സിനിമയ്ക്ക് സർക്കാർ ‘വെട്ട് ’

censorship
SHARE

ജൂൺ തുടക്കത്തിൽ ഭാരത സർക്കാർ പുറപ്പെടുവിച്ച സിനിമറ്റോഗ്രഫ് (ഭേദഗതി) ബിൽ 2021ന്റെ കരട്, 1952 മുതൽ നിലവിലുള്ള സിനിമറ്റോഗ്രഫ് നിയമത്തിൽ ആശങ്കാജനകമായ മാറ്റങ്ങൾ മുന്നോട്ടുവയ്ക്കുന്നു. പൊതുജനങ്ങളിൽനിന്നു നിർദിഷ്ട ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സ്വീകരിക്കാനുള്ള അവസാനതീയതി ഇന്ന്, ജൂലൈ 2ന്, അവസാനിക്കുന്നു. മാറ്റങ്ങളിൽ കാതലായത്, സെൻസർ ചെയ്തു പ്രദർശനയോഗ്യമെന്നു സർട്ടിഫൈ ചെയ്ത ചലച്ചിത്രങ്ങൾ പുനഃപരിശോധിക്കാനുള്ള അധികാരം ഭാരത സർക്കാർ സ്വയം ഏറ്റെടുക്കുന്നു എന്നതാണ്. നിയമം നിലവിൽ വന്നാൽ വാർത്താവിതരണ മന്ത്രാലയത്തിനു സെൻസർ സർട്ടിഫിക്കറ്റ് തിരുത്താനും വേണ്ടിവന്നാൽ റദ്ദാക്കാനും സാധിക്കും. 

ഇതോടെ സെൻസർ ബോർഡ് നോക്കുകുത്തിയായി മാറും. അഭിപ്രായസ്വാതന്ത്ര്യത്തിനു വിഘാതമായ സെൻസറിങ്, ജനാധിപത്യവ്യവസ്ഥയിൽ അപൂർവമായി ഉപയോഗിക്കേണ്ട ആയുധമാണ്. സിനിമ ആത്മാവിഷ്കാരത്തിന്റെയും സർഗാത്മകതയുടെയുംകൂടി മാധ്യമമായതുകൊണ്ട് ആ മേഖലയിൽ നിയന്ത്രണങ്ങൾ എത്ര കുറയുന്നുവോ അത്രയും നല്ലത്.    

NS Madhavan
എൻ.എസ്. മാധവൻ

സിനിമറ്റോഗ്രഫ് നിയമം ബ്രിട്ടിഷുകാർ നിർമിച്ചപ്പോൾ, ജനമനസ്സുകളെ സ്വാധീനിക്കാനും ഇളക്കിമറിക്കാനുമുള്ള ആ മാധ്യമത്തിന്റെ ശക്തി അവർക്കു നല്ലവണ്ണം ബോധ്യമുണ്ടായിരുന്നതുകൊണ്ട് കടുത്ത നിയന്ത്രണങ്ങൾ സ്വാഭാവികമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം സിനിമയുടെ ഉള്ളടക്കത്തെ സർക്കാർ നേരിട്ടു നിയന്ത്രിക്കാതെ സെൻസർ ബോർഡിനെ എൽപിച്ചു. കടുത്ത സെൻസറിങ് ചട്ടങ്ങൾ ഒരു പരിഷ്കൃത ജനാധിപത്യരാജ്യത്തിനു ചേർന്നതല്ല എന്നൊരു ചിന്താധാരയും സമീപകാലം വരെ ഇന്ത്യയിൽ പ്രബലമായിരുന്നു. തമിഴ്നാട് സർക്കാർ നിയമവ്യവസ്ഥയുടെ പേരുപറഞ്ഞ് കമലാഹസന്റെ ‘വിശ്വരൂപം’ നിരോധിച്ചതിനെത്തുടർന്ന് അത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ശുപാർശകൾ തേടി 2013ൽ ഭാരത സർക്കാർ ജസ്റ്റിസ് മുകുൽ മുദ്ഗലിന്റെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചു. 2016ൽ സെൻസർ നിയമങ്ങൾ ഉദാരമാക്കാൻ ശ്യാം ബെനഗൽ കമ്മിറ്റിയെയും നിയമിച്ചു. ആവിഷ്കാരസ്വാതന്ത്ര്യം മാനിച്ചുകൊണ്ട് ഈ രണ്ടു കമ്മിറ്റികളും തയാറാക്കിയ റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ടെങ്കിലും അവയെ അവഗണിച്ചാണു സിനിമയ്ക്കു ഹാനികരമായ പുതിയ നിയമനിർമാണത്തിനുള്ള പുറപ്പാട്.

ഭരണകക്ഷിക്കാരെ കുത്തിനിറച്ച സെൻസർ ബോർഡുകൾ പലപ്പോഴും സങ്കുചിതമായ കട്ടുകൾ നിർദേശിക്കുകയോ സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കുകയോ ചെയ്തിരുന്നു. അപ്പോഴെല്ലാം സിനിമയുടെ രക്ഷയ്ക്കെത്തിയിട്ടുള്ളത് അപ്‌ലറ്റ് ട്രൈബ്യൂണലും (2021 ഏപ്രിലിൽ അതു നിർത്തലാക്കി) സുപ്രീം കോടതിയുമായിരുന്നു. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള അധികാരം തേടുന്ന ഭേദഗതി ബില്ലിലൂടെ യഥാർഥത്തിൽ വാർത്താവിതരണ മന്ത്രാലയം ചെയ്യുന്നതു സുപ്രീം കോടതിയുടെ പല വിധികളുടെയും പ്രാബല്യം ഇല്ലാതാക്കുകയാണ്. ഉദാഹരണമായി പ്രകാശ് ഝായുടെ ‘ആരക്ഷൺ’ എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രസിദ്ധമായ വിധിയിൽ സുപ്രീംകോടതി പറഞ്ഞത് “ഒരിക്കൽ ഒരു ചിത്രത്തിനു സെൻസർ സർട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ, നിയമവ്യവസ്ഥ തുടങ്ങിയ മുട്ടുന്യായങ്ങൾ പറഞ്ഞ് അതിനു വിലങ്ങുതടി സൃഷ്ടിക്കുന്നത് അനുവദിക്കാവുന്നതല്ല” എന്നാണ്.            

‘മാത്തിയ’ മാറ്റി; ഇനി 'ഒൻട്രിയ' 

രാഷ്ട്രീയത്തിൽ വാക്കുകളുടെ ശക്തി ഒരിക്കൽക്കൂടി തെളിയിച്ചു തമിഴ്നാട് സർക്കാർ ഒരു വാക്ക് അടുത്തിടെ മാറ്റി: ഇനി മുതൽ ‘മാത്തിയ’ എന്ന വാക്ക് സർക്കാർ ഉപയോഗിക്കില്ലെന്നും അതിനു പകരം 'ഒൻട്രിയ' എന്നേ ഉപയോഗിക്കുകയുള്ളൂവെന്നും പുതിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രസ്താവിച്ചു. ഈ വിശേഷണങ്ങൾ ‘അരസ്’ എന്ന പദത്തിന്റെ മുൻപിലാണു പ്രത്യക്ഷപ്പെടാറുള്ളത്. മാത്തിയ അരസ് എന്നു പറഞ്ഞാൽ കേന്ദ്രസർക്കാർ; ഒൻട്രിയ അരസ്, എന്നാൽ യൂണിയൻ സർക്കാർ.

INDIA-POLITICS-VOTE
എം.കെ. സ്റ്റാലിൻ (ഫയൽചിത്രം)

ഈ പദമാറ്റത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ ബിജെപിയുടെ ഒരംഗം കഴിഞ്ഞദിവസം ശക്തമായി പ്രതികരിച്ചു. അതിനു സ്റ്റാലിന്റെ മറുപടി ദ്രാവിഡരാഷ്ട്രീയവും ഫെഡറലിസവും പഠിപ്പിക്കുന്ന  ക്ലാസായിരുന്നു. അണ്ണാദുരൈയും കരുണാനിധിയും ‘ഒൻട്രിയ അരസ്’ എന്ന പദമേ ഉപയോഗിച്ചിരുന്നുള്ളൂ. അത് ‘മാത്തിയ അരസ്’ ആയി മാറുന്നത് എഐ‌എഡിഎംകെയുടെ കാലത്താണ്. അവർ ഭരിച്ചിരുന്ന കാലത്ത്, ബിജെപിയുമായുള്ള സഖ്യം കാരണം, ദ്രാവിഡവേരുകൾ പലപ്പോഴും മറന്നു.

സ്റ്റാലിൻ നടത്തിയ തിരുത്ത് ഒരു വലിയ ഓർമപ്പെടുത്തലാണ്. 1947ൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടിഷ് ഇന്ത്യയ്ക്കൊപ്പം നാട്ടുരാജ്യങ്ങളും സ്വതന്ത്രമായി. ഇവരെയെല്ലാം ഒന്നിപ്പിക്കാൻ സർദാർ പട്ടേലും വി.പി. മേനോനും നടത്തിയ പ്രവർത്തനങ്ങൾ പ്രസിദ്ധമാണല്ലോ. അതു പ്രതിഫലിപ്പിച്ചുകൊണ്ടാണു ഭരണഘടനയുടെ ഒന്നാമത്തെ അനുഛേദം ഇപ്രകാരം തുടങ്ങുന്നത്: ‘ഇന്ത്യ അതായതു ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കുന്നതാണ്’. ഈ യാഥാർഥ്യം പലകാലത്തും പലരീതിയിലാണു പ്രയോഗത്തിലായത്. 

കോൺഗ്രസ് ഭരിച്ചിരുന്ന ആദ്യകാലങ്ങളിൽ, അതൊരു അഖിലേന്ത്യാപാർട്ടി ആയിരുന്നതിനാൽ, സംസ്ഥാനങ്ങളുടെ ശബ്ദം കേൾക്കാമായിരുന്നു. പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ കൂട്ടുകക്ഷി സർക്കാരുകളുടെ സമയത്തും ഇന്ത്യയുടെ നാനാത്വത്തിനു വെല്ലുവിളി ഉയർന്നില്ല. 

എന്നാൽ ഹിന്ദി ഹൃദയഭൂമിക്കു പുറത്തു വളരെക്കുറച്ചു കാൽപ്പാടുകളുള്ള ബിജെപി ഭരണത്തിൽ വന്നശേഷം ഇന്ത്യയെ ഏകശിലാരൂപമാക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. ഇന്ത്യയുടെ വൈവിധ്യം സൂക്ഷിക്കുന്ന വിദ്യാഭ്യാസരംഗത്തെ, ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഒറ്റ അച്ചിൽ വാർക്കാനുള്ള ശ്രമങ്ങൾ ഏറ്റവും പുതിയ ഉദാഹരണം. കേന്ദ്രസർക്കാർ എന്ന വാക്ക് സംസ്ഥാനങ്ങളെ സാമന്തന്മാരായി ചെറുതാക്കുന്നു എന്ന് സ്റ്റാലിനു തോന്നിയതിൽ അദ്ഭുതപ്പെടാനില്ല. കേരള സർക്കാരിനും കേന്ദ്രം എന്നതിനു പകരം യൂണിയൻ എന്ന വാക്കിലേക്കു മാറുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അതിനു മുൻപ്, ‘യൂണിയൻ’ എന്നതിനു പകരം പറ്റിയ ഒരു മലയാളപദം കണ്ടെത്തേണ്ടിയിരിക്കുന്നു! 

സ്കോർപ്പിയൺ കിക്ക് : ഈ യൂറോ കപ്പിൽ ഇതുവരെ 9 സെൽഫ് ഗോളുകൾ. യൂറോ കപ്പുകളിൽ മൊത്തം അടിച്ച സെൽഫ് ഗോളുകളെക്കാൾ കൂടുതൽ.

സെൽഫികാലത്തെ ഫുട്ബോൾ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA