ADVERTISEMENT

∙ ഡോ. എം.എസ്.വല്യത്താൻ: രോഗപ്രതിരോധത്തിന് ആദ്യം വേണ്ടതു വ്യായാമമാണ്. എന്നാൽ നമ്മുടെ നഗരങ്ങളിലൊന്നും വ്യായാമത്തിനു സൗകര്യമില്ല. നല്ല വ്യായാമഇടങ്ങൾ ഒരുക്കുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളോ പൊതുജനങ്ങളോ ഒരു താൽപര്യവുമെടുക്കാറില്ല. ഇതിനൊക്കെ അവസാനം പ്രതിശീർഷ മദ്യഉപയോഗത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തു നിന്നുകൊണ്ടു നമുക്ക് ഒരു ആരോഗ്യകേരളം കെട്ടിപ്പടുക്കുക അത്രയെളുപ്പമാകില്ല.

∙ എം. മുകുന്ദൻ: എന്റെ അറിവിൽ പിണറായി വിജയനെപ്പോലെ എതിർപ്പുകൾ നേരിടേണ്ടിവന്ന മറ്റൊരു നേതാവ് കേരളത്തിലുണ്ടായിട്ടില്ല. മാധ്യമങ്ങളും ബുദ്ധിജീവികളും സാംസ്കാരിക നായകരുമൊക്കെ അദ്ദേഹത്തെ സംഘടിതമായി ആക്രമിച്ചുകൊണ്ടിരുന്നു. ചില എഴുത്തുകാർ അസ്പൃശ്യനെന്നപോലെ അദ്ദേഹവുമായി അകൽച്ച പാലിച്ചു. മനോബലം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും അദ്ദേഹം ആ എതിർപ്പുകളെ അതിജീവിച്ചു. ആ കാലത്ത് ഏറ്റവും ഏകാകിയായ നേതാവായിരുന്നു പിണറായി വിജയൻ.

∙ ബാലചന്ദ്രൻ ചുള്ളിക്കാട് : സിനിമയ്ക്കു വേണ്ടി പാട്ടെഴുതുന്നത് എളുപ്പമുള്ള ഏർപ്പാടാണെന്നായിരുന്നു എത്രയോ കാലം എന്റെ ധാരണ. പാട്ടെഴുതാനിരുന്നപ്പോഴാണു കവിതയെഴുത്തിനെക്കാൾ പതിന്മടങ്ങ് ദുഷ്കരമാണതെന്നു മനസ്സിലായത്. കവിത നമ്മുടെ ആത്മാവിഷ്കാരമാണ്. ഇഷ്ടംപോലെ സ്വാതന്ത്ര്യമുണ്ടവിടെ. തോന്നിയപോലെ എഴുതിയാലും ആരും ചോദിക്കാനില്ല. പക്ഷേ, പാട്ടിലുള്ളതു നമ്മുടെ അനുഭവമണ്ഡലമേ അല്ല. നമ്മുടേതല്ലാത്ത ഭാഷ, ഭാവന ഒക്കെയാണ് അവിടെ ആവശ്യം. ഒരുതരം പരകായപ്രവേശം. ഈ സങ്കീർണവശം അറിയാത്തവരേ ഗാനരചയിതാക്കളെ വിലകുറച്ചു കാണൂ. എനിക്കതറിയുന്നതുകൊണ്ടു നല്ല പാട്ടെഴുത്തുകാരെ കണ്ടാൽ ഇന്നും അറിയാതെ എണീറ്റുനിന്നു വണങ്ങിപ്പോകും. 

∙ അടൂർ ഗോപാലകൃഷ്ണൻ: ആക്‌ഷൻ ചിത്രങ്ങളിൽ എനിക്കൊട്ടും താൽപര്യമില്ല, തീരെ ഇഷ്ടവുമില്ല. അടിയും പിടിയും കൂടുന്നതും ചോര തെറിക്കുന്നതുമൊക്കെ സിനിമയിൽ കണ്ടാൽ എനിക്കു വലിയ വിഷമമാകും. അതൊന്നും എന്റെ വിഷയവുമല്ല. ഞാൻ എന്നും സമാധാനം ഇഷ്ടപ്പെടുന്നയാളാണ്. സ്‌കൂളിൽ പഠിക്കുമ്പോഴേ ഞാനൊരു ഗാന്ധിയനാണ്. അന്നേ ഖദറാണു ധരിക്കുന്നത്. ആക്‌ഷൻ ചിത്രത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ല.

∙ മോഹൻലാൽ: കോവിഡിന്റെ എല്ലാ പ്രതിസന്ധികളും നിലനിൽക്കുന്ന കാലത്താണ് ഞാൻ ‘ദൃശ്യം–2’ ചെയ്തത്. സിനിമ ചെയ്യാൻ എന്തുകൊണ്ടു ഞാൻ തയാറാവുന്നു? ഞാൻ സിനിമ ചെയ്യുമ്പോൾ സിനിമയുടെ പല മേഖലകളിലുള്ള മുന്നൂറോളം പേർക്കു ജോലി കിട്ടുകയാണ്. അതുകൊണ്ട് അതിന്റെ ഭാഗമാകുക എന്നു പറയുന്നതു നമ്മുടെ പ്രതിബദ്ധതയാണ്.

∙ ജോജു ജോർജ്: അഭിനയം മോശമാണെന്നു പറഞ്ഞ് എന്നെ ലൊക്കേഷനിൽ നിന്നു മാറ്റിനിർത്തിയിട്ടുണ്ട്. ഇത്രയും ആളുകളുടെ മുന്നിൽവച്ച് നമ്മൾ മാറ്റിനിർത്തപ്പെടുമ്പോൾ വല്ലാതെ ചമ്മൽ തോന്നും. 'ഒന്ന് അങ്ങോട്ടു മാറി നിക്കോ' എന്ന് അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് നമ്മുടെ അരികിൽ വന്നു രഹസ്യമായി പറയും. പക്ഷേ, എനിക്കപ്പോൾ സങ്കടം തോന്നിയിരുന്നില്ല. മറിച്ച് എന്റെ അഭിനയം ശരിയായില്ല എന്നായിരുന്നു ഞാൻ ചിന്തിച്ചത്.

∙ സേതു: ഭാഷയെ നവീകരിക്കാൻ എന്റേതായ എന്തെങ്കിലും സംഭാവന ചെയ്യണമെന്ന് എനിക്കു തോന്നിയിട്ടില്ല; ബഷീർ പറഞ്ഞതു പോലെ ആഖ്യയും ആഖ്യാതവും അറിയാതെയാണു ഞാൻ എഴുതിത്തുടങ്ങിയത്. ഇന്നും വലിയ പിടിയൊന്നുമില്ല. ഗ്രാമീണമായ ഒരു ഭാഷ കയ്യിലുണ്ടായിരുന്നു. അതു മുലപ്പാലിനൊപ്പം കിട്ടിയതാണ്.

കെ. ജയകുമാർ: തദ്ദേശീയമായ അറിവുകൾ സൃഷ്ടിക്കപ്പെടണമെങ്കിൽ മാതൃഭാഷയുടെ സാധ്യതകൾ നിരന്തരം പ്രയോജനപ്പെടുത്തണം, മാതൃഭാഷയെ ചിറ്റമ്മയാക്കുന്ന അറിവില്ലായ്മയ്ക്കു നാളത്തെ കേരളം വലിയ വില കൊടുക്കേണ്ടി വരും സ്വന്തം ഭാഷയിൽ അഭിമാനമില്ലാത്ത സമൂഹത്തെ നോക്കി ഭാഷാഭിമാനമുള്ള മറ്റു ദേശക്കാർ സഹതപിക്കും; ചിലർ പുച്ഛിക്കും.

∙ ഡോ. രവിശങ്കർ എസ്.നായർ: മലയാളത്തിലെ ഗവേഷണ പ്രബന്ധങ്ങൾ, പിഎച്ച്ഡി പരിശോധനാ റിപ്പോർട്ടുകൾ, ലക്ചർ നോട്ടുകൾ എന്നിവ ഒരു ഹോബി പോലെ പിന്തുടരുന്നയാളാണ് ഞാൻ. ഇവയിൽ നിന്നു മനസ്സിലാക്കിയിടത്തോളം മലയാളത്തിന്റെ നിലവാരം ഞെട്ടിക്കുന്നതാണ്. ഇക്കാര്യം ചർച്ച ചെയ്യപ്പെടാറില്ല.

∙ എം. ഗീതാനന്ദൻ: കേരളത്തിലെ മതനിരപേക്ഷപാർട്ടികൾ സി.കെ. ജാനുവിനെ ഏറ്റെടുത്തിരുന്നെങ്കിൽ അവർ നല്ല നേതാവായി മാറുമായിരുന്നു. സ്വാഭാവികമായ വലിയ തിരസ്കരണത്തിന്റെ ചരിത്രമാണു ജാനുവിനുള്ളത്. മതനിരപേക്ഷപാർട്ടികൾ മർദിച്ചൊതുക്കിയതിന്റെ ഇര കൂടിയാണ് അവർ. ഇതിൽ സാമ്പത്തികം ഒരു ഘടകമായിട്ടുണ്ടാവാം. പക്ഷേ, പണം മാത്രമല്ല അവരെ ബിജെപിയിലേക്ക് ആകർഷിച്ചത്.

∙ സി.എസ്.ചന്ദ്രിക:  യഥാർഥത്തിൽ വിവാഹ ധനസഹായം എന്ന ഏർപ്പാട്‌ സർക്കാർ പിൻവലിക്കണം. അത്രയും ധനസഹായം കൂടി പെൺകുട്ടിക്കു വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽ നൽകുന്നതിനുമായി ഉപയോഗിക്കണം.

Content Highlight: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com