ADVERTISEMENT

നന്നായി നടക്കുന്ന ഒരു സംരംഭം. സമരം നടത്തി അതു പൂട്ടിക്കുക. ചെറിയവിലയ്ക്ക് ഏറ്റെടുത്തു വീണ്ടും നന്നാക്കുക. 2 മുൻമന്ത്രിമാരുടെ പുത്രന്മാർ കേരളമെമ്പാടും നടപ്പാക്കുന്ന ബിസിനസ് തന്ത്രമാണിത്. തെക്കൻ ജില്ലയിലെ ഒരു ക്വാറി കഴിഞ്ഞ വർഷം ഇവർ ഏറ്റെടുത്തതും ഇതേ രീതിയിലാണ്. പരിസരവാസികളുടെയും പ്രാദേശിക രാഷ്ട്രീയനേതാക്കളുടെയും വലിയ എതിർപ്പിനെത്തുടർന്നാണു ക്വാറി പൂട്ടിയത്. ഒരു മാസത്തിനുള്ളിൽ ഏറ്റെടുക്കാൻ പുതിയ സംഘമെത്തി. നേതാക്കളുടെയും നാട്ടുകാരുടെയും എതിർപ്പിനെക്കുറിച്ചു പഴയ മുതലാളി പറഞ്ഞെങ്കിലും  വന്നവർ പിന്മാറിയില്ല. കച്ചവടം നടന്നു. ഒരു മാസത്തിനുള്ളിൽ ക്വാറി വീണ്ടും പ്രവർത്തനം തുടങ്ങി. നാട്ടുകാർ‌ക്കും നേതാക്കൾക്കും ഇപ്പോൾ എതിർപ്പില്ല, പരാതിയില്ല. ഉദ്യോഗസ്ഥരുടെ പരിശോധനയുമില്ല, വാഹനം തടയലുമില്ല. 

പെട്ടെന്ന് എന്തുകൊണ്ടു പ്രാദേശികനേതാക്കളുടെ എതിർപ്പ് അവസാനിച്ചെന്നു പഴയ മുതലാളി അന്വേഷിച്ചപ്പോഴാണു ശരിക്കുള്ള ഡീലിന്റെ രഹസ്യം വെളിപ്പെട്ടത്. മുൻമന്ത്രിപുത്രന്മാരായിരുന്നു ഇടപാടിനു പിന്നിൽ. ആദ്യം സ്വന്തം പാർട്ടിക്കാരെക്കൊണ്ടു ക്വാറിക്കെതിരെ സമരം ചെയ്യിക്കുക. പൂട്ടുമ്പോൾ ചുളുവിലയ്ക്ക് അതു കൈക്കലാക്കുക. 2 വർഷംകൊണ്ട് ഈ രീതിയിൽ ഇരുവരും ചേർന്ന് കൈക്കലാക്കിയതു പതിനഞ്ചു ക്വാറികളാണ്. എല്ലാം ബെനാമി പേരുകളിലാണെന്നു മാത്രം.

സർക്കാരിന്റെ വമ്പൻപദ്ധതികൾക്കെല്ലാം ഇവരുടെ ക്വാറികളിൽനിന്നാണു പാറയെത്തുന്നത്. രാഷ്ട്രീയം നോക്കാതെ പ്രാദേശികനേതാക്കളെല്ലാം ഇവർക്കു പച്ചക്കൊടി കാട്ടും. എതിർക്കുന്ന ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റം. സംസ്ഥാനത്തെ ക്വാറികളിൽ അധികവും വൈകാതെ ഈ സംഘത്തിന്റെ കൈപ്പിടിയിലാകുമെന്നു ചെറുകിട ക്വാറി ഉടമകൾ ഭയക്കുന്നു.

ഒന്നാണ് നമ്മൾ 

കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്വട്ടേഷൻ സംഘങ്ങൾക്കു സംസ്ഥാനത്തെ മിക്ക ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നു പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ മിക്കവരും പ്രമുഖ രാഷ്്ട്രീയകക്ഷികളുടെ ഗുണ്ടകളായി തുടങ്ങിയവരാണ്. രാഷ്ട്രീയ അക്രമങ്ങൾ കുറഞ്ഞപ്പോൾ, മറ്റു മേഖലകളിലേക്കു കടന്നു. കൊടകരക്കേസിലെ പ്രധാനി ഷിഗിൽ അടക്കം ഇതിനകം പിടിയിലായവരിൽ പകുതിപ്പേരും കണ്ണൂരുകാരാണ്. 

രാഷ്ട്രീയ എതിർപ്പുകൾ മറന്നു പലസംഘങ്ങളും ഇപ്പോൾ പ്രവർത്തനവും ഒരുമിച്ചാണ്. മട്ടന്നൂർ ഉളിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഗുണ്ടാസംഘത്തെ തപ്പിയിറങ്ങിയ പൊലീസ്, ശത്രുക്കൾ മിത്രങ്ങളായ കാഴ്ചയാണു കണ്ടത്. വിരുദ്ധ രാഷ്ട്രീയകക്ഷികൾക്കു വേണ്ടി ക്വട്ടേഷനു പോയിരുന്ന ഇവർ, ജയിലിൽവച്ചു പരിചയപ്പെടുകയും ഒരുമിച്ചു നിൽക്കുകയുമായിരുന്നു. സിപിഎം പ്രവർത്തകനായ കണ്ണിപ്പൊയിൽ ബാബു വധക്കേസിലെ പ്രതികളായ ചില ആർഎസ്എസുകാരുമായി കൂട്ടുകൂടിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലുയർന്ന പരാമർശങ്ങളാണ് ആകാശ് തില്ലങ്കേരിയെ പ്രകോപിതനാക്കിയതും ഡിവൈഎഫ്ഐക്കെതിരായ പ്രതികരണത്തിലേക്കു നയിച്ചതും. 

ആകാശ് തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും തള്ളിപ്പറയാനായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വിളിച്ച പത്രസമ്മേളനത്തിൽ ഇവർക്കൊപ്പം 18 പേരുകൾ കൂടി പറഞ്ഞിരുന്നു. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് അധികം കേട്ടിട്ടില്ലാത്തതും പൊലീസിനു വ്യക്തതയില്ലാത്തതുമായ ചില പേരുകളും ഇതിലുണ്ട്. അർജുന്റെ സംഘാംഗമായ മർവാൻ ഉൾപ്പെടെ ചില പേരുകൾ സ്വർണക്കടത്തു സംഘങ്ങൾക്കു പരിചിതമാണ്. എന്നാൽ മർവാൻ ഉൾപ്പെടെ ചില പേരുകൾ അറിയില്ലെന്നാണു പൊലീസുകാർ പറയുന്നത്. ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി പരസ്യമായി പറഞ്ഞിട്ടും ഇവരെക്കുറിച്ച് ഇതുവരെ കാര്യമായ അന്വേഷണവും നടന്നിട്ടില്ല.  

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഗുണ്ടാസംഘങ്ങൾ തമ്മിൽ ശക്തമായ ശൃംഖല രൂപീകരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുഴൽപണവും സ്വർണവുമായതിനാൽ, മിക്ക സംഭവങ്ങളിലും പരാതിയില്ലാത്തതും കേസെടുക്കാത്തതും കാരണം ഇവരെ എങ്ങനെ പൂട്ടും എന്ന ആശങ്കയിലാണു പൊലീസ്. പരാതിയോ വിവാദമോ ഉയരാത്ത ഒട്ടേറെ സ്വർണ, കുഴൽപണ കവർച്ചകളിൽ കണ്ണൂരിൽനിന്നുള്ള സംഘങ്ങളുണ്ടെന്നു പൊലീസ് സമ്മതിക്കുന്നു. രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ പിന്തുണയുള്ളതിനാലാണു കാര്യമായ അന്വേഷണം ഉണ്ടാവാത്തത്. ക്രമസമാധാനത്തിനും നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഈ സംഘങ്ങൾ സൃഷ്ടിക്കുന്ന ഭീഷണിയെ കരുതിയെങ്കിലും സർക്കാർ ഇനിയെങ്കിലും മൗനം വെടിയണം. കൂടുതൽ ചെറുപ്പക്കാരെ ബാധിക്കുന്ന ഗുരുതരമായ സാമൂഹിക വിപത്തിലേക്കാണ് ഈ മൗനം കേരളത്തെയാകെ കൊണ്ടെത്തിക്കുന്നത്.

നേതാവാണെങ്കിൽ കണ്ണടയ്ക്കാം

ഡിവൈഎഫ്ഐ മുൻ മേഖലാ ഭാരവാഹിയുടെ നേതൃത്വത്തിൽ തട്ടിയെടുത്ത 46 ലക്ഷം രൂപ തിരിച്ചുകിട്ടാൻ പാർട്ടി ഇടപെടണം എന്നാവശ്യപ്പെട്ടു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കു സ്വർണവ്യാപാരിയുടെ കത്ത്. നാദാപുരത്തെ ചെറുകിട സ്വർണവ്യാപാരിയായ കല്ലാച്ചി വരിക്കോളി സ്വദേശി പി.രാജേന്ദ്രനാണു കത്തെഴുതിയത്. 2019 ജനുവരിയിലാണു വടകര കൈനാട്ടിയിൽ വച്ച് രാജേന്ദ്രന്റെ 46 ലക്ഷം രൂപ ഒരുസംഘം തട്ടിയെടുത്തത്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയായിരുന്നു ഈ കവർച്ചയുടെ സൂത്രധാരനെന്നു രാജേന്ദ്രൻ പറയുന്നു. മറ്റു പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളെ പൊലീസ് കേസിൽനിന്ന് ഒഴിവാക്കി

‘‘ഈ നേതാവ് ഉൾപ്പെടെയുള്ള സംഘത്തിൽ നിന്നു ഞാൻ നേരത്തേ രണ്ടുതവണ സ്വർണം വാങ്ങിയിരുന്നു. സംഘത്തിലുള്ള നരിക്കാട്ടേരി സ്വദേശി അഖിൻ ഒരു ദിവസം വിളിച്ച് 1.9 കിലോഗ്രാം സ്വർണമുണ്ടെന്നു പറഞ്ഞു. കച്ചവടം സംസാരിക്കാനായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും മറ്റൊരാളും കൂടി 2019 ജനുവരി 20നു വീട്ടിലെത്തി വില പറഞ്ഞുറപ്പിച്ചു. 58.9 ലക്ഷം രൂപയാകുമെന്നും 50 ലക്ഷം സ്വർണം കൈമാറുമ്പോൾ തരണമെന്നും അവർ പറഞ്ഞു. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡിവൈഎഫ്ഐ നേതാവ് എന്നെ ഫോണിൽ വിളിച്ചു തുക ഒന്നുകൂടി ഉറപ്പിച്ചു. 24ന് അഖിൻ വാഹനവുമായി എത്തുമ്പോൾ കൂടെപ്പോയി പണം കൈമാറാനും നിർദേശിച്ചു. ഞാൻ നാദാപുരത്തെ ഒരു വ്യാപാരിയിൽ നിന്നു 46 ലക്ഷം രൂപ വാങ്ങി. 24ന് അഖിന്റെ വാഹനത്തിൽ കയറി വടകര കൈനാട്ടിയിലെത്തി. അവിടെ നിർത്തിയിട്ടിരിക്കുന്ന ഇന്നോവയിൽ ഉള്ളവരുടെ കയ്യിലാണു സ്വർണമെന്ന് അഖിൻ പറഞ്ഞു. വാഹനത്തിന്റെ രണ്ടാംനിരയിലെ സീറ്റിൽ ഞാൻ കയറിയിരുന്നു. വാഹനത്തിൽ 4 പേരുണ്ടായിരുന്നു. ‍ഞാൻ പണം നൽകി. സ്വർണം ചോദിച്ചപ്പോൾ എന്റെ കഴുത്തിൽ കത്തിവച്ച ശേഷം മർദിച്ചു. വാഹനത്തിൽനിന്നു തള്ളി പുറത്തിട്ടശേഷം അവർ വാഹനമോടിച്ചു പോയി. 

ഞാൻ വടകര പൊലീസിൽ പരാതി നൽകി. കേസിലെ മുഖ്യപ്രതിയായ അഖിൻ കോടതിയിൽ കീഴടങ്ങി. ബാക്കിയുള്ളവരെയും പിന്നീടു പിടികൂടിയെങ്കിലും ഡിവൈഎഫ്ഐ ഭാരവാഹിയെ കേസിൽനിന്നു പൊലീസ് രക്ഷപ്പെടുത്തി. ഈ നേതാവും  അഖിനും ചേർന്നു നടപ്പാക്കിയതാണ് ഈ കവർച്ചയെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ’’– രാജേന്ദ്രൻ പറയുന്നു. 

സ്വർണപ്പണിയും ചെറുകിട സ്വർണക്കച്ചവടും നടത്തിയിരുന്ന താൻ ഇത്രയും വലിയതുക നഷ്ടപ്പെട്ടതോടെ കടക്കെണിയിലാണെന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിൽ രാജേന്ദ്രൻ പറയുന്നു. പാർട്ടി ഇടപെട്ടു പണം വാങ്ങിത്തരണമെന്നും കുടുംബത്തെ  ആത്മഹത്യയിൽനിന്നു രക്ഷിക്കണമെന്നുമാണു കത്ത്. രണ്ടുവർഷം മുൻപും സിപിഎം നേതൃത്വത്തിനു പരാതി നൽകിയെങ്കിലും നടപടി ഇല്ലാത്തതിനാലാണു വീണ്ടും ജില്ലാ സെക്രട്ടറിക്കു കത്തയച്ചത്.

(അവസാനിച്ചു)

തയാറാക്കിയത്: ജിജോ ജോൺ പുത്തേഴത്ത്, അനിൽ കുരുടത്ത്, കെ.ജയപ്രകാശ് ബാബു, വി.ആർ.പ്രതാപ്, ജിതിൻ ജോസ്. സങ്കലനം: നിധീഷ് ചന്ദ്രൻ

English Summary: Political parties and quotation gangs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com