വേണ്ട എന്നാണു ശാസ്ത്രം പഠിച്ച പ്രിയപുത്രൻ ആരോമലുണ്ണിയുടെ അഭിപ്രായം. കടിയിലുള്ളതു മയത്തിലൊരു കടി മാത്രമാകുന്നു. യൂറോപ്പിലെ കൊടിവച്ച കളിക്കാർക്കുപോലും ഇതറിയാമല്ലോ എന്നതിലാണ് അപ്പുക്കുട്ടന് അദ്ഭുതവും സന്തോഷവും. ഫ്രാൻസിന്റെ മിഡ്ഫീൽഡർ പോൾ പോഗ്ബയെ ജർമൻ ഡിഫൻഡർ ആന്റോണിയോ റൂഡിഗർ കളിക്കിടയിൽ കടിച്ചതു കഴിഞ്ഞയാഴ്ചയാണ്. തോളിലായിരുന്നു കടി. വേദനിച്ചു കരഞ്ഞു പോഗ്ബ റഫറിയോടു പരാതിപ്പെട്ടു. വിശേഷാൽ നടപടിയൊന്നുമുണ്ടായില്ലെന്നു മാത്രമല്ല, കുറച്ചു കഴിഞ്ഞപ്പോൾ ചെറുകടിയുടെ യഥാർഥസ്വഭാവം പോഗ്ബയ്ക്കു ബോധ്യപ്പെടുകയും ചെയ്തു. റൂഡിഗറും ഞാനും പണ്ടേ സുഹൃത്തുക്കളാണ്, കളി കഴിഞ്ഞു കെട്ടിപ്പിടിച്ചാണു ഞങ്ങൾ പിരിഞ്ഞത്, ആ കടി അത്ര കാര്യമാക്കുന്നില്ല എന്നു പ്രഖ്യാപിച്ചാണു പോഗ്ബ സ്റ്റേഡിയം വിട്ടത്. അതൊരു ചെറുകടി മാത്രമായി പോഗ്ബ പ്രഖ്യാപിച്ചു എന്നർഥം.

വനിതകളുടെ ക്ഷേമം ഉറപ്പാക്കുന്ന ജോലിയുണ്ടെന്നു നാം കരുതുന്ന സംസ്ഥാന വനിതാ കമ്മിഷന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ച എം.സി.ജോസഫൈൻ പരാതിക്കാരിയോട് ‘അനുഭവിച്ചോ’ എന്നു പറഞ്ഞതിനുശേഷം വിശദീകരിച്ചത് അതു മാതൃനിർവിശേഷമായ ഒരു ചെറുകടി മാത്രമായിരുന്നു എന്നാണ്. തള്ള കടിച്ചാൽ പിള്ളയ്ക്കു കേടില്ല എന്ന സിദ്ധാന്തം നാം നിർമിച്ചെടുത്തതു മൃഗങ്ങൾ സ്വന്തം കുഞ്ഞുങ്ങളെ കടിച്ചെടുത്തു കൊണ്ടുപോകുന്നതിൽനിന്നാണെന്നു നമ്മളെപ്പോലെതന്നെ വനിതാ കമ്മിഷനും അറിയാമായിരിക്കും. സ്ഥാനമൊഴിയും മുൻപ് അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായ കടി ആ വിഭാഗത്തിൽപ്പെടുന്നുവെന്നാണ് അവർ സൂചിപ്പിച്ചത്. കേരളത്തിലെ കോൺഗ്രസ് അഴിച്ചുപണിയെക്കുറിച്ച് ഒരുപാടു കടിപിടിയുണ്ടായെങ്കിലും ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നു: അതൊരു ചെറുകടി മാത്രമായിരുന്നു. പാർട്ടി കേന്ദ്രനേതൃത്വം ചെയ്തതെല്ലാം ശരി; ചെയ്യാനിരിക്കുന്നത് അതിലേറെ ശരി.

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കടിച്ചുകുടയുന്നതു കണ്ടപ്പോൾ കാണികൾ വിചാരിച്ചത് അതൊരു വൻകടിയാണെന്നാണ്. എന്നാൽ ഹാ, അതൊരു ചെറുകടി മാത്രമാണെന്നും ഇനി കടിക്കാനില്ലെന്നും ആദ്യം പ്രഖ്യാപിച്ചതു മുഖ്യമന്ത്രിയാണ്. ചെറുകടിയിലുള്ളതു കാപട്യമില്ലാത്ത സ്നേഹമാകുന്നു; പോൾ പോഗ്ബ തിരിച്ചറിഞ്ഞതുപോലെ. ചെറുകടികൾ ചായ–കാപ്പികളോടു പണ്ടേ ചേർന്നുപോയതിനാൽ, അതിനു പുറത്തുള്ള കടികൾക്കു സ്നേഹമസൃണമായ ഒരു പേരുണ്ടാവുന്നതു നല്ലതാണെന്നാണ് അപ്പുക്കുട്ടന്റെ പക്ഷം. ഓമൽക്കടി എന്നു പറഞ്ഞാൽ അതിൽ വേണ്ടത്ര ഓമനത്തവും കടിയുമുണ്ട്, ഇല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com