ADVERTISEMENT

സ്വർണമുകിലുകൾ സ്വപ്നം കാണാറുണ്ടോയെന്നു കവി പണ്ടു സംശയം ചോദിച്ചതാണ്. ആ ചോദ്യത്തിന് ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും സ്വർണമുകിലുകളെ വകഞ്ഞുമാറ്റി കരിപ്പൂരിൽ ഇറങ്ങുന്ന വിമാനങ്ങളിൽ സ്വർണം ഉണ്ടാകുമെന്നു കണ്ണൂരിലെ സഖാക്കൾക്കറിയാം. സ്വർണവും തട്ടിയെടുത്തു ചാടി ഓടുന്നവരാണു വിജയികളെന്നു നക്ഷത്രാങ്കിത ശുഭ്രപതാകയുടെ തണലിൽ വിശ്രമിക്കുന്ന ഡിഫി യുവാക്കൾക്കുപോലുമറിയാം.

അർജുൻ ആയങ്കി അകത്തായപ്പോൾ കണ്ണൂരിലെ സഖാക്കൾ അരനിമിഷം വൈകാതെ ആ തട്ടലാശാനെ തള്ളിപ്പറഞ്ഞു. വേണമെങ്കിൽ അരമണിക്കൂർ മുൻപേ പുറപ്പെടാമെന്ന ഡയലോഗിനെ കടത്തിവെട്ടി അവർ അർജുനെ യുവജനസംഘടനയിൽനിന്നു മൂന്നു വർഷം മുൻപേ പുറത്താക്കിക്കളഞ്ഞു!. ഇന്നലെ പാർട്ടി വിട്ടുപോയവരെ മറ്റന്നാൾ പുറത്താക്കുന്ന കോൺഗ്രസ് സ്റ്റൈലിന്റെ പിന്തുടർച്ച.

കുമ്പക്കുടി സുധാകരൻ മുതൽ കുഴലിൽവീണ സുരേന്ദ്രൻ വരെ പൊട്ടിത്തെറിച്ചെങ്കിലും പാർട്ടിയുടെ തങ്കവിശുദ്ധി കണ്ണൂരിലെ ചെറുതും വലുതുമായ സഖാക്കൾ ഉയർത്തിക്കാട്ടി. വിമർശിച്ചവരിൽ ചിലരെ ഫെയ്സ്ബുക്കിലിട്ടു വറുത്തു. മറ്റു ചിലരെ കറിവച്ചു. അങ്ങനെ സമാധാനിച്ചിരിക്കുമ്പോഴാണു ചില ദൃശ്യങ്ങളുടെ പുറത്തെഴുന്നള്ളത്ത്. കഴിഞ്ഞമാസം കേന്ദ്രത്തിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ദാ മുന്നിലുണ്ട് ആയങ്കി സഖാവ്! റെഡ് വൊളന്റിയർ മാർച്ച് നയിക്കുന്നതിന്റെ ചിത്രങ്ങൾ വേറെയും. കടത്തുതോണിയിൽ കയറിയ സഖാക്കളുടെ പട്ടിക വന്നുതീർന്നിട്ടില്ല. സ്വന്തം മുണ്ടിന്റെ കോന്തല കാലിൽചുറ്റി മോന്തയടിച്ചു വീണുപോയി സൈബർ പോരാളികൾ.

ഇതിനിടെ തലവേദന മാറാൻ വിഴുങ്ങിയ കാപ്സ്യൂൾ തൊണ്ടയിൽ കുരുങ്ങി രോഗികൾ മരിക്കുകയാണോയെന്നു സംശയം. ന്യായീകരണ കാപ്സ്യൂളുകൾ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ രാഷ്ട്രീയ വൈദ്യശാസ്ത്രജ്ഞൻ എം.വി.ജയരാജനും അതിൽ സംശയമുണ്ട്. ഡ്രഗ് ട്രയൽ റിപ്പോർട്ട് അനുസരിച്ചു ന്യായീകരണ കാപ്സ്യൂളിനു വേണ്ടത്ര പ്രതിരോധശേഷിയില്ല. പ്രശ്നങ്ങളുടെ ജനിതക ഘടനയിൽ മാറ്റം സംഭവിച്ചതാണത്രേ കാരണം. അതിനാൽ ജയരാജൻ വിലാസം കാപ്സ്യൂൾ ഫാക്ടറി അടച്ചു. പകരം ന്യായവാദപ്പൊടി വികസിപ്പിച്ചെടുത്തു. സ്വർണം കടത്തുന്നവരിൽ ലീഗുകാരില്ലേ? കോൺഗ്രസുകാരില്ലേ? ബിജെപിക്കാരില്ലേ? വൈകാതെ ജയരാജനിർമിത വാദപ്പൊടി ബ്രാഞ്ചറ്റംവരെ എത്തും. ചെറു ചൂടുവെള്ളത്തിൽ കലക്കി ഒറ്റവലിക്കു കുടിക്കുക. ഉടലിനും ഉയിരിനും ഊർജം കൂടും. സ്വർണമെല്ലാം കരിക്കട്ടയായേ കാണൂ.

സ്വർണത്തിൽ പൊതിഞ്ഞ നിലപാടുകൾ പിണറായി സഖാവും തള്ളിപ്പറഞ്ഞിരിക്കുകയാണ്. സൈബർ സഖാക്കളുടെ ചങ്കു തകർത്തുകളഞ്ഞു ആ വാക്കുകൾ. സമൂഹമാധ്യമങ്ങളിൽ പാർട്ടിക്കാരെന്നു പറഞ്ഞ് പോസ്റ്റ് ഇടുന്നവർ ചെയ്തു കൂട്ടുന്നതിന്റെ ചുമതല പാർട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നു സഖാവ് വ്യക്തമാക്കിക്കളഞ്ഞു; സിപിഎമ്മിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന സൈബർ പോരാളികളെ അഭിനന്ദിച്ച അതേ സഖാവ്!.

കുമ്മൻജി, മുരളിജി, സുരേന്ദ്രജി ത്രയം സ്വർണത്തിൽ എന്തോ ചെയ്തുകളയുമെന്നു സിപിഎമ്മിനെ പേടിപ്പിക്കുന്നുണ്ട്. പിണറായി ഭരണചരിത്രത്തിന്റെ ഒന്നാം വാല്യത്തിലുമുണ്ടായി ഇതേ വിരട്ടലും വീമ്പിളക്കലും. വിഷയം വിമാനത്താവളം വഴി സ്വർണക്കടത്ത്. സർവത്ര സിപിഎമ്മുകാരും കേന്ദ്രാന്വേഷണ വേന്ദ്രന്മാരുടെ വലയിൽ കുരുങ്ങുമെന്നായിരുന്നു വീമ്പിളക്കൽ. ഒടുവിൽ സംഘശക്തിയുടെ കൈവശമിരുന്ന നേമം സിപിഎമ്മിനൊപ്പം ചാടിപ്പോയതു മിച്ചം. അന്നേ സഖാക്കൾ പറഞ്ഞു, മോദിയുടെ കസ്റ്റംസിനു നമ്മുടെ സഖാവിനെ ഒരു ചുക്കും ചെയ്യാനാകില്ല. വെറും കഷ്ടംസ്.

gold-smuggling-cpm-cartoon

∙ ഹരിച്ചിട്ടും ഗുണിച്ചിട്ടും ശരിയാകാതെ കണക്ക്

‘‘ബ്ബ ബ്ബ ബ്ബ ബ്ബ അല്ല. വിതൗട്ട് മാത്തമാറ്റിക്സ്, ഭൂമി ഒരു വട്ടപ്പൂജ്യവാ!’’ പുകൾപെറ്റ ഗണിതശാസ്ത്രജ്ഞനും സാമ്പത്തിക വിശാദരനുമായ ഐസക് സഖാവിന്റെ വാക്കുകളല്ല. ആട് തോമ്മായെ സൃഷ്ടിച്ച ഭദ്രന്റെ ചാക്കോ മാഷിന്റെ പ്രശസ്തമായ വചനങ്ങൾ. കണക്കിൽപിടിച്ചാണു ഭൂഗോളത്തിന്റെയും അതിന്റെ ഭാഗമായ കേരളത്തിന്റെയും അതിലെ മന്ത്രിക്കസേരകളുടെയും കറക്കം. എന്നാൽ അക്കാര്യം സർക്കാർ സമ്മതിച്ചു തരണമെന്ന് ഒരിക്കലും വാശിപിടിക്കരുത്. കണക്കിൽ എന്തിരിക്കുന്നു എന്ന് ഒന്നാം പിണറായി സർക്കാർ പലവട്ടം ക്ലാസെടുത്തിട്ടുള്ളതാണ്. ആരും അന്നതു ചെവിക്കൊണ്ടില്ല.

കരയിലും കടലിലും ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ കാണാതായവരുടെ കണക്കുതപ്പി മന്ത്രി മേഴ്സിക്കുട്ടിയമ്മ കടാപ്പുറത്ത് അന്നു കുറെ അലഞ്ഞു. കടലിൽ പോയവരും കരയിൽ നിന്നവരും പറഞ്ഞ കണക്കു മന്ത്രി കണക്കിലെടുത്തില്ല. അവർ സ്വന്തം കണക്കവതരിപ്പിച്ചു. അന്നു പള്ളിക്കാരും പുള്ളിക്കാരിയും തമ്മിൽ തുടങ്ങിയ തർക്കത്തിന്റെയും പിന്നീടൊരു കൊച്ചുമുതലാളിയുമായുണ്ടായ പിണക്കത്തിന്റെയും കണക്കാണത്രേ കഴിഞ്ഞ മേയിൽ കുണ്ടറയിൽ കൊടുത്തുതീർത്തത്.
പക്ഷേ, മന്ത്രി വീണ അങ്ങനെയല്ല. അധ്യാപികയാണ്, ജേണലിസ്റ്റാണ്, റാങ്ക് ഹോൾഡറാണ്, കലാതിലകമാണ്, കാഞ്ഞ ബുദ്ധിയാണ്.

ഇപ്പോൾ ആരോഗ്യമന്ത്രിയുമാണ്. കണക്കിലെ ഗുലുമാലിലൊന്നും വീണചരിത്രം അവർക്കില്ല. ഹരിച്ചിട്ടും ഗുണിച്ചിട്ടും കുറച്ചിട്ടും ഗണിതം ശരിയായില്ലെങ്കിൽ, ശരിയാക്കിയെടുക്കാൻ എകെജി സെന്ററിന്റെ സ്വന്തം സെക്രട്ടറിയെ സമവാക്യങ്ങളും സിദ്ധാന്തങ്ങളും അഭ്യസിപ്പിക്കാൻ മന്ത്രിയുടെ കിങ്കരസംഘത്തിലേക്കു പാർട്ടി സംഭാവന ചെയ്തിട്ടുമുണ്ട്. എന്നിട്ടും മുട്ടിൽ മുതൽ വെട്ടിയ മരങ്ങളുടെ കണക്കുപോലെ തന്നെയാണു കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കും. ഏത് എഞ്ചുവടിയിൽ കൂട്ടിയിട്ടും കണക്കുപരീക്ഷയിൽ മാർക്ക‌് സംപൂജ്യം.

∙ ചങ്കിലെ ചൈന, ഇടിവുതട്ടിയ ഇഡി

രണ്ടു വാർഷികങ്ങളാണു സിപിഎമ്മിനും സർക്കാരിനും മുന്നിൽ ഇപ്പോഴുള്ളത്. മഹാമാരിക്കാലമെങ്കിലും രണ്ടും ആഘോഷിക്കാനുള്ളതാണെന്ന കാര്യത്തിൽ ആരും തർക്കിക്കാൻ തരമില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികമാണ് ഒന്ന്. അടിമത്തത്തിൽ നിന്ന് ഏകാധിപത്യത്തിലേക്കുള്ള കുതിപ്പിനെക്കുറിച്ച് ഓൺലൈൻ പ്രഭാഷണ പരമ്പരയാകാം. യുവജന കമ്മിഷനെ നയിക്കുന്ന മഹാ സൈദ്ധാന്തിക ചിന്താ ജെറോമിന്റെ ‘ചങ്കിലെ ചൈന’ എല്ലാ ബ്രാഞ്ച് കമ്മിറ്റികൾക്കും നിർബന്ധിത വായനയ്ക്കു കൈമാറുകയും ചെയ്യാം.

രണ്ടാമത്തെ ആഘോഷം സ്വർണക്കടത്ത് കേസിന്റെ രണ്ടാം വാർഷികമാണ്. ഇഡി എന്നാൽ എന്തോ വലിയ സംഭവമാണെന്നും അതിലെ ഉദ്യോഗസ്ഥർ ഘടാഘടിയൻമാരായ ഇരപിടിത്തക്കാരാണെന്നും ആശ്ചര്യപ്പെട്ടിരുന്ന മലയാളികളെക്കൊണ്ട് ഇഡിയൊക്കെ ഒരു കോമഡിയല്ലേ ചേട്ടാ എന്നു പറയിപ്പിച്ച വർഷമാണു കടന്നുപോയത്. കോഴിമോഷണം, എത്തിനോട്ടം, മുച്ചീട്ടുകളി, പോക്കറ്റടി എന്നുവേണ്ട ഋഷിരാജ് സിങ് സാർ പണ്ടു പറഞ്ഞ ‘14 സെക്കൻഡിലേറെയുള്ള തുറിച്ചു നോട്ട’ക്കേസുകൾ വരെ ഏറ്റെടുത്ത് അന്വേഷിക്കാൻ കെൽപുള്ള ടീമായിരിക്കുന്നു ഇഡി. ഒരു കേന്ദ്ര ഏജൻസിക്ക് ഇൗ പരമോന്നത പരിവേഷം ചാർത്തിക്കിട്ടിയത് ആഘോഷിച്ചില്ലെങ്കിൽ അർമാദിക്കുകയെങ്കിലും വേണം.

സ്റ്റോപ് പ്രസ്

എഡിജിപി ബി.സന്ധ്യയ്ക്കു ഡിജിപി റാങ്ക് നൽകാൻ പുതിയ പൊലീസ് മേധാവിയുടെ ശുപാർശ.

റാങ്കിനു മോഡറേഷനുണ്ടോ?‌

Content Highlights: Aazhchakurippukal, Karipur Gold Smuggling Case, Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com