പൂട്ടിയിടൽ: വേണം, പുനരാലോചന; അതിജീവനത്തിന് സാഹചര്യമൊരുക്കണം

Lockdown Checking
SHARE

കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കയുയർത്തി, ദേശീയതലത്തിൽത്തന്നെ മുന്നിൽനിൽക്കുകയാണ്. സംസ്ഥാനത്തെ രോഗവ്യാപനനിരക്ക് കഴിഞ്ഞ രണ്ടാഴ്ചയോളമായി ഏതാണ്ട് ഒരേനിലയിൽ തുടരുമ്പോൾ ലോക്ഡൗണിൽ വരുത്തിയ ഇളവുകളും ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങളും എത്രത്തോളം ഫലപ്രാപ്തവും ശാസ്ത്രീയവുമാണ് എന്ന ചോദ്യം ഗൗരവമുള്ളതാണ്; വ്യാപനം പിടിച്ചുനിർത്താൻ കഴിയാതിരിക്കുകയും മൂന്നാംഘട്ട വ്യാപന സാധ്യതയെപ്പറ്റി ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

ജനജീവിതവും സമ്പദ്‌വ്യവസ്ഥയും നേരിട്ട സ്തംഭനാവസ്ഥയിലാണു സർക്കാർ ഘട്ടംഘട്ടമായി ഇളവുകൾ പ്രഖ്യാപിച്ചത്. അത് അനിവാര്യവുമായിരുന്നു. അങ്ങേയറ്റം ഭീഷണമായ സാഹചര്യം നിലനിൽക്കുന്നതുകെ‍‌ാണ്ടും ആക്രമിക്കാൻ സൂചിപ്പഴുതുപോലും ആവശ്യമില്ലാത്ത സൂക്ഷ്മവൈറസ് തക്കംപാർത്തിരിക്കുന്നതുകെ‍ാണ്ടും വ്യക്തിപരമായ ജാഗ്രതയിൽ ഒരു കുറവും പാടില്ല. വിവേകത്തോടെ വിനിയോഗിക്കേണ്ട ഇളവുകൾ ആരെങ്കിലും ആഘോഷമാക്കുന്നെങ്കിൽ അതു മറ്റുള്ളവരോടുകൂടി ചെയ്യുന്ന തെറ്റാണ്.

ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങളാണ് എന്നതിനാൽ വ്യാഴവും വെള്ളിയും വലിയ തിരക്കാണു സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആ തിരക്ക് മൂർധന്യത്തിലെത്തുകയും ചെയ്യുന്നു. രണ്ടു ദിവസത്തെ സമ്പൂർണ പൂട്ടിയിടൽ മുന്നിൽക്കണ്ടു ജനങ്ങൾ തെ‍ാട്ടുമുന്നിലത്തെ ദിവസങ്ങളിൽ കൂട്ടമായി പുറത്തിറങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്. മദ്യവിൽപനശാലകളിലും മറ്റും വെള്ളിയാഴ്ചകളിൽ കാണുന്ന വലിയതിരക്ക് ആശങ്കയുണ്ടാക്കുന്നു. അകലം പുലർത്താനും മറ്റുമുള്ള ജാഗ്രതാനിർദേശങ്ങൾ ഇതിനിടെ കൈവിട്ടുപോവുകയും ചെയ്യുന്നു.

ശനി, ഞായർ ദിവസങ്ങളിൽ ഇപ്പോൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ തീർച്ചയായും ഒരു പുനർവിചിന്തനം ആവശ്യപ്പെടുന്നു. അഞ്ചു ദിവസവും തുറന്നുകെ‍ാടുത്ത്, രണ്ടു ദിവസം വീട്ടിലിരിക്കാൻ പറയുന്നതിന്റെ ശാസ്ത്രീയതയെക്കുറിച്ചു സംശയവുമുണ്ട്. ഏതെങ്കിലും ദിവസം തിരക്കു കൂടാൻ ഇടയാക്കുന്നതിനുപകരം, ആവശ്യമായ നിയന്ത്രണങ്ങളോടെ ഏഴു ദിവസവും തുറന്നുകെ‌ാടുക്കുന്നതല്ലേ നല്ലതെന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യവിദഗ്ധരുടെ അഭിപ്രായംകൂടി കണക്കിലെടുത്ത് സർക്കാർ ഉചിത തീരുമാനം കൈക്കെ‍ാള്ളേണ്ടതുണ്ട്.

വ്യാപാര സ്ഥാപനങ്ങൾ വൈകിട്ട് ഏഴിന് അടയ്ക്കണമെന്ന തീരുമാനത്തിലും പുനരാലോചന ഉണ്ടാവണം. നിയന്ത്രണത്തിൽ വലിയതോതിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ബസും ട്രെയിനും മെട്രോയും അടക്കമുള്ള പെ‌ാതുഗതാഗത സംവിധാനങ്ങളെല്ലാം സജീവമാകുകയും ചെയ്തതോടെ ഈ സമയനിയന്ത്രണത്തിനു പ്രസക്തി നഷ്ടപ്പെട്ടെന്നു കരുതുന്നവരുണ്ട്. പുതിയ സാഹചര്യത്തിൽ ഏഴു മണിക്കുതന്നെ വിപണിക്കു താഴു വീഴുന്നതുകെ‍ാണ്ടുള്ള പ്രയോജനമെന്താണ്? ആറ്– ആറരയോടെതന്നെ പല കടകളും ഇപ്പോൾ അടയ്ക്കുന്നു. ഓഫിസ് ഇല്ലാത്ത ശനി, ഞായർ ദിവസങ്ങളിൽ കടകളിൽ പോയിരുന്നവർക്ക് ഈ ദിവസങ്ങളിലെ പൂർണ ലോക്ഡൗൺ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യവും പരിഗണിക്കണം.

കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ വ്യാപാര- വ്യവസായ മേഖലയിൽ വീണ്ടും നഷ്ടങ്ങളുടെ കാലമാണെന്നതും കണക്കിലെടുക്കണം. ജാഗ്രതാമാനദണ്ഡങ്ങൾ കുറ്റമറ്റു പാലിച്ചുകെ‍ാണ്ടുതന്നെ, അതിജീവന മാർഗങ്ങൾ തേടുന്നവരെ സഹായിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.

കോവിഡിനെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ തീർച്ചയായും ആവശ്യംതന്നെ. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ കർശനമായി തുടരുകയും വേണം. അതേസമയം, ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങളിൽ പലതിലും ശാസ്ത്രീയവും വിവേകപൂർവകവുമായ പുനർവിചിന്തനവും പരിഷ്കരണവും ആവശ്യമാണെന്നതുകൂടി സർക്കാർ മറന്നുകൂടാ.

Content Highlghts: Covid, Corona Virus, Lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA