ഫാ. സ്റ്റാൻ സ്വാമിയും നീതിയുടെ തോൽവിയും

HIGHLIGHTS
  • യഥാസമയം ചികിത്സ ഉറപ്പാക്കാതെ മരണത്തിലേക്കു തള്ളിവിട്ടെന്ന് ആരോപണം
fr-stan-swamy
SHARE

രാജ്യമനസ്സാക്ഷിക്കുമുന്നിൽ ഫാ. സ്റ്റാൻ സ്വാമി സ്വന്തം മരണത്തിലൂടെ ഉയർത്തുന്ന ചോദ്യങ്ങൾ പലതാണ്. ജീവിതം മുഴുവൻ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടിയെന്ന് ഏറെപ്പേർ ആദരവോടെ ഓർമിക്കുന്ന അദ്ദേഹത്തിനു സ്വന്തം അവകാശംതന്നെ നിഷേധിക്കപ്പെട്ട്, നിസ്സഹായതയോടെ ഒടുങ്ങേണ്ടിവന്നതു രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരുടെ സങ്കടത്തിനും പ്രതിഷേധത്തിനും കാരണമായിരിക്കുന്നു.

എൻഐഎ കോടതിയിലടക്കം പലതവണ ജാമ്യാപേക്ഷ നൽകിയിട്ടും അതൊക്കെ നിരാകരിക്കപ്പെട്ട അദ്ദേഹത്തിന് ഒടുവിൽ ജാമ്യം ലഭിക്കാതെതന്നെ യാത്രയാകേണ്ടിവന്നിരിക്കുകയാണ്. ഇന്നലെ ബോംബെ ഹൈക്കോടതി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു മരണവാർത്ത എത്തിയത്. ആകസ്മികമായ ആ വിയോഗത്തിനുമുന്നിൽ കോടതി രേഖപ്പെടുത്തിയ നടുക്കത്തിന്റെ മുഴക്കം രാജ്യത്തിന്റെ ഇടനെഞ്ചിൽ ഏറെക്കാലമുണ്ടാകും.

മാവോയിസ്റ്റ്ബന്ധം ആരോപിക്കപ്പെട്ട കേസിലെ പ്രതിയും ഇൗശോസഭാ വൈദികനുമായ സ്റ്റാൻ സ്വാമി എന്ന എൺപത്തിനാലുകാരൻ ഭരണകൂടഭീകരതയ്ക്ക് ഇരയാവുകയായിരുന്നുവെന്നാണു മനുഷ്യാവകാശ പ്രവർത്തകരുടെ ആരോപണം. ജയിലിൽ കഴിയവേ ആരോഗ്യസ്ഥിതി പൂർവാധികം വഷളായിട്ടും യഥാസമയം ചികിത്സ ലഭിച്ചില്ല എന്ന പരാതിയും ഗൗരവമുള്ളതാണ്. 9 മാസം ജയിലിൽ കഴിഞ്ഞ അദ്ദേഹം പലവിധ രോഗങ്ങളാൽ വലഞ്ഞിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ)പ്രകാരം അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അദ്ദേഹം.

അറസ്റ്റിലായി നവിമുംബൈയിലെ തലോജ ജയിലിൽ കഴിയവെയാണ് ആരോഗ്യനില കൂടുതൽ മോശമായത്. തുടർന്നു ബോംബെ ഹൈക്കോടതി നിർദേശപ്രകാരം, മേയ് അവസാനം ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെയെത്തിയ വേളയിൽ കോവിഡ് സ്ഥിരീകരിച്ചു. പിന്നീടു മുക്തി നേടിയെങ്കിലും കോവിഡ് അനന്തര പ്രശ്നങ്ങളെത്തുടർന്ന് അവശനായിരുന്നു. ആരോഗ്യാവസ്ഥ പരിഗണിച്ച് ഇന്നലെ കോടതി അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു മരണവാർത്ത അറിഞ്ഞത്. എൻഐഎ കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ, സ്റ്റാൻ സ്വാമിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോടു നിർദേശിക്കുകയും ചെയ്തിരുന്നു.

പുണെയിലെ‍ ഭീമ-കൊറേഗാവിൽ 2017 ഡിസംബർ 31ന്  എൽഗാർ പരിഷത്ത് എന്ന പേരിൽ നടത്തിയ ദലിത് സംഗമം പിറ്റേന്നു കലാപത്തിനു കാരണമായെന്ന് ആരോപിച്ച്, ജാർഖണ്ഡിലെ റാഞ്ചിയിൽനിന്നു കഴിഞ്ഞ ഒക്ടോബർ എട്ടിനാണു സ്റ്റാൻ സ്വാമി അറസ്റ്റിലായത്. എൻഐഎയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലാപ്‌ടോപ്പിൽ നിന്നു ലഭിച്ച ചില രേഖകൾ തന്റേതല്ലെന്നും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ ചില കത്തുകളിൽ പുതിയ വാചകങ്ങൾ ചേർത്തതായും 3 തവണ ഫാ. സ്റ്റാൻ സ്വാമി മൊഴി നൽകിയിരുന്നു.

അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ മാർച്ചിൽ എൻഐഎ കോടതി തള്ളുമ്പോൾ, കേസിന്റെ ഗൗരവം കണക്കിലെടുത്താണു ജാമ്യം നിഷേധിക്കുന്നതെന്നാണു വിധിയിൽ പറഞ്ഞത്. ആദിവാസികൾക്കും ദലിതർക്കും വേണ്ടിയാണു ജീവിതകാലം മുഴുവൻ പ്രവർത്തിച്ചതെന്നും പുണെ ഭീമ–കൊറേഗാവ് കലാപത്തിനു കാരണമായ ദലിത് സംഗമവുമായി ബന്ധമില്ലെന്നും ഫാ. സ്റ്റാൻ സ്വാമി വാദിച്ചെങ്കിലും മാവോയിസ്റ്റ് അനുഭാവമുള്ള ചില സംഘടനകളെ പിന്തുണയ്ക്കുന്നതിന്റെ രേഖകൾ കണ്ടെത്തിയെന്ന് എൻഐഎ അവകാശപ്പെട്ടു. ജയിലിൽ കോവിഡ് ബാധിച്ചേക്കാമെന്നു ചൂണ്ടിക്കാട്ടി നൽകിയിരുന്ന അടിയന്തര ജാമ്യാപേക്ഷയും നേരത്തേ തള്ളിയിരുന്നു. ആ അപേക്ഷ കോവിഡിന്റെ മറവിൽ ജാമ്യത്തിനുള്ള ശ്രമമാണെന്നാണ് അന്ന് എൻഐഎ ആരോപിച്ചത്.

കുറ്റാരോപണത്തിൽ കോടതി വിധി പറയും മുൻപേ ഫാ. സ്റ്റാൻ സ്വാമി എന്ന വയോധികനായ വൈദികന് അനുഭവിച്ചുതീർക്കേണ്ടിവന്ന കഷ്ടകാണ്ഡത്തിന്റെ നീറുന്ന ഓർമ മനുഷ്യാവകാശ പ്രവർത്തകരുടെ  മനസ്സിൽ എന്നുമുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA