ADVERTISEMENT

മരണശേഷം തന്റെ അടുത്തെത്തിയ ആളെ ദൈവം സ്വർഗം ചുറ്റിനടന്നു കാണിക്കുകയാണ്. പൂട്ടിക്കിടന്ന മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ദൈവം പറഞ്ഞു: നീ ഈ മുറിയിൽ കയറേണ്ട. ഇവിടെയുള്ള കാഴ്‌ചകൾ നിന്നെ ദുഃഖിപ്പിച്ചേക്കാം. എങ്കിലും അയാളുടെ നിർബന്ധത്തിനു വഴങ്ങി ദൈവം മുറി തുറന്നു. അതിനുള്ളിലെ വിലകൂടിയ അമൂല്യവസ്തുക്കൾകണ്ട് അയാൾ ചോദിച്ചു: ഇവയെങ്ങനെയാണ് എന്നെ ദുഃഖിപ്പിക്കുക. ദൈവം പറഞ്ഞു: ഇതെല്ലാം ഓരോരുത്തർക്കും സമ്മാനമായി നൽകാനിരുന്നതാണ്. പക്ഷേ വാങ്ങാൻ ആരും തയാറല്ലാതിരുന്നതുകൊണ്ട് ഇവിടെത്തന്നെ സൂക്ഷിച്ചു. മുന്നോട്ടു നടന്നപ്പോൾ കോടികൾ വിലയുള്ള കാറിൽ തന്റെ പേരെഴുതിയിരിക്കുന്നതു കണ്ട് അയാൾ ചോദിച്ചു: എന്നും കാറിനുവേണ്ടി ഞാൻ പ്രാർഥിച്ചതല്ലേ, എന്നിട്ടും എന്തേ എനിക്കിതു തന്നില്ല. ദൈവം പറഞ്ഞു: നീ എന്നോട് ചെറിയ കാറാണ് ആവശ്യപ്പെട്ടത്. പിന്നെങ്ങനെ ഈ ആഡംബര കാർ തരും.

ആഗ്രഹങ്ങൾക്കപ്പുറത്തേക്ക് ആരും വളരില്ല. പ്രതീക്ഷകളെല്ലാം സഫലമാകണമെന്നില്ല. പക്ഷേ, നേട്ടങ്ങൾ പ്രതീക്ഷകളുള്ളവരുടെ മാത്രം കുത്തകയായിരിക്കും. എത്ര വലിയ സ്വപ്‌നങ്ങളുണ്ടാകുന്നോ അത്ര വലിയ പരിശ്രമങ്ങളും ഉണ്ടാകും. പ്രാർഥനകളിൽപ്പോലും ആ തീവ്രത വ്യക്തമാകും. മികച്ചത് ആഗ്രഹിക്കുന്നവർക്കു മാത്രമേ മെച്ചപ്പെട്ടതു ലഭിക്കൂ. ശരാശരി പ്രതീക്ഷകളുമായി വ്യാപരിക്കുന്നവരുടെ ജീവിതവും താണനിലവാരത്തിലായിരിക്കും. ചെറിയ ലക്ഷ്യങ്ങളേയുള്ളൂവെങ്കിൽ ചെറിയ പ്രയത്നങ്ങൾ മതി.

വലിയ സ്വപ്‌നങ്ങൾ കാണണമെങ്കിൽത്തന്നെ വലിയ ചങ്കൂറ്റം വേണം. ഉന്നതങ്ങളിൽ എത്തിയവരെല്ലാം താഴെനിന്നു തന്നെ അവസാനപടിയും കാണാൻ ശേഷിയുള്ളവരായിരുന്നു. എല്ലാ സാധ്യതകളുമുണ്ടായിട്ടും ആദ്യപടിയിൽത്തന്നെ അവസാനിക്കുന്നതിനു കാരണം ഉയർന്നസ്വപ്‌നങ്ങൾ ഇല്ലാത്തതാണ്. പരിശ്രമിച്ചാൽ എന്തിനെയും കൈവശമാക്കാൻ തക്കവിധം കൈകളും കാലുകളും നൽകിയാണ് ഈശ്വരൻ ഓരോ സൃഷ്‌ടിയെയും അയച്ചിരിക്കുന്നത്. പക്ഷേ സ്വപ്‌നം കാണാൻ പോലും തയാറാകാത്തതുകൊണ്ടു പ്രവർത്തനരഹിതമാണ് അധികമാളുകളുടെയും ശരീരം. ആഗ്രഹിക്കുന്നതാണു ലഭിക്കുന്നതെങ്കിൽ പിന്നെന്തുകൊണ്ടു വിശിഷ്ടമായത് ആഗ്രഹിച്ചുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com