ഞാനെന്ന പുസ്തകം

me-njan-shubhadhinam
SHARE

ഒരാൾ തന്റെ ആത്മകഥയെഴുതി അച്ചടിശാലയിൽ ഏൽപിച്ചു. അച്ചുനിരത്തി അച്ചടിക്കുന്ന പഴയ പ്രസിലാണു ജോലികൾ പുരോഗമിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ജോലിക്കാർ പ്രസ്ഉടമയുടെ അടുത്തു പരാതിയുമായി എത്തി. ‘ഞ’ എന്ന അക്ഷരം ഇനി ഉപയോഗിക്കാനാകില്ല. ഉണ്ടായിരുന്നതു മുഴുവൻ തീർന്നു. അത്രയധികം തവണ ഞാൻ എന്ന പദം അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

ആത്മജ്ഞാനം ആവശ്യമാണ്, അഹംബോധം അപകടകരവും. രണ്ടുതരം ആളുകളുണ്ട്. തനിക്കു മാത്രം അവകാശപ്പെട്ടതാണ് ഈ ലോകമെന്നു വിശ്വസിക്കുന്നവരും ഈ ലോകത്തിൽ തനിക്കും ഇടം കണ്ടെത്താൻ കഴിഞ്ഞതു ഭാഗ്യമെന്നു കരുതുന്നവരും. ആദ്യകൂട്ടർ സ്വന്തം അച്ചുതണ്ടിൽ മാത്രം കറങ്ങുകയും മറ്റുള്ളവരെയെല്ലാം തനിക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാക്കി മാറ്റുകയും ചെയ്യും. തന്നിഷ്ടങ്ങളെ തന്ത്രപരമായി അവർ സാധിച്ചെടുക്കും. വിരുദ്ധാഭിപ്രായങ്ങളും വിയോജിപ്പും ഉള്ളവർക്ക് അവർ ഭ്രഷ്ട് കൽപിക്കും. തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് അവശേഷിപ്പിക്കാൻ അവർ എല്ലായിടത്തും തങ്ങളുടെ പേരുകൾ മുദ്രണം ചെയ്യും.

അഹംബോധത്തിന് അടിമയാണോ എന്നറിയാൻ എവിടൊക്കെ സ്വന്തം പേരും ചിത്രവും ആകർഷണീയ വലുപ്പത്തിൽ വരുത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന് ആത്മപരിശോധന നടത്തിയാൽ മതി. ഒരു പദ്ധതിയുടെ തുടക്കത്തിൽത്തന്നെ എനിക്കെന്തു കിട്ടുമെന്നു ചിന്തിക്കുന്നവർക്ക് അഹംബോധമുണ്ട്. തന്നെക്കാൾ മികവുള്ളവരെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നത് അപകർഷത നിറഞ്ഞ അഹംബോധമാണ്. ആത്മപ്രശംസയുടെ അടിസ്ഥാന കാരണം ആത്മവിശ്വാസക്കുറവും അനന്തരഫലം ആത്മരതിയുമാണ്.

ഒരാളുടെ അഹംഭാവം അയാളുടെ സ്വത്വത്തിനു വിലപറയുക മാത്രമല്ല ചെയ്യുന്നത്. അയാളുടെ പരിസരത്തെയും പാതകളെയും ബാധിക്കും. അധികാരമുള്ളവരുടെ അഹംഭാവത്തിൽ തട്ടിത്തകർന്ന വിശിഷ്ടമായ ആശയങ്ങളുണ്ടാകും, വീട്ടിലായാലും നാട്ടിലായാലും. കലാപങ്ങളും യുദ്ധങ്ങളും പോലും ആരുടെയൊക്കെയോ തെറ്റായ ആത്മജ്ഞാനത്തിൽ നിന്ന് ഉണ്ടായതാണ്.

വിനാശകരമായ പരിസരമലിനീകരണം വായുവിൽ നിന്നോ വെള്ളത്തിൽ നിന്നോ ഉള്ളതല്ല; ആത്മാരാധനയിൽ നിന്നു ബഹിർഗമിക്കുന്നതാണ്. അവനവനുവേണ്ടി മാത്രം ജീവിക്കുന്നവരെ ആരാണ് ഓർക്കുക, അവർ ആർക്കാണു പ്രചോദനമായിട്ടുണ്ടാകുക. ആർക്കുവേണ്ടിയും ഒന്നും ചെയ്യാത്തവരെക്കുറിച്ച് ആരും ഒന്നും എഴുതില്ല. സ്വയമെഴുതി ആത്മസുഖം കണ്ടെത്തേണ്ടി വരും. ആത്മകഥയെഴുതാൻ സ്വയം പ്രചോദനം മതി. ജീവചരിത്രമെഴുതപ്പെടണമെങ്കിൽ സ്വയം മറന്ന് ആരുടെയെങ്കിലും ജീവിതത്തെ സ്പർശിച്ചിട്ടുണ്ടാകണം.

Content Highlight: Subhadinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA