കൂടുതൽ ഉയരങ്ങളിലേക്ക്

Subhadinam
SHARE

താഴ്ന്നു പറന്ന പരുന്തിന്റെ മുകളിൽ വന്നിരുന്ന് കാക്ക അതിനെ ആക്രമിക്കാനും തലയ്ക്കു പിന്നിൽ കൊത്താനും തുടങ്ങി. വേദനിച്ചെങ്കിലും കാക്കയെ കുടഞ്ഞിടാനോ തിരിച്ച് ആക്രമിക്കാനോ പരുന്ത് മുതിർന്നില്ല. അതു കാക്കയെയും വഹിച്ചുകൊണ്ടു മുകളിലേക്കു പറന്നു. വളരെ ഉയരത്തിലെത്തിയപ്പോൾ കാക്കയ്ക്കു ചൂടു സഹിക്കാൻ വയ്യാതായി. അധികം കഴിയും മുൻപേ പിടിച്ചു നിൽക്കാനാകാതെ കാക്ക സ്വയം പിടഞ്ഞു താഴെ വീണു. 

പകരംവീട്ടി എല്ലാ പീഡനങ്ങൾക്കും പരിഹാരം കാണാനാകില്ല. അതിന്റെ ആവശ്യവുമില്ല. സ്വന്തം പ്രകടനം ഒരുപടികൂടി മുകളിലേക്ക് ഉയർത്തുക എന്നതാണു മികച്ച മാർഗം. താഴേക്കു വലിച്ചിടാൻ ശ്രമിക്കുന്നതിന്റെ അടിസ്ഥാനകാരണം എതിരാളികളുടെ ഭയവും അപകർഷതാബോധവുമാണ്. അപരൻ ഉയർന്നു പറക്കുമോ എന്ന പേടിയും താൻ തകർന്നു വീഴുന്നതിലുള്ള നിരാശയും. സ്വയം നശിക്കുന്നതിനെക്കാൾ ദുഃഖം മറ്റൊരാൾ വിജയശ്രീലാളിതനാകുന്നതിലാണ്. അതുകൊണ്ടുതന്നെ അവരുടെ ഉയരങ്ങളെ പ്രതിരോധിക്കുക എന്നതാണ് അലസരുടെ വിനോദം. മറികടന്നാൽ മെച്ചപ്പെടും എന്നുറപ്പുള്ള പ്രതിബന്ധങ്ങളോടു മാത്രമേ മത്സരിക്കാവൂ. അല്ലാത്തവ സമയവും ഊർജവും നശിപ്പിക്കുമെന്നു മാത്രമല്ല, വഴിതെറ്റിക്കുകയും അപായപ്പെടുത്തുകയും ചെയ്യും. 

പ്രതിയോഗികൾക്ക് അവരുടെ സുഖവാസകേന്ദ്രങ്ങളിൽ നിന്നുകൊണ്ടു മാത്രമേ തടസ്സം സൃഷ്ടിക്കാനാകൂ. ശത്രുക്കളെ തങ്ങളുടെ കേന്ദ്രത്തിലേക്കു വലിച്ചിറക്കുക എന്നത് അവരുടെ തന്ത്രവും. അസാധാരണ മനശ്ശക്തിയും ഇടമുറിയാതെയുള്ള പ്രവർത്തനവും ഉള്ളവർക്കു മാത്രമേ വഞ്ചിക്കപ്പെടാതെ മുന്നോട്ടു പോകാനാകൂ.  

താഴെനിൽക്കുന്നവർക്ക് എറിഞ്ഞുവീഴ്ത്താൻ പറ്റുന്ന ദൂരത്തിനു പരിധിയുണ്ട്. സഹചാരിയായി നിന്ന് ആക്രമിക്കുന്നവർക്കും എപ്പോഴും ഒപ്പം സഞ്ചരിക്കാനാകില്ല. തകർക്കാൻ വരുന്നവരുടെ ദുരുദ്ദേശ്യങ്ങളെക്കാൾ സ്വന്തം തീരുമാനങ്ങളെ വിശ്വസിക്കണം. അവർ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളിൽ ഭയക്കാതെ സ്വന്തം പ്രതിരോധശേഷിയിൽ ആശ്രയിക്കണം. സ്വയം കീഴടങ്ങാൻ തീരുമാനിക്കാതെ ആരും ആരുടെയും മുൻപിൽ തകരില്ല. വലിയ ലക്ഷ്യങ്ങളിലേക്കാണു യാത്ര ചെയ്യുന്നതെങ്കിൽ ചെറിയ പരിഹാസങ്ങളെ പാടേ അവഗണിക്കണം. 

Content Highlight: Subhadhinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA