മദ്യം, ഉണക്കിയ ഇറച്ചി; മച്ചാന് അതുപോരേ അളിയാ...; ‘കണ്ണടയ്ക്കൽ’: വർക് ഫ്രം ജയിൽ

tp-murder-case-culprits
ടിപി കേസ് പ്രതികൾ റിമാൻഡ് കാലയളവിൽ കോഴിക്കോട് ജില്ലാ ജയിലിൽ വച്ച് എടുത്ത് ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം
SHARE

പാർട്ടി ബന്ധമില്ലെന്നു പറയുന്ന അനുഭാവികളുടെ ന്യൂ ജനറേഷൻ ക്വട്ടേഷൻ സംഘങ്ങൾക്ക് ഏത് ഓപ്പറേഷനും നടത്താനുള്ള ധൈര്യം ലഭിക്കുന്നത് എവിടെനിന്നാണ്? കള്ളക്കടത്തു സംഘങ്ങളുമായി ഏറ്റുമുട്ടാൻപോലും ശേഷിയുള്ള സംഘങ്ങളുടെ നേതാക്കളായി സാധാരണ കുടുംബങ്ങളിൽനിന്നുള്ള ചെറുപ്പക്കാർ വളർന്നത് അറിഞ്ഞില്ല എന്നു സിപിഎമ്മിനെപ്പോലെ സംഘടനാശേഷിയുള്ള പാർട്ടിക്കു പറയാനാകുമോ ? പാർട്ടിതണലിൽ വളർന്നവരുടെ വഴിയിൽത്തന്നെയാണ് ഈ ചെറുപ്പക്കാരും പോയത്....

പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടയാൾ പാർട്ടിയുടെ കൊടിയും പിടിച്ചു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പാർട്ടിയെ മറയാക്കാനൊരുങ്ങിയാൽ അത് അവസാനിപ്പിക്കാൻ ശേഷിയില്ലാത്ത പാർട്ടിയാണു സിപിഎം എന്ന് ആരും കരുതുന്നില്ല. പക്ഷേ, ആകാശിന്റെയും അർജുന്റെയുമെല്ലാം കാര്യത്തിൽ സിപിഎം മനഃപൂർവമായ നിശ്ശബ്ദത പാലിച്ചു. പാർട്ടിയെയും നേതാക്കളെയും വെല്ലുവിളിക്കാൻ ഇത്തരക്കാർക്കു ധൈര്യം നൽകിയത് ഈ കണ്ണടയ്ക്കലാണ്.

ഫെബ്രുവരിയിൽ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ ജാഥയ്ക്കു തില്ലങ്കേരിയിൽ നൽകിയ സ്വീകരണപരിപാടി, ചടങ്ങിന്റെ മുൻനിരയിൽ നിന്ന് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക് ലൈവ് ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിമായിരുന്നു ഉദ്ഘാടകൻ. ‘ഫാൻസ് ക്ലബ്ബുകൾ പിരിഞ്ഞുപോകണം’ എന്ന് ഇപ്പോൾ പറയുന്ന റഹിം അന്ന്, ആകാശിനെയോ അർജുനെയോ പേരെടുത്തു വിമർശിക്കാൻ തയാറായില്ല.

പാർട്ടി നടപടിയെടുത്തിട്ടും, പാർട്ടി ചമഞ്ഞുള്ള അവരുടെ സമൂഹമാധ്യമ ഇടപെടലുകൾക്കു തടയിടാൻ പ്രാദേശിക നേതൃത്വത്തിനു കഴിഞ്ഞിരുന്നില്ല. ഉന്നതനേതാക്കളുമായി ഇവർക്കു ബന്ധമുണ്ടെന്നതായിരുന്നു പ്രാദേശിക നേതൃത്വം നോക്കുകുത്തിയായതിനു കാരണം. ഈ ബന്ധത്തിന്റെ കരുത്തിൽ തന്നെയാണ് ഏതു വലിയ ഓപ്പറേഷനും ഏറ്റെടുത്തു നടത്താൻ കഴിയുന്ന വലിയസംഘമായി ഇവർ മാറിയത്. അതിനു പിന്തുണയും പരിശീലനവും നൽകിയതാകട്ടെ ഈ വഴിയിൽ വിജയിച്ചു മുൻപേ പോയവരും.

∙ അർജുൻ ഒറ്റയ്ക്കല്ല

22 തവണയായി ആറുകോടിയുടെ സ്വർണം തട്ടിയെടുക്കാൻ കഴിയുന്നരീതിയിൽ കള്ളക്കടത്തുകൾ മുൻകൂട്ടി അറിയാനും കാരിയറെ ഏർപ്പാടാക്കി ഒത്തുകളിക്കാനും അർജുനും കൂട്ടരും മാത്രം പോരെന്നാണു കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ നിഗമനം. 22 പൊട്ടിക്കൽ നടത്തിയിട്ടും അർജുൻ സുരക്ഷിതനായതിന്റെ കാരണം രാഷ്ട്രീയപിൻബലം തന്നെയാണ്. സ്വർണം നഷ്ടപ്പെടുന്ന കള്ളക്കടത്തു സംഘത്തിന് ഇക്കാര്യം അറിയാം. അതുകൊണ്ടുതന്നെ വിലപേശലിനു വഴങ്ങുന്നതായിരുന്നു രീതി.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവരുടെ സഹായം സംഘത്തിനു ലഭിക്കുന്നുണ്ടെന്ന സംശയം നേരത്തേ ഉയർന്നിരുന്നു. അതിലേക്കു നയിക്കുന്ന പരാമർശങ്ങളാണു കഴിഞ്ഞദിവസം പുറത്തുവന്ന ആധികാരികത വ്യക്തമല്ലാത്ത ശബ്ദസന്ദേശത്തിലുമുള്ളത്.

∙ ജയിലിൽനിന്നൊരു സംരംഭം

സെല്ലിൽനിന്നു ഫോൺ പിടിച്ചെടുത്തതിനെത്തുടർന്നു വിയ്യൂരിൽ നിന്നു പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയ ടിപി കേസ് പ്രതി കൊടി സുനിയെ രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞ് ജൂണിൽ വീണ്ടും വിയ്യൂരിലേക്കു മാറ്റി. അത്രയ്ക്കായിരുന്നു ജയിലിലും സർക്കാരിലും സംഘത്തിന്റെ സ്വാധീനം.

കോവിഡ്കാലത്തു സജീവമായ വർക് ഫ്രം ഹോമിനു മുൻപേ വർക് ഫ്രം ജയിൽ എന്ന രീതിക്കു കേരളത്തിൽ തുടക്കമിട്ടവരാണു ടിപി കേസ് പ്രതികൾ. എൽഡിഎഫ് സർക്കാരിന്റെ ‘കണ്ണടയ്ക്കൽ’ പദ്ധതിക്കു കീഴിലായിരുന്നു ഈ സ്റ്റാർട്ടപ്പിന്റെ തുടക്കം. ജയിലിലായിരുന്ന ഒൻപതുവർഷംകൊണ്ട്, മുഖ്യപ്രതികളായ കൊടി സുനിയുടെയും ഷാഫിയുടെയുമെല്ലാം സ്വത്തിലുണ്ടായ വൻവളർച്ച മാത്രം മതി ഈ സംരംഭത്തിന്റെ വിജയം മനസ്സിലാക്കാൻ.

കള്ളക്കടത്തു സ്വർണം കൊള്ളയടിക്കുക എന്ന മുതൽമുടക്കില്ലാത്ത ബിസിനസിന്റെ കേരളത്തിലെ തുടക്കക്കാരും ടിപി വധക്കേസ് പ്രതികളിൽ ചിലരാണ്. ഹവാലപ്പണം വഴിയിൽ തട്ടിയെടുത്തിരുന്ന കോടാലി ശ്രീധരന്റെ പാതയിൽ പുതിയവഴികൾ വെട്ടിത്തുറന്നായിരുന്നു ഇവരുടെ തുടക്കം. ജയിലിൽ നിന്നായിരുന്നു ഓപ്പറേഷനുകളുടെയെല്ലാം ആസൂത്രണം. ഇതിനായി ഫോണും സംവിധാനങ്ങളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു.

അഞ്ചുവർഷം മുൻപു കോഴിക്കോട് നല്ലളത്ത് 3 കിലോ കള്ളക്കടത്തു സ്വർണം കവർച്ച ചെയ്യാൻ ക്വട്ടേഷൻ നൽകിയതു ജയിലിൽനിന്നു കൊടി സുനിയാണെന്നു മൊഴി നൽകിയത് സംഭവത്തിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് കാക്ക രഞ്ജിത്താണ്. ജയിലിൽനിന്നു സുനി 300 തവണ രഞ്ജിത്തിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.

കൊടി സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തതിനു ശേഷം അന്വേഷണം മുന്നോട്ടു പോയില്ല. ഖത്തറിലെ സ്വർണക്കച്ചവടത്തിലെ പ്രശ്നങ്ങൾ തീർക്കാൻ ജയിലിൽനിന്നു ഭീഷണിപ്പെടുത്തിയെന്ന പരാതിയും പരോളിൽ ഇറങ്ങിയപ്പോൾ കണ്ണൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയും സുനിക്കെതിരെ ലഭിച്ചെങ്കിലും അന്വേഷണം ഉണ്ടായില്ല.

∙ സ്വത്തുണ്ടാക്കാം ജയിലിൽനിന്ന്

ജയിലിലായശേഷം ടിപി കേസ് പ്രതികളുടെയെല്ലാം സ്വത്തിൽ വലിയ വളർച്ചയാണുണ്ടായത്. കൊടി സുനി ചൊക്ലി നെടുമ്പ്രത്തെ ഒരുനില വീട് രണ്ടു നിലയാക്കി. ഇതിനടുത്തുള്ള ഒരു വീട് ബെനാമിയുടെ പേരിൽ വാങ്ങിയതായും പൊലീസ് പറയുന്നു. വീടിനടുത്തുള്ള വൻകിട ചീട്ടുകളി കേന്ദ്രത്തിൽനിന്നൊരു വിഹിതം അടുത്ത ബന്ധുവിനാണ്.

tp-murder-case-cartoon

പാറാലിൽ വർക്‌ഷോപ്പും പള്ളൂരിൽ ഹോട്ടലും മണൽക്കച്ചവടവും ബെനാമി പേരിൽ സുനിക്കുള്ളതായി പൊലീസ് സംശയിക്കുന്നു. കൊടി സുനി, കിർമാണി മനോജ്, ഷിനോജ് എന്നിവരുടെ കുടുംബങ്ങളെ അത്യാവശ്യകാര്യങ്ങൾക്കു സഹായിക്കുന്നതു പാർട്ടി അംഗങ്ങൾ തന്നെയാണ്. ‘വെൽഫെയർ ഓഫിസർമാർ’ എന്നാണ് നാട്ടുകാർ ഇവരെ വിളിക്കുന്നത്.

∙ പരോൾ പുറത്തുനിന്ന്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ആരൊക്കെ പരോളിൽ പോകണമെന്നു തീരുമാനിച്ചിരുന്നത് ഒരു പഴയ തടവുകാരനാണ്. കണ്ണൂരിലെ പ്രമുഖ യുവമോർച്ച നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രാദേശിക സിപിഎം നേതാവ്! തടവിൽ കഴിയുന്ന കാലത്തു സെൻട്രൽ ജയിലിലെ മിനിപാർട്ടിഗ്രാമത്തിൽ പ്രധാനിയായിരുന്ന ഇയാൾ പുറത്തിറങ്ങിയ ശേഷവും തടവുകാരുടെ നേതാവായി തുടർന്നു.

മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഉണ്ടായിരുന്ന കണ്ണൂരിലെ യുവാവ് വഴിയാണു കാര്യങ്ങൾ നടത്തിയിരുന്നത്. പരോൾ ആവശ്യമുള്ള തടവുകാർ വിവരം ഫോണിലൂടെ ഇയാളെ അറിയിക്കും. ഈ പേരുകൾ പഴ്സനൽ സ്റ്റാഫ് അംഗം വഴി ഉദ്യോഗസ്ഥർക്കു കൈമാറുന്ന മുറയ്ക്കു പരോൾ ലഭിക്കും. പൊലീസ് റിപ്പോർട്ട് എതിരാണെങ്കിൽ പരോൾ റിവ്യു ബോർഡിനെ സ്വാധീനിച്ചു പരോൾ സംഘടിപ്പിക്കാനും വഴികളുണ്ടായിരുന്നു. പാർട്ടിക്കുവേണ്ടി ജയിലിലെത്തിയ ക്വട്ടേഷൻ സംഘാംഗങ്ങൾക്കുമൊന്നും പരോൾ കിട്ടാൻ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.

ജയിലിൽപ്പോലും എല്ലാ സൗകര്യങ്ങളുമുള്ള ജീവിതം, പുറത്തിറങ്ങിയാൽ വിലകൂടിയ വാഹനങ്ങളും ബിസിനസും പാർട്ടി സൈബർ പോരാളിയെന്ന വീരപരിവേഷവും. കളർഫുൾ ജീവിതത്തിലൂടെ ചെറുപ്പക്കാരെ ആരാധകരാക്കി പുതിയ സംഘങ്ങളാണു കണ്ണൂരിൽ വളർന്നത്.

∙ മദ്യം, ഉണക്കിയ ഇറച്ചി; മച്ചാന് അതുപോരേ അളിയാ...

വിയ്യൂർ സെൻട്രൽ ജയിലിൽ 5 പേരെ പാർപ്പിക്കാവുന്ന സെല്ലിൽ തനിച്ചാണ് ഒരു വർഷത്തോളം കൊടി സുനി കഴിഞ്ഞത്. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള സൗകര്യത്തിനായിരുന്നു ഇത്. ഉദ്യോഗസ്ഥർ ഫോൺ ചാർജ് ചെയ്തു നൽകും. പിന്നീട് അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി സുനി കുറച്ചു പവർബാങ്കുകൾ സംഘടിപ്പിച്ചു. ഈ പവർബാങ്കുകളും രണ്ടു വിലകൂടിയ സ്മാർട് ഫോണുകളും സിം കാർഡുകളുമൊക്കെ സുനിയിൽ നിന്നും ഷാഫിയിൽ നിന്നും ഒരിക്കൽ പിടിച്ചെടുക്കുകയും ചെയ്തു. ജയിൽ മെനുവിൽ ഇല്ലാത്ത ബീഫ് സുനിയുടെ സെല്ലിൽനിന്നു കണ്ടെടുത്തു.

അരിഞ്ഞുണക്കി സൂക്ഷിച്ച ഇറച്ചി വേവിച്ചു കഴിക്കാനുള്ള സംവിധാനവും അവിടെ ഉണ്ടായിരുന്നു. ഇവർക്കു മദ്യമെത്തിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവവും ഉണ്ടായി. മുൻപു ടി.പി.കേസ് പ്രതികൾ കോഴിക്കോട് ജില്ലാ ജയിലിൽവച്ച് ഒരുമിച്ചെടുത്ത സെൽഫി ജയിലിൽനിന്നു തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

പൂജപ്പുര സെൻട്രൽ ജയിലിലും ഇവർക്ക് ഈ സൗകര്യങ്ങൾ ലഭിച്ചിരുന്നു. അടുത്തകാലം വരെ ഇവിടെ സൂപ്രണ്ടിന്റെ ഓർഡർലിയായിരുന്നതു മറ്റൊരു ടിപി കേസ് പ്രതിയായ സിജിത്ത് ആണ്. സൂപ്രണ്ടിന്റെ എല്ലാ അനുഗ്രഹാശിസ്സുകളോടും കൂടി തടവുകാരെ ഭരിക്കുന്നതാണ് ഓർഡർലിയായാലുള്ള നേട്ടം.

KK REMA
കെ.കെ.രമ

∙ ഇനിയുമില്ലേ മറുപടി?

സ്വന്തം ഭർ‌ത്താവിനെ വെട്ടിക്കൊന്ന സംഘത്തിനു ചട്ടവിരുദ്ധമായി പരോൾ നൽകിയിട്ടുണ്ടോ എന്ന ഭാര്യയുടെ ചോദ്യത്തിനു സർക്കാരിന്റെ പക്കൽ മറുപടിയില്ല. രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റു ജീവൻ പൊലിഞ്ഞ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ മാത്രമല്ല ഇന്നു കെ.കെ.രമ. വടകരയിൽ നിന്നു നിയമസഭയിലെത്തിയ എംഎൽഎ കൂടിയാണ്. എന്നിട്ടും മറുപടി യില്ല. ഇൗ മാസം ഏഴിനു രമ ഉന്നയിച്ച ടിപി കേസ് പ്രതികളെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇനിയും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു മറുപടി നിയമസഭയിൽ എത്തിയിട്ടില്ല.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ:

1. കൊലക്കേസ് പ്രതികൾക്ക് അനുവദനീയമായ പരോൾ കാലാവധി എത്ര?
2. ഓരോ ഉദ്യോഗസ്ഥർക്കും അനുവദിക്കാവുന്ന പരോൾ കാലയളവ് എത്ര?
3. ടിപി കേസ് പ്രതികൾക്കു ചട്ടവിരുദ്ധമായി പരോൾ അനുവദിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
4. ഇവർക്ക് അനുവദിച്ചിട്ടുള്ള പരോൾ കാലാവധി എത്രയാണ്?

തയാറാക്കിയത്: ജിജോ ജോൺ പുത്തേഴത്ത്, അനിൽ കുരുടത്ത്, കെ.ജയപ്രകാശ് ബാബു, വി.ആർ.പ്രതാപ്, ജിതിൻ ജോസ്.
സങ്കലനം: നിധീഷ് ചന്ദ്രൻ

English Summary: Quotation Work and Cpm Series Part Two

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA